ജനാധിപത്യത്തിൽ പാർട്ടികൾ അധികാരത്തിൽ പ്രവേശിക്കുന്നത് സമൂഹത്തിൽ പ്രവേശിക്കുന്നതിന് തുല്യമാണ്. എന്നാൽ, പ്രയോഗത്തിൽ നേരെ വിപരീതമാണ് സംഭവിക്കുന്നത്. രാഷ്ട്രീയം അധികാരത്തിന്റെ ഉപാധിമാത്രമാകുമ്പോൾ ഉണ്ടാകുന്ന പ്രശ്നമാണിത്. രണ്ടാം പിണറായി സർക്കാർ ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ കാര്യവും മറ്റൊന്നല്ല. അടുത്ത അഞ്ചുവർഷം ജനങ്ങൾക്കൊപ്പംനടന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും അവരെ മുന്നിൽനിന്ന് നയിക്കുകയും ചെയ്യണമെന്ന് വിവക്ഷ.

വിശ്വാസത്തിന്റെ രാഷ്ട്രീയം

ഭയവും വിഭാഗീയതയും വർഗീയതയുമൊക്കെ സാമുദ്രികലക്ഷണങ്ങളായി നിൽക്കുന്ന വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ, എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കണം ഇത് കൈവരിക്കേണ്ടത്. മലയാളിസമൂഹം നേരിടുന്ന സമസ്യകൾ ഏതെങ്കിലുമൊരു രാഷ്ട്രീയപ്രസ്ഥാനത്തിനുമാത്രമായി ചെയ്യാൻ പറ്റുന്നതിനെക്കാൾ സങ്കീർണമാണെന്ന തിരിച്ചറിവാണ് ഇതിന് ആദ്യം വേണ്ടത്.

തിരഞ്ഞെടുപ്പുകഴിഞ്ഞാൽ ഭരണപക്ഷവും പ്രതിപക്ഷവും കാഴ്ചവെക്കേണ്ടത് ഉത്തരവാദിത്വപൂർണമായ രാഷ്ട്രീയമാണ്. അപ്പോഴാണ് ഭിന്നതകൾ സംഗമങ്ങളായി മാറുന്നത്. ഭരിക്കുന്ന മുന്നണി എന്നനിലയ്ക്ക് ഇതിന് നേതൃത്വം നൽകേണ്ടത്  ഇടതുപക്ഷമാണ്. ഭയത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയത്തെ വിശ്വാസത്തിന്റെ രാഷ്ട്രീയംകൊണ്ട് നേരിടാനാവണം അതിന്റെ പ്രഥമപരിഗണന.

മറുവശത്ത്, ജനാധിപത്യത്തിന്റെ ഇടങ്ങളെ ശക്തിപ്പെടുത്തുന്നതുമാവണം ഇടതുപക്ഷത്തിന്റെ നയം. മാധ്യമങ്ങളിലെയും പൊതുമണ്ഡലത്തിലെയും വിമർശനങ്ങളെ ആരോഗ്യപരമായ എതിരഭിപ്രായങ്ങളായിക്കണ്ട് മുന്നോട്ടുപോകാൻ  കഴിയണം. ഇതുപോലെത്തന്നെ വികസനകാര്യങ്ങളിൽ, പ്രത്യേകിച്ച് പാരിസ്ഥിതികപ്രശ്നങ്ങളുളവാകുന്ന പദ്ധതികളുടെ കാര്യത്തിൽ, പൊതുചർച്ചയ്ക്ക് പ്രാധാന്യംനൽകുകയെന്നത്‌ ഒഴിച്ചുകൂടാനാവാത്തതാണ്‌. 

ദീർഘകാല കാഴ്ചപ്പാട്

വളരെ വേഗത്തിൽ നീങ്ങുന്നൊരു ലോകത്ത് പഞ്ചവത്സരപദ്ധതിയല്ല വേണ്ടത്. പഞ്ചദശകപദ്ധതികളാണ്. അടുത്ത 50 വർഷത്തെ കേരളം എങ്ങനെയായിരിക്കണമെന്നതാണ് ഇടതുപക്ഷം ഉന്നയിക്കേണ്ട ചോദ്യം. അതിനായൊരു ബ്ലൂപ്രിന്റ് തയ്യാറാക്കുകയും അതിനുള്ളിൽ ഓരോ അഞ്ചുവർഷം പൂർത്തീകരിക്കേണ്ട ഹ്രസ്വകാലലക്ഷ്യങ്ങൾ അടയാളപ്പെടുത്തുകയും വേണം. ഇവിടെയാണ് മുമ്പ്‌ സൂചിപ്പിച്ച സംവാദങ്ങളുടെ പ്രസക്തി കുടികൊള്ളുന്നത്. വികസനകാര്യത്തിൽ പൂർണമായ സമവായം സാധ്യമല്ലെങ്കിലും ചില കാര്യത്തിലെങ്കിലും പൊതുധാരണയുണ്ടാക്കാൻ കഴിഞ്ഞാൽ അഞ്ചാംവർഷം ഭരണമാറ്റമുണ്ടായാലും ഇപ്പോൾ ആവിഷ്കരിക്കുന്ന പദ്ധതികളുമായി സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവും.

കഴിഞ്ഞ ഏതാനും വർഷങ്ങളായി നാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളുടെയും മഹാമാരികളുടെയും പശ്ചാത്തലത്തിൽ ആരോഗ്യ-വിദ്യാഭ്യാസ-ഗവേഷണ മേഖലകളിൽ പൊളിച്ചെഴുത്ത് ആവശ്യമാണ്. ഇക്കാര്യത്തിൽ അധികാര വികേന്ദ്രീകരണത്തിന്റെയും സഹകരണ, ഐ.ടി., ശാസ്ത്ര- സാങ്കേതിക മേഖലകളുടെയും സംയുക്ത സാധ്യതകൾ പ്രയോജനപ്പെടുത്താനുതകുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതും ആവശ്യംതന്നെ.

ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി രംഗത്തെ സ്ഥാപനങ്ങളുടെ പ്രവർത്തനം സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കത്തക്ക വിധത്തിൽ ഏകോപിപ്പിക്കുന്ന കാര്യവും ചിന്തനീയമാണ്. 
വിദ്യാഭ്യാസത്തിനൊപ്പം മാനവവിഭവശേഷി വർധിപ്പിക്കാനാവശ്യമായ മേൽനടപടികൾക്കും മനുഷ്യമൂലധനത്തിന്റെ കാര്യത്തിൽ കൂടുതൽ മുതൽമുടക്കിനും ഊന്നൽ നൽകേണ്ടതുണ്ട്. ഐ.ടി. രംഗത്ത്  നൈപുണ്യവികസനത്തിനുള്ള കേന്ദ്രങ്ങൾ ടെക്‌നോപാർക്കിനുള്ളിൽ തുടങ്ങുന്നത് ഇതിന് സഹായകമാവും.

ഇതിനാവശ്യമായ വിഭവം എങ്ങനെ കണ്ടെത്തുമെന്ന വലിയ ചോദ്യം അവശേഷിക്കുന്നു. നികുതിയുടെയും നികുതിയിതര വരുമാനത്തിന്റെയും പുതുസ്രോതസ്സുകൾ കണ്ടെത്താനാവുമോ? സർക്കാർയോഗങ്ങളെല്ലാം ഓൺലൈൻവഴിയാക്കിയും ഉന്നതോേദ്യാഗസ്ഥർക്ക് സർക്കാർ സംവിധാനങ്ങൾ (വാഹനം, വീട് തുടങ്ങിയവ)നൽകുന്നതിനുപകരം നിശ്ചിതതുക നൽകിയും െചലവ് ചുരുക്കാൻ സർക്കാർ മുതിരുമോ? ഇത്തരം കാര്യങ്ങൾക്ക് മന്ത്രിമാർതന്നെ വഴികാട്ടുമോ?  ആഗോളവത്‌കരണം ഉയർത്തുന്ന വെല്ലുവിളികൾ, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന അനാരോഗ്യപ്രവണതകൾ തുടങ്ങിയ പ്രശ്നങ്ങളും പരിഹാരംകാത്തുനിൽക്കുന്നു.

ജനാധിപത്യസർക്കാർ ചെയ്യാൻ പാടില്ലാത്തത്

ഒരു ജനാധിപത്യസർക്കാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ധൂർത്തും അഴിമതിയും അധികാരകേന്ദ്രീകരണവും. ഇപ്പോൾത്തന്നെ മന്ത്രിമാരുടെ എണ്ണം മുൻകാലത്തെക്കാൾ വർധിച്ചിരിക്കുന്നു. അത് മുന്നണിരാഷ്ട്രീയത്തിൽ അനിവാര്യമാണെന്ന് സമ്മതിച്ചാൽത്തന്നെയും പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാനും കാബിനറ്റിന് വെളിയിലുള്ള കാബിനറ്റ് പദവികൾ നിർത്തലാക്കാനുമുള്ള ആർജവം സർക്കാരിനുണ്ടാവണം.

മുൻസർക്കാരിന്റെ കാലത്തുണ്ടായ വീഴ്ചകളും വിവാദങ്ങളും ആവർത്തിക്കാതിരിക്കാനുള്ള ശുഷ്കാന്തിയും വിവേകവും ഈ സർക്കാരിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യം അധികാരമേറ്റവേളയിൽ മുഖ്യമന്ത്രി പറഞ്ഞതുപോലെ ‘അവതാരങ്ങളെ’ അകറ്റിനിർത്താനും പേഴ്‌സണൽസ്റ്റാഫിലുംമറ്റും ഇത്തരക്കാർ നുഴഞ്ഞുകയറാതെ നോക്കാനും ശ്രദ്ധവേണം. 
പോലീസ് ആക്ടിലും റൂൾസ്  ഒാഫ് ബിസിനസിലും ചില ഭേദഗതികൾ കൊണ്ടുവന്നതും വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചതാണ്. ഇത്തരംകാര്യങ്ങൾ നിശ്ചയമായും ഒഴിവാേക്കണ്ടതുതന്നെ. ഒപ്പം ജനങ്ങളോട് ആദരവുപുലർത്തുന്നതും നന്നായിരിക്കും. എല്ലാ അധികാരത്തിനും എക്സ്പയറി ഡേറ്റ് ഉണ്ടെന്ന് ഭരണാധിപർ ചിന്തിച്ചാൽ നന്ന്.

കേരളത്തിലെ ജീവിതനിലവാരം പടിഞ്ഞാറൻ രാജ്യങ്ങളിലേതിന് സമാനമാണെന്ന് നാം പറയാറുണ്ട്. അതിൽ വാസ്തവമുണ്ട്. എന്നാൽ,  രണ്ടിടത്തെയും ഭരണാധികാരികളുടെ ഭരണ-ജീവിത ശൈലികൾ തമ്മിലുള്ള വലിയ അന്തരത്തെക്കുറിച്ച് നാം മൗനം ദീക്ഷിക്കുന്നു. ഇതിനെക്കുറിച്ച് വിചിന്തനംനടത്തുകയും പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്താൽ അത് ഇടതുപക്ഷത്തിന്റെ ഏറ്റവും ഈടുറ്റ ബെസ്റ്റ് പ്രാക്ടീസാവും എന്ന കാര്യത്തിൽ സംശയമില്ല.