മഹാമാരിയുടെ കാലത്തും ആവേശം ചോരാതെ, കോലാഹലങ്ങളില്ലാതെ തദ്ദേശതിരഞ്ഞെടുപ്പ് നടത്താൻ കേരളത്തിന് കഴിഞ്ഞു. പഞ്ചായത്തിരാജിൽ കേരളത്തിലെ ആറാംതലമുറ ഭരണസമിതികൾ ഏതാനും നാളുകൾക്കുള്ളിൽ അധികാരമേറും. ജനകീയാസൂത്രണത്തിന്റെ 25-ാം വർഷത്തിൽ സ്ഥാനമേൽക്കുന്ന ഈ ഭരണസമിതികൾക്ക് ഇതുവരെ നേടിയ നേട്ടങ്ങൾ നിലനിർത്തുകയെന്ന കടമ നിർവഹിക്കേണ്ടതുണ്ട്. ഒപ്പം ഇതിനകം കടന്നുകൂടിയ അനഭിലഷണീയമായ പ്രവണതകൾ തിരുത്തി വികേന്ദ്രീകൃത ആസൂത്രണത്തെ കാലികമായി പുതുക്കാനുള്ള ഉത്തരവാദിത്വവും.

കോവിഡനന്തരം  സർക്കാരുകളുടെ വരുമാനം മെച്ചപ്പെടുകയും  തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ വിഹിതം കിട്ടുകയും ചെയ്യുന്നതോടെ തദ്ദേശസ്ഥാപനങ്ങളെ കാത്തിരിക്കുന്നത് വൻ സാധ്യതകളാണ്. അവ ശരിയായ മുൻഗണനയോടെ പ്രയോജനപ്പെടുത്തിയാൽ വികേന്ദ്രീകൃതാസൂത്രണത്തിന്റെ ചിറകിൽ സുസ്ഥിരവികസനത്തിലൂടെ കേരളത്തിന് കുതിക്കാനാവും.

അധികാരമേൽക്കുന്ന അംഗങ്ങൾ തദ്ദേശഭരണത്തെ രണ്ടുതരത്തിൽ സമീപിക്കണം-വികേന്ദ്രീകൃതാസൂത്രണത്തിന്റെ അടിസ്ഥാനതത്ത്വങ്ങളെ ആധാരമാക്കിയുള്ള മെച്ചപ്പെട്ട രാഷ്ട്രീയപ്രവർത്തനം കാഴ്ചവെക്കാനും അതോടൊപ്പം  ശരിയായ മുൻഗണനകൾ തീരുമാനിച്ച് പദ്ധതികൾ ആസൂത്രണംചെയ്ത് നടപ്പാക്കാനും. രാഷ്ട്രീയവിവാദങ്ങൾക്ക് പിന്നാലെമാത്രം പോകാതെ കമ്മിറ്റികളിൽ ശ്രദ്ധയോടെ പങ്കെടുത്ത് ജനങ്ങൾക്കുവേണ്ട കാര്യങ്ങൾ ചെയ്യാൻ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുക എന്നതാവണം തദ്ദേശജനപ്രതിനിധികളുടെ ലക്ഷ്യം.

ജനഹൃദയത്തിലേറാൻ, നാടുവളരാൻ

വാർഡുസഭകളും ഗ്രാമസഭകളും ഇന്ന് പലേടത്തും നിർജീവമാണ്. ഇവ സജീവമാക്കുന്നത് അംഗത്തിന്റെ ജനസമ്പർക്കത്തിന്റെ  വ്യാപ്തി കൂട്ടുകയേയുള്ളൂ. പലർക്കും ഇക്കാര്യത്തിൽ ഭയമുണ്ട്. ഈ സഭകളെ അഭിമുഖീകരിക്കാൻ ഭയക്കരുത്. വോട്ടർമാരുമായി  ബന്ധംവെക്കുന്നതാണ് ശരിയായ രാഷ്ട്രീയപ്രവർത്തനം. അതാണ് വികേന്ദ്രീകരണത്തിന്റെ സത്ത. അല്ലാതെ തിരഞ്ഞെടുപ്പുകാലത്ത് അവരെ കാണാൻ പോകുന്നതല്ല.  ഗ്രാമസഭയിൽ വ്യക്തിഗതമായി ആർക്കെന്തുവേണമെന്നല്ല തീരുമാനിക്കേണ്ടത്, അതിനെന്ത് മുൻഗണന നിശ്ചയിക്കണമെന്നാണ്. ഇത് കേൾക്കുമ്പോൾ നിസ്സാരമായിത്തോന്നാം. പക്ഷേ, വളരെ പ്രധാനപ്പെട്ടതാണ്. നാടിന്റെ വികസനത്തിന് എന്തുവേണമെന്ന മാനദണ്ഡമുണ്ടാക്കുക എന്നതാണ്  പ്രധാനം.

