സർക്കാരിനെതിരായി പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് കൊടുക്കുന്നുവെന്നാണ് യു.ഡി.എഫ്. കൺവീനർ പ്രസ്താവിച്ചത്. ഈ  അവിശ്വാസപ്രമേയം ചർച്ചയ്ക്കുവന്നാൽ എൽ.ഡി.എഫ്‌. സർക്കാരിനുള്ള വിശ്വാസപ്രമേയമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. അപ്പംകൊടുത്ത് പിണ്ണാക്ക് വാങ്ങുകയായിരിക്കും ഫലം. 
കേരളത്തിലെ പിണറായി  വിജയൻ  സർക്കാരിന്റെ പ്രതിച്ഛായ അതിന്റെ മൂർധന്യത്തിൽ നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരായി നെറികെട്ട മറ്റൊരു സമീപനത്തിലേക്ക്‌ പ്രതിപക്ഷം കരുക്കൾ നീക്കിയത്. സർക്കാരിന്റെ പ്രതിച്ഛായ ശക്തിപ്പെട്ടതിനു കാരണമായ രണ്ടു കാര്യങ്ങളാണ് പ്രതിപക്ഷത്തെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. 

ഒന്ന്‌: കോവിഡ്-19 വൈറസ് വ്യാപനത്തെ തടയുന്നതിൽ സംസ്ഥാനസർക്കാർ കാട്ടിയ ശക്തവും മാതൃകാപരവുമായ പ്രവർത്തനത്തെ അഭിനന്ദിച്ച്  കേന്ദ്രസർക്കാരിന്റെ വിദേശകാര്യസെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ തന്നെ കത്തയച്ചത്‌.രണ്ട്‌: കേരളത്തിലെ ഒരു പ്രധാന മലയാളം ചാനൽ നടത്തിയ സർവേ റിപ്പോർട്ടിൽ എൽ.ഡി.എഫ്. വീണ്ടും അധികാരത്തിൽവരുമെന്ന് വിശദമായി അപഗ്രഥിച്ചു നടത്തിയ പഠനം.

ഇത്തരമൊരു സാഹചര്യത്തിലാണ് പതിവുശൈലി വിട്ട് മറ്റൊരു ദിശയിലേക്ക് യു.ഡി.എഫ്. നീങ്ങിയത്. ഒപ്പം ബി.ജെ.പി.യും കൂടി. സ്വർണക്കടത്തിനെ ബന്ധപ്പെടുത്തി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും നേരെ തിരിയുകയെന്ന വൃത്തികെട്ട ഒരു ഗൂഢാലോചനയുടെ ഭാഗമാണിത്. വിവാദമായ സ്വർണക്കടത്ത് ജൂലായ്‌ അഞ്ചാം തീയതിയാണ് പുറംലോകമറിയുന്നത്. 2020  ജൂലായ്‌ എട്ടിനുതന്നെ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസർക്കാർ  അന്വേഷണം നടത്താൻ ഏജൻസികളെ ചുമതലപ്പെടുത്തണമെന്ന്  പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി കത്തുമുഖേന അഭ്യർഥിച്ചു. എഫ്‌.ഐ.ആറിന്റെ ഭാഗമായ ഫസ്റ്റ് ഇൻഫർമേഷൻ സ്റ്റേറ്റ്‌മെന്റിന്റെ ഉള്ളടക്കം ഈ കത്തിൽ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി അന്വേഷണച്ചുമതല എൻ.ഐ.എ. ഏറ്റെടുത്തുകഴിഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട എന്ത് സഹായവും ചെയ്യാൻ സംസ്ഥാനസർക്കാർ ഒരുക്കമാണെന്ന് ഈ കത്ത് വഴി മുഖ്യമന്ത്രി അറിയിച്ചിരുന്നു.

സമൂഹത്തിനും പൊതുജനങ്ങൾക്കും നിഷ്പക്ഷമായ പൊതുഭരണത്തിൽ താത്‌പര്യമുണ്ട്. അതിനാൽ ഒരു പൊതുപ്രവർത്തകൻ സമൂഹത്തോട് കടപ്പെട്ടിരിക്കുന്നു. അതിന്റെ ഭാഗമാണ് ഈ കേസന്വേഷണം ഫലപ്രദമായ  ഏജൻസിയെക്കൊണ്ട്  കേന്ദ്രസർക്കാർ നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇത് ഉയർന്ന നീതിബോധത്തിന്റെ തെളിവാണ്. 

