യുവത്വത്തിന്റെ പ്രസരിപ്പോടെ പുതിയൊരു ടീം കേരളഭരണം ഏറ്റെടുക്കുമ്പോൾ എല്ലാ രംഗത്തും മിതത്വം മുഖമുദ്രയാക്കി  വേറിട്ടൊരു ശൈലിക്ക് തുടക്കമിടാൻ ഇവർക്ക് സാധിക്കുമോ എന്നതാണ് ചോദ്യം.
 ഒരു മന്ത്രി ഓട്ടോറിക്ഷയിലോ സ്കൂട്ടറിനുപിറകിൽ ഇരുന്നോ സഞ്ചരിക്കുന്നത് വിലകുറഞ്ഞ പബ്ലിസിറ്റി മാത്രമാണ്. ഭരണം നിയന്ത്രിക്കുന്ന മന്ത്രിമാർക്ക് യാത്രചെയ്യാൻ നല്ല കാർതന്നെ  വേണം. കാരണം, ഇവർ തിരുവന്തപുരംമുതൽ കാസർകോടുവരെ പലപ്പോഴും ദീർഘയാത്ര നടത്തുന്നവരാണ്. ചീഫ് സെക്രട്ടറി പോലുള്ള ഉന്നതോദ്യോഗസ്ഥർക്കും ഇതാവശ്യമാണ്. പക്ഷേ, മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രചെയ്യുന്ന അതേ  ഇന്നോവ കാർതന്നെ എല്ലാ തദ്ദേശഭരണസ്ഥാപന ചെയർമാൻമാർക്കും ബോർഡ്-കോർപ്പറേഷൻ ചെയർമാൻമാർക്കും നൽകേണ്ടതുണ്ടോ. 

തദ്ദേശസ്ഥാപന ചെയർമാൻമാർ അവരുടെ മുനിസിപ്പാലിറ്റിയിലോ പഞ്ചായത്തിലോ ജില്ലയിലോമാത്രമേ  ഔദ്യോഗികാവശ്യത്തിന് യാത്രചെയ്യേണ്ടതുള്ളൂ. മന്ത്രിമാരെ അപേക്ഷിച്ച് നൂറിലൊന്നുദൂരം പോലും ഇവർ യാത്രചെയ്യേണ്ടതില്ല.  ഇവർക്കൊക്കെ സാധാരണ കാറുകൾ പോരേ. അങ്ങനെ ചെയ്താൽ കാർ വാങ്ങിക്കുന്ന ചെലവ് മാത്രമല്ല കുറയുക. റിക്കറിങ് എക്സ്‌പെൻസും കുറയും. മുന്തിയ കാറുകൾ പലതും ഒരു ലിറ്റർ ഡീസലിൽ പത്തു കിലോമീറ്റർ വരയേ ശരാശരി ഓടുകയുള്ളൂ. സാധാരണകാറുകൾ ഇതിന്‌ ഇരട്ടിയോളം ഒാടും. ദീർഘകാലത്തേക്ക് വലിയ തോതിൽ ചെലവുകുറയ്ക്കാം. കാറുകൾ മാറ്റുന്നതിനും പുതിയ കാറുകൾ അനുവദിക്കുന്നതിനും കൃത്യമായ മാനദണ്ഡംവേണം. സഹകരണബാങ്ക് പ്രസിഡന്റുമാർപോലും മന്ത്രിമാർ ഉപയോഗിക്കുന്നതിനെക്കാൾ മുന്തിയ കാറുകളാണ് ഉപയോഗിക്കുന്നത്. പുതിയ വീടുകൾ വാങ്ങിക്കാൻ ആവശ്യമായ അതേ ചെലവിൽ വീടുകൾ മോടികൂട്ടുന്നതുപോലുള്ള ആർഭാടം ഒഴിവാക്കാം. നിലംപൊത്താറായ കെട്ടിടങ്ങളിൽ ഇന്റീരിയർ െഡക്കറേഷനും മറ്റ് നവീകരണത്തിനുമായി കോടികൾ ചെലവഴിക്കുകവഴി കരാറുകാരനുമാത്രമേ ഗുണം ലഭിക്കുകയുള്ളൂ.