വിദഗ്ധരുടെ സഹായം തേടണം

പദ്ധതികൾ ആസൂത്രണംചെയ്യുമ്പോൾ വിദഗ്ധരുടെ സഹായം തേടണം. അതത് നാട്ടിലുള്ളവർതന്നെ ലോകത്ത് പലേടത്തുമായി പല മേഖലകളിൽ വിദഗ്ധസേവനം ചെയ്യുന്നുണ്ടാവും. വെർച്വൽ മീറ്റിങ്ങിൽ ലോകത്താരുമായും ബന്ധപ്പെടാം. ക്ഷണിച്ചാൽ ആരും സഹകരിക്കും.

മെമ്പർ പോസിറ്റീവാകണം. ജനങ്ങളുടെ പരാതി കേൾക്കാൻ ഏതുസമയവും തയ്യാറാവുക; അത് പരിഹരിക്കാനും.  തദ്ദേശസ്ഥാപനങ്ങളുടെ ഓഫീസുകളിൽ കയറിയിറങ്ങിയാൽ ജനങ്ങളുടെ പരാതി പലപ്പോഴും പരിഹരിക്കപ്പെടില്ല. വാർഡംഗം അല്ലെങ്കിൽ കൗൺസിലർക്ക് എന്തുകൊണ്ട് ഒരു പ്രദേശത്ത് നിശ്ചിതദിവസങ്ങളിൽ ജനങ്ങളെക്കണ്ട് അവരുടെ പരാതികൾ പരിഹരിക്കാൻ ഉദ്യോഗസ്ഥരുമായി ചേർന്ന്‌ ശ്രമിച്ചുകൂടാ? ഞാൻ ഇന്നദിവസം ഇന്ന സ്ഥലത്ത് കാണും. ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ സമീപിക്കാം എന്ന് അറിയിക്കുക. കോർപ്പറേഷൻ മേഖലകളിൽ ഇത് ജനങ്ങൾക്ക് വലിയ സഹായമാകും. തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി എല്ലാവരുടെയും പ്രതിനിധിയാണെന്ന തോന്നലുണ്ടാകണം.

നാട് വൃത്തിയാകണം

നാട് വൃത്തിയാക്കുന്നതിനാകണം ആദ്യപരിഗണന. ഓരോ വീട്ടിലും സ്ഥാപനങ്ങളിലും എത്ര മാലിന്യമുണ്ടാകുന്നു, അത് സംസ്കരിക്കാൻ എന്താണ് പോംവഴി എന്നത് നടന്നുപഠിക്കണം. കേരളത്തിലെ ബഹുഭൂരിപക്ഷം വാർഡിലും ഇതിനെക്കാൾ വലിയ മറ്റൊരു വികസനപ്രശ്നമില്ല. ഹരിതകേരളമിഷന്റെ  സാധ്യതകൾ ഇതിനായി പ്രയോജനപ്പെടുത്താം.

അനാവശ്യമായ പദ്ധതികളുടെ പേരിൽ വാർഡുതോറും പണം വീതംവെച്ച് ചിന്നിച്ചിതറി ചെലഴിക്കുന്നതിനുപകരം ടീമായി പ്രവർത്തിച്ചാൽ ഒരു പഞ്ചായത്തിനും അവിടത്തെ ജനങ്ങൾക്കും പൊതുവായി  പ്രയോജനപ്പെടുന്ന ശ്രദ്ധേയമായ പദ്ധതികൾ നടപ്പാക്കാം. ഞങ്ങൾ പഞ്ചായത്തിൽ എന്തുചെയ്തു എന്നുപറയാൻ ഭരണസമിതികൾക്ക് കഴിയണം.

