തിരഞ്ഞെടുപ്പുകഴിഞ്ഞു പുതിയ ജനപ്രതിനിധികൾ അധികരമേൽക്കുകയാണ്‌. പുതുമുഖങ്ങളും പരിചയസമ്പന്നരുമായി ഇരുപത്തിയൊന്നാരിത്തിലധികം പേരാണ്‌ ജനസേവനത്തിനായി പ്രതിജ്ഞയെടുക്കുന്നത്‌. നാടിനോടും നാട്ടാരോടും ഉത്തരവാദിത്വം പുലർത്താൻ ഭരണത്തിലും രാഷ്‌ട്രീയത്തിലും എന്തായിരിക്കണം തദ്ദേശപ്രതിനിധികളുടെ സമീപനം എന്ന മാതൃഭൂമിചർച്ചയുടെ ഭാഗമാവുകയാണ്‌ ജനപ്രതിനിധികളായി പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള രണ്ട്‌ അംഗങ്ങൾ...


കാലത്തിനൊപ്പം, ജനങ്ങൾക്കൊപ്പം

1979 മുതൽ വയനാട് പനമരം ഗ്രാമപ്പഞ്ചായത്തിലെ ജനപ്രതിനിധിയാണ് ടി. മോഹനൻ. പഞ്ചായത്തിന്റെ രൂപവത്കരണത്തിനു ശേഷമുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പ്‌ (1979)മുതൽ പഞ്ചായത്തംഗം. ഇതിനിടെ 1995-2000 വരെയുള്ള കാലയളവിൽ മാത്രമാണ് ജനപ്രതിനിധിയല്ലാതിരുന്നത്. 1979 മുതൽ 1995 വരെ രണ്ടു ഭരണസമിതികളിലായി പഞ്ചായത്ത് പ്രസിഡന്റ്. പിന്നീട് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ, വൈസ് പ്രസിഡന്റ് പദവികളും വഹിച്ചു. വയനാട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സംസ്ഥാന സഹകരണബാങ്ക് ഡയറക്ടർ, കേരള സംസ്ഥാന അഗ്രി. ലാൻഡ് ഡെവലപ്‌മെന്റ് ബാങ്ക് ഡയറക്ടർ, കേരള സംസ്ഥാന വാട്ടർഅതോറിറ്റി അംഗം, കെ.എസ്.ആർ.ടി.സി. ഉപദേശകസമിതി അംഗം, ഹോപ്‌കോ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.

mohanan
ടി. മോഹനൻ, പനമരം, വയനാട്‌

വലിയ സന്ദേശങ്ങൾ നൽകാൻ ഞാനാളല്ല, നാലുപതിറ്റാണ്ടായി പനമരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജനപ്രതിനിധി മാത്രമാണ്. എങ്കിലും ജനപ്രതിനിധിയെന്ന നിലയിൽ മൂന്നുപതിറ്റാണ്ടിലേറെ സേവനം നടത്തിയൊരാൾ എന്നനിലയിൽ പറയാം. ജനങ്ങളുടെ വിശ്വാസമാണ് ജനപ്രതിനിധിയുടെ അടിത്തറ. തിരഞ്ഞെടുപ്പിൽ ജയിച്ച് ജനപ്രതിനിധിയായാൽ പിന്നെ രാഷ്ട്രീയമോ, വ്യക്തിതാത്പര്യങ്ങളോ ഇല്ല. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അതു ചെയ്തുനൽകാൻ ബാധ്യസ്ഥരാണ് നമ്മൾ.  പനമരത്തെ ജനങ്ങൾ എന്നിൽ അർപ്പിക്കുന്ന വിശ്വാസം തന്നെയാണ് എന്റെ മൂലധനം. ജനങ്ങളെ വിശ്വസിക്കുകയും സ്നേഹിക്കുകയും വേണം. പാവപ്പെട്ടവന്റെ കഷ്ടപ്പാടിൽ ഒപ്പം നിൽക്കാൻ സാധിക്കണം. മുന്നിൽ വരുന്ന എല്ലാവരുടെയും ആവശ്യങ്ങളെ പരിഗണിക്കാറുണ്ട്. ചെയ്തുനൽകാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്യും. സാധിക്കുന്നതല്ലെങ്കിൽ അതിന്‌ ആരെ കാണണമോ അവരുമായി ബന്ധപ്പെടുത്തി നൽകും.

