V Narayanasamy
വി. നാരായണസ്വാമി

കോൺഗ്രസ്‌ ഭരണമുള്ള പുതുച്ചേരിയിൽ മന്ത്രിസഭ നിലംപതിക്കലിന്റെ വക്കിലാണ്‌. ലഫ്‌. ഗവർണറെ മാറ്റി ബി.ജെ.പി. ലക്ഷ്യം വ്യക്തമാക്കിക്കഴിഞ്ഞു. 

ചെകുത്താനും കടലിനും നടുവിലാണ് പുതുച്ചേരി മന്ത്രിസഭ. എപ്പോൾ വേണമെങ്കിലും നിലംപതിക്കാം. ബുധനാഴ്ച കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി തിരഞ്ഞെടുപ്പു നയങ്ങൾ തയ്യാറാക്കാനായി എത്തുമ്പോൾ ചിലപ്പോൾ മുന്നിൽ കാണേണ്ടി വരുന്ന ദുരന്തം പുതുച്ചേരി സർക്കാരിന്റെ പതനമെങ്കിൽ അദ്ഭുതപ്പെടാനില്ല. 
അതേസമയം നാടകീയമായ ഒരു നീക്കത്തിൽ ലഫ്‌. ഗവർണർ കിരൺബേദിയെ സ്ഥാനത്തുനിന്നും നീക്കി തെലങ്കാന ഗവർണർ  തമിഴി​സൈ സൗന്ദരരാജനെ ചൊവ്വാഴ്ച ​വൈകീട്ട്‌ നിയമിച്ചു. ബി.ജെ.പി. തമിഴ്‌നാട്‌ ഘടകം മുൻ പ്രസിഡന്റാണ്‌ തമിഴി​സൈ.
തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച ഒരു കോൺഗ്രസ് എം.എൽ.എ. കൂടി രാജിവെച്ചത് വി. നാരായണസ്വാമി സർക്കാരിനെ അക്ഷരാർഥത്തിൽ പ്രതിസന്ധിയിലാക്കി. ഇതോടെ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് രാജിവെച്ച എം. എൽ.എ.മാർ നാലായി. കാമരാജ് നഗർ എം.എൽ.എ.യും കോൺഗ്രസ് നേതാവുമായ എ. ജോൺകുമാർ ആണ് ചൊവ്വാഴ്ച രാജി സമർപ്പിച്ചത്. 
കേവല ഭൂരിപക്ഷം നഷ്ടമായതോടെ നാരായണസ്വാമി സർക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനുളള നീക്കത്തിലേക്ക് ബി.ജെ.പി. കടന്നു.  കോൺഗ്രസ് ഭരിക്കുന്ന ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി. 
പുതുച്ചേരിയിൽ രാഷ്ട്രീയകോലാഹലം തുടങ്ങിയിട്ട്‌ നാലുവർഷമായി. കോൺഗ്രസ് നേതാക്കളുടെ ബി.ജെ.പി.യിലേക്കുള്ള കൂടുമാറ്റം അടുത്തിടെയാണ് കൂടിയത്. തിങ്കളാഴ്ച ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണറാവുവും ചൊവ്വാഴ്ച എ. ജോൺകുമാർ എം.എൽ.എ.യും കൂടി രാജിവെച്ചതോടെ നിയമസഭയിൽ അംഗങ്ങളുടെ എണ്ണം 28 ആയി ചുരുങ്ങി. ഇനിയും കോൺഗ്രസ് എം.എൽ.എ.മാർ രാജി ഭീഷണിയുമായി രംഗത്തുണ്ട്. എം.എൽ.എ.മാരുടെ കൊഴിഞ്ഞു പോക്കോടെ തത്ത്വത്തിൽ കോൺഗ്രസ്‌സർക്കാർ ന്യൂനപക്ഷമായി.അംഗബലം ഉയർത്തിയില്ലെങ്കിൽ കോൺഗ്രസ് സർക്കാരിന്റെ പതനം ഉറപ്പാണ്. കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പം പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. 
അതുവരെയെങ്കിലും ഭരണത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ കോൺഗ്രസിന് പുറത്തുനിന്നുള്ള എം.എൽ.എ.മാരുടെ സഹായം വേണം. കാരയ്ക്കൽ എ.ഐ.എ.ഡി.എം.കെ. എം.എൽ.എ. ഹസാനയും എൻ.ആർ. കോൺഗ്രസ്‌ എം.എൽ.എ. ചന്ദ്രപ്രിയയും കോൺഗ്രസിനെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചതായി വിവരമുണ്ട്. അഥവാ അതു നടന്നില്ലെങ്കിൽ ബുധനാഴ്ചതന്നെ കോൺഗ്രസ് മന്ത്രിസഭ പടിയിറങ്ങും.
 

