പാർലമെന്റ് നടപടികൾ ഏതുവിധേനയും തടസ്സപ്പെടുത്തുക എന്ന നയം കൈക്കൊള്ളുന്നവർ പ്രതിഷേധിക്കാൻ അനുവദനീയമായ വഴികൾ കൊട്ടിയടയ്ക്കുക മാത്രമല്ല, അവരറിയാതെത്തന്നെ ഒരു ഭൂരിപക്ഷ സർക്കാരിന് പാർലമെന്റിനെ മറികടന്നു പോകാനുള്ള നീതീകരണം ചമയ്ക്കുകകൂടിയാണ്. നിങ്ങൾ ലോകത്തു കാണാൻ ആഗ്രഹിക്കുന്ന മാറ്റത്തിന്റെ ഉറവിടം നിങ്ങൾ തന്നെയാകണം എന്ന മഹാത്മാഗാന്ധിയുടെ വചനം തങ്ങൾക്കാണ് ആദ്യം ബാധകമെന്ന് നിയമനിർമാണസഭകളിലെ അംഗങ്ങൾ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു

കേരള നിയമസഭാ പൊതുമുതൽ നശിപ്പിക്കൽ കേസിലെ സുപ്രീംകോടതിയുടെ വിധിന്യായം രാജ്യത്തെ നിയമചിന്തയെ നിർണായകമായി സ്വാധീനിക്കുമെന്നുള്ളതിന്റെ ദൃഷ്ടാന്തമാണ് അശ്വനികുമാർ ഉപാധ്യായ കേസിലെ ഏറ്റവുംപുതിയ സുപ്രീംകോടതി ഉത്തരവ്. കേസിലെ ഏറ്റവും അവസാനത്തെ ഹിയറിങ്ങിൽ കേരളനിയമസഭാ കേസിലെ സുപ്രീംകോടതിവിധിയുടെ വെളിച്ചത്തിൽ സാമാജികർക്കെതിരേ ഇന്ത്യയെമ്പാടും ഉള്ള ക്രിമിനൽക്കേസുകൾ പിൻവലിക്കുന്നതിന് അതത് ഹൈക്കോടതികളുടെ അനുമതി വേണമെന്ന് നിർദേശിച്ചിരിക്കുകയാണ്. ഇതുവഴി സാമാജികർക്കുള്ള നടപടിക്രമങ്ങൾ കണിശമാക്കുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. സാമാജികർക്കെതിരേയുള്ള ക്രിമിനൽക്കേസുകൾ വിചാരണചെയ്യുന്ന പ്രത്യേകകോടതിയിലെ ന്യായാധിപരെ സ്ഥലംമാറ്റുന്നതും സുപ്രീംകോടതി തടഞ്ഞിരിക്കുന്നു എന്നത് ‌നിയമനിർമാണസഭയും സാമാജികരും നിയമത്തിനു മേലെയല്ല എന്ന ദൃഢസന്ദേശമാണ് നൽകുന്നത്.
 