1979-ൽ, 35-ാം വയസ്സിലാണ് പനമരം പഞ്ചായത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 1963-ൽ പഞ്ചായത്ത് രൂപവത്കരിച്ചതിൽപിന്നെ തിരഞ്ഞെടുപ്പ് നടക്കുന്നത് 1979-ലാണ്. അന്ന് എട്ടു വാർഡ്‌ മാത്രമാണ് പഞ്ചായത്തിലുള്ളത്. ഇന്നത്തെ വാർഡുകളായ മലങ്കര, വിളമ്പുകണ്ടം, അരിഞ്ചേർമല, ചുണ്ടക്കുന്ന് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നതായിരുന്നു അന്നത്തെ വിളമ്പുകണ്ടം വാർഡ്. ആന ചിഹ്നത്തിലാണ് ഞാൻ മത്സരിച്ചുജയിക്കുന്നത്. അന്ന് ആർ.എസ്.പി.യുടെ സ്ഥാനാർഥിയാണ്. പിന്നീട് എം.വി. രാഘവനൊപ്പം സി.എം.പി.യിലായിരുന്നു. എം.വി.ആറിന്റെ മരണത്തിന് ശേഷമാണ് സി.പി.എമ്മിൽ ചേരുന്നത്. ഇക്കുറി സി.പി.എം. പാർട്ടിചിഹ്നത്തിൽ അരിഞ്ചേർമല വാർഡിൽ നിന്നുതന്നെ ജയിച്ചു. സി.പി.എമ്മിനൊപ്പം നിന്ന കാലയളവ് മാറ്റിനിർത്തിയാൽ ചെറിയ പാർട്ടികളുടെ നേതാവായിരുന്നു. പാർട്ടിയുടെ വോട്ടുബലമല്ല, ജനങ്ങളുടെ വിശ്വാസം തന്നെയാണ് എന്നും തുണച്ചത്.

വീട്, വെള്ളം, റോഡ് ...

മണ്ഡലത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ തന്നെയാണ് ജനപ്രതിനിധികൾ ഊന്നൽ നൽകേണ്ടത്. വാർഡിനെയും പഞ്ചായത്തിനെയും കുറിച്ച് ധാരണവേണം. വീട്, കുടിവെള്ളം, റോഡുകൾ, വൈദ്യുതി എന്നിവയ്ക്കാണ് പ്രഥമപരിഗണന നൽകേണ്ടത്. പഞ്ചായത്ത് പ്രതിനിധിയായ ആദ്യകാലങ്ങളിൽ ഊന്നൽ നൽകിയതും ഇതിനൊക്കെയാണ്. പന്തലാടി, ചുണ്ടക്കുന്ന്, അരിഞ്ചേർമല, വിളമ്പുകണ്ടം, മലങ്കര, ഏച്ചോം, കൈപ്പാട്ടുകുന്ന്, പള്ളിക്കുന്ന് തുടങ്ങിയ ഭാഗങ്ങളിൽ കുടിവെള്ളം, വൈദ്യുതി എന്നിവയെത്തിക്കുന്നതിന് ആദ്യകാലങ്ങളിൽ സാധിച്ചു. ഈ ഭാഗങ്ങളിലേക്ക് ഇന്നു കാണുന്ന റോഡുകളെല്ലാംതന്നെ ടാർചെയ്യുന്നതിന് പിന്നിൽ പ്രവർത്തിക്കാനായി. ജനപ്രതിനിധിയായിരിക്കുന്നതിനിടെ തന്നെ കെ.എസ്.ആർ.ടി.സി. അഡ്വൈസറി ബോർഡ് അംഗം, കേരള വാട്ടർ അതോറിറ്റി മെമ്പർ തുടങ്ങിയ പദവികളും വഹിച്ചിരുന്നു. ഇതുവഴി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഗതാഗതസൗകര്യവും കുടിവെള്ളവുമെത്തിക്കാൻ കഴിഞ്ഞു. ആദിവാസിമേഖലകളിലും ഈകാലയളവിൽ നന്നായി ഇടപെടാനായി. അവർക്ക് വിവിധ പദ്ധതികളുടെ ഭാഗമായി വീടുകൾ അനുവദിച്ചു. അടിസ്ഥാനസൗകര്യങ്ങൾ വികസിച്ചാൽമാത്രമേ മറ്റു പദ്ധതികളും പഞ്ചായത്തിൽ ആവിഷ്കരിക്കാനാവൂ.

