കൊടകരയിലെ കുഴൽപ്പണംതട്ടൽ അന്വേഷണത്തിലും കുറ്റപത്രത്തിലുമെത്തിച്ചത് കാലങ്ങളായി പാർട്ടിക്കായി പണമെത്തിച്ച ധർമരാജനിൽ നേതാക്കൾക്കുണ്ടായ അവിശ്വാസം. തന്റെ ‘നിരപരാധിത്വം’ തെളിയിക്കാൻ ധർമരാജൻ സംഗതി പോലീസിൽ പരാതിപ്പെട്ടതോടെ അവസാനം അദ്ദേഹവും പാർട്ടിയും ധർമസങ്കടത്തിലാവുകയും ചെയ്തു. കൊടകരയ്ക്കുമുമ്പ്  നിയമസഭാ തിരഞ്ഞെ‍ടുപ്പിൽ പാലക്കാട്ടെ സ്ഥാനാർഥിയുടെ പ്രചാരണത്തിനായി ബെംഗളൂരുവിൽനിന്ന് എത്തിച്ച 4.4 കോടി മാർച്ച് ആറിന് സേലത്ത് കവർന്നിരുന്നു. ഇത് പണംകൊണ്ടുവന്ന ധർമരാജന്റെ അറിവോടെയാണെന്ന് പാർട്ടി നേതാക്കൾക്ക് സംശയമുണ്ടായിരുന്നു. എന്നാൽ,  പാലക്കാട്ടെ സ്ഥാനാർഥി ഇ. ശ്രീധരൻ മത്സരത്തിൽനിന്ന് പിന്മാറുമോയെന്ന് ഭയന്നും പണത്തിന് രേഖകളില്ലാത്തതിനാലും പരാതിപ്പെടാൻ പാർട്ടി മിനക്കെട്ടില്ല. എന്നാൽ, കൊടകരയിൽ ഏപ്രിൽ മൂന്നിന് മൂന്നരക്കോടി കൂടി കവർന്നതോടെ ധർമരാജനിലുള്ള വിശ്വാസം ബി.ജെ.പി.നേതാക്കൾക്ക് പാടേ നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാനാണ് ധർമജൻ പരാതിപ്പെട്ടതെങ്കിലും പരാതിക്കാരനും പണത്തിന്റെ ഉറവിടത്തിനും പിന്നാലെ പോലീസ് പോയതോടെ ധർമരാജനും ബി.ജെ.പി.യും പെട്ടു.  

കൊടകരയിൽ പണം നഷ്ടപ്പെട്ട ഉടൻ ധർമരാജൻ വിളിച്ചത് ബി.ജെ.പി. തൃശ്ശൂർ ജില്ല മുൻ പ്രസിഡന്റ് എ. നാഗേഷിനെയാണ്. രണ്ടാമത് വിളിച്ചത് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഡ്രൈവർ ലിബീഷിന്റെ ഫോണിലേക്ക്. പിന്നീട് പല നേതാക്കളെയും. ആദ്യം ആരും ഫോണെടുത്തില്ലെങ്കിലും എല്ലാവരും തിരിച്ചുവിളിച്ചു. കെ. സുരേന്ദ്രൻ വിളിച്ചപ്പോൾ  മൂന്നരക്കോടി കവർന്നെന്ന് ധർമരാജൻ അറിയിച്ചപ്പോൾ ‘‘എനിക്ക് വിശ്വാസം വരുന്നില്ല’’ എന്നുപറഞ്ഞ് സുരേന്ദ്രൻ േഫാൺ വിച്ഛേദിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ് അവിടെയെത്തിയ നേതാക്കളായ സുജയ് സേനൻ, കാശിനാഥൻ എന്നിവരോടൊപ്പമാണ് ധർമരാജനും അനിയൻ ധനരാജനും ഡ്രൈവർ ഷംജീറും കൂട്ടുകാരൻ റഷീദും തിരിെക തൃശ്ശൂരിലെ ബി.ജെ.പി.ഒാഫീസിലെത്തിയത്.

ഒാഫീലെത്തിയ ജനറൽ സെക്രട്ടറി കെ.ആർ. ഹരി പണം നഷ്ടപ്പെട്ടതിൽ കുപിതനായി ധർമരാജന് നേരെ തിരിഞ്ഞ് ‘‘ഇവരെ പൂശിയാൽ മതി സത്യം പുറത്തുവരും’’ എന്ന് പറയുകയും ഷംജീറിനെയും റഷീദിനെയും ഒരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഏറെ നേരം ചോദ്യംചെയ്യുകയുമുണ്ടായി. ഇക്കാര്യമെല്ലാം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ധർമരാജന്റെ മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്. സേലത്തെയും കൊടകരയിലെയും പണാപഹരണം തന്റെ തലയിൽ കെട്ടിവെക്കുന്നുവെന്ന തോന്നലാണ് പോലീസിൽ പരാതിപ്പെടാൻ ധർമരാജനെ നിർബന്ധിതനാക്കിയത്.