നിയമം വ്യക്തമായിരുന്നു
ബ്രിട്ടനിൽ പതിനേഴാം നൂറ്റാണ്ടുമുതൽത്തന്നെ പാർലമെന്റിനുള്ളിൽ നടക്കുന്ന ക്രിമിനൽക്കുറ്റം വിചാരണ ചെയ്യാനുള്ള അധികാരം സഭയ്ക്കു മാത്രമാണെന്ന വാദം അന്നത്തെ പരമോന്നത നീതിസഭയായ ‘ഹൗസ്‌ ഓഫ് ലോർഡ്‌സി’ൽ തള്ളിക്കളയപ്പെട്ടിരുന്നു. {R vs Eliot, Holles and Valentine (1629)}. ഉചിതമായ സാഹചര്യത്തിൽ പാർലമെന്റിലേക്കു പോലീസിനെ വിളിച്ച്‌ അന്വേഷണവും കുറ്റവിചാരണയും നടത്തേണ്ടത് ആവശ്യമാണെന്നും ബ്രിട്ടീഷ് സുപ്രീംകോടതി പിന്നീട്  നിലപാടെടുക്കുകയുണ്ടായി 
{R vs Chaytor and others(2010)}. ബ്രിട്ടനിൽ അമിത രാജാധികാരത്തെ പ്രതിരോധിക്കാനായിരുന്നു പാർലമെന്റ് വിശേഷാധികാരം ഒരു കാലഘട്ടത്തിൽ അവകാശപ്പെട്ടിരുന്നത്. ഈ വസ്തുതയുടെ വെളിച്ചത്തിൽ പരിശോധിച്ചാൽ ഒരു റിപ്പബ്ലിക്കൻ വ്യവസ്ഥയായ ഇന്ത്യയിൽ പരമാധികാരം നിക്ഷിപ്തമായിരിക്കുന്ന ജനങ്ങൾക്കെതിരേ, അവർ വിനിയോഗിച്ച സമ്മതിദാനാവകാശം നിഷ്കർഷിക്കുന്ന മാന്യതയ്ക്കെതിരേ, അവരുടെ നികുതിപ്പണംകൊണ്ട് നിർമിച്ച വസ്തുവകകൾക്കെതിരേ ഒന്നുംതന്നെ ഈ വിശേഷാധികാരം വിനിയോഗിക്കപ്പെടാവുന്നതല്ല.
സഭയ്ക്കു നൽകുന്ന വിശേഷാധികാരം അഭിപ്രായസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്‌.  194 (2) സംരക്ഷിക്കപ്പെടുന്ന മേൽപ്പറഞ്ഞ അവകാശം സഭയിലോ കമ്മിറ്റികളിലോ പറയുന്ന കാര്യമോ ചെയ്യുന്ന വോട്ടോ ആയി ബന്ധപ്പെട്ടാണെന്നിരിക്കേ, വിശേഷാധികാരം ഭഞ്ജിക്കപ്പെട്ടുവെന്ന് എങ്ങനെ പറയാൻ കഴിയും. നിയമനിർമാണ പ്രക്രിയയുമായി നേരിട്ട് ബന്ധപ്പെട്ട കാര്യങ്ങൾ (അഭിപ്രായ സ്വാതന്ത്ര്യം) മാത്രമേ വിശേഷാധികാരപ്രകാരം സംരക്ഷിക്കപ്പെടുകയുള്ളൂ എന്ന് ലോകായുക്ത ജസ്റ്റിസ് രിപുസദൻ ദയാൽ കേസിൽ (2014) ജസ്റ്റിസ് സദാശിവം അധ്യക്ഷനായ സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ച് അസന്ദിഗ്ധമായി  പ്രഖ്യാപിക്കുകയുണ്ടായി. 

ആദ്യത്തെ അഞ്ച് ലോക്‌സഭകളുടെ സെക്രട്ടറി ജനറൽ ആയിരുന്ന യഥാക്രമം, എം.എൻ. കൗൾ, എസ്.എൽ. ശകദർ എന്നിവർ എഴുതിയ പ്രാമാണിക ഗ്രന്ഥമായ ‘പ്രാക്ടിക്കൽ ആൻഡ് പ്രൊസീജ്യർ ഓഫ് പാർലമെന്റിൽ കുറിക്കപ്പെട്ട മഹാരാഷ്ട്ര നിയമനിർമാണസഭയിൽ നടന്ന സമാനമായ സംഭവം സാമാജികനെ ജയിൽ ശിക്ഷയിലേക്കു നയിച്ച വസ്തുത ഹൈക്കോടതിവിധിയിൽ പരാമർശിച്ചിട്ടുകൂടി ഇങ്ങനെയൊന്നുമില്ല എന്ന് നിലപാടെടുക്കുന്നത് തീർത്തും ആശ്ചര്യജനകമാണ്. നിയമസഭയ്ക്കും അതിന്റെ സ്പീക്കർക്കും സഭയുടെ അച്ചടക്കം നിയന്ത്രിക്കുന്നതുമായിട്ടുള്ള അധികാരം മാത്രമാണുള്ളത്. എന്നിട്ടും പൊതുമുതൽ നശിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ട്‌ ഇന്ത്യൻ ശിക്ഷാനിയമവും പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമവും ക്രിമിനൽനടപടിക്രമവും വിഭാവനം ചെയ്യുന്ന പ്രക്രിയയും ശിക്ഷാധികാരവും എങ്ങനെ കൈവരുന്നു എന്നത് ആശങ്കയ്ക്കിടയില്ലാത്തവിധം നിയമത്തിൽ നിരാകരിക്കപ്പെട്ടതാണ്.
ഒരു ഗൗരവമായ കുറ്റകൃത്യം നടന്നുകഴിഞ്ഞാൽ ക്രിമിനൽനടപടിക്രമം പാലിക്കണം എന്നത്  പൊതുനീതിയുടെ ആവശ്യമാണ്. അപ്പോഴും പൊതുമുതൽ നശിപ്പിച്ചശേഷം സഭയുടെ തണലിൽ 194-ാം അനുച്ഛേദം വിഭാവനംചെയ്യുന്ന പരിമിതമായ സംരക്ഷണത്തിന് (അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന ക്രിമിനൽ മാനനഷ്ടം മുതലായവ) പുറത്തുള്ള  വിഷയവുമായി ബന്ധപ്പെട്ട നടപടിക്രമം മരവിപ്പിച്ചാൽ അത്  14-ാം അനുച്ഛേദം  ഉറപ്പുതരുന്ന സമത്വാവകാശത്തിന്റെയും ലംഘനമാകും.  