അടുത്ത അമ്പതുവർഷത്തേക്കുള്ള വികസനം

ഇനിയുള്ള കാലത്ത് പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ അടുത്ത അമ്പത് വർഷങ്ങളെക്കൂടി കാണേണ്ടതുണ്ട്. കൃഷി, പരിസ്ഥിതിസംരക്ഷണം, വിദ്യാഭ്യാസം, വിനോദസഞ്ചാരമേഖല എന്നിവയ്‌ക്കെല്ലാം ഊന്നൽ നൽകണം. വാർഡിന്റെ പ്രത്യേകതകൾ കണ്ടറിഞ്ഞ് പദ്ധതികൾ ആവിഷ്കരിക്കണം. പനമരം പഞ്ചായത്തിനെ സംബന്ധിച്ച് വലിയവിഭാഗം ജനങ്ങളുടെ ഉപജീവനമാർഗമാണ് കൃഷി. നെല്ലും കാപ്പിയുമൊക്കെയാണ് പ്രധാന വിളകൾ. പനമരം പുഴയുടെ കൈവഴികൾ പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലൂടെയും ഒഴുകുന്നുണ്ട്. ഇവയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ നടപ്പാക്കിയാൽ കൃഷിക്കാവശ്യമായ ജലസേചനത്തിന് പ്രയാസമില്ല. വരുംകാലത്തെ ഭക്ഷ്യസുരക്ഷകൂടി ഉറപ്പാക്കുന്ന പദ്ധതിയാകുമിത്. സമാനപദ്ധതികൾ എല്ലായിടത്തും ആവിഷ്കരിക്കാനാകും. വിനോദസഞ്ചാരമേഖല പുതിയ വരുമാനമാർഗമെന്ന നിലയിൽ ഉപയോഗിക്കാം.  പരിസ്ഥിതിലോല പ്രദേശങ്ങളുടെ സംരക്ഷണംകൂടി ഉറപ്പാക്കിയേ പദ്ധതികൾ നടപ്പാക്കാനാവൂ. മുളകൾ നട്ടുവളർത്തി പുഴകളെ സംരക്ഷിക്കാനുള്ള പദ്ധതികൾ എല്ലായിടത്തും വേണം.

ഗ്രാമസഭകൾ വെറുതേയല്ല

ഗ്രാമസഭകൾ ചേരണമെന്ന് നിർദേശം വരുന്നതിനു മുമ്പുതന്നെ ജനകീയ സമിതികൾ രൂപവത്കരിച്ച് പ്രദേശവാസികളുമായി നിരന്തരം ഇടപെട്ടിരുന്ന ശീലമുണ്ടായിരുന്നു. ഓരോ പദ്ധതി നടപ്പാക്കുന്നതിനുമുമ്പും ജനങ്ങളുടെ അഭിപ്രായമാരായാറുണ്ട്.  ഇപ്പോൾ ഗ്രാമസഭകളും നിരന്തരമായി വിളിക്കാറുണ്ട്. ഒരു വഴിപാടുതീർക്കുന്നതു പോലെയല്ല, ജനങ്ങളുമായി സംവദിക്കാനുള്ള വേദിയായി തന്നെ അവയെ ഉപയോഗപ്പെടുത്തണം. പുതിയ കാലത്ത് പുതിയ സാങ്കേതികവിദ്യകളും അതിനുപയോഗിക്കുന്നു. ഇത്തവണ അരിഞ്ചേർമലയിൽ ഞാൻ ഓഫീസ് തുറന്നുപ്രവർത്തിക്കും. മുഴുവൻ സമയ ഇന്റർനെറ്റ് സൗകര്യത്തോടെയായിരിക്കും ഓഫീസ്. ഇതുവഴി ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇത്തവണ പഞ്ചായത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 11 വീതം സീറ്റും ഒരു സീറ്റ് ബി.ജെ.പി.ക്കുമാണ്. ആരു ഭരിക്കുമെന്ന് തീരുമാനമായിട്ടില്ല. ആരു ഭരിച്ചാലും ഇത്രയും കാലത്തെ അനുഭവങ്ങളിൽ നിന്നുള്ള മാർഗനിർദേശങ്ങളുമായി ഒപ്പമുണ്ടാകും.