 ആദ്യം പരാതി നൽകാതിരുന്നതെന്തുകൊണ്ട്
കൊടകരയിൽ പണം നഷ്ടപ്പെട്ട അന്നുതന്നെ ബി.ജെ.പി. നേതാക്കളോടൊപ്പം ധർമരാജൻ ഇതേപ്പറ്റി പരാതിപ്പെടുന്നതിന്റെ സാധ്യത തേടിയതാണ്.  മുൻ എസ്.പി. ഉണ്ണിരാജനെക്കണ്ട്  സാധ്യത േതടിയപ്പോൾ പരാതിപ്പെടാനായിരുന്നു നിർദേശം. എന്നാൽ, ഉറവിടമോ കണക്കോ ഇല്ലാത്തതിനാൽ തിരിച്ചടിയാകുമെന്ന് കെ.ആർ. ഹരി പറഞ്ഞതായി ധർമരാജൻ മൊഴിനൽകിയിട്ടുണ്ട്. കള്ളപ്പണം ആണെന്നറിഞ്ഞാൽ‌ ഇ. ശ്രീധരൻ രാജിവെക്കും. ജേക്കബ് തോമസും പാർട്ടിവിട്ടുപോകും. അതിനാൽ തിരഞ്ഞെടുപ്പുകഴിയുംവരെ പരാതി വേണ്ടെന്നായിരുന്നു നിർദേശം. സംസ്ഥാന ഒാഫീസിലേക്ക് വിളിച്ചപ്പോൾ കാശിനാഥനും ഇതേ ഉപദേശമാണ് കിട്ടിയത്.

 പരാതിപ്പെട്ടത് എന്തുകൊണ്ട്
ചെറുപ്പം മുതൽ ആർ.എസ്.എസ്.ശാഖയിൽ പോയ ആളാണെന്നും ബി.ജെ.പി.ക്കാരനാണെന്നും നേതാക്കളുമായി അടുപ്പമുണ്ടെന്നും ധർമരാജന്റെ മൊഴിയിൽ പറയുന്നു. പാർട്ടിക്കുവേണ്ടി മാത്രമാണ് ഇതേവരെ കുഴൽപ്പണ ഇടപാട് നടത്തിയിട്ടുള്ളത്. സംസ്ഥാന പ്രസിഡന്റുമായി ഏറെക്കാലത്തെ അടുപ്പമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മൂന്നുതവണ കോന്നിയിൽ പോയിട്ടുണ്ട്. ഡ്രൈവർ ഉൾപ്പെടെയുള്ള വാഹനം സുേരന്ദ്രൻ വിട്ടുതന്നിട്ടുണ്ട്. സുരേന്ദ്രൻ പറഞ്ഞതുപ്രകാരം പഞ്ചായത്തുതല നേതാക്കൾക്ക് പതിനായിരം രൂപ വീതം നൽകിയിട്ടുണ്ട്. -മൊഴിയിൽ പറയുന്നു.  ഇത്രയും ചെയ്തിട്ടും അവിശ്വസിച്ചതാണ്  പരാതിപ്പെടാൻ പ്രേരിപ്പിച്ചത്. പണാപഹരണം പാർട്ടിക്കുള്ളിൽ ചർച്ചയായതോടെ സുരേന്ദ്രന്റെ എതിർ ചേരിയിലുള്ളവർ പരാതിപ്പെടാൻ ധർമരാജനിൽ സമ്മർദം ചെലുത്തിയതായും സൂചനയുണ്ട്.

