തണുപ്പിന്റെ പുതപ്പിനുള്ളിൽ ആലസ്യത്തിലാഴ്ന്നു കിടക്കാറുള്ള മഞ്ഞുകാലത്ത് ഇക്കുറി പതിവില്ലാത്തവിധം തിളച്ചുമറിയുകയായിരുന്നു, വയനാട്. 
ചിരകാല സ്വപ്നമായ സർക്കാർ മെഡിക്കൽ കോളേജിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വവും വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള ജനവാസ മേഖലകൾ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടുവിജ്ഞാപനവുമാണ് വയനാടിനെ സമര മുഖത്തേക്ക് നയിച്ചത്. പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ മാനന്തവാടിയിലെ ജില്ലാ ആശുപത്രി താത്കാലികമായി മെഡിക്കൽകോളേജായി സർക്കാർ ഉയർത്തി.

പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനത്തിനെതിരേയുള്ള സമരങ്ങൾ  അവസാനിച്ചിട്ടില്ല. മെഡിക്കൽകോളേജും പരിസ്ഥിതിലോല മേഖലയുടെ ആശങ്കകളും തന്നെയാവും ജില്ലയിലിക്കുറി തിരഞ്ഞെടുപ്പിലെ പ്രധാന ആയുധങ്ങൾ. ജീവൽപ്രശ്നങ്ങൾ ആർക്കുള്ള വോട്ടാവുമെന്നതാണ് മുന്നണികളുടെ ആധി.

കണക്കുകളിൽ എന്നും യു.ഡി.എഫിന്റെ കോട്ടയായ വയനാട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പക്ഷേ, മുൻവിധികളെല്ലാം തെറ്റിച്ചിരുന്നു. മൂന്നു മണ്ഡലങ്ങളിൽ സുൽത്താൻബത്തേരി മാത്രം ഐക്യമുന്നണിക്കൊപ്പം നിന്നപ്പോൾ കല്പറ്റയും മാനന്തവാടിയും ഇടതുപക്ഷത്തോടൊപ്പം ചേർന്നു. പിന്നീടു നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് രാജ്യത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായിരുന്നു. 

കോൺഗ്രസിന്റെ പ്രധാനമന്ത്രിസ്ഥാനാർഥിയായ രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാനെത്തിയതോടെ ചിത്രമാകെ മാറി. ആഞ്ഞുവീശിയ രാഹുൽ തരംഗത്തിൽ പിടിച്ചുനിൽക്കാൻ എൽ.ഡി.എഫ്. നന്നേ ക്ലേശിച്ചു. അതുപക്ഷേ, രാഹുലിനുള്ള വ്യക്തിപരമായ വോട്ടായിരുന്നുവെന്ന് ആശ്വസിക്കാനുള്ള വക തദ്ദേശതിരഞ്ഞെടുപ്പ് ഫലം അവർക്ക് നൽകി.

സംസ്ഥാനത്താകെ ഇടതുമുന്നേറ്റമുണ്ടായപ്പോഴും വയനാട്ടിൽ പിടിച്ചു നിൽക്കാനായതിന്റെ ആശ്വാസം യു.ഡി.എഫിനുമുണ്ട്. ഏറക്കുറെ ഒപ്പത്തിനൊപ്പം നിന്ന തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം ഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ ഒരുപോലെ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട് ഇരു കൂട്ടർക്കും. പരമാവധി ശക്തി തെളിയിക്കുകയാണ് ബി.ജെ.പി.യുടെ ഉന്നം.

ഏക ജനറൽ സീറ്റായ കല്പറ്റയിൽ ആരൊക്കെയാവും സ്ഥാനാർഥികളായെത്തുക എന്നതാണ് ആകാംക്ഷയേറെയുള്ള കാര്യം. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കല്പറ്റയിൽ മത്സരിക്കാനെത്തിയേക്കുമെന്ന വാർത്തയാണ് ജില്ലയിലെ തിരഞ്ഞെടുപ്പു രംഗത്തെ ഉണർത്തിയത്.  മുല്ലപ്പള്ളി മത്സരിക്കുന്നില്ലെങ്കിൽ മാത്രമേ കോൺഗ്രസിൽ മറ്റു ചർച്ചകൾക്ക് അവസരമുണ്ടാവുള്ളൂ. അങ്ങനെയെങ്കിൽ കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ്, ജില്ലയിലെ നേതാക്കളായ എൻ.ഡി. അപ്പച്ചൻ, കെ.സി. റോസക്കുട്ടി തുടങ്ങിയവർ പരിഗണിക്കപ്പെടും. 

ജില്ലയിലെ യുവനേതാക്കൾക്ക് പരിഗണന നൽകണമെന്ന ആവശ്യം കോൺഗ്രസിലും സീറ്റ് ഏറ്റെടുക്കണമെന്ന വികാരം ലീഗിലും ശക്തമായുണ്ട്. 
 സീറ്റ് എൽ.ജെ.ഡി.ക്ക് നൽകുമോ എന്ന കാര്യത്തിൽ തീരുമാനമായാലേ ഇടതുപക്ഷത്തെ ചിത്രം വ്യക്തമാവൂ. സി.പി.എം. തന്നെ മത്സരിച്ചാൽ നിലവിലെ എം.എൽ.എ. സി.കെ. ശശീന്ദ്രനു തന്നെയാണ് സാധ്യതയേറെ.
പട്ടികവർഗ സംവരണ മണ്ഡലങ്ങളാണ്  മാനന്തവാടിയും ബത്തേരിയും. മാനന്തവാടിയിൽ നിലവിലെ എം. എൽ.എ. ഒ.ആർ. കേളു  സി.പി.എം. സ്ഥാനാർഥിയായെത്തുമെന്നും എതിരിടാൻ കഴിഞ്ഞ തവണ പരാജയപ്പെട്ട മുൻ മന്ത്രി പി.കെ. ജയലക്ഷ്മി വരുമെന്നും ഏറക്കുറെ ഉറപ്പായിട്ടുണ്ട്. യു.ഡി.എഫിന്റെ ഏക സിറ്റിങ് മണ്ഡലമായ ബത്തേരിയിൽ നിലവിലെ എം.എൽ.എ.യും ഡി.സി.സി. പ്രസിഡന്റുമായ ഐ.സി. ബാലകൃഷ്ണൻ  ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ. രമേശ് ഉൾപ്പെടെയുള്ളവരെ ചുറ്റിപ്പറ്റിയാണ് സി.പി.എമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം തുടരാൻ പറ്റിയ പൊതുസമ്മതനായ സ്ഥാനാർഥിയെ എൽ.ഡി.എഫ്. രംഗത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

3 മണ്ഡലങ്ങൾ
1. കല്പറ്റ
2. മാനന്തവാടി
3. സു. ബത്തേരി

2016
എൽ.ഡി.എഫ്. 2
യു.ഡി.എഫ്. 1