പു​തുച്ചേരി- കക്ഷിനില ഇപ്പോൾ
 

ഭരണപക്ഷം 14
കോൺഗ്രസ്‌ 10
ഡി.എം.കെ. 3
എൽ.ഡി.എഫ്. സ്വത 1

പ്രതിപക്ഷം​ 14
എൻ.ആർ. കോൺ. 7
എ.ഐ.എ.ഡി.എം.കെ 4
ബി.ജെ.പി. 3
 

ചിന്നമ്മ തരംഗത്തിൽ തമിഴകം

നാലുവർഷം മുമ്പ് ഫെബ്രുവരിയിൽത്തന്നെയാണ്‌ തമിഴക രാഷ്ട്രീയം നന്നായി ഒന്ന് കലങ്ങിയതും കുലുങ്ങിയതും. 2016 ഡിസംബർ അഞ്ചിന് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണാനന്തരമായിരുന്നു നാടകീയസംഭവങ്ങളുടെ പരമ്പര. ജയയുടെ തോഴി ശശികല വാളെടുത്ത ദിനങ്ങൾ. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അവർ ഒ. പനീർശെൽവത്തെ താഴെയിറക്കി എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി സ്ഥാനം കൈയടക്കി. മുഖ്യമന്ത്രിയാവാൻ ഒരുങ്ങവേയാണ് അനധികൃത സ്വത്തുസമ്പാദനക്കേസിൽ ബെംഗളൂരു പരപ്പന ജയിലിലാകുന്നത്. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി പദവിയിൽ ഇരുത്തിയാണ് ജയിൽ യാത്ര. ഇപ്പോൾ തിരിച്ചെത്തി വീണ്ടും കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ഒരുങ്ങുകയാണ് ശശികല. മുന്നിൽ കാത്തിരിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പും. അവരുടെ രാഷ്ട്രീയഭാവി നിർണയിക്കുന്നതും ഈ തിരഞ്ഞെടുപ്പാകും. എ.ഐ.എ.ഡി.എം.കെ. നേതൃത്വം തിരിച്ചുപിടിക്കുമെന്ന വാശിയിലാണവർ. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശശികലയുടെ ശുപാർശയിൽ സീറ്റ് നേടി എം.എൽ.എ.മാരായ ഒട്ടേറെ നേതാക്കളുണ്ട്. ഇവർ ഇപ്പോഴും കൂറുള്ളവരാണ്. ഇവരെ ഉപയോഗിച്ച് ശശികല പാർട്ടിയിൽ വിള്ളലുണ്ടാക്കിയാൽ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ. പരാജയപ്പെടും. അധികാരത്തിന്റെ പച്ചപ്പിൽ പിടിച്ചുനിൽക്കുന്ന എടപ്പാടി പളനിസ്വാമിക്കും പനീർശെൽവത്തിനും പരാജയം വൻ തിരിച്ചടിയാകും. അതോടെ ശശികലയ്ക്ക് കാര്യങ്ങൾ എളുപ്പമാകും. ഇതിനുള്ള ശ്രമങ്ങൾ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. അതേസമയം, തന്റെ സഹോദരീപുത്രൻ ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും എ.ഐ.എ.ഡി.എം.കെ.യും തമ്മിൽ ലയിപ്പിക്കുന്നതിനുള്ള ചർച്ചകളും മറു ഭാഗത്ത് നടക്കുന്നുണ്ട്. ബി.ജെ.പി.യാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. ശശികലയെ പാർട്ടി ജനറൽ സെക്രട്ടറിയാക്കുന്ന കാര്യം ചർച്ചയിൽ ഉയർന്നുവന്നതായാണ് വിവരം. വീണ്ടും ഭരണം കിട്ടിയാൽ ഇ.പി.എസ്.-ഒ.പി.എസ്. ഇരട്ട നേതൃത്വം തുടരണമെന്നും നിർദേശമുണ്ടത്രേ. ലയനം സാധിക്കാതെ വന്നാൽ ദിനകരനെ മുന്നിൽ നിർത്തി അമ്മ മക്കൾ മുന്നേറ്റ കഴകത്തിലൂടെ തിരഞ്ഞെടുപ്പിൽ സജീവമാകാൻ ശശികലയ്ക്കാകും.  

ശശികലയും ദിനകരനും ഒന്നിച്ചുനിന്നാൽ പലതും സംഭവിക്കുമെന്ന് പളനിസ്വാമിയും കൂട്ടരും ഭയക്കുന്നുണ്ട്. പ്രതിരോധിക്കാൻ ശ്രമങ്ങൾ തുടങ്ങിയിട്ട്‌ മാസങ്ങളായി. അഞ്ചു വർഷത്തിനുള്ളിൽ പുറത്താക്കപ്പെട്ടവർക്ക് അടുത്ത അഞ്ചുവർഷത്തേക്ക് പാർട്ടിയിൽ സ്ഥാനങ്ങൾ നൽകില്ലെന്ന എ.ഐ.എ.ഡി.എം.കെ. ജനറൽ കൗൺസിലിൽ തീരുമാനിച്ചിരുന്നു. ഇത് ശശികലയെ ലക്ഷ്യമാക്കിയുള്ളതാണെന്ന് വ്യക്തമാണ്. ഇപ്പോൾ ജയലളിത സ്മൃതി മണ്ഡപം അടച്ചിട്ട് ശശികലയുടെ പ്രവേശനം വിലക്കി. 

അനധികൃത സ്വത്ത് കേസുമായി ബന്ധപ്പെട്ട ശശികലയുടെയും ബന്ധുക്കളുടെയും സ്വത്തുകൾ സർക്കാർ ഏറ്റെടുത്തതിനു പിന്നിലും റെയ്ഡുകൾക്കു പിന്നിലും ശശികലയെ ഒതുക്കുകയാണ് ലക്ഷ്യം. 
അതേസമയം, പനീർശെൽവത്തെ ഒപ്പം ചേർത്ത് ശശികല തനിക്കെതിരേ തിരിയുമോയെന്ന് ഭയം പളനിസ്വാമിക്കുണ്ട്.