 മൊഴി മാറ്റിയത് അഞ്ചുതവണ
വണ്ടിയിലുണ്ടായിരുന്നത് 25 ലക്ഷമായിരുന്നു എന്നായിരുന്നു ആദ്യം നൽകിയ പരാതിയിലെ മൊഴി. അന്വേഷണം പാർട്ടിയിലേക്ക് നീങ്ങിയതോടെ കോടതിയിൽ നൽകിയ ഹർജിയിൽ മൊഴിമാറ്റി. മൂന്നരക്കോടി ഉണ്ടായിരുന്നെന്നും 3.25 കോടി തന്റേതും 25 ലക്ഷം സുനിൽ നായിക്കിന്റേതുമാണെന്നായിരുന്നു മൊഴി. ഇതിന് രേഖകളുണ്ടെന്ന് കാണിച്ച് നൽകിയ മൊഴി പിന്നീട് മാറ്റി. രേഖകളില്ലെന്നായിരുന്നു അടുത്ത മൊഴി. അവസാനം അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിലെ മൊഴി ഇങ്ങനെ: “ഗിരീശൻ നായരുടെ നിർദേശ പ്രകാരം ബെംഗളൂരുവിൽനിന്ന്  കൊണ്ടുവന്ന് ആലപ്പുഴയിലെ കെ.ജി. കർത്തയ്ക്ക് നൽകാനായി കൊണ്ടുപോയതാണ് പണം. ഇതിൽ എന്റെ പണമില്ല. എന്റേതാണെന്ന് തെളിയിക്കാൻ രേഖകളില്ല. സുനിൽ നായിക്കിന്റെ പണവുമില്ല. സുനിൽ നായിക്കിന്റെ അനുമതിയോടെയാണ് 25  ലക്ഷം അദ്ദേഹത്തിന്റേതാെണന്ന് അവകാശപ്പെട്ട് ഹർജി നൽകിയത്. മൂന്നരക്കോടി എന്റേതാണെന്ന് മുൻപ് പറഞ്ഞത് പരപ്രേരണയാലാണ്”.

 പത്തുവർഷംമുമ്പ് തുടങ്ങിയ കുഴൽപ്പണ ഒഴുക്ക്
ഏതാണ്ട്് പത്തുവർഷമായി ബി.ജെ.പി.ക്കുവേണ്ടി മറ്റുസംസ്ഥാനങ്ങളിൽനിന്ന്് േകരളത്തിലേക്ക് പണം എത്തിക്കുന്നുണ്ടെന്ന് ധർമരാജന്റെ മൊഴിയിലുണ്ട്.  പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 12 കോടിയാണ് കർണാടകയിൽ നിന്നെത്തിച്ചത്.  ഒരു തവണയാണ് നേരിൽ പേയത്. രണ്ടുതവണ ഷംജീറിനെയാണ് അയച്ചത്. സേട്ടുമാരാണ് പണം സംഭരിച്ചുവെക്കുക. പാർട്ടിസംസ്ഥാന നേതാവായ എം. ഗണേഷ് പറയുന്ന പ്രകാരം ബെംഗളൂരുവിലെത്തി പണം ൈകപ്പറ്റി കേരളത്തിലെത്തിച്ച് അവർ പറയുന്നവർക്ക് കൈമാറും.

 തലച്ചുമടായി 13.5 കോടി
ബെംഗളൂരുവിലെ വിക്കി എന്ന സേട്ടു എത്തിച്ചുകൊടുത്ത 13.5 കോടി ഏപ്രിൽ രണ്ടിന് കോഴിക്കോട്ടുള്ള സച്ചിൻലാൽ എന്ന സേട്ടുവിൽ
നിന്ന്‌ ശേഖരിച്ച് ധർമരാജൻ തൃശ്ശൂരിലേക്ക് പുറപ്പെട്ടു. ബി.ജെ.പി. ഒാഫീസിൽ എത്തിച്ചപ്പോൾ മറ്റ് ആൾക്കാരുണ്ടായിരുന്നതിനാൽ ഇറക്കാൻ സാധിച്ചില്ല. എം.ജി.റോഡിലെ ലോഡ്ജിൽ നിർത്താനായിരുന്നു പാർട്ടി ഒാഫീസിലുണ്ടായിരുന്ന സുജയ് സേനൻ നിർദേശിച്ചത്. പിന്നീട് പണം മൂന്ന് ചാക്കുകളിൽ തലച്ചുമടായി ഒാഫീസിൽ എത്തിച്ചു. ഗിരീഷ് നായർ പറഞ്ഞപ്രകാരം 6.3 കോടിയാണ് നൽകിയത്. ബാക്കി കോന്നിയിൽ എത്തിച്ചു. അവിടെനിന്ന് മടങ്ങുമ്പോഴാണ്‌ മൂന്നരക്കോടിയുമായി കോഴിക്കോട്ടുനിന്ന് ഷംജീർ തൃശ്ശൂരിലേക്ക് പുറപ്പെട്ട വിവരം അറിഞ്ഞത്. തൃശ്ശൂരിൽ വെച്ച് ഷംജീറിനെ കണ്ടതായും ആലപ്പുഴയിലേക്ക് പുറപ്പെട്ടപ്പോൾ അകമ്പടി പോയതായും മൊഴിയിൽ പറയുന്നു.