തയ്യാറാക്കിയത്: നീനു മോഹൻ


കീച്ചേരിൽ ശ്രീകുമാർ  9 നോട്ടൗട്ട്

കീച്ചേരിൽ ശ്രീകുമാർ
കീച്ചേരിൽ ശ്രീകുമാർ, പള്ളിപ്പാട്‌, ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് ഗ്രാമപ്പഞ്ചായത്തിൽ 1978 മുതൽ കീച്ചേരിൽ ശ്രീകുമാർ അംഗമാണ്. ഇതിനിടെ കടന്നുപോയത് ഒമ്പത്‌ തിരഞ്ഞെടുപ്പുകൾ. ഒരിക്കൽപ്പോലും തോറ്റിട്ടില്ല. 1978, ‘85, ‘90 വർഷങ്ങളിൽ സ്വതന്ത്രനായിരുന്നു. പിന്നീട് കോൺഗ്രസിൽ ചേർന്നു. തുടർന്ന് 1995, 2000, 2005, 2010, 2015, 2020
വർഷങ്ങളിലും തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ 1995, 2010 വർഷങ്ങളിൽ വൈസ് പ്രസിഡന്റും 2005-ൽ പ്രസിഡന്റുമായി. പത്തേക്കറിൽ നെൽക്കൃഷിയുണ്ട്. മികച്ച ക്ഷീരകർഷകനുമാണ്. സംസ്ഥാനസർക്കാരിന്റെ ക്ഷീരധാര പുരസ്കാരജേതാവുകൂടിയായ ശ്രീകുമാർ 32 വർഷമായി ബസ് സർവീസും നടത്തുന്നു. ഗ്രാമപ്പഞ്ചായത്തംഗമായിരിക്കേ 1990-ൽ ജില്ലാകൗൺസിലിലേക്ക്‌ മത്സരിച്ചെങ്കിലും തോറ്റു. അതോടെ പഞ്ചായത്ത് വിട്ടുള്ള മത്സരം വേണ്ടെന്നുവെച്ചു. _

മനസ്സുെവച്ചാൽ തീരാത്ത ഒരു പ്രശ്നവുമില്ല. നിയമമറിയണം. അതിന്റെ പ്രയോഗത്തെപ്പറ്റി നല്ല ബോധ്യമുണ്ടാകണം. ഒരേനിയമം പല രീതിയിൽ വ്യാഖ്യാനിക്കാം. അതിലൂടെ ഒരാളെ സഹായിക്കാനും ദ്രോഹിക്കാനും കഴിയും. സഹായിക്കാനാണ്‌ തീരുമാനിക്കുന്നതെങ്കിൽ ഒരു നിയമത്തിനും നമ്മെ തടയാനാവില്ല. 42 വർഷമായി ഗ്രാമപ്പഞ്ചായത്തംഗമായി പ്രവർത്തിക്കുന്നതിന്റെ അനുഭവത്തിൽ നിന്നാണ് ഇതു പറയുന്നത്.