ഇതിനിടയിൽ, പ്രതിസ്ഥാനത്തുള്ള സ്ത്രീയെ ജൂലായ്‌ ആറിനുതന്നെ ഐ.ടി. വകുപ്പിന്റെ  നിയന്ത്രണത്തിലുള്ള  പ്രോജക്ടിന്റെ കൺസൽട്ടൻസിക്കുകീഴിലെ പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റിലെ കൺസൽട്ടന്റ് സ്ഥാനത്തുനിന്ന് നീക്കി. ഇവരുടെ പേരിനൊപ്പം പരാമർശിക്കപ്പെട്ട ഐ.ടി. സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കറിനെയും തത്‌സ്ഥാനത്തുനിന്ന് ഒഴിവാക്കി. 

ഇപ്പോൾ പുറത്തുവന്ന, വിവാദവനിതയുടെ  കൃത്രിമസർട്ടിഫിക്കറ്റ് കാട്ടി നേടിയ നിയമനത്തെക്കുറിച്ച്  അന്വേഷിക്കാൻ ഭരണതലത്തിൽത്തന്നെ ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി. സംസ്ഥാനസർക്കാർ ചെയ്യേണ്ടതും കേന്ദ്രസർക്കാരിനെക്കൊണ്ട് ചെയ്യിക്കേണ്ടതുമായ കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് എന്ത് വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്? ഇതിനപ്പുറം ഒരു സർക്കാരിനും അതിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രിക്കും എന്താണ് ചെയ്യാൻ കഴിയുക? ഇത് ബോധ്യപ്പെടുന്നതിനുപകരം അന്വേഷണത്തിന്റെ ഗതി മറ്റൊരു ഭാഗത്തേക്ക് തിരിച്ചുവിടാൻ ശ്രമിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? പ്രതികളെ പിടിക്കലല്ല, സർക്കാരിനെ തകർക്കലാണ് യു.ഡി.എഫി.ന്റെയും ബി.ജെ.പി.യുടെയും ലക്ഷ്യം. അതിനു കേരള ജനതയെ കിട്ടില്ല. 

താഴെപ്പറയുന്ന ചില ചോദ്യങ്ങൾക്ക്‌ യു.ഡി.എഫും ബി.ജെ.പി.യും മറുപടി നൽകുമോ? 

നയതന്ത്രചാനൽ വഴി വന്ന ബാഗ്, നയതന്ത്രചാനൽ വഴിയല്ല കൊണ്ടുവന്നതെന്ന കേന്ദ്ര വിദേശകാര്യസഹമന്ത്രി  വി. മുരളീധരന്റെ പരാമർശം ഏതു പ്രേരണയിൽ നിന്നാണ് രൂപപ്പെട്ടത്? ഇത് യഥാർഥപ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് സഹായകമാണോ? 

നയതന്ത്ര പരിരക്ഷയുള്ള ബാഗേജിൽനിന്നാണ് 30 കിലോ സ്വർണം പിടിച്ചതെന്ന് എൻ.ഐ.എ.യുടെ എഫ്‌.ഐ.ആറിലും കസ്റ്റംസിന്റെ റിമാൻഡ് റിപ്പോർട്ടിലും പറയുന്നുണ്ട്. എന്നാൽ, കേസ് എൻ.ഐ.എ.ക്ക്‌ കൈമാറിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ, 14 യാത്രക്കാരിൽനിന്നാണ് 30 കിലോസ്വർണം പിടിച്ചതെന്നാണ് പറയുന്നത്. ഇത് ശരിയാണെങ്കിൽ എൻ.ഐ.എ.യുടെ പ്രതിപ്പട്ടികയിലും കസ്റ്റംസിന്റെ റിമാൻഡ് റിപ്പോർട്ടിലും എന്തുകൊണ്ട് ഈ 14 യാത്രക്കാരുടെ പേര് ഉൾപ്പെട്ടില്ല?

