സ്പീക്കറുടെ കസേരയും കംപ്യൂട്ടറും ടെലിഫോണും മറ്റും കേടുവരുത്തി എന്നാരോപിച്ച്‌ എം.എൽ.എ.മാർക്കെതിരായി ഫയൽചെയ്ത ക്രിമിനൽക്കേസ്‌ പിൻവലിക്കാൻ പാടില്ല എന്നുള്ള സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ തീരുമാനം കേരളത്തിൽ ഒരു സജീവചർച്ചാവിഷയമായിരിക്കുകയാണല്ലോ. 
സുപ്രീംകോടതിയുടെ ഈ വിധിന്യായം കേസിന്റെ മെറിറ്റിനെക്കുറിച്ചല്ലെന്ന്‌ എല്ലാവർക്കും അറിയാം. കോടതിയുടെ മുന്നിലുള്ള വിഷയം കേസ്‌ പിൻവലിക്കാനുള്ള പബ്ളിക് പ്രോസിക്യൂട്ടറുടെ അപേക്ഷ ചീഫ്‌ ജുഡീഷ്യൻ മജിസ്‌ട്രേറ്റ്‌ നിരസിച്ചത്‌ ശരിയാണോ എന്നതു മാത്രമായിരുന്നു. ശരിയായി എന്നു സുപ്രീകോടതി വിധിക്കുകയുംചെയ്തു. എന്നാൽ, പ്രതികളായ നിയമസഭാ സാമാജികർ യഥാർഥത്തിൽ കുറ്റക്കാരാണോ എന്നുള്ളതു തീരുമാനിക്കുന്നത്‌ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ കോടതിയിലാണ്‌. അതിലുള്ള വിചാരണ നടക്കാനിരിക്കുന്നതേയുള്ളൂ. അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കേസുകൾ പരിഗണിച്ച്‌ സുപ്രീംകോടതി ചൊവ്വാഴ്ച നടത്തിയ ഒരു സുപ്രധാന പ്രഖ്യാപനത്തിൽ സാമാജികരുടെ പേരി​ലുള്ള കേസുകൾ ​ഹൈക്കോടതി അനുമതിയില്ലാതെ പിൻവലിക്കരുതെന്ന്‌ ഉത്തരവിടുകയും ചെയ്തു. 
നിയമസഭയിലും പാർലമെന്റിലുമൊക്കെ ബഹളംവെച്ച്‌ സഭാനടപടികൾ അലങ്കോലപ്പെടുത്തുകയും സഭയുടെ മുതൽ നശിപ്പിക്കുകയുമൊക്കെ ചെയ്യുന്നത്‌ തെറ്റാണ്‌ എന്നുള്ള കാര്യത്തിൽ രണ്ടഭിപ്രായമില്ല. പൊതുസമൂഹം ഇതംഗീകരിക്കുന്നില്ല എന്നുള്ള കാര്യത്തിലും സംശയമില്ല. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ആളിക്കത്തുകയും അതു കൈയാങ്കളിയായി മാറുകയും ചെയ്യുന്ന അനേകം ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്‌. എന്നാൽ, ഈ സംഭവത്തിന്റെ ഒരു പ്രത്യേകത അംഗങ്ങൾക്കെതിരായി ക്രിമിനൽക്കുറ്റം ചുമത്തി കേസ് കൊടുത്തു എന്നുള്ളതാണ്‌. പൊതുമുതൽ നശിപ്പിക്കുന്നതിനെ തടയുന്ന നിയമം (Prevention of Damage to Public Property Act, 1984)  അനുസരിച്ചാണ് കേസ്‌.  അതിന്റെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുകയും മജിസ്‌ട്രേറ്റ് അത് നിയമാനുസൃതം സ്വീകരിക്കുകയും ചെയ്തു. ഇവിടെ ഒരു കാര്യം വ്യക്തമാക്കട്ടെ, കഴിഞ്ഞ മുപ്പത്തിയാറ് വർഷമായി മേൽപ്പറഞ്ഞ നിയമം നിലവിലുണ്ട്. എന്നാൽ, ഒരിക്കൽപ്പോലും സഭാംഗങ്ങൾക്കെതിരായി ഒരു സർക്കാരും ഈ നിയമമനുസരിച്ച് കേസെടുത്തിട്ടില്ല. 
ക്രിമിനൽ പ്രൊസീജിയർ കോഡിന്റെ 321-ാം വകുപ്പനുസരിച്ച് പബ്ളിക്‌ പ്രോസിക്യൂട്ടർക്ക് ഒരു കേസ് പിൻവലിക്കാൻ അധികാരമുണ്ട്. പക്ഷേ, കോടതിയുടെ അനുവാദത്തോടുകൂടിയേ അതുസാധിക്കൂ. കോടതി അനുവദിച്ചില്ലെങ്കിൽ കേസ്‌ പിൻവലിക്കാൻ സാധിക്കില്ല. ഈ കേസിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പിൻവലിക്കാൻ അനുവാദം കൊടുത്തില്ല. ഹൈക്കോടതിയും അവസാനം സുപ്രീംകോടതിയും ആ തീരുമാനം ശരിെവക്കുകയാണുണ്ടായത്. 