കൃഷി ശ്രദ്ധിക്കണം

സംസ്ഥാനസർക്കാർ കാർഷികമേഖലയിൽ വിപുലമായ പദ്ധതികൾ ആസൂത്രണംചെയ്തിട്ടുണ്ട്. ഏതാനും വ്യക്തികൾക്ക് പരിമിതമായ ആനുകൂല്യങ്ങൾ നൽകുന്നതിനുപകരം വാർഡിനകത്ത് ഒരു പ്രദേശം നൂറുശതമാനം കൃഷിയോഗ്യമാക്കാൻ ശ്രമിക്കുന്നതുപോലുള്ള വിപുലമായ പദ്ധതികളാവും നാടിന് നല്ലത്. ഒരു മെമ്പർക്ക് അഞ്ചുവർഷമുണ്ട്. ഒരുവർഷം ഒരു പ്രദേശം തിരഞ്ഞെടുത്താൽ മതി.

ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. അതിൽ ഫണ്ടിന് പരിമിതിയില്ല.  അതിൽ  തൊഴുത്തുകളുണ്ടാക്കാം, കിണർ നിർമിക്കാം, കളിസ്ഥലങ്ങൾ ഉണ്ടാക്കാം, എന്തിന് മരങ്ങൾപോലും വെച്ചുപിടിപ്പിക്കാം. നാടിന്റെ പരിസ്ഥിതി  പുനഃസ്ഥാപനംകൂടി ജനപ്രതിനിധിയുടെ ലക്ഷ്യമാകണം.  

അനാവശ്യകൈകടത്തൽ പാടില്ല

നാട്ടിലെ ആശുപത്രികൾ, സ്കൂളുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ദൈനംദിന ഭരണത്തിൽ കൈകടത്താൻശ്രമിക്കാതെ ഡോക്ടർമാരെയും അധ്യാപകരെയും മറ്റ് ഉദ്യോഗസ്ഥരെയും നാടിന്റെ വികസനത്തിൽ പങ്കാളികളാക്കുന്നതരത്തിൽ സഹകരിപ്പിക്കുക. പൊതുസ്ഥാപനങ്ങളുടെ അഭിവൃദ്ധിയിൽ നിതാന്തജാഗ്രതകാട്ടണം. സർക്കാരിന്റെ സേവനങ്ങൾ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല തദ്ദേശപ്രതിനിധിക്കുണ്ട്.
കേരളത്തിൽ സ്വന്തം കെട്ടിടമില്ലാത്ത ഏഴായിരത്തോളം അങ്കണവാടികളുണ്ട്‌. തദ്ദേശജനപ്രതിനിധികൾക്ക് ഈ പ്രശ്നം പരിഹരിക്കാനാവും; അങ്കണവാടികളിലെ സൗകര്യങ്ങൾ വികസിപ്പിക്കാനും. കുട്ടികൾക്കും വേണം തദ്ദേശസ്ഥാപനങ്ങളുടെ കരുതൽ.

അഴിമതി വേണ്ടാ

പൊതുവേ അഴിമതി കൂടുന്നുവെന്ന ധാരണയുണ്ട്. മുമ്പില്ലാത്ത പല രംഗങ്ങളിലും അത് കടന്നുവരുന്നു. ഗുണഭേക്താക്കളെ തിരഞ്ഞെടുക്കുന്നതിൽപ്പോലും. ഇത്രയും രാഷ്ട്രീയപ്രബുദ്ധതയുള്ള സംസ്ഥാനത്ത് സോഷ്യൽ ഓഡിറ്റിങ് ഇല്ലാത്തത് നാണക്കേടെന്നേ പറയാനാവൂ. സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയനാകുന്നത് ജനപ്രതിനിധിയുടെയും ആ വ്യക്തി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെയും പ്രതിച്ഛായ വർധിപ്പിക്കുകയേയുള്ളൂ.

(സംസ്ഥാന ചീഫ് സെക്രട്ടറിയും കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറിയുമായിരുന്നു ലേഖകൻ)