ലോക്‌സഭാതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്  ഒരുസീറ്റിൽ  മാത്രമായി ഒതുക്കപ്പെട്ടപ്പോൾത്തന്നെ പാർട്ടിയിലുള്ള വിശ്വാസികളാണ് പാലംവലിച്ചതെന്ന് സി.പി.എം. നേതൃത്വത്തിന് നല്ല സംശയമുണ്ടായിരുന്നു. പാർട്ടിവോട്ടുകൾ താമര ചിഹ്നത്തിലേക്ക് കൂടുതലായി മാറിയോയെന്ന സന്ദേഹത്തിനും ഉത്തരമായിട്ടില്ല. നേട്ടംകൊയ്തത് കോൺഗ്രസും യു.ഡി.എഫുമാണെന്ന് തിരഞ്ഞെടുപ്പുഫലം തെളിയിക്കുകയുംചെയ്തു.  

കൂടുതൽ പരീക്ഷണത്തിന് ഇനിയും അവസരം നൽകേണ്ടെന്ന ചിന്തയാണ് ശബരിമലകേസുകൾ പിൻവലിക്കാനുള്ള  ബുധനാഴ്ചത്തെ മന്ത്രിസഭാതീരുമാനം. ആഴക്കടൽവിഷയത്തിലെ ധാരണാപത്രം റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണിതും.  ഒന്നിനുപിറകെ മറ്റൊന്നെന്ന നിലയിൽ സർക്കാർ നടത്തുന്ന  പിന്മാറ്റവും സമവായവും  യുദ്ധതന്ത്രമാണെന്ന് സി.പി.എമ്മും സർക്കാരും തിരിച്ചറിഞ്ഞെന്നതാണ് വസ്തുത.

ശബരിമല ഈ തിരഞ്ഞെടുപ്പിലും ചർച്ചാവിഷയമാകുമെന്നതിന്റെ സൂചന യു.ഡി.എഫും ബി.ജെ.പി.യും നൽകിയിരുന്നു. അതിനൊരു തടയിടുകയെന്ന ചിന്തയിൽനിന്നാണ്  ശബരിമലകേസുകളിലെ ഗുരുതരമല്ലാത്തവയെല്ലാം പിൻവലിക്കുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്തവരുടെ പേരിലുള്ള കേസുകളും പിൻവലിച്ചതോടെ ഇരുവിഭാഗത്തെയും സന്തോഷിപ്പിച്ചതിന്റെ ആശ്വാസത്തിലാണ് പാർട്ടി. രണ്ടടി പിന്നോട്ടുവെച്ചാലും കുഴപ്പമില്ലെന്ന് സി.പി.എമ്മും സർക്കാരും തിരിച്ചറിഞ്ഞതിനുപിന്നിൽ പിണങ്ങിയേക്കാവുന്ന, വിശാലമായ രണ്ടു വോട്ടുബാങ്കുകൾതന്നെ.

അന്ന് നവോത്ഥാനം

ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ കോടതിവിധി നടപ്പാക്കാനുള്ള നീക്കം പുതിയകാലത്തെ നവോത്ഥാനമായാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും അക്കാലത്ത് എടുത്തുകാട്ടിയത്. പ്രക്ഷോഭങ്ങളിൽ സംഘപരിവാർസംഘടനകൾ സജീവമായിരുന്നുവെങ്കിലും സർക്കാർവിരുദ്ധ വോട്ടുകളേറെയും യു.ഡി.എഫിനെയാണ് തുണച്ചത്. അധികാരത്തിൽവന്നാൽ ശബരിമലയ്ക്കായി പുതിയ നിയമമെന്ന വാഗ്ദാനം പ്രഖ്യാപിക്കാൻ യു.ഡി.എഫിന് പ്രേരണ നൽകിയതും ഇതുതന്നെ.

