biharജാതി-മത-സത്വ രാഷ്ട്രീയത്തിന്റെ കളിയരങ്ങായ ബിഹാറിൽ ഈ നിയമസഭാതിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ലഭിച്ച ഉജ്ജ്വലവിജയം വലിയ ഒരു സന്ദേശമാണ് നൽകുന്നത്. ജാതിക്കും മതത്തിനും ഉപരിയായി ജനകീയപ്രശ്നങ്ങൾക്കുവേണ്ടി നിലകൊള്ളുന്നതിനൊപ്പം സമ്മതിദായകർ, പ്രത്യേകിച്ചും യുവാക്കൾ ഉണ്ടാകും എന്നതിന്റെ സന്ദേശം. എൻ.ഡി.എ.യുടെ, അതിൽത്തന്നെ പ്രധാനിയായ ബി.ജെ.പി.യുടെ വിജയത്തിന്റെ വില കുറച്ചുകാണിക്കുകയല്ല ഇവിടെ. രണ്ടും രണ്ട് സിദ്ധാന്തങ്ങളാണ്. സമീപനങ്ങളാണ്. കമ്യൂണിസ്റ്റ് പാർട്ടികളുടെ തിളക്കമാർന്ന വിജയംകൊണ്ട് അത് ഇന്ത്യയുടെ തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്നൊന്നും പ്രതീക്ഷിച്ചുകൂടാ. പക്ഷേ, ഇത് ശ്രദ്ധിക്കപ്പെടേണ്ട വിജയമാണ്.

കോൺഗ്രസിന്റെ ആർത്തി

കമ്യൂണിസ്റ്റ് പാർട്ടികൾക്ക് (സി.പി.ഐ.(എം.എൽ.), സി.പി.എം., സി.പി.ഐ.) മഹാസഖ്യം വീതിച്ചുകൊടുത്തത് 29 സീറ്റുകളാണ്. കോൺഗ്രസിന് എഴുപതും. ഇതിൽ കമ്യൂണിസ്റ്റ് പാർട്ടികൾ 16 സീറ്റിൽ വിജയിച്ചതായി പ്രാരംഭകണക്കുകൾ വെളിപ്പെടുത്തുന്നു. (സി.പി.ഐ.(എം.എൽ)-12, സി.പി.എം., സി.പി.ഐ. രണ്ടുവീതം). വിജയനിലവാരമാകട്ടെ 55.2 ശതമാനം. ഇത് വലിയ പാർട്ടികളിൽ ബി.ജെ.പി.ക്ക് (66.4 ശതമാനം) തൊട്ടുതാഴെയാണ്. ജെ.ഡി.യു.വും (37.4), ആർ.ജെ.ഡി.യും (52.8) താഴെയാണ്. കോൺഗ്രസിന്റെ സ്‌ട്രൈക്ക് റേറ്റ് ഏറ്റവും താഴെയാണ് (27.1). കോൺഗ്രസ് വിലപേശി (തേജസ്വി യാദവിനെ മുഖ്യമന്ത്രിമുഖമായി അംഗീകരിക്കുമെന്ന്) 70 സീറ്റുകൾ പിടിച്ചുവാങ്ങിയില്ലെങ്കിൽ 35 സീറ്റുകൾ കമ്യൂണിസ്റ്റ് പാർട്ടികൾക്കും ആർ.ജെ.ഡി.ക്കുമായി വീതിച്ചിട്ടുണ്ടെങ്കിൽ ഒരുപക്ഷേ മഹാസഖ്യത്തിന്റെ ഗതി വ്യത്യസ്തമാകുമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടികൾ 16-ൽനിന്ന് വളരെദൂരം പോകുമായിരുന്നു. സംഘടനാശേഷിയും നേതൃപാടവും ജനസമ്മതിയുമുള്ള സ്ഥാനാർഥികളില്ലാതെ ആർത്തിയോടെ സീറ്റുകൾ വാരിക്കൂട്ടി കോൺഗ്രസ് മഹാസഖ്യത്തിന്റെ സാധ്യത ഇല്ലാതാക്കി. കമ്യൂണിസ്റ്റ് പാർട്ടികളുടെ ബിഹാറിലെ പ്രകടനം വ്യക്തമാക്കുന്നത് സൈദ്ധാന്തികതമായും സംഘടനാപരമായും ഒരുമിച്ചുനിന്നാൽ ജനാധിപത്യ-മതനിരപേക്ഷ ശക്തികൾക്ക് ഇന്ത്യൻ തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ ഒരു ഭാവിയുണ്ടെന്നാണ്. അത് 2021-ലെ ബംഗാൾ, അസം നിയമസഭാതിരഞ്ഞെടുപ്പുകളിൽ തെളിയിക്കാനും സാധിക്കും.

