jaleelലോകായുക്ത  ശുപാർശ നടപ്പാക്കാതെ  ഹൈക്കോടതിയുടെ  ഇടപെടൽ വരുമെങ്കിൽ  അതുവരെ കാക്കാം എന്ന  സർക്കാർ സമീപനം നിർഭാഗ്യകരമാണ്. ലോകായുക്തയുടെ  ഉന്നത അധികാരവും അതിന്റെ ബെഞ്ച് അലങ്കരിക്കുന്നവർക്ക് നിയമം കല്പിക്കുന്ന  ശ്രേഷ്ഠതാ മാനദണ്ഡങ്ങളും പ്രവർത്തനസ്വാതന്ത്ര്യവും  കാണാതിരിക്കുന്നതിനു തുല്യമാണത്. ലോകായുക്തയുടെ ശുപാർശയെ ഒരു സർക്കാർ വകുപ്പിന്റെ ശുപാർശപോലെ  ചെറുതായി കാണുന്നത്  അധാർമികമാണ്. നിയമത്തിന്റെ ആറാം വകുപ്പ് പ്രകാരം ഇംപീച്ച്‌മെന്റിനു  സമാനമായ നടപടിയിലൂടെ മാത്രമേ  ഇവരെ പദവിയിൽനിന്നു പുറത്താക്കാൻ കഴിയുകയുള്ളൂ എന്നത് ലോകായുക്തയുടെ പ്രവർത്തനസ്വാതന്ത്ര്യം വിളിച്ചോതുന്നു. 

 ഹൈക്കോടതി എന്തുപറയും?
ശുപാർശയിന്മേൽ നടപടി വൈകിപ്പിച്ച്‌ ഹൈക്കോടതിയുടെ  ഇടപെടൽ പ്രതീക്ഷിക്കുന്നത്  കൂടുതൽ ഇച്ഛാഭംഗത്തിനു  കാരണമായേക്കാം. കാരണം  സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ന്യായാധിപരായിരുന്നവർ എഴുതിയ  അന്വേഷണ ഉത്തരവിനെ വളരെ പ്രാധാന്യത്തോടും കരുതലോടുംകൂടി സമീപിക്കുന്നതാണ് ഹൈക്കോടതി കീഴ്‌വഴക്കം. ലോകായുക്ത നിയമത്തിൽ  ഹൈക്കോടതിയിൽ  അപ്പീലിന്  പോകാൻ  വഴിതുറക്കുന്ന വകുപ്പുകളൊന്നും ഇല്ല എന്നിരിക്കെ റിട്ട്‌ ഹരജി ഫയൽ ചെയ്യപ്പെടുകയാണെങ്കിൽ ‘ജുഡീഷ്യൽ റിവ്യൂ’ എന്ന പരിമിതാധികാരം മാത്രമേ ഹൈക്കോടതി  വിനിയോഗിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ  കേസിന്റെ പുനരന്വേഷണമോ പുനർവായനയോ നടക്കാറില്ല. ഭരണഘടനാതത്ത്വങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെങ്കിൽ  ഇത്തരമൊരു കേസിൽ മേൽക്കോടതികൾ സാധാരണ ഇടപെടാറുമില്ല .

ഇടതുപക്ഷ ജനാധിപത്യ മുന്നണി  ഇ.കെ. നായനാരുടെ  നേതൃത്വത്തിൽ അധികാരത്തിലിരിക്കുമ്പോഴാണ്  1999-ൽ കേരള ലോകായുക്ത നിയമം പാസാക്കപ്പെടുന്നത്. മന്ത്രിസഭയുടെ  ശുപാർശയിന്മേൽ  ഓർഡിനൻസായി വിളംബരം ചെയ്യപ്പെട്ട ഈ  നിയമം   പിന്നീട് ബിൽ ആയി സഭയിൽ  അവതരിപ്പിക്കപ്പെട്ട് സ്ഥിരനിയമമായി. നിയമത്തിലെ വകുപ്പുകളുടെ അന്തഃസത്തയും ആധികാരികതയും ഉയർത്തിപ്പിടിക്കേണ്ടത്  പിന്നീടുവരുന്ന  മറ്റേതൊരു ഇടതുസർക്കാരിന്റെയും  ധാർമിക ഉത്തരവാദിത്വമാണ്. അതിനാൽത്തന്നെ  ലോകായുക്തയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ രാജി ആവശ്യമില്ല എന്ന നിയമമന്ത്രിയുടെ  പ്രസ്താവന തീർത്തും  നിർഭാഗ്യകരമാണ്. 

