തെറ്റുകൾ തിരുത്തിയാലും ശരിയിലേക്കെത്തിയെന്ന് തോന്നിക്കാൻ പിന്നെയും വൈകിപ്പിക്കുന്ന വൈരുധ്യം സി.പി.എമ്മിനെ സ്വാതന്ത്ര്യസമരത്തിന്റെ കാര്യത്തിൽ പിന്തുടർന്നു. സ്വാതന്ത്ര്യസമരത്തെ അംഗീകരിക്കുമ്പോൾത്തന്നെ സ്വാതന്ത്ര്യലബ്ധിയെ തള്ളിപ്പറഞ്ഞ കൽക്കത്താ തീസിസിന്റെ കറ പലതവണ മായ്ച്ചിട്ടും മായാൻ സമ്മതിക്കാതിരുന്ന ഭൂതകാലത്തെ തള്ളിപ്പറയുകയാണ്‌ ഒടുവിൽ സി.പി.എം. 75-ാം സ്വാതന്ത്ര്യദിനത്തിൽ പഴയ തെറ്റിനെ തള്ളിപ്പറഞ്ഞ്, പാർട്ടി ഓഫീസുകളിൽ ഇക്കുറി ത്രിവർണപതാക ഉയരും

ക്വിറ്റിന്ത്യാസമരത്തിലെ നിലപാട്

സ്വാതന്ത്ര്യസമരത്തിലൂടെ ഉയർന്നുവരുകയും അതിന്റെ നേതാക്കളായി നിൽക്കുകയുംചെയ്തിട്ടും നിർണായകഘട്ടത്തിൽ അതിനെ ഒറ്റുകൊടുത്തെന്ന ആരോപണമാണ് കമ്യൂണിസ്റ്റ്‌ പാർട്ടിക്കെതിരേ ക്വിറ്റിന്ത്യാസമരകാലത്തുണ്ടായത്. എല്ലാ കൂടിയാലോചനകളും പരാജയപ്പെട്ടശേഷം ഗത്യന്തരമില്ലാതെയാണ് അന്തിമസമരമായി, ‘വിജയം അല്ലെങ്കിൽ മരണം’ എന്ന മുദ്രാവാക്യത്തോടെ ക്വിറ്റിന്ത്യാസമരം പ്രഖ്യാപിച്ചത്. രണ്ടാംലോകയുദ്ധത്തിൽ നാസി-ഫാസിസ്റ്റ് അച്ചുതണ്ടിനെതിരേ പൊരുതുന്നത് ബ്രിട്ടനും സോവിയറ്റ് യൂണിയനും ചേർന്ന സഖ്യശക്തികളാണെന്നതിനാൽ ദേശീയസമരം നിർത്തിവെച്ച് ബ്രിട്ടനെ യുദ്ധത്തിൽ സഹായിക്കണമെന്ന സിദ്ധാന്തമാണ് പക്ഷേ, കമ്യൂണിസ്റ്റ് പാർട്ടി അന്ന് മുന്നോട്ടുവെച്ചത്. ബ്രിട്ടീഷ് സർക്കാരിനെ സഹായിക്കാൻവേണ്ടി അണികളോട് പട്ടാളത്തിൽ ചേരാൻ ആഹ്വാനംചെയ്യുകയും ചെയ്തു. രണ്ടാംലോകയുദ്ധത്തിന്റെ തുടക്കംതൊട്ട് നിരോധനത്തിലായ പാർട്ടിക്ക് ഈ കാലഘട്ടത്തിൽ ‘സ്വാതന്ത്ര്യം’ ലഭിച്ചു. 

എ.കെ.ജി.യടക്കമുള്ള നേതാക്കളൊഴിച്ച് കുറെയധികം നേതാക്കൾ ജയിൽ മോചിതരാവുകയും പരസ്യപ്രവർത്തനത്തിന് ആദ്യമായി അവസരം ലഭിക്കുകയും ചെയ്തു. പാർട്ടി ഓഫീസുകൾ ആരംഭിക്കാനും മുഖപത്രങ്ങൾ തുടങ്ങാനും സാധിച്ചു.രണ്ടാംലോകയുദ്ധാനന്തരം കമ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യസമരത്തിൽ വീണ്ടും സജീവമായെങ്കിലും സ്വാതന്ത്ര്യം കിട്ടിയപ്പോൾ അതിനെ വിലയിരുത്തുന്നതിൽ വരുത്തിയ വലിയ പാളിച്ച പാർട്ടിയെ കൂടുതൽ ഒറ്റപ്പെടുന്നതിലേക്ക് നയിച്ചു. 1947 ഓഗസ്റ്റ് 15-ന് പാർട്ടിനേതാക്കളും പ്രവർത്തകരും ജയിലിലും പുറത്തും സ്വാതന്ത്യ്രദിനം ആഘോഷിച്ചു. പക്ഷേ, ഏതാനും മാസത്തിനിടെ, സ്വാതന്ത്ര്യം കാപട്യമാണെന്നും യഥാർഥ സ്വാതന്ത്ര്യം സായുധപോരാട്ടത്തിലൂടെയേ സാധിക്കൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്ത് ഒറ്റപ്പെടൽ പൂർണമാക്കി. 

