സൗജന്യ ഭക്ഷ്യക്കിറ്റ് ഇലക്‌ഷൻ ജയിക്കാൻ കൊള്ളാം. അതുകൊണ്ട് സമ്പദ്‌വ്യവസ്ഥയെ ശാക്തീകരിക്കാൻ പറ്റുമോ? പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഒരാവേശത്തിന് ഇങ്ങനെ ചോദിച്ചെങ്കിലും വളരെ പെട്ടെന്ന് അദ്ദേഹത്തിന് കാഴ്ചപ്പാടിൽ മാറ്റംവരുത്തേണ്ടിവന്നു. അത്രയ്ക്ക് പ്രത്യാക്രമണമാണ്‌ അദ്ദേഹം നേരിട്ടത്.  കിറ്റും വേണം, ജനങ്ങൾക്ക് കാശും വേണം. അതാണ് താൻ ഉദ്ദേശിച്ചതെന്ന് കുഞ്ഞാലിക്കുട്ടി പിന്നീട് പലവട്ടം വിശദീകരിച്ചു. ജനങ്ങൾക്ക് ഇങ്ങനെ കാശ് നൽകുന്നതിനെ കുഞ്ഞാലിക്കുട്ടി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ എന്നും കോൺഗ്രസുകാർ രാഹുൽ ഗാന്ധിയുടെ ‘ന്യായ്’ പദ്ധതിയെന്നും പറയും.

കോവിഡിൽ വലയുന്ന ജനങ്ങളുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനെക്കുറിച്ചായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ അടിയന്തരപ്രമേയം.  അശാസ്ത്രീയ നിയന്ത്രണവും രോഗവ്യാപനവും കാരണം കേരളം പൊളിഞ്ഞ് പാളീസായി പാപ്പരായെന്ന് അദ്ദേഹം പറഞ്ഞപ്പോൾ പ്രതിപക്ഷം കൈയടിച്ചു. ഭരണപക്ഷത്തിനത് പിടിവള്ളിയായി. കേരളം പാപ്പരാവാൻ കാത്തിരിക്കുന്നവരെന്ന് അവർ പ്രതിപക്ഷത്തെ ചാപ്പകുത്തി.
കോവിഡ് പ്രതിസന്ധി ചർച്ചചെയ്യേണ്ടതുതന്നെയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലിനും അഭിപ്രായമുണ്ട്. പക്ഷേ, സഭ നിർത്തിവെച്ചുവേണ്ടാ. വരും ദിവസങ്ങളിലാവാം. കിറ്റിനെക്കുറിച്ചുള്ള പരാമർശം ബാലഗോപാലിന് സഹിച്ചില്ല.  അയ്യായിരം കോടിരൂപയുടെ കിറ്റ് കൊടുത്തത് ജനങ്ങളെ പറ്റിക്കാനല്ല. അവരുടെ വിശപ്പടക്കാനാണ്. 85 ലക്ഷംപേർക്ക്  ലോകത്ത് വേറെയെവിടെയെങ്കിലും കിറ്റ് നൽകുന്നുണ്ടോ? 55 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ നൽകുന്നുണ്ടോ? ധനമന്ത്രി സൗമ്യനായതുകൊണ്ട് പൊട്ടിത്തെറിച്ചില്ലെന്നേയുള്ളൂ. പക്ഷേ, മുഖ്യമന്ത്രി പിണറായി  വിജയൻ രൂക്ഷമായാണ് പ്രതികരിച്ചത്. കിറ്റിനോട് അസഹിഷ്ണുത കാട്ടുന്ന പ്രതിപക്ഷ ഉപനേതാവ് ഇന്നാട്ടിലല്ലേ ജീവിക്കുന്നതെന്നുവരെ അദ്ദേഹം ചോദിച്ചു. രൂക്ഷമായ വാദപ്രതിവാദങ്ങൾക്കുശേഷം ഇറങ്ങിപ്പോകുമ്പോൾ സതീശൻ പറഞ്ഞു: ‘‘പിണറായിയെ അണികൾ ദൈവമായി കാണുന്നുണ്ടാവും. ഏത് ദൈവമായാലും ഏത് ചക്രവർത്തിയായാലും ഞങ്ങൾ ചോദ്യംചെയ്യും.’’

പിന്നാലെ വ്യവസായ, വൈദ്യുതി വകുപ്പുകളുടെ ചർച്ചയിൽ ഈ ‘ദൈവ’സങ്കല്പം പലവട്ടം തലനീട്ടി. വ്യവസായമന്ത്രി പി. രാജീവിനെ വ്യവസായദൈവമെന്ന് എൽദോസ് കുന്നപ്പള്ളി വിളിച്ചു. രാജീവ് വാഗ്ദാനം നടപ്പാക്കിയാൽ പൊൻമോതിരം നൽകാമെന്നും പറഞ്ഞു.

ഇടതുപക്ഷമന്ത്രിമാരെല്ലാം ജനങ്ങൾക്ക് കൺകണ്ട ദൈവങ്ങളാണെന്നായി സെബാസ്റ്റ്യൻ കുളത്തുങ്കൽ. ദൈവങ്ങളായതുകൊണ്ടാണോ ഭയന്നിട്ടാണോ രാഹുലിന്റെയും  സോണിയയുടെയും പിന്നാലെ  കോൺഗ്രസുകാർ നടക്കുന്നതെന്ന് സേവ്യർ ചിറ്റിലപ്പള്ളി ചോദിച്ചു. മരംമുറിയിൽ കോടതി വിമർശനം ബ്രേക്കിങ് ന്യൂസായി വന്നുകൊണ്ടിരിക്കുന്നു. കോടതിക്ക് കിറ്റുകിട്ടിയില്ലേയെന്ന് ആരെങ്കിലും ചോദിച്ചുകളയുമോ എന്നാണ് പി.സി. വിഷ്ണുനാഥിന്റെ പേടി.
വ്യവസായവകുപ്പിന്റെ ചർച്ചയിൽ കിെറ്റക്സ് കടന്നുവന്നത് ഒളിഞ്ഞുമാത്രം.  ആ പേരുപറയാൻപോലും ആർക്കും താത്പര്യമില്ല. നിയമങ്ങൾ പാലിക്കുന്ന വ്യവസായങ്ങൾമാത്രം ഇവിടെ മതിയെന്ന് പി.ടി. തോമസ് തറപ്പിച്ചുപറഞ്ഞു. സഭയിൽ ഇക്കാര്യത്തിൽ ഒരു തീർപ്പുണ്ടായതിൽ മന്ത്രി രാജീവിനും സന്തോഷമായി. എൽദോസിന്റെ പൊൻമോതിരം രാജീവിനുവേണ്ടാ, ജനമനസ്സുകളുടെ അംഗീകാരംമാത്രം മതി.

പ്രതിപക്ഷത്തെ എല്ലാവരും രാഹുലിന്റെ ന്യായ് പദ്ധതിക്കുവേണ്ടി മുറവിളികൂട്ടിയപ്പോൾ വ്യത്യസ്തനായ പി.ടി. തോമസ്‌മാത്രം രാഹുലിന്റെ അന്തസ്സ് സംരക്ഷിക്കുന്നതിൽ വ്യാകുലനായി. കേരളത്തിലെ എം.പി.യായ രാഹുൽഗാന്ധിയുടെ ഫോൺ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ പിണറായിക്ക് നട്ടെല്ലുണ്ടോ? മുഖ്യമന്ത്രിയോടുള്ള പി.ടി.യുടെ ലേറ്റസ്റ്റ് വെല്ലുവിളി അതാണ്.