പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്റെ അവസാന ദിവസം സഭയിൽ ഓണത്തിന്റെ തിരനോട്ടമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളെ ആഘോഷിക്കാൻ നിയമസഭാജീവനക്കാർ തീർത്ത പൂക്കളത്തിൽ ഗാന്ധിജി ചർക്കയിൽ നൂൽനൂറ്റുകൊണ്ടിരുന്നു. പൂക്കളം സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഖാദി-കൈത്തറി ഓണക്കോടിയും വാങ്ങിയാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സഭയിലേക്കു വന്നത്.
ചോദ്യോത്തരവേളയിൽത്തന്നെ സഭ ഡോളർ കടത്തിനെപ്പറ്റിയുള്ള ബഹളത്തിൽ മുങ്ങി. ഡോളർക്കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന 
ഗുരുതരമായ ആരോപണത്തെപ്പറ്റി മുഖ്യമന്ത്രി മറുപടി പറയണം. വി.ഡി. സതീശൻ  ഈ ആവശ്യത്തിൽ ഉറച്ചുനിന്നു. ഇന്നലെ തീർപ്പാക്കിയ 
പ്രശ്നത്തിൽ ഇനിയൊരു നടപടിയും അനുവദിക്കില്ലെന്ന് സ്പീക്കർ എം.ബി. രാജേഷും. മുഖ്യമന്ത്രി മൗനത്തിൽ 
തുടർന്നു.
ഡോളർക്കടത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് എഴുതിയ ബാനറും പിടിച്ചായിരുന്നു പോരാട്ടം. അതിന്റെ സഭയിലെ അന്ത്യം രണ്ടാംദിവസവും തുടർച്ചയായ ബഹിഷ്കരണത്തിലായിരുന്നു. അവർ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോകുമ്പോൾ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പരിഹസിച്ചു: ‘‘പ്രതിപക്ഷനേതാവിന് ഡൽഹിയിൽ പുനഃസംഘടനാ യോഗമുണ്ട്. അതിന് പോകാനാണ് ഈ ബഹിഷ്കരണം. വേറൊന്നിനുമല്ല.’’  
അടവുകളെല്ലാം സഭയ്ക്കുപുറത്ത് എന്നതാണ് പ്രതിപക്ഷനയം. നവോത്ഥാന മതിലിന്റെ മാതൃകയിൽ 
അഴിമതിവിരുദ്ധ മതിലായിരുന്നു അവരുടെ പുത്തൻ ഇനം.  നിയമസഭാ മന്ദിരത്തിന്റെ കവാടത്തിനു പുറത്ത്, തലേദിവസം പ്രതീകാത്മക സഭ നടന്ന അതേയിടത്തിൽ അവർ നിരന്നുനിന്നു.
സഭയ്ക്കുള്ളിൽ ധനവിനിയോഗ ബില്ലിനെക്കുറിച്ച് ഭരണക്കാർ മാത്രം ചർച്ചചെയ്തു. എത്രതന്നെ അട്ടഹസിച്ചാലും ഈ മുഖ്യമന്ത്രിയെയും സർക്കാരിനെയും തകർക്കാനാവില്ലെന്ന് കെ.കെ. ശൈലജ പ്രഖ്യാപിച്ചു. 
കഴിഞ്ഞദിവസം സഭയ്ക്കുപുറത്ത് സമാന്തരസഭ ചേർന്ന പ്രതിപക്ഷത്തിനെതിരേ  പി.എസ്. സുപാൽ നടപടി ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തെ എൽദോസ് കുന്നപ്പള്ളി ഇതിനിടെ മറ്റെന്തോ ആവശ്യത്തിന് സഭയിൽ പ്രത്യക്ഷപ്പെട്ടത് വിവാദമായി. ബഹിഷ്കരിച്ചിട്ടും അംഗം സഭയിൽ വന്നതിനെ ചോദ്യം ചെയ്തവരോട് സ്പീക്കർ പറഞ്ഞു: ‘‘സഭാംഗത്തിന് എപ്പോഴും സഭയിൽ കടന്നുവരാം.’’  എൽദോസ് പെട്ടെന്ന് സ്ഥലംവിട്ടു.
ധനമന്ത്രിയുടെ ഓണക്കാല ആനുകൂല്യങ്ങളുടെ പ്രഖ്യാപനത്തോടെ ധനവിനിയോഗ ബില്ലുകൾ സഭ പാസാക്കി. സഭാനടപടികൾ പരിഷ്കരിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് സ്പീക്കർ. ശുപാർശകൾ നൽകാൻ മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ 15 പേരുള്ള സമിതിയെ അദ്ദേഹം പ്രഖ്യാപിച്ചു. സമാപനമൊഴിയിൽ 
സ്പീക്കർ ഓണാശംസകൾ നേർന്നു. പിന്നീട് ഓണസദ്യ. അതും പ്രതിപക്ഷം ബഹിഷ്കരിച്ചു. ഇറങ്ങിപ്പോകാൻ കൂട്ടാക്കാത്ത കോവിഡ് രണ്ട് അംഗങ്ങളെ ബാധിച്ചു. ഒരംഗം ഇത് മൂന്നാംതവണയാണ് പോസിറ്റീവാകുന്നത്.