 വിവാദമായ മൂന്നരക്കോടി
ബെംഗളൂരുവിൽ നിന്നെത്തിച്ച് ധർമരാജന്റെ വീട്ടിൽ സൂക്ഷിച്ച പണം ആലപ്പുഴയിലെ കെ.ജി. കർത്തയ്ക്ക് കൊടുക്കാനായി കൊണ്ടുവന്നത് ഷംജീറിന്റെ പേരിൽ ധർമരാജൻ  വാങ്ങിക്കൊടുത്ത ആഡംബര കാറിലാണ്. ധർമരാജിന്റെ മകൻ പൃഥ്വിരാജാണ് വീട്ടിൽനിന്ന് രണ്ടുകോടി കാറിന്റെ രഹസ്യ അറയിൽ വെച്ചത്. ഷംജീറും സഹായി റഷീദും ചേർന്ന് ഒന്നരക്കോടിയും വെച്ചു. കുറവുണ്ടായിരുന്ന 15 ലക്ഷം ധർമരാജന്റെ നിർദേശപ്രകാരം കോഴിക്കോട് പാളയത്തെ സേട്ടിൽനിന്ന് വാങ്ങി. വൈകീട്ടോടെ തൃശ്ശൂർ ബി.ജെ.പി.ഒാഫീസിലെത്തിച്ചു.

ഷംജീറിനും സഹായിക്കും ധർമരാജനും സഹോദരൻ ധനരാജനും ബി.െജ.പി. നേതാക്കൾ എം.ജി. റോഡിലെ ലോഡ്ജിൽ മുറിയെടുത്ത് നൽകി. ഏപ്രിൽ മൂന്നിന് പുലർച്ചെ നാലിന് വാഹനം ആലപ്പുഴയിലേക്ക് പുറപ്പെട്ടു. അകമ്പടിയായി മറ്റൊരു കാറിൽ ധർമരാജനും ധനരാജനും പോയി. 4.40-ന് െകാടകര മേൽപ്പാലം കടക്കുന്പോഴാണ് റോഡിൽ മൂന്ന് കാറുകൾ നിർത്തി തടഞ്ഞ് ചില്ല് അടിച്ച് തകർത്ത് ഷംജീറിനെ ഭീഷണിപ്പെടുത്തി കാർ തട്ടിക്കൊണ്ടുപോയത്.

 പണം തട്ടിയെടുക്കൽ
14 വർഷമായി ഷംജീർ ധർമരാജന്റെ ഡ്രൈവർ ആണെങ്കിലും തനിയെയും കുഴൽപ്പണക്കടത്ത് ഷംജീർ നടത്തിയിരുന്നു. ഇക്കാര്യം കൂട്ടുകാരനായ റഷീദിന് അറിയാമായിരുന്നു. ഏപ്രിൽ‍ മൂന്നിന് വലിയ തുക കടത്തുന്ന  കാര്യം അറിഞ്ഞ റഷീദാണ് പണംതട്ടുന്ന പദ്ധതി ആസൂത്രണം ചെയ്തത്. റഷീദ് ഇക്കാര്യം കൂട്ടുകാരനായ ബഷീറിനെ അറിയിച്ചു. പദ്ധതിക്കായി മൂന്നുകാറുകളും അതിലൊന്നിൽ ജി.പി.എസും ഘടിപ്പിച്ചു. കോഴിക്കോട് മലാപ്പറന്പിൽനിന്ന് പണവുമായി കാർ പുറപ്പെട്ട ഉടൻ സംഘം പിന്തുടർന്നു. മുന്നോടിയായി തൃശ്ശൂരിലെ ക്വട്ടേഷൻ സംഘവുമായും ബന്ധപ്പെട്ടിരുന്നു.

കൊടകരയിൽ ഷംജീറിനെയും റഷീദിനെയും പുറത്തിറക്കിയ ശേഷം കാർ തട്ടിക്കൊണ്ട് പോകുകയായിരുന്നു. രഹസ്യ അറ തല്ലിത്തകർത്താണ് മൂന്നരക്കോടി കവർന്നത്.