തിളക്കമാർന്ന ഇടതുപ്രകടനം

ഭോജ്പുർ, മഗധ എന്നീ പ്രദേശങ്ങളിൽ ഇടതിന്റെ പ്രകടനം ഉജ്ജ്വലമായിരുന്നു. ഇവരുടെ, പ്രത്യേകിച്ചും സി.പി.ഐ.(എം.എൽ)ന്റെ കണ്ണായമേഖലയാണ് ഇത്. ഇവിടങ്ങളിലെ ഭൂമിയില്ലാത്ത കർഷകരെയും നിർധനരും നിരാലംബരുമായ തൊഴിലാളികളെയും സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾ നേടിക്കൊടുത്ത് ഭൂഉടമകളുടെയും വ്യവസായികളുടെയും ഖനിമാഫിയകളുടെയും ചൂഷണത്തിൽനിന്ന് സംരക്ഷിക്കുന്നത് ഇവരാണ്. ഭോജ്പുർ പ്രദേശത്ത അരഹ നിയോജകമണ്ഡലത്തിൽ 121 വോട്ടുകൾക്കാണ് എം.എൽ. സ്ഥാനാർഥി തോറ്റത്. അതുപോലെ ഭൊറെ സീറ്റ് തോറ്റത് 1026 വോട്ടുകൾക്കാണ്. സി.പി.എമ്മും സി.പി.ഐ.യും ഈരണ്ട് സീറ്റുകൾ നേടുകവഴി അവരുടെയും കരുത്തുതെളിയിച്ചു. ഇവർ മത്സരിച്ചത് ആറും നാലും സീറ്റുകളിൽ മാത്രമാണ്. സി.പി.ഐ.(എം.എൽ.) 19 സീറ്റുകളിലും. ബെഗുസരായി ജില്ലയിലെ രണ്ടുസീറ്റുകൾ നേടുകവഴി സി.പി.ഐ. ഒരു ചരിത്രദൗത്യം നിറവേറ്റി. ബെഗുസരായി (വടക്ക്) ആണ് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ആദ്യമായി വടക്കേ ഇന്ത്യയിൽ നേടുന്ന സീറ്റ് (1957).

ഉജ്ജ്വലമായ ഏടുകൾ

ബെഗുസരായി, ദർഭങ്ക എല്ലാം ബിഹാറിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളാണ്. ഇവിടത്തെ കർഷകസമരങ്ങൾ പലപ്പോഴും രക്തരൂഷിതമായിരുന്നു. അടിയാനും ഉടയോനും തമ്മിലുള്ള സമരം. കാലങ്ങളായുള്ള ജന്മിസമ്പ്രദായത്തിനെതിരേ സംഘടിക്കാനും അവകാശങ്ങൾ നേടിയെടുക്കാനും ഇവിടത്തെ കൃഷിക്കാരെ സഹായിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. ഇതിന്റെയൊക്ക ഒരു പുനർജീവിതമായിട്ടും ഈ തിരഞ്ഞെടുപ്പുകളെ ഒരു പരിധിവരെ വായിക്കാം. കേരളവും ബംഗാളും കഴിഞ്ഞാൽ ബിഹാർ നിയമസഭയിലാണ് ഏറ്റവും കൂടുതൽ കമ്യൂണിസ്റ്റ് സാന്നിധ്യമുള്ളത്. വടക്കേ ഇന്ത്യയിൽ അതും ഹിന്ദി ഹൃദയഭൂമിയിൽ ഇതൊരു റെക്കോഡാണ്, സമീപകാലരാഷ്ട്രീയത്തിൽ.
കമ്യൂണിസ്റ്റ് പാർട്ടികളുടെ ഈ വിജയം അവർക്ക് ഒരു പുതിയ പ്രചോദനമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ബിഹാർ ഒട്ടേറെ പ്രഗല്‌ഭരായ കമ്യൂണിസ്റ്റ് നേതാക്കൻമാരെ പ്രദാനംചെയ്തിട്ടുണ്ട്. അവർ രാഷ്ട്രീയാചാര്യൻമാരായിരുന്നു. ആദ്യമായി കേന്ദ്രമന്ത്രിസഭയിൽ അംഗങ്ങളായ ഇന്ദ്രജിത് ഗുപ്തയും (ഗൃഹം) ചതുരാനന്ദൻ മിശ്രയും (കൃഷി) ബിഹാറിൽനിന്നാണ് (സി.പി.ഐ.). ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വഴികാട്ടിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിഹാർ ഈ തിരഞ്ഞെടുപ്പ് കമ്യൂണിസ്റ്റ് വിജയത്തിലൂടെ എന്ന സന്ദേശമാണ് നൽകുന്നത്.

(ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകനാണ് ലേഖകൻ)