കേരളത്തിലെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി വി.ഡി. സതീശനെ തിരഞ്ഞെടുത്തതിനെ ഞാൻ സാമൂഹികമാധ്യമങ്ങളിലൂടെ സ്വാഗതം ചെയ്തപ്പോഴുണ്ടായ പ്രതികരണങ്ങൾ അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു.
 ആദ്യ അഞ്ചുമിനിറ്റിനുള്ളിൽ കിട്ടിയത് രണ്ടായിരത്തിലേറെ ലൈക്കുകൾ. പോസിറ്റീവായ പ്രതികരണങ്ങളും. സാമൂഹികമാധ്യമങ്ങളിൽ എന്നെ പിന്തുടരുന്ന കോൺഗ്രസ് പ്രവർത്തകരും നിഷ്പക്ഷരും ഒരുപോലെ വി.ഡി. സതീശനെ ഹൃദയപൂർവം സ്വീകരിച്ചുവെന്ന് ഇത് തെളിയിക്കുന്നു.

അതിനുള്ള കാരണം കണ്ടെത്താൻ അത്രയേറെ ബുദ്ധിമുട്ടൊന്നുമില്ല. ഭരണത്തിലുണ്ടായിരുന്ന സർക്കാരിനെ പുറത്താക്കാൻ കഴിയാതെ നിയമസഭാതിരഞ്ഞെടുപ്പിൽ വലിയ പരാജയം നേരിട്ട കോൺഗ്രസിൽ 44 വർഷത്തിനിടെ നേതൃമാറ്റത്തിനുള്ള ആവശ്യമുയർന്നുകഴിഞ്ഞിരുന്നു.

 പുതിയ സ്ഥാനാരോഹണം പറയുന്നത്
ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയെമാത്രം കുറ്റപ്പെടുത്തുന്നത് നീതിയല്ല. കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന, അഴിമതികൾ പുറത്തുകൊണ്ടുവന്ന, നിരന്തരം വാർത്താസമ്മേളനങ്ങളിലൂടെ സംവദിച്ച, സംസ്ഥാനത്തുടനീളം അക്ഷീണം സഞ്ചരിച്ച മികച്ച പ്രതിപക്ഷനേതാവായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയുടേത് മോശം പ്രകടനമായിരുന്നുവെന്ന് ഉള്ളിൽത്തൊട്ട് ആർക്കും പറയാനാവില്ല. കോൺഗ്രസ് പാർട്ടിയുടെ പരാജയത്തിനുകാരണം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണെന്ന് തെളിയിക്കാനും ആർക്കുമാവില്ല.

എന്നാൽ, യുദ്ധഭൂമിയിൽ സേനയ്ക്ക് കാലിടറിയാൽ അതിന്റെ ഉത്തരവാദിത്വം നായകർക്കുമേൽ പതിക്കുക സ്വാഭാവികമാണ്. ഈ പശ്ചാത്തലത്തിലാണ് വി.ഡി. സതീശന്റെ സ്ഥാനാരോഹണം പ്രസക്തമാകുന്നത്.
പുതുനേതൃത്വമാവശ്യപ്പെടുന്ന ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാനൊരു മുഖം, പാർട്ടിയെ വീർപ്പുമുട്ടിക്കുന്നുവെന്ന് പലരും വിശ്വസിക്കുന്ന രണ്ട് ഗ്രൂപ്പുകളുടെ പിടിക്ക്‌ അവസാനമുണ്ടാക്കാനുള്ള ആഗ്രഹം (സതീശൻ അതിലൊരു ഗ്രൂപ്പിലെ അംഗമാണെന്നത് സത്യമാണെങ്കിലും അതിന്റെ നേതാവല്ല), എല്ലാത്തിനുമുപരി തോൽവിയിൽനിന്ന്‌ ചില പാഠങ്ങൾ പഠിക്കേണ്ടതുണ്ടെന്ന് കാണിക്കേണ്ട ആവശ്യകത-ഇതെല്ലാം സതീശന്റെ സ്ഥാനാരോഹണത്തിന് കാരണമായി.

