രണ്ടാം പിണറായി സർക്കാർ അധികാരമേറ്റിട്ട് മാസങ്ങൾ പിന്നിടുന്നതിനു മുമ്പേ ഇടതുപക്ഷ സർക്കാരിന്റെ പൊയ്‌മുഖം വീണുടഞ്ഞു തുടങ്ങിയിരിക്കുന്നു 

മരം കൊള്ളയിൽ മൗനം

2021 നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളിൽ കേരളം മുഴുകിനിൽക്കുമ്പോഴാണ് ഭരണത്തിലെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ ശതകോടികൾ വിലമതിക്കുന്ന രാജകീയ മരങ്ങൾ മുറിച്ചുകടത്തുന്നത്. സംസ്ഥാന സർക്കാരിന്റെ പൂർണനിയന്ത്രണത്തിലുള്ള റിസർവ് വനത്തിൽ കയറി നമ്പറിട്ട മരങ്ങൾ മുറിച്ചു കടത്തുക എന്നത് ലളിതമായി സാധിക്കുന്നതല്ല.
പ്രദേശവാസികളിൽനിന്ന്‌ എതിർപ്പില്ലാതിരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർതന്നെ മരംവെട്ടുകാർക്കുവേണ്ടി പരസ്യമായി രംഗത്തിറങ്ങി. കോടികളുടെ വനസമ്പത്താണ് കൊള്ളയടിക്കപ്പെട്ടത്. സാധാരണയായി പത്രപ്രവർത്തകരോടുപോലും പലപ്പോഴും അസഹിഷ്ണുതയോടെ സംസാരിക്കാറുള്ള കേരളത്തിന്റെ മുഖ്യമന്ത്രി വനം മോഷ്ടാക്കൾക്കെതിരേ ശക്തമായി പ്രതികരിച്ചുകണ്ടില്ല. മാത്രമല്ല, സി.പി.എമ്മിന്റെ ഭരണനേതൃത്വത്തിന്റെ ഭാഗത്തുനിന്നു പലപ്പോഴും ഇടതുപക്ഷ മൂല്യത്തകർച്ച സംഭവിക്കുമ്പോൾ പൊതുസമൂഹത്തിനുമുന്നിൽ തെറ്റുകൾ ചൂണ്ടിക്കാട്ടാറുള്ള സി.പി.ഐ., സ്വന്തം വകുപ്പിലെ അഴിമതിയെ വെള്ളപൂശാൻ മുന്നോട്ടുവന്നപ്പോൾ കേരളം അമ്പരന്നു. 
ഭരണനേതൃത്വത്തിന്റെ വഴിവിട്ട സഹായംകൊണ്ടുമാത്രമേ ഈ മരംകൊള്ള സാധിക്കൂയെന്ന് തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ട്. മരംമുറിക്കേസിലെ ഉന്നതന്മാരുടെ പങ്ക് പുറത്തുകൊണ്ടുവരാൻ സാധിക്കുംവിധം പഴുതടച്ച അന്വേഷണത്തിന് ഭരണകൂടം തയ്യാറായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി കാട്ടുകൊള്ളക്കാരെ വെളിച്ചത്തു കൊണ്ടുവരാനുള്ള സമരത്തിന് നേതൃത്വം കൊടുക്കാൻ കോൺഗ്രസ് മുന്നോട്ടുവരും.

തൊഴിലെവിടെ സർക്കാരേ

ആദ്യ പിണറായി ഭരണത്തിന്റെ അവസാന നാളുകളിലാണ് പി.എസ്.സി. നിയമനം നടക്കാത്തതിൽ പ്രതിഷേധിച്ച് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരത്തിന് നേതൃത്വം നൽകിയത്. കക്ഷിരാഷ്ട്രീയമില്ലാതെ ഉദ്യോഗാർഥികൾ നടത്തിയ സമരം കേരളത്തിന്റെ ബഹുജന മനസ്സാക്ഷിയെ പിടിച്ചുണർത്തി. അവകാശപ്പെട്ട ഉദ്യോഗത്തിനുവേണ്ടി റാങ്ക് ഹോൾഡർമാർ നടത്തിയ സമരം നീണ്ടുപോയാൽ തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് ‘വിപ്ലവ യുവജന സംഘടന’യെ മധ്യസ്ഥരാക്കി സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ മുന്നോട്ടുവന്നത്. ഒത്തുതീർപ്പു വ്യവസ്ഥകൾ ആത്മാർഥമായല്ലെന്ന്‌ അന്നുതന്നെ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മുഖം മിനുക്കാനുള്ള കേവലം ഒരു ‘ഗിമ്മിക്ക്’ മാത്രമായിരുന്നു ആ ഉറപ്പുകൾ എന്ന് കേരളത്തിന്റെ തൊഴിൽ തേടുന്ന യൗവനം തിരിച്ചറിഞ്ഞിരിക്കുന്നു. 