യോഗങ്ങൾ ഓൺലൈനിലാക്കാം

ഉന്നതതലയോഗങ്ങൾ ഓൺലൈനിലൂടെയാവാം. കോവിഡ് കാലത്ത് ഇത്തരം യോഗങ്ങൾ ഫലപ്രദമാണെന്ന് തെളിഞ്ഞതാണ്‌. നേരത്തേ ഇതുപോലുള്ള യോഗത്തിന് സംസ്ഥാനത്തെ മുഴുവൻ ജില്ലാമേധാവികളെയും  മറ്റ് ഉന്നതരെയും  തിരുവനന്തപുരത്ത് വിളിച്ചുവരുത്തുകയാണ് പതിവ്. ഈ യോഗങ്ങൾക്ക് ഫസ്റ്റ് ക്ലാസ് ടി.എ., ഡി.എ. ഇനത്തിൽമാത്രം സർക്കാരിന് ലക്ഷങ്ങൾ ചെലവാകും. തിരുവനന്തപുരത്ത് ഒരു മണിക്കൂർമാത്രം നടക്കുന്ന യോഗത്തിൽ പങ്കെടുക്കേണ്ടതുകൊണ്ട് ഇതിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ രണ്ടുദിവസമെങ്കിലും ഓഫീസിൽനിന്ന് വിട്ടുനിൽക്കേണ്ടത്  ഒഴിവാക്കാനാകും.

പേഴ്‌സണൽസ്റ്റാഫിനെ കുറയ്ക്കാം

മന്ത്രിമാരുടെ പേഴ്‌സണൽസ്റ്റാഫിനെ വെട്ടിക്കുറയ്ക്കേണ്ടതാണ്. സുപ്രധാനവകുപ്പുകളും മറ്റുകാര്യങ്ങളും കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിക്ക് വേണ്ടിവരുന്ന അത്രതന്നെ പേഴ്‌സണൽസ്റ്റാഫ് എല്ലാ മന്ത്രിമാർക്കും ആവശ്യമുണ്ടോ എന്ന് പരിശോധിക്കണം. നിലവിലുള്ള സ്റ്റാഫിനെ പകുതിയായി ചുരുക്കിയാലും കാര്യങ്ങൾ നന്നായി നിർവഹിക്കാനാവും. കാര്യങ്ങൾ സ്വന്തമായി പഠിച്ച് ചെയ്യുന്ന മന്ത്രിക്ക് അധികം സ്റ്റാഫിന്റെ ആവശ്യംവരില്ല.

അനാവശ്യതസ്തികകൾ ഒഴിവാക്കണം

പല വകുപ്പിലും ഉന്നതതസ്തികകൾ ഭരണതടസ്സത്തിന് കാരണമാവുന്നുണ്ട്. വനംവകുപ്പിൽ ജില്ലാതല ഉദ്യോഗസ്ഥനായ ഡി.എഫ്.ഒ.യ്ക്കുമുകളിൽ വനം കൺസർവേറ്റർമാർ, ചീഫ് കൺസർവേറ്റർമാർ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർമാർ തുടങ്ങി നൂറോളം തസ്തികകളുണ്ട്. ഇത്രയും ഉന്നതഉദ്യോഗസ്ഥർക്ക് നിർവഹിക്കാനുള്ള ജോലി ഇവിടെയില്ലെന്നും ഇത് സർക്കാരിന് വൻസാമ്പത്തികബാധ്യതയാവുന്നുണ്ടെന്നും ജീവനക്കാർതന്നെ സമ്മതിക്കും. ഒരേ ജില്ലയിൽത്തന്നെ ഡി.എഫ്.ഒ.ക്കുമുകളിൽ  വനം കൺസർവേറ്ററെയും ചീഫ് കൺസർവേറ്ററെയും ഇരുത്തേണ്ട സ്ഥിതിയാണ് ഇതുകൊണ്ടുണ്ടാവുന്നത്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി.യുടെ തലപ്പത്ത് ലക്ഷങ്ങൾ ശമ്പളംപറ്റുന്ന നാല് എക്സിക്യുട്ടീവ് ഡയറക്ടർമാർ ഉൾപ്പെടെ  ഒട്ടേറെ ഉന്നത  തസ്തികകളുണ്ട്. ഇതിനുപുറമേ െഡപ്യൂട്ടേഷനിലും ഇവിടെ ഉന്നതസ്ഥാനങ്ങളിൽ പലരെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. പബ്ലിക്‌ സർവീസ് കമ്മിഷനിൽ ചെയർമാനടക്കം കേരളത്തിൽ 21 അംഗങ്ങളുണ്ട്. ഇപ്പോഴും സർക്കാർഓഫീസുകളിൽ ടൈപ്പിസ്റ്റ് പോലുള്ള തസ്തികകളുണ്ട്. അനാവശ്യമായ തസ്തികകൾ അടിയന്തരമായി വെട്ടിക്കുറയ്ക്കണം.