മുന്നൂറ്റിഇരുപത്തൊന്നാം വകുപ്പിന്റെ ദുരുപയോഗം 
സഭയ്ക്കുള്ളിൽ നടന്ന പൊതുമുതൽ നശീകരണം സഭയുടെ  വിശേഷാധികാരത്തിന്റെ തണലിൽ സംരക്ഷിക്കാൻ കഴിയില്ല എന്ന് സുപ്രീംകോടതി ‘ദി സ്റ്റേറ്റ്  ഓഫ് കേരള vs കെ. അജിത് (2021)’ കേസിൽ വ്യക്തമാക്കിയതാണ്. ഈ വിധിന്യായത്തിലൂടെ രൂപവത്‌കരിക്കപ്പെട്ട ക്രിമിനൽ നടപടിച്ചട്ടത്തിലെ  മുന്നൂറ്റിഇരുപത്തൊന്നാം വകുപ്പിന്റെ  അധികാരം വിനിയോഗിക്കേണ്ട മാനദണ്ഡങ്ങൾ, അശ്വനികുമാർ ഉപാധ്യായ കേസിലെ (2021) ഉത്തരവിലൂടെ ഇപ്പോൾ രാജ്യവ്യാപകമായി അതത് ഹൈക്കോടതികളുടെ മേൽനോട്ടത്തിൽ നടപ്പാക്കപ്പെടുകയാണ്. ഉത്തർപ്രദേശ്, കർണാടക, മഹാരാഷ്ട്ര സർക്കാരുകൾ ഒട്ടേറെ കേസുകൾ പിൻവലിക്കാൻ തീരുമാനമെടുത്തിട്ടുണ്ട് എന്ന് കോടതി നിയോഗിച്ച അഭിഭാഷകൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയവും ബാഹ്യവുമായ കാരണങ്ങളാൽ കേസുകൾ പിൻവലിക്കപ്പെടുന്നത്  
321-ാം വകുപ്പുപ്രകാരം അനുവദനീയമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിൽ, അക്രമം അഴിച്ചുവിടുന്നത് രാഷ്ട്രീയലാഭത്തിനുതകുന്നതാണെന്നുള്ള നേതൃബോധം ഇനി കുറെയൊക്കെ തിരുത്തപ്പെടും. സർക്കാർ മാറുമ്പോൾ കേസുകൾ ഒഴിവാകും എന്ന ഉറപ്പിൽ നിയമം ലംഘിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യാനുള്ള പ്രവണത കുറയാൻ  ഈ  തീരുമാനം ഉതകും. സാമാജികരായ നേതാക്കൾ കൂടുതൽ ജാഗരൂകരാകും.

രാഷ്ട്രീയപ്പാർട്ടികൾ ശിക്ഷിക്കപ്പെടുമ്പോൾ
അശ്വനികുമാർ ഉപാധ്യായ കേസിലെ ഉത്തരവ് പുറപ്പെടുവിച്ച അതേദിവസം സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് ബ്രജേഷ് സിങ് കേസിൽ പാസാക്കിയ വിധിന്യായം രാഷ്ട്രീയത്തിലെ ക്രിമിനൽവത്‌കരണത്തെ തടയാൻ നടപടിയെടുക്കുന്നതിനു പാർട്ടികൾ സന്നദ്ധരല്ല എന്ന വിഷമസത്യം വിളിച്ചോതുന്നു. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം സമ്മതിദായകരുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കണം എന്ന 2019-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷൻ കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ ലംഘനത്തിന്റെ ഫലമായുണ്ടായ രണ്ടാമത്തെ കോടതിയലക്ഷ്യ ഹർജിയിലാണ് പിഴശിക്ഷ വിധിച്ചത്. വിധിലംഘനം ഇനിയും തുടർന്നാൽ ശിക്ഷ കഠിനമാകുമെന്നുള്ള മുന്നറിയിപ്പും സുപ്രീംകോടതി നൽകിയത് ശുദ്ധീകരണപ്രക്രിയക്ക് ആക്കംകൂട്ടും.
വിവരശേഷിയുള്ള സമ്മതിദായകൻ എന്ന സങ്കല്പം എന്തുകൊണ്ടാണ് രാഷ്ട്രീയപ്പാർട്ടികൾ  ഇന്നും പൊതുവേ സ്വാഗതം ചെയ്യാത്തത് എന്നത് ചിന്തനീയമാണ്. സ്ഥാനാർഥികളുടെ ക്രിമിനൽപശ്ചാത്തലത്തെക്കുറിച്ചുള്ള സമ്മതിദായകന്റെ അവബോധം ഒട്ടേറെ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പുഫലത്തെ ബാധിക്കുമെന്നത് തീർച്ചയാണ്.  