 സർക്കാർ നിയമത്താൽ  ബന്ധിതം 
ഭരണഘടനപ്രകാരം സർക്കാരിന്റെ  അധികാരം  കേന്ദ്ര-സംസ്ഥാന നിയമങ്ങളാൽ നിജപ്പെടുത്തപ്പെടുന്നു.  അതുപോലെതന്നെ ഒരു  സംസ്ഥാനത്തിന്റെ ഭരണനിർവഹണാധികാരം ഗവർണറിൽ  നിക്ഷിപ്തമാണെന്നാണ് ഇന്ത്യൻ ഭരണഘടനയുടെ 154-ാം  അനുച്ഛേദം  നിഷ്‌കർഷിച്ചിരിക്കുന്നത്. പക്ഷേ, നിയമനിർമാണസഭകൾ  പാസാക്കുന്ന നിയമപ്രകാരം  ഏതൊരധികാരവും ഉത്തരവാദിത്വവും ഗവർണറുടെ താഴയുള്ള മറ്റാരിലും നേരിട്ട് നിക്ഷിപ്തമാക്കാൻ കഴിയും  എന്നുകൂടി മേല്പറഞ്ഞ അനുച്ഛേദം  വ്യക്തമാക്കുന്നു.

ലോകായുക്ത നിയമത്തിന്റെ 2 (ഡി) (ii) പ്രകാരം  മന്ത്രിമാരുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. ലോകായുക്തനിയമത്തിന്റെ  പതിന്നാലാം വകുപ്പനുസരിച്ച്‌   ലോകായുക്ത, ഒരു മന്ത്രി  അദ്ദേഹം പദവിയിലിരിക്കാൻ  യോഗ്യനല്ല  എന്ന്  പ്രഖ്യാപിച്ചുകഴിഞ്ഞാൽ  അത്തരം ഒരു പ്രഖ്യാപനം മുഖ്യമന്ത്രി സ്വീകരിക്കണം എന്നു മാത്രമല്ല മന്ത്രി  പദവി ഒഴിയുകയും വേണം. ഈ നിയമത്തിന്റെ പന്ത്രണ്ടാം വകുപ്പനുസരിച്ച്‌  ശുപാർശയിന്മേൽ തീരുമാനമെടുക്കാൻ മൂന്നുമാസം  മുഖ്യമന്ത്രിക്ക് അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും പതിന്നാലാം വകുപ്പനുസരിച്ചുള്ള  ഒരു അയോഗ്യതാ പ്രഖ്യാപനം വരുകയാണെങ്കിൽ മുഖ്യമന്ത്രി ആ  പ്രഖ്യാപനം സ്വീകരിച്ച്‌  ആ മന്ത്രിയോട് സ്ഥാനം ഒഴിയാൻ ആവശ്യപ്പെടുന്നതാണ് നിയമപ്രകാരം ഉചിതം. ഭരണഘടനയുടെ 164 (1)-ാം  അനുച്ഛേദമനുസരിച്ച് ഒരു മന്ത്രി  ഔദ്യോഗിക പദവിയിലിരിക്കുന്നത്   ഗവർണറുടെ ഹിതത്തിനനുസൃതമായിട്ടായിരിക്കണം. അതിനാൽ പൊതുവെ  മുഖ്യമന്ത്രിക്ക്  ഒരു  മന്ത്രിയുടെ രാജി  രാജ്ഭവൻ മുഖാന്തരം ആവശ്യപ്പെടാൻ കഴിയും.

 പക്ഷേ, ഈ വിഷയത്തിൽ  ഒരു മന്ത്രി  തുടരണോ വേണ്ടയോ എന്ന  രാഷ്ട്രീയവിവേചനം  ഉപയോഗിക്കാൻ  മുഖ്യമന്ത്രിക്ക് കഴിയില്ല. അല്ലെങ്കിൽ അതിനു ശ്രമിക്കുന്നത് ഉചിതമല്ല. കാരണം  ലോകായുക്ത നിയമത്തിന്റെ പതിന്നാലാം വകുപ്പനുസരിച്ച്‌  ലോകായുക്ത നടത്തുന്ന ഒരു അയോഗ്യത പ്രഖ്യാപനം സ്വാഭാവികമായി സ്വീകരിക്കേണ്ടതായിട്ടുണ്ട്.  