1978-ൽ ഇരുപത്തിനാലാം വയസ്സിൽ പഞ്ചായത്തംഗമായതാണ്. ഇപ്പോൾ 66 വയസ്സായി. ഒൻപതുപ്രാവശ്യം മത്സരിച്ചു. നല്ല ഭൂരിപക്ഷത്തിൽത്തന്നെ എല്ലാ തിരഞ്ഞെടുപ്പും ജയിച്ചു. എന്തെങ്കിലും മാജിക് കാട്ടിയുള്ള വിജയമല്ല. ജനപ്രതിനിധി ജനങ്ങളുടെ ദാസനാണെന്ന്‌ തിരിച്ചറിഞ്ഞ് ജനങ്ങളെ മനസ്സിലാക്കി അവർക്കൊപ്പംനിന്നതിന്റെ ഫലം. പലപ്പോഴും ആളുകൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നത് നിസ്സാരപ്രശ്നങ്ങളുടെ പേരിലായിരിക്കും. ഒരു ഉദ്യോഗസ്ഥന്‌ പത്തു മിനിറ്റുകൊണ്ട് പരിഹരിക്കാൻ കഴിയുന്ന പ്രശ്നത്തിന്റെ പേരിൽ പത്തു മാസംവരെ വട്ടംകറക്കുന്ന വ്യവസ്ഥിതിയാണ് നമുക്കുചുറ്റുമുള്ളത്. ഇവിടെ ജനങ്ങൾക്കുവേണ്ടി ഇടപെടാൻ ജനപ്രതിനിധികൾക്കുകഴിയണം.

സ്വതന്ത്രനായി തുടക്കം

ഗ്രാമപ്പഞ്ചായത്തിന്റെ ആദ്യരൂപമായ വില്ലേജ് യൂണിയൻ തുടങ്ങിയപ്പോൾ സർക്കാർ നാമനിർദേശംചെയ്തയാളാണ് അച്ഛൻ ചെമ്പകശ്ശേരിൽ കൃഷ്ണപിള്ള. പിന്നീട് കരമൊടുക്കുന്നവർക്ക് വോട്ടവകാശം വന്നപ്പോഴും ജനാധിപത്യരീതിയിലെ തിരഞ്ഞെടുപ്പ് വന്നപ്പോഴും പഞ്ചായത്തംഗമായിരുന്നു. ഒരുപ്രാവശ്യം പ്രസിഡന്റുമായി. 1976-ൽ മരിക്കുന്നതുവരെ പഞ്ചായത്തംഗമായിരുന്നു. ഓരോ ആവശ്യങ്ങൾക്കായി വീട്ടിൽ വരുന്നവരെയും അവരുടെ സങ്കടങ്ങളും കണ്ടാണ് ഞാൻ വളർന്നത്. അതിനാൽ പഞ്ചായത്തംഗമാകുന്നത് ചെറുപ്പത്തിലേ ജീവിതലക്ഷ്യമായി കുറിച്ചിട്ടു.

അച്ഛന്റെ മരണശേഷം 1978-ൽനടന്ന തിരഞ്ഞെടുപ്പിൽ പ്രമുഖപാർട്ടികളൊന്നും സീറ്റുതന്നില്ല. അങ്ങനെ സ്വതന്ത്രനായി രംഗത്തിറങ്ങി. അച്ഛന്റെ ജനസമ്മതി ആദ്യതിരഞ്ഞെടുപ്പിൽ തുണച്ചു. പിന്നീട്, സ്വന്തം പ്രയത്നത്തിലൂടെ ജനങ്ങളുടെ ഹൃദയത്തിൽ ഇടംനേടി. നൂറുകണക്കിനാളുകളാണ് ഓരോ ദിവസവും പലവിധ പ്രശ്നങ്ങളുമായി സമീപിക്കുന്നത്. അതിന് വാർഡ് വ്യത്യാസമൊന്നുമില്ല. യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ളവരെ നേരിൽപ്പോയി കാണും. അപേക്ഷകൾ വാങ്ങി ഓഫീസിലെത്തിക്കും. പഞ്ചായത്തുമായി ബന്ധപ്പെട്ട നിയമങ്ങൾ, സർക്കാർ ഉത്തരവുകൾ തുടങ്ങിയവയെല്ലാം ശേഖരിക്കും, പഠിക്കും. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുമായി സംസാരിച്ച് സംശയനിവൃത്തിവരുത്തും. ഇതിനാൽ, ആളുകൾ പ്രശ്നംപറയുമ്പോൾത്തന്നെ ആവശ്യമായ രേഖകൾ ഏതെല്ലാമാണെന്ന് പറഞ്ഞുകൊടുക്കാൻ കഴിയും.