ജോഷിയെ തള്ളിയ തീസിസ്

‘സ്വാതന്ത്ര്യംകിട്ടി, അത് പരിമിതമാണെങ്കിൽപ്പോലും സാമ്പത്തികസ്വാതന്ത്ര്യവും സമത്വവും കൈവരിക്കുന്നതിലേക്ക് ജനങ്ങളുടെ കൈയിലുള്ള സമരായുധമാണത്’ എന്ന് 1947-ൽ വിലയിരുത്തിയ പി.സി. ജോഷിയുടെ നേതൃത്വത്തെ പാർട്ടി തള്ളി,  ജോഷിയെ കേന്ദ്രകമ്മിറ്റിയിൽനിന്നുതന്നെ വോട്ടെടുപ്പിലൂടെ തോൽപ്പിച്ചാണ് 1948-ലെ രണ്ടാം പാർട്ടികോൺഗ്രസ്, ‘സ്വാതന്ത്ര്യം വഞ്ചനയാണ്‌’ എന്ന തീസിസ് പാസാക്കിയത്. സ്വാതന്ത്ര്യലബ്ധി  ജനങ്ങൾ നേടിയ വിജയമല്ല, അത് അവരുടെ കൈയിലെ ആയുധമാണ് എന്ന വിലയിരുത്തലും ശരിയല്ല എന്നായിരുന്നു തീർപ്പ്. ലോകത്താകെയും ഇന്ത്യയിൽത്തന്നെയും വളർന്നുവരുന്ന വിപ്ലവമുന്നേറ്റത്തെ തടയുന്നതിനുവേണ്ടി ബ്രിട്ടീഷ് ഭരണാധികാരികൾ നടത്തിയ ഗൂഢാലോചനയുടെ സന്തതിയാണ് ബ്രിട്ടൻ കൈമാറിയ സ്വാതന്ത്ര്യം എന്നായിരുന്നു കണ്ടെത്തൽ.

 ഇന്ത്യൻ ബൂർഷ്വാസിയും ബ്രിട്ടീഷ് ഭരണാധികാരികളും തമ്മിൽ നടന്ന ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിലാണിവിടെ ഭരണമാറ്റം നടന്നത് എന്ന് രണ്ടാം കോൺഗ്രസ് വിലയിരുത്തി. മൗണ്ട് ബാറ്റൺ പദ്ധതി കാപട്യമാണെന്നും വിശദീകരിക്കുകയുണ്ടായി. ഇതേത്തുടർന്നാണ് സ്വാതന്ത്ര്യദിനാഘോഷം നടത്തുന്നതിൽനിന്ന് കമ്യൂണിസ്റ്റ് പാർട്ടി വിട്ടുനിന്നത്. പിൽക്കാലത്ത് പഴയ വിലയിരുത്തൽ തെറ്റാണെന്ന് സമ്മതിക്കുകയും സ്വാതന്ത്ര്യദിനാഘോഷത്തിൽ ഭാഗഭാക്കാവുകയുമൊക്കെ ചെയ്യാൻ തുടങ്ങിയെങ്കിലും പാർട്ടിയുടെ ഔദ്യോഗികപരിപാടിയാക്കുകയോ ഓഫീസിൽ ദേശീയപതാക ഉയർത്തുകയോ ചെയ്തില്ല.

പ്രത്യയശാസ്ത്ര കടുംപിടിത്തവും പാളിച്ചകൾ    

1942-ലും 1948-ലുമുണ്ടായ തെറ്റ് വെറും പാളിച്ചയോ വ്യതിയാനമോ അല്ല, ആത്മഹത്യാപരംതന്നെയായിരുന്നുവെന്ന് പിൽക്കാലത്ത് വിലയിരുത്തപ്പെട്ടതാണ്. ദേശീയതലത്തിൽ തൊള്ളായിരത്തി മുപ്പതുകളുടെ ആദ്യപാതിയിൽ ജയപ്രകാശ് നാരായണന്റെയും മറ്റും നേതൃത്വത്തിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കേരളത്തിലെ ഭൂരിഭാഗം കോൺഗ്രസുകാരും അണിനിരന്ന പ്രസ്ഥാനമായിരുന്നു. 1939 അവസാനം സി.എസ്.പി.യുടെ കേരളഘടകം അപ്പാടെ കമ്യൂണിസ്റ്റ് പാർട്ടിയാകാൻ തീരുമാനിച്ചതാണ്. എന്നാൽ, ക്വിറ്റിന്ത്യാസമരത്തെ തള്ളിപ്പറയുകമാത്രമല്ല എതിർക്കുകയും പട്ടാളത്തിൽ ആളെച്ചേർക്കാൻ ആഹ്വാനംചെയ്യലുംകൂടിയായതോടെ ആ പുതിയ പ്രസ്ഥാനത്തിൽ വലിയ പിളർപ്പുണ്ടായി. ജനവികാരം കണക്കിലെടുക്കാതെ സാർവദേശീയ നിലപാടിനൊപ്പം നിൽക്കേണ്ടിവന്ന പ്രത്യയശാസ്ത്ര കടുംപിടിത്തത്തിന്റെ ഫലം.