സഭാകളങ്കം ആരുതീർക്കും

കേരള നിയമസഭയ്ക്ക് തീർത്താലും തീരാത്ത കളങ്കമായിരുന്നു ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും കെ.എം. മാണി ധനകാര്യ മന്ത്രിയുമായിരുന്ന നാളിൽ ഇടതുപക്ഷം നടത്തിയത്. 
ഇന്നത്തെ വിദ്യാഭ്യാസമന്ത്രിയാണ് മുണ്ടുമടക്കിക്കുത്തി ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ തകർത്തെറിഞ്ഞ് തെരുവുഗുണ്ടയെപ്പോലും നാണിപ്പിക്കുംവിധം അന്ന്‌ പെരുമാറിയത്. തന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തും എന്നുപറയുന്ന മന്ത്രി ആരെയാണ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്? ധാർമികത തെല്ലെങ്കിലും നിങ്ങളിൽ അവശേഷിപ്പിക്കുന്നുണ്ടെങ്കിൽ രാജിവെച്ചൊഴിയണം. 

കുത്തഴിഞ്ഞ ക്രമസമാധാനം, കോവിഡ് കൈകാര്യം

ക്രമസമാധാന മേഖലയാകെ കുത്തഴിഞ്ഞ നിലയിലാണ്. കേരളം ഭീതിദമായ അന്തരീക്ഷത്തിലാണ്. ഇടതുപക്ഷ സർക്കാരിന്റെ വനിതാ കമ്മിഷൻ അധ്യക്ഷയ്ക്കുതന്നെ സ്ത്രീവിരുദ്ധ പെരുമാറ്റത്തിന്റെ പേരിൽ രാജിവെച്ച് ഒഴിയേണ്ടിവന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീ സുരക്ഷിതയല്ലാതാകുന്നു. സ്ത്രീകളുടെ പേരിൽ ഊറ്റംകൊണ്ടുനടന്ന ഒരു ഭരണകൂടമാണ് കേരളത്തിലുള്ളത് എന്നു നാം ഓർക്കണം.
പിണറായി സർക്കാരിന് തുടർഭരണം സാധ്യമാക്കിയത് കോവിഡും കിറ്റുമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ലോകത്താകെ ഇടതുപക്ഷം പറഞ്ഞുനടന്നത് കോവിഡിനെ പിടിച്ചുകെട്ടിയ സംസ്ഥാനമെന്നായിരുന്നു. കോവിഡ് പ്രതിരോധത്തിൽ ‘കേരള മാതൃക’ കൊണ്ടാടിയവർ ഇന്നു പൊതുസമൂഹത്തിനുമുന്നിൽ ഒറ്റപ്പെട്ടു നിൽക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഡോക്ടർമാരുടെ സംഘടനകളും സംസ്ഥാന ഭരണത്തിന്റെ അനാവശ്യ തീരുമാനങ്ങളും പിടിപ്പുകേടുകളുമാണ് കോവിഡ് നിയന്ത്രിക്കുന്നതിൽ പരാജയപ്പെടാൻ കാരണമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  മറ്റു രാജ്യങ്ങളും സംസ്ഥാനങ്ങളും കോവിഡ് മഹാമാരിയെ പിടിച്ചുനിർത്തുമ്പോൾ കേരളത്തിന്റെ ടി.പി.ആർ. നിരക്ക് ഇപ്പോഴും പത്തു ശതമാനത്തിൽ മുകളിൽ പോകുന്നു. ഇന്ന് ലോകത്തുതന്നെ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള പ്രദേശമായി കേരളം മാറി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കുകയും മദ്യശാലകൾ ഒരുവിധ നിയന്ത്രണവുമില്ലാതെ തുറക്കുകയും ചെയ്യുന്ന അദ്‌ഭുത പ്രതിഭാസമാണ് കേരളത്തിൽ നടക്കുന്നത്. 
  മരണസംഖ്യ മറച്ചുവെക്കുക വഴി, ആശ്രയം നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങളുടെ കേന്ദ്രസഹായംകൂടിയാണ് ഈ സന്ദർഭത്തിൽ ഇടതുപക്ഷസർക്കാർ അട്ടിമറിക്കുന്നത്. വാക്സിനേഷൻപോലും സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കുന്നില്ല. സമ്പൂർണ സൗജന്യ വാക്സിനേഷനുവേണ്ടി കോടികൾ പിരിച്ചെടുത്തവർ ഇനി എന്തു മറുപടിയാണ് പറയാൻപോകുന്നത്? 