തിരഞ്ഞെടുപ്പുവിജയം കുറ്റവിമുക്തിക്കാധാരമോ
സമ്മതിദായകന് തിരഞ്ഞെടുപ്പിനുമുമ്പ് സ്ഥാനാർഥിക്കെതിരേയുള്ള ക്രിമിനൽ കേസുകളെക്കുറിച്ച്‌ അറിയാനുള്ള അവകാശം, തിരഞ്ഞെടുപ്പിൽ ആർജിക്കുന്ന ജയം  ജനാധിപത്യ നിയമവ്യവസ്ഥയിലെ കുറ്റവിമോചനം ആയി കാണാൻ കഴിയില്ലെന്നതും കേരളനിയമസഭാ കേസിന്റെ വെളിച്ചത്തിൽ ഓർക്കേണ്ടതാണ്. 
തിരഞ്ഞെടുപ്പ് വിജയമെന്നാൽ, ക്രിമിനൽ കുറ്റവുമായി ബന്ധപ്പെട്ട നടപടിക്രമത്തിൽനിന്നും ശിക്ഷയിൽനിന്നും അനുബന്ധ അയോഗ്യതയിൽനിന്നും  ഉള്ള വിമുക്തിയല്ല. തിരഞ്ഞെടുപ്പിൽ വിജയിച്ചു എന്നത് പരിമിതമായ കാലയളവിലേക്കു പ്രാതിനിധ്യാവകാശം മാത്രമാണ് നൽകുന്നത്, നിയമത്തെ കവച്ചുവെക്കാനുള്ള കുറുക്കുവഴിയായി അതിനെ കാണാൻ കഴിയില്ലെന്ന് സുപ്രീംകോടതി  ‘ബി.ആർ. കപുർ vs സ്റ്റേറ്റ് ഒാഫ് തമിഴ്നാട് (2001)’ എന്ന കേസിൽ പ്രഖ്യാപിച്ചത് ഇവിടെ ഓർക്കേണ്ടതാണ്. ത്ധാൻസി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെട്ട ജയലളിത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അയോഗ്യയായിരുന്നിട്ടുകൂടി അവരുടെ പാർട്ടി തിരഞ്ഞെടുപ്പ് ജയിച്ചു. ഇക്കാരണത്താൽ അന്നത്തെ തമിഴ്നാട് ഗവർണർ അധികാരമേറ്റെടുക്കാൻ ക്ഷണിച്ചതിനെ ചോദ്യംചെയ്തു പോയ കേസിലാണ് മന്ത്രിസ്ഥാനം ഏറ്റെടുത്തതിലെ നിയമവിരുദ്ധത ചൂണ്ടിക്കാണിച്ച്‌ നടപടി അസാധുവാക്കിയ സുപ്രീംകോടതിവിധി വന്നത്. തുടർന്ന് ജയലളിത രാജി വെക്കേണ്ടിവരുകയും കേന്ദ്രം അന്നത്തെ തമിഴ്നാട് ഗവർണർ ആയിരുന്ന ഫാത്തിമബീവിയെ ഗവർണർ പദവിയിൽനിന്നു തിരിച്ചുവിളിക്കുകയും ചെയ്തു എന്നത് സമീപകാല ചരിത്രം. കേരളം ചർച്ചചെയ്യുന്ന വിഷയത്തിൽ വസ്തുതകൾ വ്യത്യസ്തമെങ്കിലും തിരഞ്ഞെടുപ്പ് ജയത്താൽ കുറ്റാരോപിതർ അഗ്നിശുദ്ധീകരിക്കപ്പെട്ടു എന്ന വാദം  ഭരണഘടനാ ധാർമികതയ്ക്കോ നിയമതത്ത്വങ്ങൾക്കോ നിരക്കുന്നതല്ല.

മൃതിയടയുന്ന മാന്യത 
ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യമെന്നു നാം കൂടെക്കൂടെ പറയുമ്പോഴും ഇന്ത്യൻ പാർലമെന്റിലെ സ്ഥിതി മറ്റൊന്നല്ല. പെഗാസസ് വിഷയത്തിൽ ചർച്ച നിഷേധിച്ച സർക്കാരിന്റെ നടപടി അപലപനീയമാണെന്നു പറയാൻ മറ്റു മാർഗങ്ങളുണ്ടെന്നിരിക്കേ രാജ്യസഭാ സെക്രട്ടറി ജനറലിന്റെ മേശയിൽ കയറിനിന്നു പ്രതിഷേധിച്ച സാമാജികർ പാർലമെന്ററി മര്യാദകൾക്കുനേരെ വെല്ലുവിളിയുയർത്തുകയായിരുന്നു. 

സുപ്രീംകോടതിയിൽ അഭിഭാഷകനാണ്‌ 
ലേഖകൻ