കേസുകൾ പിൻവലിക്കുന്ന വിഷയത്തിൽ സുപ്രീംകോടതിയുടെ അനേകം വിധിന്യായങ്ങൾ നിലവിലുണ്ട്. കേസുകൾ പിൻവലിക്കുന്നതിന്റെ മാനദണ്ഡം എന്തായിരിക്കണമെന്ന് ഈ വിധിന്യായങ്ങളിലൂടെ കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശിവാനന്ദൻ പാസ്വാൻ Vs സ്റ്റേറ്റ് ഓഫ് ബിഹാർ (1987) എന്ന കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് കേസ്‌ പിൻവലിക്കുന്നതിന്റെ അടിസ്ഥാനപരമായ മാനദണ്ഡം വ്യക്തമാക്കിയിട്ടുണ്ട്. അതായത്, കേസ് പിൻവലിക്കുന്നത് പൊതുജനങ്ങൾക്കുവേണ്ടിയുള്ള നീതി നിർവഹണം എന്ന ലക്ഷ്യംനേടുന്നതിന് സഹായകരമായിരിക്കണം എ​ന്നതാണത്‌. മുമ്പ് വന്നിട്ടുള്ള എല്ലാ വിധിന്യായങ്ങളിലും ഈ അടിസ്ഥാനതത്ത്വം തന്നെ പ്രതിപാദിച്ചിട്ടുള്ളതാണ്. ഉദാഹരണത്തിന് രാജേന്ദ്രകുമാർ ജയിൻ Vs സ്റ്റേറ്റ് (1980) കേസിൽ ഈ മാനദണ്ഡം പ്രതിപാദിക്കുകയും അതോ രാഷ്ട്രീയോദ്ദേശ്യം കേസ് പിൻവലിക്കുന്നതിന്റെ പ്രേരകഘടകമാകാമെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയോദ്ദേശ്യം നീതിനിർവഹണ ലക്ഷ്യം നേടുന്നതിന് സഹായകരമായിരിക്കണമെന്നു മാത്രം. ഈ മാനദണ്ഡമനുസരിച്ചുമാത്രമേ കേസുകൾ പിൻവലിക്കാൻ സാധിക്കൂ.  
കേസ് പിൻവലിക്കാനുള്ള അപേക്ഷയിൽ പക്ഷേ, ഈ നിയമതത്ത്വം കാണുന്നേയില്ല എന്നുള്ളത്‌ അദ്‌ഭുതപ്പെടുത്തുന്നു. ഈ വിഷയവുമായി ബന്ധമില്ലാത്ത സഭയുടെയും അംഗങ്ങളുടെയും പ്രത്യേകാവകാശങ്ങളെക്കുറിച്ചുള്ള വാദങ്ങൾ അനാവശ്യവും അപ്രസക്തവുമായിരുന്നു. കോടതിയുടെ തീരുമാനത്തെ ശക്തമായി സ്വാധീനിച്ചത് ഈ അപ്രസക്തങ്ങളായ വാദങ്ങളാണെന്ന്‌ ചിന്തിക്കുന്നതിൽ തെറ്റില്ല. 
ഇതിലൊരപകടം ഒളിഞ്ഞിരിപ്പുണ്ട്. പൊതുമുതൽ നശിപ്പിക്കൽ നടന്നിട്ടുണ്ട് എന്ന് പരോക്ഷമായി കോടതി അംഗീകരിക്കുന്നു. അതാണല്ലോ ക്രിമിനൽ നടപടികൾക്ക് പ്രിവിലേജിന്റെ സംരക്ഷണമില്ലെന്നു പറയാൻ കാരണം. ഇത് വിചാരണക്കോടതിയെ വളരെയധികം സ്വാധീനിക്കാൻ സാധ്യതയുള്ളതാണ്. അത് നിർഭാഗ്യകരമായ ഒരവസ്ഥയാണ്.
സാമാജികർക്കെതിരേ സഭയിൽ നടക്കുന്ന കാര്യങ്ങളിൽ ക്രിമിനൽക്കേസുകൾ എടുക്കുന്നതിൽ മറ്റൊരപകടം കൂടിയുണ്ട്. ബഹളമുണ്ടാക്കി സഭ നടത്താതിരുന്നാൽ ഒരു ദിവസം ഉണ്ടാകുന്ന നഷ്ടം ഒരുകോടി അമ്പത്തിയേഴുലക്ഷത്തിൽപ്പരം രൂപയാണ് (പാർലമെന്റൽ). ഇത്രയും ഭീമമായ നഷ്ടമുണ്ടാക്കുന്ന പ്രതിപക്ഷത്തിനെതിരേ പ്രയോഗിക്കാൻ മേൽപ്പറഞ്ഞ നിയമത്തിൽ ഒരു ഭേദഗതിയെ വേണ്ടൂ. നിയമസഭാ സമാജികർക്കും പാർലമെന്റംഗങ്ങൾക്കുമെതിരേ ക്രിമിനൽക്കേസുകൾ കൊടുക്കുന്നതിനുമുമ്പ് സമചിത്തതയോടുകൂടി ഇതൊക്കെ ഒന്നാലോചിക്കുന്നതു നന്നായിരിക്കും.

ലോക്‌സഭാ മുൻ സെക്രട്ടറി ജനറലാണ്‌ ലേഖകൻ