നിയമത്തിന്റെ കരടുവരെ അവർ പുറത്തിറക്കി. ബി.ജെ.പി.യും സമാനവാഗ്ദാനങ്ങളുമായി രംഗത്തിറങ്ങിയതോടെ ശബരിമല ഒരിക്കൽക്കൂടി ചർച്ചയാവുമെന്ന് സി.പി.എം. നേതൃത്വം തിരിച്ചറിയുകയായിരുന്നു. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ നിർദേശമനുസരിച്ച് എല്ലാവരുമായി ചർച്ചനടത്തി സർക്കാർ നിലപാട് സ്വീകരിക്കുമെന്ന് ഉന്നതനേതാക്കൾതന്നെ പറഞ്ഞതോടെ ആദ്യനിലപാടിൽനിന്നുള്ള പിന്തിരിയലായി അത്. സമരക്കാരുടെ പേരിലുള്ള സാധാരണകേസുകളെല്ലാം പിൻവലിക്കുന്നതോടെ, അന്നെടുത്ത നടപടികളിലൂടെ വിശ്വാസികളുടെ മനസ്സിലേറ്റ മുറിവുണക്കാമെന്നും സി.പി.എമ്മും സർക്കാരും കരുതുന്നു.  

ശബരിമല കേസ് പിൻവലിക്കൽ പ്രതികരണങ്ങൾ

രാഷ്ട്രീയമര്യാദ

നല്ലകാര്യമാണിത്. ഹൈന്ദവ വിശ്വാസികളോടു സർക്കാർ നീതികാട്ടി. ഇതിനെ രാഷ്ട്രീയ മുതലെടുപ്പായി ആക്ഷേപിക്കരുത്. നല്ലകാര്യങ്ങൾ ചെയ്യുമ്പോൾ രാഷ്ട്രീയക്കണ്ണോടുകൂടി കാണരുത്. ഒത്തിരി പാവങ്ങൾക്ക് ഈ തീരുമാനം അനുഗ്രഹമാകും. -വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി

തീരുമാനം നന്നായി

കേസുകൾ പിൻവലിക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത് നന്നായി. രാഷ്ടീയവിഷയമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ല. - തന്ത്രി കണ്ഠര് രാജീവര്

അഭിനന്ദനാർഹം

അയ്യപ്പഭക്തരോടുള്ള കരുതലായി ഇതിനെ കാണുന്നു - പെരുമുറ്റം രാധാകൃഷ്ണൻ, സമസ്തനായർ സമാജം

യു.ഡി.എഫ്. അജൻഡയിൽ വീണു

യു.ഡി.എഫ്. തയ്യാറാക്കിയ അജൻഡയിൽ സർക്കാർ വീണു. സംഘപരിവാർ പ്രസ്ഥാനങ്ങൾ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യങ്ങൾ നടപ്പാക്കുകയാണെന്ന പ്രതീതിയാണ് സംസ്ഥാനത്തുള്ളത്. ഇത് നവോത്ഥാനമൂല്യങ്ങളെ മുന്നോട്ടുവെക്കുന്ന ഒരു രാഷ്ട്രീയനേതൃത്വത്തിന് യോജിച്ച നടപടിയല്ല. -പുന്നല ശ്രീകുമാർ നവോത്ഥാന സമിതി കൺവീനർ, കെ.പി.എം.എസ്. ജനറൽസെക്രട്ടറി   

പിന്തുണ നേടാനുള്ള രാഷ്ട്രീയം  

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിശ്വാസി സമൂഹത്തിന്റെ പിന്തുണ നേടുവാനുള്ള രാഷ്ട്രീയ ലക്ഷ്യമെന്ന്‌ സംശയിക്കണം.  ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതിന് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ വിശ്വാസികൾക്ക് അനുകൂലമായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം മാറ്റിനൽകണം, നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത നിരപരാധികളായ പതിനായിരക്കണക്കിന് അമ്മമാരുൾപ്പെടെയുള്ള ഭക്തജനങ്ങൽക്കെതിരെ കേസെടുത്തിട്ടുള്ളത് ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ്. നിരപരാധികളായ വിശ്വാസികളുടെ പേരിലുള്ള കേസുകൾ മുഴുവൻ പിൻവലിക്കണം. -പന്തളം കൊട്ടാരം