പെട്രോളിന് തീവെച്ച്‌ കേന്ദ്രവും

സംസ്ഥാനത്ത് ഇടതുപക്ഷം ജനജീവിതത്തിൽ ദുരിതം വിതയ്ക്കുമ്പോൾ മറുഭാഗത്ത് പെട്രോൾ, ഡീസൽ വിലവർധനയിലൂടെ കേന്ദ്രം എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. പിണറായിയും മോദിയും ഒരു നാണയത്തിന്റെ ഇരു പുറങ്ങളാണെന്ന് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നു. പെട്രോൾ, ഡീസൽ വിലവർധന എല്ലാ സീമകളും ലംഘിച്ച് സെഞ്ചുറി പിന്നിട്ടതിനെ കേരളത്തിന്റെ കേന്ദ്രമന്ത്രി നിർലജ്ജം ന്യായീകരിക്കുന്നു.
കേരളത്തിന്റെ വരുമാനം ആശങ്കാജനകമായ നിലയിൽ ഇടിഞ്ഞുകൊണ്ടിരിക്കുന്നു. നാട്ടിലേക്ക് തിരിച്ചെത്തിയവർ സ്വയംതൊഴിലിനായി കയറിയിറങ്ങുന്നു. പ്രവാസിക്ഷേമം പ്രഖ്യാപനത്തിൽമാത്രം ഒതുങ്ങുന്നു. തൊഴിലില്ലായ്മ പെരുകി ആത്മഹത്യാപ്രവണതയിലേക്ക് ജനങ്ങൾ മാറുമ്പോൾ ആരാണ് ഈ ജനതയെ സംരക്ഷിക്കേണ്ടത്? ഇവിടെ പ്രഖ്യാപനങ്ങൾ മാത്രമേയുള്ളൂ. നടപ്പിൽ വരുത്താവുന്ന പദ്ധതികൾ ഇല്ല.

തിരുത്തിയില്ലെങ്കിൽ സമരം

കേരളം അതിസങ്കീർണമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അതിജാഗ്രതയോടെ ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കാനും ജനങ്ങളുടെ കണ്ണീരൊപ്പാനും സാധിക്കുന്നില്ലെങ്കിൽ ‘ദൈവത്തിന്റെ സ്വന്തം നാട്’ വലിയ വിപത്തിനെ നേരിടേണ്ടിവരും. ഇതിനെ പ്രതിരോധിക്കാൻ ഭരണപ്രതിപക്ഷ ഭേദമെന്യേ നമുക്ക് ഒന്നിച്ചുനിന്ന് പോരാടാനാകണം. ജനവിരുദ്ധ നിലപാടുകളുമായി ഒരു ജനതയെയാകെ അപഹസിച്ച് മുന്നോട്ടുപോകാനാണ് ഭരണകൂടം ശ്രമിക്കുന്നതെങ്കിൽ ആ നെറികേടുകളെ പൊതുജനസമക്ഷം ചോദ്യംചെയ്യാനും ജനങ്ങളെ അണിനിരത്തി വിചാരണ ചെയ്യാനും അതുവഴി നിങ്ങളെ തിരുത്താനുമുള്ള പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസും  യു.ഡി.എഫും ഒറ്റക്കെട്ടായി മുന്നോട്ടുവരും.

കെ.പി.സി.സി. സംസ്ഥാന അധ്യക്ഷനാണ്‌ ലേഖകൻ