ജയപ്രകാശ്‌നാരായണിന്റെയും അഖിലേന്ത്യാതലത്തിലുള്ള സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരളഘടകവും കേരള സോഷ്യലിസ്റ്റ് പാർട്ടിയും ആർ.എസ്.പി.യുമെല്ലാം കേരളത്തിൽ വളർന്നുവന്നത് അതേത്തുടർന്നുള്ള രാഷ്ട്രീയത്തിന്റെ ഭാഗമാണ്. പാർട്ടിക്കകത്ത് ഇക്കാര്യം പറഞ്ഞുഫലിപ്പിക്കാൻ പറ്റാത്തതിനാൽ വലിയ വിഭാഗീയതയുണ്ടാവുകയും സംസ്ഥാനസെക്രട്ടറി പി. കൃഷ്ണപിള്ള സംസ്ഥാനഘടകം അപ്പാടെ പിരിച്ചുവിട്ട് സംഘടനാപരമായ അധികാരംമുഴുവൻ തന്നിൽ നിക്ഷിപ്തമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അത്യസാധാരണമായ സംഭവംപോലുമുണ്ടായി. ഇന്ത്യയിലാകെയും കേരളത്തിൽ വിശേഷിച്ചും കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ച മുരടിപ്പിക്കാൻ സ്വാതന്ത്യ്രസമരത്തെക്കുറിച്ച് 1942-ലും ലഭ്യമായ സ്വാതന്ത്ര്യത്തെക്കുറിച്ച് 1948-ലും നടത്തിയ വിലയിരുത്തലുകൾ കാരണമായി എന്ന് പിൽക്കാലത്ത് തിരുത്തുകയുണ്ടായി. അതായത്, കമ്യൂണിസ്റ്റ് രീതിയിൽ ജനങ്ങളുടെ കൈയിലെ ആയുധമാണ് ദേശീയസ്വാതന്ത്ര്യം എന്ന് വിലയിരുത്തിയത് ബൂർഷ്വാഭൂപ്രഭുവർഗത്തിന്റെ കൈയിലെ ആയുധം എന്ന് മാറ്റിയപ്പോഴുണ്ടായ പ്രശ്നം.

മനംമാറ്റത്തിനു പിന്നിൽ

ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമെത്തുമ്പോൾ അത് ഔദ്യോഗികമായി ആഘോഷിക്കുന്നതിനൊപ്പം ചേർന്നുനിൽക്കുകയെന്നത് കടന്ന് പാർട്ടിയുടെ നേതൃത്വത്തിൽ രാഷ്ട്രീയമായിത്തന്നെ ആഘോഷിക്കുക എന്ന തീരുമാനംവരുന്നതിന് വലിയ പ്രസക്തിയും സാംഗത്യവുമുണ്ട്. 
ഭരണഘടനാസ്ഥാപനങ്ങളെയടക്കം വരുതിയിലാക്കുന്ന ജനാധിപത്യവിരുദ്ധനീക്കങ്ങൾ ശക്തിപ്പെടുന്നതിനാൽ,  പെഗസാസ് പോലുള്ള ആയുധങ്ങളിലൂടെ സ്വാതന്ത്ര്യത്തെ അപ്രസക്തമാക്കാൻ ശ്രമം നടക്കുന്നതിനാൽ, ജനാധിപത്യത്തിലൂടെത്തന്നെ സ്വാതന്ത്ര്യം നിഹനിക്കപ്പെടുമോ എന്ന ഭീതി നിലനിൽക്കുന്നതിനാൽ സ്വാതന്ത്ര്യദിനത്തെ സമരായുധമാക്കുക എന്ന തീരുമാനത്തിലാണ് പാർട്ടി എത്തിച്ചേർന്നിരിക്കുന്നത്.
 റിവിഷനിസമെന്നാക്ഷേപിച്ച്‌ തള്ളിക്കളഞ്ഞ  പി.സി.ജോഷിയുടെ  വിലയിരുത്തൽ ഇപ്പോൾ സ്വീകാര്യമായത് കാലത്തിന്റെ കാവ്യനീതിയാണ്‌.