നിർത്തലാക്കേണ്ട കോർപ്പറേഷനുകൾ

2016-ൽ പിണറായി സർക്കാർ വന്നപ്പോഴാണ് കോഴിക്കോട് വികസന അതോറിറ്റി പിരിച്ചുവിട്ടത്.  കോർപ്പറേഷനുപുറമേ ഇതുപോലൊരു അതോറിറ്റി വേണ്ടാ എന്നതായിരുന്നു നയപരമായ തീരുമാനം. ആ അതോറിറ്റി പിരിച്ചുവിട്ടതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. ഇതുപോലെ വെള്ളാനകളായ ഒട്ടേറെ കോർപ്പറേഷനുകളും ബോർഡുകളുമുണ്ട്. നിയമസഭയിലേക്ക് മത്സരിച്ചുതോറ്റവരെ കുടിയിരുത്താനുള്ള ഒരു കേന്ദ്രം എന്നതിൽക്കവിഞ്ഞ് നഷ്ടത്തിൽ പ്രവർത്തിക്കുന്ന പല ബോർഡുകളെയും കോർപ്പറേഷനുകളെയുംകൊണ്ട് നാട്ടുകാർക്ക് ഒരു പ്രയോജനവുമില്ല. അനാവശ്യമായ ഇത്തരം കോർപ്പറേഷനുകളും ബോർഡുകളും ബന്ധപ്പെട്ട വകുപ്പുകളുമായി ലയിപ്പിച്ച് അതിനുവരുന്ന ഭരണച്ചെലവ് കുറയ്ക്കാവുന്നതാണ്.

 നേരത്തേ നിയമസഭാനടപടികൾ പുസ്തകരൂപത്തിൽ അച്ചടിച്ച് മുഴുവൻ അംഗങ്ങൾക്കും നൽകുകയായിരുന്നു രീതി.  പി. ശ്രീരാമകൃഷ്ണൻ നിയമസഭാസ്പീക്കറായപ്പോഴാണ് പ്രിന്റിങ് ഇനത്തിൽ  വർഷം കോടികൾ ചെലവുവരുന്ന ഈ രീതി പൂർണമായും ഒഴിവാക്കി എല്ലാം ഡിജിറ്റലാക്കിയത്. ഇതേരീതി സർക്കാർ ഓഫീസുകൾക്കും ബാധകമാക്കാം. ഇപ്പോഴും  ഫയലുകൾ പഴയ രീതിയിൽ കടലാസുകൂട്ടമായി കൊണ്ടുനടക്കുന്നതുകാണാം. ഇവ ഒഴിവാക്കി വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതാണ്. ഫയലുകളും കത്തുകളും അയയ്ക്കുന്നതിനായുള്ള ഡെസ്‌പാച്ച് സെക്‌ഷൻതന്നെ ഓഫീസുകളിൽനിന്ന് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു.

വിവിധ വകുപ്പുകൾ ജില്ലതോറും നടത്താറുള്ള മേളകൾ പലപ്പോഴും ധൂർത്തിന്റെ പര്യായമാണ്.  മന്ത്രിമാരെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചാണ് ഉദ്യോഗസ്ഥർ ഈ ധൂർത്തിന് മറയിടുന്നത്. നാട്ടുകാർക്ക് പ്രയോജനമില്ലാത്ത മേളകൾ ഒഴിവാക്കുകതന്നെ വേണം.  ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ  വലിയതോതിൽ ചെലവുവർധിക്കുമ്പോൾ, അനാവശ്യമായ ചെലവുകൾ പരമാവധി കുറയ്ക്കുകയെന്നത് അനിവാര്യമാണ്. സംസ്ഥാന ഭരണപരിഷ്കാരകമ്മിഷൻ ഈ രംഗത്ത് ഒട്ടേറെ ശുപാർശകൾ സമർപ്പിച്ചിട്ടുണ്ട്. അത് ഫലപ്രദമായി നടപ്പാക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണം.