നിയമനിർമാണത്തിൽ വ്യക്തതയില്ല. പല നിയമങ്ങളും എന്തിനാണെന്ന് അറിയില്ല.  കാര്യക്ഷമമായ ചർച്ചയില്ലാതെയാണ് നിയമനിർമാണം നടത്തുന്നത്.  നിയമനിർമാണത്തിലെ പിഴവുകൾ കേസുകളുടെ എണ്ണം വർധിപ്പിക്കുന്നു തുടങ്ങിയ വിഷയങ്ങൾ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ രാഷ്ട്രീയപ്പാർട്ടികളും മാധ്യമങ്ങളും എത്രത്തോളം പ്രാധാന്യത്തോടെ ഏറ്റെടുത്തുവെന്ന് വ്യക്തമല്ല. ചീഫ് ജസ്റ്റിസിന്റെ പ്രതികരണത്തിന്റെ ഉൾക്കാമ്പ് കണ്ടെത്താനോ തദനുസൃതമായി മാറ്റങ്ങൾ ആവശ്യപ്പെടാനോ മാറ്റങ്ങൾ അനിവാര്യമാണെന്ന പൊതുബോധം ഉൾക്കൊണ്ടുകൊണ്ട് നിയമനിർമാണത്തിൽ പുതിയ ദിശാബോധം ആവശ്യമാണെന്ന ചർച്ചകൾ രൂപപ്പെടുത്താനോ  കഴിഞ്ഞിട്ടില്ല.

നിയമനിർമാണസഭകളിൽ നടപടികൾ പൂർത്തിയാക്കുന്നതിനു മുമ്പ് നിയമവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനും വിവിധതലങ്ങളിൽ ചർച്ച നടത്തേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ച് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിദഗ്‌ധാഭിപ്രായം ഗൗരവത്തോടെ നടപ്പാക്കേണ്ടതാണ്. ചെമ്പൂർ കർണാടക കോളേജ് ഓഫ് ലോ നടത്തിയ ഒരു ഓൺലൈൻ പഠനക്ലാസിൽ നിയമനിർമാണത്തിന്‌ മുമ്പുള്ള കൂടിയാലോചന നിയമനിർമാണ പ്രക്രിയയിൽ എത്രമാത്രം ഗുണകരമായ മാറ്റണ്ടാക്കുന്നു എന്ന് കാര്യകാരണ സഹിതം വിലയിരുത്തുന്നു. സൗത്ത് ആഫ്രിക്കയിൽ നിയമനിർമാണം നടത്തുന്നതിനുമുമ്പ് പൊതുജന സമക്ഷം ചർച്ചയ്ക്ക് വിധേയമാക്കണമെന്നത് ഭരണഘടനാ ബാധ്യതയാണ്. 2011 കേരളത്തിലെ പോലീസ് ആക്ട് സംബന്ധിച്ച് പൊതുജനാഭിപ്രായം ആരാഞ്ഞു. 800-ലേറെ ഭേദഗതിയാണ് സമർപ്പിക്കപ്പെട്ടത്. അതിൽ 240 അംഗീകരിച്ചു എന്ന വസ്തുത ഉൾപ്പെടെ ഉദാഹരണസഹിതം  വിശദീകരിച്ചതിന്റെ പശ്ചാത്തലം വിലയിരുത്തണം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസും മുതിർന്ന ജഡ്ജിയും ഇന്ത്യയിലെ നിയമനിർമാണ പ്രക്രിയയിലെ പോരായ്മ അടുത്ത ദിവസങ്ങളിൽ ആവർത്തിച്ച് പരാമർശിക്കുമ്പോൾ വിഷയത്തിന്റെ ഗൗരവം വർധിക്കുകയാണ്. സുപ്രീംകോടതി ജഡ്ജി എന്ന നിലയിൽ രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിൽ പരിധിയുണ്ട്, എങ്കിലും സുപ്രീംകോടതി ജഡ്ജി ആയതുകൊണ്ട് ഒരു പൗരന്റെ അവകാശം ഇല്ലാതാകില്ലെന്നും പറഞ്ഞുെവക്കുന്നു. ഇന്ത്യയിലെ ഓരോ പൗരന്റെയും ചിന്താഗതിയാണ്, മനോവിഷമമാണ് പരമോന്നത നീതിപീഠത്തിൽനിന്ന്‌ ഉണ്ടായിരിക്കുന്നത്. പാർലമെന്റിന്റെ ഇരുസഭകളും ഓരോ അംഗവും ഭരണപക്ഷവും പ്രതിപക്ഷവും വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണിത്. പരിഹാരം കാണേണ്ടതാണ്. (പട്ടിക കാണുക)

ദോഷകരമായ പ്രവണത, അപകടകരവും

ഒരു ബിൽ സെലക്ട് കമ്മിറ്റിയുടെയോ ജോയന്റ് കമ്മിറ്റിയുടെയോ പരിഗണനയ്ക്കുവിടുക എന്നതുകൊണ്ട് സാധ്യമാകുന്നത് ബില്ലിന്റെ വിശദമായ ചർച്ചയും തദനുസ്സരണമായ ഭേദഗതി നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ടുകളാണ്. പാർലമെന്റ് സമ്മേളനങ്ങളിലെ സമയച്ചുരുക്കം കൊണ്ട് ഏതെങ്കിലും ബിൽ സംബന്ധിച്ച് വിശദമായ ചർച്ച സാധ്യമായില്ലെങ്കിൽ ആ വിഷയം സംബന്ധിച്ച് ഗഹനമായ പഠനത്തിനും അതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയ്ക്കും ഭേദഗതിക്കും സാഹചര്യമൊരുക്കാനാണ് ബില്ലുകൾ കമ്മിറ്റിക്ക്‌ വിടുന്നത്‌.  ബില്ലുകളുടെ ക്രിയാത്മകമായ പഠനവും ചർച്ചയുമാണ് ബിൽ കമ്മിറ്റിക്ക്‌ വിടുന്നതോടെ സാധ്യമാകുന്നത്. എന്നാൽ, പത്താം ലോക്‌സഭമുതൽ പതിനഞ്ചാം ലോക്‌സഭ വരെ നിയമനിർമാണ പ്രക്രിയയിൽ കാതലായി കരുതിയിരുന്ന ക്രിയാത്മകമായ ചർച്ച പതിനാറാം ലോക്‌സഭയിലോ പതിനേഴാം ലോക്‌സഭയിലോ ഉണ്ടായില്ല. പാർലമെന്റ് അംഗം എന്ന എന്റെ പ്രവർത്തന കാലയളവിൽ കണ്ട ഏറ്റവും ദോഷകരമായ പ്രവണതയാണ് പതിനാറ്, പതിനേഴ് ലോക്‌സഭയിൽ ബില്ലുകൾ ചർച്ച കൂടാതെ പാസാക്കിയത്. പതിനാറ്, പതിനേഴ് ലോക്‌സഭയിൽ ബില്ലുകളിമേലുള്ള ചർച്ച സാങ്കേതികമായ ഒന്നായി മാറി. നിയമത്തിലെയും ചട്ടത്തിലെയും  നടപടിക്രമങ്ങൾ സാങ്കേതികമായി പാലിക്കാൻ വേണ്ടി ബില്ലുകൾ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്നു.  പതിനാറാം ലോക്‌സഭയിൽ 180-ൽ 27 ബില്ലുകൾ മാത്രമാണ് കമ്മിറ്റിയെങ്കിലും ചർച്ചചെയ്തത്.  പതിനേഴാം ലോക്‌സഭയിൽ 127-ൽ 17-ഉം. ബില്ലുകൾ ചർച്ച കൂടാതെയും ക്രിയാത്മകമായ പഠനവും അഭിപ്രായ രൂപവത്‌കരണവും നടത്താതെയും പാസാക്കുക എന്നത് ബി.ജെ.പി. സർക്കാരിന്റെ നയമായി മാറിയിരിക്കുന്നു എന്നതാണ് കണക്കുകൾ  വെളിപ്പെടുത്തുന്ന വസ്തുത.  ഇത് നിയമനിർമാണത്തിന്റെ താളം തെറ്റിക്കുന്നു.

ചർച്ചയില്ലാതെ പാസാവുന്ന ബില്ലുകൾ

ഇന്ത്യൻ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ  20 ദിവസംകൊണ്ട് 20 ബില്ലുകൾ നിയമമായി. ഒരു ബില്ലിനെക്കുറിച്ചും ഒരു ചർച്ചയും ഉണ്ടായില്ല. ഭരണഘടനയോ, കാര്യനിർവഹണവും നടപടിക്രമങ്ങളും സംബന്ധിച്ച ചട്ടങ്ങളോ പ്രതിപാദിക്കുന്ന വിധത്തിൽ ഒരു പരിശോധനയും കൂടാതെ ബില്ലുകൾ നിയമങ്ങളായി. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വവും ചുമതലാബോധവും കൊണ്ട് ലോക്‌സഭാ സ്പീക്കർക്കും പ്രധാനമന്ത്രിക്കും ഞാൻ കത്തുനൽകി.  ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതും രാജ്യം നാളിതുവരെ നിയമനിർമാണ പ്രക്രിയയിൽ സ്വീകരിച്ചു വന്നിരുന്ന ഉന്നതമായ പാരമ്പര്യവും സംസ്കാരവും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കത്തിൽ ചൂണ്ടിക്കാട്ടി. ചർച്ചയില്ലാതെ ബില്ലുകൾ നിയമങ്ങളാക്കുന്നതിലുള്ള  ആശങ്ക അധികാരികളെ അറിയിച്ചു.  നിയമനിർമാണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാകുന്ന ഒരു ജനപ്രതിനിധി  എന്ന നിലയിൽ ഞാൻ ഉന്നയിച്ച അതേ വിഷയം ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് യാദൃച്ഛികമോ സാന്ദർഭികമോ അല്ല. നിയമനിർമാണ പ്രക്രിയിൽ ഇപ്പോൾ രാജ്യം തുടരുന്ന സ്വീകാര്യമല്ലാത്ത സമീപനം തിരുത്തിയില്ലെങ്കിൽ ജനാധിപത്യം നേരിടേണ്ടി വരുന്ന പ്രതിസന്ധിയെക്കുറിച്ചാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പരാമർശിച്ചത്.

പൊതുസമൂഹം മനസ്സിലാക്കുന്നുണ്ടോ

നിയമനിർമാണത്തിന്റെ പരമാധികാരം പാർലമെന്റിനും നിയമസഭകൾക്കുമാണ്.   പാർലമെന്റിന്റെയും നിയമസഭയുടെയും നിയമനിർമാണ അധികാരപരിധി ഭരണഘടനയിലെ ഏഴാം പട്ടികയിൽ ലിസ്റ്റ്-1 യൂണിയൻ ലിസ്റ്റ്-2 സംസ്ഥാന ലിസ്റ്റ്-3 എന്നിങ്ങനെ സമവർത്തിത ലിസ്റ്റിൽ നിശ്ചയിച്ചിട്ടുണ്ട്.   എന്നാൽ, നിയമനിർമാണത്തിൽ സുപ്രീംകോടതിക്ക് പങ്കില്ല.   സാധാരണ ഗതിയിൽ നിയമനിർമാണത്തെക്കുറിച്ചോ നിയമനിർമാണ പ്രക്രിയയെ സംബന്ധിച്ചോ  നിയമനിർമാണത്തിലെ നടപടിക്രമങ്ങളെ കുറിച്ചോ സുപ്രീംകോടതി ചീഫ് ജസ്റ്റിസോ ജഡ്ജിമാരോ പരസ്യമായി പ്രസ്താവന നടത്താറില്ല. 

ഏതെങ്കിലും നിയമത്തെ സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴോ നിയമത്തെ വ്യാഖ്യാനിക്കുകയോ ചെയ്യുമ്പോൾ കോടതി നടപടികളുടെ ഭാഗമായി പരാമർശങ്ങൾ നടത്തുകയോ വിധിന്യായങ്ങളിൽ അന്തിമതീരുമാനത്തിൽ എത്തിച്ചേരുന്നതിന് ആധാരമായ  വിഷയങ്ങൾ കാര്യകാരണ സഹിതം വിശദീകരിക്കുന്നതിന്റെ ഭാഗമായി ജഡ്ജ്‌മെന്റിലോ ഉത്തരവിലോ രേഖപ്പെടുത്തുകയോ ചെയ്യുകയാണ് പതിവ്.  പതിവിന് വിപരീതമായി ചീഫ്  ജസ്റ്റിസ് നിലവിലെ നിയമനിർമാണ പ്രക്രിയയിലെ പിഴവുകളെ കുറിച്ചും ദൂഷ്യഫലങ്ങളെ കുറിച്ചും പ്രതിപാദിച്ചിട്ടും പൊതുസമൂഹം അതിന്റെ ഗൗരവം ഉൾക്കൊണ്ടില്ല എന്നത് ആശ്വാസകരമല്ല. 
(തുടരും)