 സാങ്കേതികത്വം  ദുർവിനിയോഗം  ചെയ്യരുത്
കേരള ലോകായുക്ത നിയമപ്രകാരം ഒരു മന്ത്രിക്കെതിരേയുള്ള  ലോകായുക്തയുടെ അന്വേഷണഫലമായുണ്ടാകുന്ന ശുപാർശ  മുഖ്യമന്ത്രിക്കാണ് സമർപ്പിക്കപ്പെടേണ്ടത്. കഴിഞ്ഞ ദിവസം പാസാക്കിയ ഉത്തരവ്  വഴിതെളിച്ച  ശുപാർശയിൽ  തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇത് മേൽക്കോടതികളുടെ ഉത്തരവുകളിൽനിന്ന്‌ ലോകായുക്തയെ വ്യത്യസ്തമാക്കുന്നു. ലോകായുക്ത നിയമപ്രകാരം തീരുമാനമെടുക്കാൻ അധികാരം നിക്ഷിപ്തമായിരിക്കുന്നത്  മുഖ്യമന്ത്രിയിലാണെങ്കിലും അത്തരം ഒരു സാങ്കേതികത്വത്തിന്റെ അടിസ്ഥാനത്തിൽ  ജുഡീഷ്യൽ സ്വഭാവമുള്ള നടപടിക്രമം  പ്രകാരം, ശുപാർശ ഉടൻ നടപ്പാക്കുകയാണ്‌ വേണ്ടത്‌. അത്‌ ഭരണഘടനാജനാധിപത്യത്തിന്റെ  മാനദണ്ഡങ്ങളും  മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിന്‌  അനിവാര്യമാണ്. മുഖ്യമന്ത്രി ശുപാർശയ്ക്കുനേരെ കണ്ണടയ്ക്കുകയാണെങ്കിൽ  മാസങ്ങളോളം നീണ്ടുനിന്ന നടപടിക്രമം പരോക്ഷമായി മരവിപ്പിക്കപ്പെടും.

ലോകായുക്തയുടെ മുഹമ്മദ് ഷാഫി കേസിലെ ഉത്തരവിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ  നടപടിയെടുക്കാനുള്ള ശുപാർശ  ലോകായുക്ത നിയമത്തിന്റെ 12 (3) വകുപ്പ് പ്രകാരം  മുഖ്യമന്ത്രിക്കാണ് സമർപ്പിച്ചിരിക്കുന്നത്. അതുപ്രകാരം എടുക്കുന്ന  തീരുമാനം  ലോകായുക്തയ്ക്ക് തൃപ്തികരമല്ലെങ്കിൽ 12 (5) വകുപ്പ് പ്രകാരം ഗവർണർക്ക് പ്രത്യേക റിപ്പോർട്ട് സമർപ്പിക്കാൻ കഴിയും. മേൽപ്പറഞ്ഞ വകുപ്പുകൾ പ്രകാരം ലോകായുക്തയ്ക്ക് ‘തൃപ്തികരം’ അല്ലാതെ വരാൻ സാധ്യതയുള്ള  ഒരു  തീരുമാനമെടുക്കാൻ  മുഖ്യമന്ത്രിക്ക് കഴിയും  എന്ന്  വ്യാഖ്യാനിക്കുന്നത്  ഉചിതമായിരിക്കുകയില്ല. കാരണം  പതിന്നാലാം വകുപ്പ് പ്രകാരമുള്ള  ഒരു  അയോഗ്യത പ്രഖ്യാപനം  നടന്നതിനുശേഷമുള്ള ശുപാർശയാണ്  12 (3) വകുപ്പ് പ്രകാരം  സമർപ്പിക്കപ്പെട്ടിരിക്കുന്നത്.  അതുകൊണ്ടുതന്നെ ഇടതുമുന്നണി  സർക്കാർ കൊണ്ടുവന്ന നിയമത്തിൽ  അതേ മുന്നണിയുടെ സർക്കാർ പിൽക്കാലത്ത്  മയപ്പെടുത്തി വ്യാഖ്യാനിക്കുന്നത്  നിയമത്തിൽ  സൗകര്യപൂർവം വെള്ളംചേർക്കുന്നതിന് തുല്യമാണ്.

 കാലവിളംബമരുത് 
ലോകായുക്ത നിയമത്തിന്റെ പന്ത്രണ്ടാം വകുപ്പ് പ്രകാരം തീരുമാനമെടുക്കാൻ   മൂന്നുമാസം അനുവദനീയമാണെന്ന കാരണം  ചൂണ്ടിക്കാട്ടി കാവൽമന്ത്രിസഭയുടെ  സ്വാഭാവിക  ആയുസ്സവസാനിക്കുന്നതുവരെ  മെല്ലെപ്പോക്ക് തുടരാൻ കഴിയുമെങ്കിലും അത് നിയമവാഴ്ചയുടെ പഴുതിൽ  അഭയംതേടുന്നതിന് തുല്യമാകും.  ഭരണഘടനാജനാധിപത്യവ്യവസ്ഥിതികൾ  ലോകത്ത്‌ പലയിടങ്ങളിലും കാതലില്ലാത്ത വെറും  പൊള്ളയായ  നടപടി ജനാധിപത്യവ്യവസ്ഥിതികളായി (procedural democracies) പരിണമിച്ചുകൊണ്ടിരിക്കുന്ന  കാലഘട്ടത്തിൽ  പുരോഗമന കേരളം ഇന്ത്യൻ ഭരണഘടനപ്രകാരമുള്ള  നിയമവാഴ്ചയുടെ  അന്തഃസത്ത  ദ്രുതനടപടിയിലൂടെ  ഉയർത്തിപ്പിച്ച്‌ മാതൃകയാകണം.

(സുപ്രീംകോടതി  അഭിഭാഷകനാണ് ലേഖകൻ)