ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ മുന്നേറുന്നതുകണ്ട്‌ അമ്പരപ്പും അസൂയയും നിറഞ്ഞവരാണ്‌  രാജ്യത്തിന്റെ പ്രതിച്ഛായ ഊർന്നുവീഴുന്നുവെന്ന വിതണ്ഡവാദങ്ങൾ ഉന്നയിക്കുന്നത്‌. കർഷകപ്രക്ഷോഭത്തെ കേന്ദ്രസർക്കാർ അടിച്ചമർത്തുന്നെന്ന ശശി തരൂരിന്റെ വാദങ്ങൾ വാസ്തവവിരുദ്ധമാണ്‌. സർക്കാർ, സമരത്തെ അടിച്ചമർത്തുന്നു എന്ന വാദം അർഥശൂന്യവും അടിസ്ഥാനരഹിതവുമാണ്‌.
എ.പി.എം.സി. നിയമത്തിൽ ഭേദഗതി വേണമെന്നാവശ്യപ്പെടാത്ത ഒരു രാഷ്ട്രീയപ്പാർട്ടിയും ഇന്ത്യയിലില്ല. നിയമഭേദഗതി കൊണ്ടുവന്നപ്പോൾ സ്വാഗതംചെയ്തവരാണ്‌ നിക്ഷിപ്തതാത്‌പര്യക്കാരായി ഭേദഗതി പിൻവലിക്കണമെന്ന്‌ ഇപ്പോൾ ആവശ്യപ്പെടുന്നത്‌.

ഒരു റിയാന്നയ്ക്ക്‌  ആയിരം കങ്കണമാർ

റിയാന്ന എന്ന പോപ്പ് ഗായികയ്ക്ക്‌ പത്തുകോടിയോളം പേരുടെ പിന്തുണ ‘ട്വിറ്ററി’ലുണ്ടെന്ന്‌ വലിയകാര്യമായി പറയുമ്പോൾ നൂറ്റിമുപ്പത്തിയഞ്ചുകോടി ജനസംഖ്യയുള്ള ഇന്ത്യയിലെ 67 ശതമാനം ജനങ്ങൾ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന്‌ ഇത്തരക്കാർ ഓർക്കണം.

പഞ്ചാബും ഹരിയാണയും ഇന്ത്യയുടെ ഏതുഭാഗത്താണെന്നും കൃഷി എന്താണെന്നും അറിയാത്ത പോപ്പ്‌ ഗായിക, പണംവാങ്ങിയാണ് ട്വിറ്ററിലൂടെ ഇന്ത്യയെ അപമാനിക്കുന്നതെന്നുള്ള ആരോപണമുണ്ട്.  എന്നാൽ, ഒരു റിയാന്നയ്ക്കുപകരം രാജ്യസ്നേഹികളായ ആയിരം കങ്കണമാരും സച്ചിൻമാരും രംഗത്തുവരുന്നത്‌ സ്വാഭാവികമാണ്‌. അന്താരാഷ്ട്രസമൂഹത്തോടുള്ള തരൂരിന്റെ  ബന്ധത്തെക്കാൾ മതിപ്പും വിലയും ഇന്ത്യൻ പാർലമെന്റിനും രാഷ്ട്രപതിഭവനും നൽകണമായിരുന്നു.

പിന്നിൽ രാജ്യദ്രോഹികൾ

രാജ്യവിരുദ്ധതയ്ക്കെതിരേ ഒരേസമയം, മൂന്ന്‌ സമാന്തരരീതികളിലൂടെ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചതിനെ ശശി തരൂർ ‘ബാലിശം’ എന്ന്‌ പരിഹസിക്കുമ്പോൾത്തന്നെ ഇന്ത്യയെ അന്താരാഷ്ട്രതലത്തിൽ അദ്ദേഹം പ്രതിനിധാനംചെയ്തിരുന്ന കാലഘട്ടത്തിൽ സമാനസംഭവങ്ങളുണ്ടായിട്ടുള്ളത്‌ ബോധപൂർവം വിസ്മരിച്ചു. 

ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ അന്തർദേശീയ തലത്തിൽ ആരുപ്രതികരിച്ചാലും അതിനെ പ്രതിരോധിക്കേണ്ടതും പരസ്യമായി പ്രതികരിക്കേണ്ടതും വിദേശകാര്യമന്ത്രാലയത്തിന്റെ ഉത്തരവാദിത്വമാണ്‌. മന്ത്രാലയം നോക്കുകുത്തിയായിത്തീരണമെന്ന്‌ ആഗ്രഹിക്കുന്നവർക്ക്‌ ഒരുപക്ഷേ, ഇത്‌ ബാലിശമായി തോന്നാം. 

സർക്കാരിന്റെ സമീപനം ജനാധിപത്യപരമല്ലേ

2003മുതൽ ചർച്ചചെയ്ത്‌ വന്നതും, എ.പി.എം.സി. നിയമത്തിൽ മാറ്റംവരുത്തി കാർഷികരംഗം ഉടച്ചുവാർക്കണമെന്ന്‌ ശശി തരൂർ അടക്കമുള്ള രാഷ്ട്രീയനേതൃത്വവും ഈരംഗത്തെ പ്രഗല്‌ഭരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലുമാണ്‌ പുതിയ കാർഷികനിയമം കൊണ്ടുവന്നത്‌. എം.എസ്‌. സ്വാമിനാഥൻ കമ്മിഷന്റെ നിർദേശങ്ങൾ നടപ്പാക്കിക്കൊണ്ട്‌ എം.എസ്‌.പി. നൂറ്റിയമ്പതുശതമാനമാക്കി ഉയർത്തിയത്‌ മോദിസർക്കാരാണെന്ന്‌ യഥാർഥകർഷകർക്ക് അറിയുന്നതുകൊണ്ടാണ്‌ സമരം 80  ദിവസം പിന്നിട്ടിട്ടും  ഭക്ഷ്യക്ഷാമമുണ്ടാകാത്തത്‌.

വിദേശ സെലിബ്രിറ്റികളുടെ ട്വിറ്റർ പിന്തുണ നോക്കിയല്ല ഒരു രാജ്യം നിയമങ്ങൾ ഉണ്ടാക്കുന്നതും നടപ്പാക്കുന്നതും. ഇന്ത്യയിലെ കർഷകരുടെ ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതും ചർച്ച ചെയ്യേണ്ടതും ഇന്ത്യൻ പാർലമെന്റിലാണ്‌. വിദേശസെലിബ്രറ്റികളുടെ ട്വീറ്റുകളിൽ തകരുന്നതല്ല ഇന്ത്യയുടെ യശസ്സും പ്രതിച്ഛായയുമെന്ന്‌ ജനങ്ങളെ പഠിപ്പി ക്കേണ്ടവരാണ്‌ പാർലമെന്റിലെ അംഗങ്ങൾ. ഇന്ത്യ ഒന്നാണെന്ന മനസ്സും മനോഗതിയും രാജ്യത്തിലുടനീളം ഉണ്ടാക്കുകയും രാജ്യമാണ്‌ ആദ്യം അതിനു ശേഷമാണ്‌ രാഷ്ട്രീയം എന്ന്‌ ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്‌ രാഷ്ട്രീയനേതൃത്വത്തിന്റെ കടമ. നിർഭാഗ്യമെന്നു പറയട്ടെ, പലപ്പോഴും ഇന്ത്യയിൽ സംഭവിക്കുന്നത്‌ തിരിച്ചാണ്‌. ഇതിൽ നിന്നും വ്യത്യസ്തമായി രാജ്യവിരുദ്ധത പറയുന്ന ഏത്‌ സെലിബ്രിറ്റികളുടെയും ഹുങ്ക്‌ തകർക്കാൻ ഒന്നിച്ചു നിന്നാൽ ഇന്ത്യക്ക്‌ കഴിയുമെന്ന്‌ സച്ചിനും കൂട്ടരും കാണിച്ചപ്പോൾ അതിനെ പരിഹസിക്കുന്നതിനു പകരം അഭിനന്ദിക്കുകയാണ്‌ ശശി തരൂർ എന്ന പാർലമെന്റേറിയൻ ചെയ്യേ ണ്ടിയിരുന്നത്‌.

ബി.ജെ.പി. സംസ്ഥാന വക്താവാണ്‌ ലേഖകൻ