സ്വർണക്കള്ളക്കടത്ത് ബാഗ് വിട്ടുകൊടുക്കാൻ കസ്റ്റംസ് അധികൃതരെ കൊച്ചിയിലുള്ള ബി.എം.എസ്. നേതാവ് വിളിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇദ്ദേഹത്തെ കസ്റ്റംസ് ഒൻപതു മണിക്കൂർ ചോദ്യംചെയ്ത് തത്‌കാലം  വിട്ടയച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?  

രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഗൗരവമുള്ള ഈ കേസിൽ പ്രതികൾക്കുവേണ്ടി മുൻകൂർ ജാമ്യഹർജിക്ക്  വക്കാലത്ത് ഏറ്റെടുത്തത് സംഘപരിവാറിനു കീഴിലുള്ള ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ സജീവ പ്രവർത്തകനാണ്. ഇതിന്  വഴിയൊരുക്കിയത് ആരാണ്?

 കോവിഡ്-19 കാലത്തെ നിയന്ത്രണങ്ങളിൽ കേരളത്തിൽനിന്ന് അന്യസംസ്ഥാനങ്ങളിലേക്കുപോകാൻ ഒരു നിയന്ത്രണവും ഇല്ലാതിരിക്കെ, കർണാടക  സംസ്ഥാനസർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പാസ് വാങ്ങി ബെംഗളൂരുവിലേക്ക്  പ്രതികൾ രക്ഷപ്പെട്ടത് ആരുടെ സഹായത്തോടെയാണ്? ​െബംഗളൂരുവിൽ പ്രതികൾക്ക് ഒളിത്താവളം ലഭ്യമാക്കിയത് ആരാണ്?

പ്രധാനപ്രതി സന്ദീപ് നായർ തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി.  കൗൺസിലറുടെ ഡ്രൈവറും സജീവ ബി.ജെ.പി. പ്രവർത്തകനുമല്ലേ?  നെടുമങ്ങാട്ട് സി.പി.എം. പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതിയല്ലേ? 

നിയമപരമായി എൻ.ഐ.എ. അന്വേഷിക്കേണ്ട ഈ കേസ് സി.ബി.ഐ. ആണ് അന്വേഷിക്കേണ്ടതെന്നും എൻ.ഐ.എ. അല്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത് ആരെ രക്ഷിക്കാനാണ്? 

പെരിന്തൽമണ്ണയിൽനിന്ന്‌ 2020  ജൂലായ്‌ 12-ന് അറസ്റ്റുചെയ്ത റമീസ്, മുമ്പ്‌ സ്വർണം കടത്തൽ, തോക്കുകടത്തൽ, മാൻവേട്ട തുടങ്ങി ഒട്ടേറെ കേസുകളിൽപ്പെട്ട് അറസ്റ്റുചെയ്യപ്പെടുകയും ഉന്നതസ്വാധീനത്തിന്റെ ഫലമായി രക്ഷപ്പെടുകയും ചെയ്തത് ആരുടെ തണലിലായിരുന്നു? ഏതു സർക്കാർ അധികാരത്തിലിരുന്നപ്പോഴാണ്?  ഇയാൾ മുസ്‌ലിംലീഗിന്റെ അന്തരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ പ്രമുഖനേതാക്കളുടെ അടുത്ത ബന്ധുവല്ലേ?  

ഈ കേസിൽ പ്രധാനം, ആര് സ്വർണം അയച്ചു, ആർക്കുവേണ്ടി അയച്ചു, എന്തിന് അയച്ചു എന്നതാണ്. ഇത്രയും വലിയ അളവിൽ സ്വർണം കൊണ്ടുവരാൻ തുക മുടക്കാൻ കഴിയുന്ന ഭീമൻ ആരാണ്?  ഈ ദിശയിൽ അന്വേഷണം നടക്കുന്നതിന് എന്തുകൊണ്ട് പ്രാധാന്യം നൽകുന്നില്ല?

(പട്ടികജാതി-വർഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌കാരിക, പാർലമെന്ററികാര്യ വകുപ്പ് മന്ത്രിയാണ് ലേഖകൻ)