 തിരിച്ചറിയലിന് പത്തുരൂപാ നോട്ട്
കർണാടകയിൽനിന്ന് കോടികൾ കൈപ്പറ്റുന്നതിനുള്ള തിരിച്ചറിയൽ രേഖ പത്തുരൂപയുടെ നോട്ട്. തന്റെ കൈവശമുള്ള  നോട്ടിന്റെ ഫോട്ടോയെടുത്ത് ധർമരാജൻ ഗിരീശൻ നായർക്ക് കൈമാറും. ഗിരീശൻ നായർ ഇൗ രൂപയുടെ ഫോട്ടോ വാട്സാപ്പ് വഴി കർണാടകയിലെ സേട്ടുമാർക്ക് കൈമാറും. അവിടെ പണത്തിനായി എത്തേണ്ട ദിവസവും വഴിയുടെ ഗൂഗിൾ മാപ്പും ഗിരീശൻ നായർ ധർമരാജന് നൽകും. വാട്സാപ്പിൽ കിട്ടിയ നോട്ടിന്റെ നന്പറും ഒറിജിനൽ േനാട്ടിന്റെ നന്പറും ഒന്നാണെങ്കിൽ മാത്രമാണ് പണം കൈമാറുക.

 കണ്ണൂരും കാസർകോട്ടും കോടികൾ കൈമാറി
തിരഞ്ഞെടുപ്പ് കാലത്ത് ധർമരാജ്‌ കേരളത്തിലങ്ങോളമിങ്ങോളം കോടികൾ കൈമാറിയതായി മൊഴി നൽകിയിട്ടുണ്ട്. പത്തനംതിട്ടയിൽ 1.4 കോടി, മാർച്ച് 21-ന് കണ്ണൂർ ബി.ജെ.പി.ഒാഫീസിൽ 1.04 കോടി, 23-ന് കാസർകോട് ബി.ജെ.പി.ഒാഫീസിൽ 3.5 കോടി,  23-ന് ആലപ്പുഴയിലെത്തി മേഖലാ നേതാവ് പദ്മകുമാറിന് 1.5 കോടി, തൃശ്ശൂർ ബി.ജെ.പി.ഒാഫീസിൽ 6.5 കോടി,  മാർച്ച് 12-ന് തൃശ്ശൂർ അമല നഗറിൽ സുജയ് സേനന് ആദ്യ ഘട്ടത്തിൽ രണ്ടുകോടിയും രണ്ടാംഘട്ടത്തിൽ ഒന്നരക്കോടിയും എന്നിങ്ങനെയാണ് മൊഴിയിലുള്ളത്.

 രഹസ്യ അറ നിർമിക്കാൻ ഒന്നര ലക്ഷം
പണം കടത്തുന്നതിനായി 4.75 ലക്ഷം കൊടുത്തുവാങ്ങിയ കാർ പെരിന്തൽമണ്ണയിലെ സ്ഥാപനത്തിലെത്തിച്ച് ഒന്നര ലക്ഷം മുടക്കി രഹസ്യ അറ നിർമിച്ചു.

 വീതം വെപ്പും തമ്മിലടിയും
കൊടകരയിൽ മൂന്നരക്കോടി തട്ടിയെടുത്ത ഉടൻ പണം പങ്കിടുന്നത് സംബന്ധിച്ച് പ്രതികൾ തമ്മിൽ തർക്കമുണ്ടായി. കേസിൽ ഒന്നാം പ്രതിയായി ചേർത്ത മുഹമ്മദാലി രണ്ടുകോടിയും മൂന്നാംപ്രതി രഞ്ജിത്ത് ഒന്നരക്കോടിയുമെടുക്കാമെന്ന് ധാരണയായി. എന്നാൽ, പണം കുറവാണെന്ന് പറഞ്ഞ് രഞ്ജിത്ത് പ്രശ്നമുണ്ടാക്കിയപ്പോൾ ഒൻ‍പതാം പ്രതി ബാബു , മുഹമ്മദാലിയുടെ രണ്ടുകോടിയിൽ നിന്ന് 23 ലക്ഷം കവർന്നു. മുഹമ്മദാലി മട്ടന്നൂരിലെത്തിയാണ്  ഒന്നേമുക്കാൽ കോടി സംഘാംഗങ്ങൾക്ക് പങ്കുവെച്ചത്. രഞ്ജിത് സംഘാംഗങ്ങൾക്ക് തൃശ്ശൂർ കോടാലിയിൽ വെച്ചും പണം പങ്കിട്ടു. ബാക്കിയുണ്ടായിരുന്ന തുകയിൽ നിന്ന് 17 ലക്ഷം രഞ്ജിത്തിന്റെ ഭാര്യ ദീപ്തി കൈപ്പറ്റി. ദീപ്തി 20-ാം പ്രതിയാണ്.