 ജനങ്ങളുടെ പ്രശ്നങ്ങൾ തീർത്തേ വിശ്രമമുള്ളൂ

പഞ്ചായത്തിൽമാത്രമല്ല, താലൂക്കിലും വില്ലേജിലും ആർ.ഡി.ഓഫീസിലും തുടങ്ങി പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളിലും ആളുകൾക്കൊപ്പം നിൽക്കും. ഒരാളുടെ കൈയിൽനിന്ന് അപേക്ഷ വാങ്ങിയാൽ ആ പ്രശ്നം തീർപ്പാക്കിയാലേ വിശ്രമമുള്ളൂ. സൈക്കിളിലാണ് യാത്ര. അതിനാൽ അപേക്ഷകരുടെ കൈയിൽനിന്ന്‌ വണ്ടിക്കൂലിയും വാങ്ങേണ്ടിവരാറില്ല. സർട്ടിഫിക്കറ്റുകളുംമറ്റും പരമാവധി ആളുകളുടെ വീട്ടിലെത്തിച്ചുകൊടുക്കും.  പഞ്ചായത്തംഗമായി കിട്ടുന്ന ഓണറേറിയം ഒരിക്കലും സമ്പാദ്യത്തിനായി ഉപയോഗിച്ചിട്ടില്ല. അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലാക്കുന്നതിനും വിവാഹം, മരണം തുടങ്ങി പലവിധ കാര്യങ്ങൾക്കുമായി എല്ലാ മാസവും നല്ല തുക കീശയിൽനിന്ന്‌ ചെലവാകും.

ജനങ്ങൾക്കുവേണ്ടി ചില ഉദ്യോഗസ്ഥരുമായി കലഹിക്കേണ്ടിവന്നിട്ടുണ്ട്. എങ്കിലും നാട്ടുകാരിൽനിന്ന് ഇതുവരെ മോശമായ ഒരനുഭവുമുണ്ടായിട്ടില്ല. രാഷ്ട്രീയത്തിനുപരി എല്ലാവരുമായി നല്ല സൗഹൃദത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്.

ജനപ്രതിനിധികളോട്...

പൊതുജനാരോഗ്യം, മാലിന്യസംസ്കരണം, കലാകായിക പ്രവർത്തനങ്ങൾ, സാക്ഷരതാപ്രവർത്തനം തുടങ്ങിയ പൊതുകാര്യങ്ങളിൽ പഞ്ചായത്തിലെ എല്ലാഅംഗങ്ങളും സർക്കാരിനൊപ്പം ചേർന്നുപ്രവർത്തിക്കണം. പക്ഷേ, സർക്കാരും പഞ്ചായത്തുമായി ബന്ധപ്പെട്ട് ഒരാൾക്ക് അല്ലെങ്കിൽ ഒരു കുടുംബത്തിനുണ്ടാകുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹരിക്കാനുള്ള ബാധ്യത പഞ്ചായത്തംഗം ഏറ്റെടുക്കണം. ഓണറേറിയം സ്വന്തം കാര്യങ്ങൾക്കായി ചെലവാക്കുന്നത് ഒഴിവാക്കാം. 1978-ൽ അംഗമായിരുന്നപ്പോൾ ഒരു കമ്മിറ്റിക്ക്‌ 12 രൂപയായിരുന്നു സിറ്റിങ് ഫീസ്.  മാസം പരമാവധി രണ്ടുകമ്മിറ്റികൾമാത്രം. 1995-ൽ ജനകീയാസൂത്രണംവന്നപ്പോൾ ഓണറേറിയം 1000 രൂപയായി. പിന്നീട് മൂവായിരവും ഇപ്പോൾ 7000 രൂപയുമായി ഉയർന്നു. എങ്കിലും ആളുകൾ അപകടത്തിൽപ്പെടുന്നതും ആശുപത്രിയിലാകുന്നതും വിവാഹം മരണം തുടങ്ങി പലവിധ കാര്യങ്ങൾക്ക് പെട്ടെന്ന് പണം ആവശ്യമായിവരും. അപ്പോൾ ചെലവ് ഓണറേറിയവും കടന്നുപേകും. കൃഷിയിൽനിന്നും പശുവളർത്തലിൽനിന്നുമുള്ള വരുമാനത്തിന്റെ വിഹിതം അത്തരം കാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കും.

തയ്യാറാക്കിയത്: കെ. ഷാജി