നിയമസഭയിൽ  കൈയാങ്കളി നടത്താൻ അവകാശമുണ്ടെന്ന് ഒളിഞ്ഞും തെളിഞ്ഞും വിശ്വസിക്കുന്നവർ അവിടെ മാസ്ക് വെച്ചില്ലെങ്കിൽ അതിലെന്ത് അതിശയം? ഈ സഭ നിർമിച്ച പകർച്ചവ്യാധി പ്രതിരോധനിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നാടാകെ ഓടിനടന്ന് മാസ്ക് വെക്കാത്തവരെ കൊറോണവാഹകരായി മുദ്രകുത്തി പിഴയടപ്പിക്കുന്നത്. പാവം ജനം. 
സഭയിൽ ചിലർക്ക് മാസ്കൊരു മഹാശല്യമാണ്. മാസ്കിനോട് അപ്രിയമുള്ള എ.എൻ. ഷംസീറിനെ സ്പീക്കർ എം.ബി. രാജേഷ് ഇതിനകം പലവട്ടം കൈയോടെ പിടികൂടിയിട്ടുണ്ട്.  താക്കീതും നൽകിയിരുന്നു. തിങ്കളാഴ്ചയും ഷംസീറിനെ മാസ്കില്ലാതെ കണ്ടു. ‘‘ഈയിടെയായി ഷംസീർ മാസ്ക് ഉപേക്ഷിച്ചതായി കാണപ്പെടുന്നു. പോരാത്തതിന്   ഈ സഭയിൽ പലരുടെയും മാസ്ക് താടിയിലാണ്. ഇതെല്ലാം ചാനലുകളിലും വൈബ്‌സൈറ്റിൽ ലൈവായും നാട്ടുകാർ കാണുന്നുണ്ട്. നല്ല സന്ദേശമല്ല എം. എൽ.എ.മാർ നൽകുന്നത്.’’ സ്പീക്കർ പറഞ്ഞു. ഷംസീർ മാസ്കിട്ടു. മാസ്കിട്ട താടികൾ പിന്നെയും സഭയിലുണ്ടായിരുന്നു.

കൃഷി, എക്സൈസ്, തദ്ദേശം, ജലവിഭവം എന്നീ വകുപ്പുകളുടെ ധനാഭ്യർഥനകൾ ചർച്ച ചെയ്തപ്പോൾ പാർട്ടിരാഷ്ട്രീയത്തിൽ അധികംപേർക്കും താത്പര്യമുണ്ടായില്ല. ചർച്ചയ്ക്ക് തുടക്കമിട്ട മുൻ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ വകുപ്പിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങളുടെ ഭാണ്ഡമഴിച്ച് പുതിയ മന്ത്രി എം.വി. ഗോവിന്ദനുമുന്നിൽ നിരത്തി. തന്റെ കാലത്ത് നടപ്പാക്കാൻ പറ്റാതെപോയവയായിരിക്കണം. 

അഭിഭാഷകനായ ഡോ. മാത്യു കുഴൽനാടൻ താൻ വക്കാലത്തെടുത്ത കേസുമായാണ് സഭയിലെത്തി. കർഷകരോട് കാലാകാലം സർക്കാർ കാണിക്കുന്ന ക്രൂരത വിവരിക്കാൻ. 1973-ൽ 30 സെന്റ് സ്ഥലം സർക്കാരിന് വിട്ടുകൊടുത്ത കുടിയേറ്റകർഷകനായ മാത്തച്ചന്റെ കഥ. പകരം സ്ഥലത്തിനായി ജീവിച്ചിരുന്നകാലം മുഴുവൻ അദ്ദേഹം ഏറെ അലഞ്ഞു. കാലശേഷം മക്കളും. ഏഴുതവണ കോടതി പറഞ്ഞു. ഇനിയും സ്ഥലം കിട്ടിയില്ല. കുഴൽനാടനും പിന്നീട് സംസാരിച്ച പി.ജെ. ജോസഫും കാർഷികവികസനത്തിന്  നല്ല നിർദേശങ്ങളും നൽകി. കേരളത്തിലെ മണ്ണിന്റെ പി.എച്ച്. മൂല്യം പ്രളയശേഷം അഞ്ചായി കുറഞ്ഞെന്ന് കർഷകനായ ജോസഫ് പറഞ്ഞു. ഏഴാണ് അഭികാമ്യം. എന്നാലേ വിളവുണ്ടാവൂ. മണ്ണ് പരിശോധിക്കാൻ ഇപ്പോൾ ലാബിലൊന്നും പോകേണ്ട. 

പി.എച്ച്. മീറ്റർ മണ്ണിലേക്ക്‌ ഇറക്കി നോക്കിയാൽ മതി. കേരളത്തിലെ എത്ര കൃഷിഭവനുകളിൽ പി.എച്ച്.മീറ്ററുണ്ടെന്ന് ജോസഫ് ചോദിച്ചിരുന്നു. എങ്ങുമില്ലെന്ന് ഉത്തരം.
തോമസ് കെ. തോമസിന് ഈ മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ഒന്നിനൊന്ന് മെച്ചം. അതുപിന്നെ ഏത്തവാഴയുടെ ചുവട്ടിൽ പാളേങ്കോടൻ വരുമോ സാർ... അദ്ദേഹം ചോദിച്ചു. പിണറായിയെ മുടിയനായ പുത്രനെന്ന് വിളിച്ചവരോട് കെ.വി. സുമേഷ് പാർട്ടിഭാഷയിൽത്തന്നെ പറഞ്ഞു: ‘‘നിങ്ങൾ പഠിച്ച സ്കൂളിലല്ല ഞങ്ങൾ പഠിച്ചത്.’’  

ജലത്തെക്കുറിച്ച് പി.ടി. തോമസ് പറഞ്ഞുതുടങ്ങിയാൽ കിറ്റെക്സിലേ കരയ്ക്കടുക്കൂ. കിഴക്കമ്പലം പഞ്ചായത്തിൽ നിയമവിരുദ്ധഭരണം നടത്തുന്ന കിറ്റെക്സിനെതിരേ ചെറുവിരൽ അനക്കാത്തവരെങ്ങനെ അദാനി, അംബാനി തുടങ്ങിയ കോർപ്പറേറ്റുകളുടെ അന്യായങ്ങളെ നേരിടും? തോമസ് ചോദിച്ചു. കൃഷിമന്ത്രി പി. പ്രസാദ് കേരളത്തെ കാർഷികസ്വർഗമാക്കാനുള്ള പദ്ധതി വിശദീകരിച്ചു.

ഉരുൾപൊട്ടി രണ്ടുവർഷമായിട്ടും ദുരിതത്തിൽ കഴിയുന്ന കവളപ്പാറയിലെയും പുത്തുമലയിലെയും ജനങ്ങളുടെ പുനരധിവാസം എന്ന് പൂർത്തിയാകുമെന്ന് അടിയന്തരപ്രമേയത്തിൽ ടി. സിദ്ദീഖ് ചോദിച്ചു. മന്ത്രി കെ. രാജന്റെ മറുപടിയിൽ വാക്കുകൾ ഭീതിദമായി ഉരുൾപൊട്ടി. അതുകേട്ടപ്പോൾ മൈതാനപ്രസംഗമായി വി.ഡി. സതീശന് തോന്നി. പ്രതിപക്ഷം ഇറങ്ങിപ്പോയി. മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്ന് ഇപ്പോൾ സഭയിലാരും പറയുന്നതേയില്ല.