കഴിവുതെളിയിക്കാനുള്ള അവസരം
എട്ടുദിനംകൂടി കഴിഞ്ഞാൽ 57 വയസ്സുതികയുന്ന സതീശൻ യുവത്വത്തിന്റെയും അനുഭവസമ്പത്തിന്റെ തികഞ്ഞ മിശ്രണമാണ്. നിയമസഭയിൽ പ്രബല സാന്നിധ്യമാകാൻ കഴിയുന്ന വ്യക്തിത്വം. മുമ്പ്‌ രണ്ടുതവണ പ്രതിപക്ഷ എം.എൽ.എ. യായിരുന്നപ്പോഴും നിയമസഭയിലെ ഉറച്ച ശബ്ദമാകുകയും മികച്ച പാർലമെന്റേറിയനെന്ന് പേരെടുക്കുകയും ചെയ്തയാൾ. തന്നെക്കാൾ സീനിയറായ ഒട്ടേറെപ്പേർ പാർട്ടിശൃംഖലയിലുള്ള സാഹചര്യത്തിൽ സൗഹാർദത്തോടെയും പരസ്പരബഹുമാനത്തോടെയും പ്രവർത്തിക്കുകയെന്ന വെല്ലുവിളിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. നിയമസഭയിലെ പ്രകടനത്തെക്കാൾ കൂടുതൽ രാഷ്ട്രീയമായ കഴിവുകൾ തെളിയിക്കാനുള്ള പരീക്ഷണമാണ് നേരിടാനുള്ളത്. പാർട്ടിയിൽ തന്നെക്കാൾ മുതിർന്ന നേതാക്കൾ നയിക്കുന്ന ഘടകകക്ഷികളെ ഒന്നിപ്പിച്ചുകൊണ്ടുപോകാനുള്ള വ്യക്തിപരമായ നയതന്ത്രവും സതീശൻ പുറത്തെടുക്കേണ്ടിവരും.

 ഉത്തരവാദിത്വം തീരുന്നില്ല
പുതിയ വെല്ലുവിളിയേറ്റെടുക്കുന്ന വേളയിൽ വി.ഡി. സതീശന് ആശംസകളർപ്പിക്കുമ്പോഴും നിയമസഭയിൽ പ്രതിപക്ഷത്തെ നയിക്കുകയെന്നത് സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയുടെ ഉത്തരവാദിത്വങ്ങളുടെ ഒരു ഭാഗംമാത്രമാണ്.

അടിത്തട്ടുമുതൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുകയും ബൂത്ത്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളെ പുനരുദ്ധരിച്ച് ശക്തിപകരുകയും പാർട്ടിയുടെ താത്പര്യങ്ങളോട് കൂറുപുലർത്തുന്ന പുതുനേതാക്കളെ പ്രാദേശികതലം മുതൽ ഉയർത്തിക്കൊണ്ടുവരുന്നതിനും ഓരോഗ്രാമങ്ങളിലും ഓരോ തെരുവുകളിലും പാർട്ടിയുടെ സന്ദേശം എത്തിക്കുകയും ചെയ്യുകയെന്നതാണ് പ്രധാനം. അതിന് ശക്തമായ പ്രതിപക്ഷമാകാൻ പാർട്ടി എം.എൽ.എ.മാർക്കൊപ്പം ചേർന്നുപ്രവർത്തിക്കാൻ കെ.പി.സി.സി.ക്കും നവവീര്യമുണ്ടാകേണ്ടത് അത്യാവശ്യമാണ്.

നാം കോൺഗ്രസുകാർ രാഷ്ട്രീയം സാമൂഹികസേവനമാണെന്ന ആശയം വീണ്ടുമോർമിക്കേണ്ടതും സാധാരക്കാരന്റെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനായി സ്വയം സമർപ്പിക്കേണ്ടതുമായ സമയമാണിത്. സർക്കാരിനെ വിമർശിക്കാൻവേണ്ടിമാത്രമുള്ള പ്രതിപക്ഷമായി നാം മാറരുത്. ജനവിധിയെ നമ്മൾ മാനിക്കുന്നുവെന്ന് പൊതുജനങ്ങളെ നാം ബോധ്യപ്പെടുത്തണം. ജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയും വേണം. മറുഭാഗത്തെ താഴെയിറക്കാൻവേണ്ടി മാത്രമല്ല, ജനങ്ങളെ സേവിക്കാൻ വേണ്ടിയാണ് നാം രാഷ്ട്രീയപ്രവർത്തകരായത്.

‘ഐശ്വര്യ കേരളം, ലോകോത്തര കേരളം’ എന്നത് വെറും മുദ്രാവാക്യമല്ലാതെ സുവ്യക്തമായ ലക്ഷ്യംകൂടിയാകണം. പ്രതിപക്ഷത്തിരുന്ന് ആ ലക്ഷ്യത്തിനുവേണ്ടിയാകണം കോൺഗ്രസ് പാർട്ടി പ്രവർത്തിക്കേണ്ടത്. അധികാരത്തിലെത്തിയാൽ നാമെന്തൊക്കെയാണോ ചെയ്യാനാഗ്രഹിച്ചത് അതേ ആവേശത്തോടെ.