വലതുമാറി... ഇടതുമാറി... തികഞ്ഞ മെയ്‌വഴക്കമുള്ള രാഷ്ട്രീയ അഭ്യാസിയാണ് പത്തനംതിട്ട ജില്ല. അതിനെ എക്കാലവും വരുതിയിൽനിർത്തുക ഒരു മുന്നണിക്കും അത്ര എളുപ്പമല്ല.  യു.ഡി.എഫിന്റെ പരമ്പരാഗത ശക്തികേന്ദ്രമായിരുന്ന പല മണ്ഡലങ്ങളും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടത്തോട്ടുചാഞ്ഞ അനുഭവം മുന്പുണ്ടായിട്ടുണ്ട്. 2011-ൽ ജില്ലയിലെ അഞ്ചിൽ മൂന്ന് മണ്ഡലങ്ങളും സ്വന്തമാക്കിയ എൽ.ഡി.എഫ്., 2016-ൽ നാലു മണ്ഡലങ്ങൾ പിടിച്ചെടുത്ത് ആധിപത്യം ഉറപ്പിച്ചു. 96 മുതൽ അടൂർ പ്രകാശ് ജയിച്ചിരുന്ന കോന്നി മാത്രമാണ് യു.ഡി.എഫിന് നേടാനായത്. ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. കോട്ടയിൽ വിള്ളൽവീഴ്ത്തി കോന്നിയും എൽ.ഡി.എഫ്. നേടി. നിലവിൽ അഞ്ചു മണ്ഡലവും ഇടതിനൊപ്പമാണ്. പക്ഷേ, ജില്ലയുടെ രാഷ്ട്രീയമനസ്സ് പ്രവചനാതീതമാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടത്തോട്ടുചാഞ്ഞ മണ്ഡലങ്ങൾ പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്നതും ചരിത്രം. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അടൂർ ഒഴിച്ച് നാലിടത്തും യു.ഡി.എഫ്. സ്ഥാനാർഥി ആന്റോ ആന്റണിയാണ് മുന്നിലെത്തിയത്. 

 അടൂരിൽ എൻ.ഡി.എ. സ്ഥാനാർഥി കെ. സുരേന്ദ്രനാണ് വോട്ടിങ്‌ നിലയിൽ രണ്ടാമതെത്തിയത്. ബി.ജെ.പി.യുടെ വളർച്ചയും രാഷ്ട്രീയപ്രവചനങ്ങൾ തെറ്റിക്കാൻ പര്യാപ്തമായ ഘടകമാണ്. 

കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നാലുതവണ ജയിച്ച അടൂർ, സംവരണ മണ്ഡലമായശേഷം  2011-ലാണ് ഇടതുമുന്നണി അവിടെ വിജയംവരിക്കുന്നത്. സി.പി.ഐ.യിലെ ചിറ്റയം ഗോപകുമാറിനെത്തന്നെ മൂന്നാംവട്ടവും എൽ.ഡി.എഫ്. രംഗത്തിറക്കാനാണ് സാധ്യത. കോൺഗ്രസിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എം.ജി. കണ്ണൻ, പന്തളം പ്രതാപൻ തുടങ്ങിയ പേരുകൾ  ഉയരുന്നു. എൻ.ഡി.എ.യിൽ പ്രാരംഭ ചർച്ചകളായിട്ടില്ലെങ്കിലും  പന്തളം നഗരസഭാധ്യക്ഷ സുശീലാ സന്തോഷും പരിഗണിക്കപ്പെടാം. 

ഉപതിരഞ്ഞെടുപ്പിലൂടെ കോന്നി പിടിച്ചെടുത്ത കെ.യു. ജനീഷകുമാർ തന്നെയാകും എൽ.ഡി.എഫ്. സ്ഥാനാർഥി. 23 വർഷം മണ്ഡലത്തെ പ്രതിനിധാനംചെയ്ത നിലവിൽ ലോക്‌സഭാംഗമായ അടൂർ പ്രകാശിന്റെ നിർദേശം പരിഗണിച്ചായിരിക്കും കോൺഗ്രസ് സ്ഥാനാർഥിനിർണയം. ഉപതിരഞ്ഞെടുപ്പിൽ പ്രകാശ് നിർദേശിച്ച  റോബിൻ പീറ്റർ ഇക്കുറി സ്ഥാനാർഥിയാകുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കാൻ തീരുമാനിച്ചാൽ തിരഞ്ഞെടുക്കാൻ സാധ്യതയുള്ള മണ്ഡലമാണ് കോന്നി. മേഖലാ സെക്രട്ടറി ഷാജി ആർ. നായർ, വി.എ. സൂരജ് എന്നിവരും പരിഗണിക്കപ്പെടാം. ആറന്മുളയിൽ വീണാ ജോർജ് തന്നെ വീണ്ടും എൽ.ഡി.എഫ്. സ്ഥാനാർഥിയാകും. മുൻ ഡി.സി.സി. പ്രസിഡന്റ് പി. മോഹൻരാജ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു, മുൻ എം.എൽ.എ. കെ. ശിവദാസൻ നായർ എന്നിവരുടെ പേരുകൾ കോൺഗ്രസിൽ ഉയരുന്നുണ്ട്. കെ.പി.സി.സി. സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി. ഉപാധ്യക്ഷൻ എ. സുരേഷ് കുമാർ എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്.  പാർട്ടി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, ഷാജി ആർ. നായർ, ജി. രാമൻ നായർ എന്നിവരുടെ പേരുകൾ ബി.െജ.പി.യിൽ ചർച്ചചെയ്യപ്പെടുന്നു. അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാടിനെ സ്ഥാനാർഥിയാക്കാനും നീക്കമുണ്ട്. 

തിരുവല്ലയിൽ മാത്യു ടി. തോമസ് തന്നെ വീണ്ടും എൽ.ഡി.എഫ്. സ്ഥാനാർഥിയായേക്കും. യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തിരുവല്ല സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവല്ല, റാന്നി സീറ്റുകൾ ജോസഫ് വിഭാഗവും കോൺഗ്രസും വെച്ചുമാറുന്നതിനെക്കുറിച്ചും അണിയറയിൽ ചർച്ചയുണ്ട്. ജോസഫ് വിഭാഗം മത്സരിച്ചാൽ കുഞ്ഞുകോശി പോൾ, ജോസഫ് എം. പുതുശ്ശേരി, വിക്ടർ ടി. തോമസ് എന്നിവരിൽ ആരെങ്കിലും സ്ഥാനാർഥിയാകും. ബി.ജെ.പി. സ്ഥാനാർഥിയായി യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയുടെ പേര് ചർച്ചചെയ്യപ്പെടുന്നു. 

എൽ.ഡി.എഫിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം റാന്നി സീറ്റിന് അവകാശവാദം ഉന്നയിക്കും. അഞ്ചുതവണയായി റാന്നിെയ പ്രതിനിധാനംചെയ്യുന്നത് സി.പി.എമ്മിലെ രാജു എബ്രഹാമാണ്. ജോസ് ഗ്രൂപ്പിന്റെ അവകാശവാദം അംഗീകരിക്കേണ്ടതില്ല എന്നാണ് സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാനനേതൃത്വം ഇക്കാര്യം അംഗീകരിച്ചാൽ രാജു എബ്രഹാമോ റോഷൻ റോയി മാത്യുവോ സ്ഥാനാർഥിയാകും. 

കോൺഗ്രസിൽ ഡി.സി.സി. അധ്യക്ഷൻ ബാബു ജോർജ്, കെ.പി.സി.സി. സെക്രട്ടറി റിങ്കു ചെറിയാൻ, കെ. ജയവർമ എന്നിവരുടെ പേരുകൾ ചർച്ചകളിലുണ്ട്. എൻ.ഡി.എ.യിൽ ബി.ഡി.ജെ.എസിന് ഈ സീറ്റ് നൽകാനാണ് സാധ്യത. ബി.ജെ.പി.യാണ് മത്സരിക്കുന്നതെങ്കിൽ ജെ. പ്രമീളാ ദേവി, പ്രദീപ് അയിരൂർ തുടങ്ങിയ പേരുകൾ ഉയർന്നുവരാം.

5 മണ്ഡലങ്ങൾ
1. തിരുവല്ല
2. റാന്നി
3. ആറന്മുള
4. അടൂർ
5. കോന്നി

2016
എൽ.ഡി.എഫ്. 4
യു.ഡി.എഫ് 1

ഉപതിരഞ്ഞെടുപ്പിൽ കോന്നി എൽ.ഡി.എഫ്. പിടിച്ചെടുത്തതോടെ നിലവിൽ അഞ്ചുസീറ്റും എൽ.ഡി.എഫിന്.