തെലങ്കാന തരംഗം

? ഇക്കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിലെ രാഷ്ട്രീയജീവിതത്തിനിടയിൽ ആദ്യമായി താങ്കൾ വോട്ടുചെയ്യാൻ പോവുകയാണ്. എന്താണ് ഈ തീരുമാനത്തിനു പിന്നിൽ.

= ഞാൻ ഇതുവരെ വോട്ടുചെയ്തിട്ടില്ല. കാരണം പാർലമെന്ററി ജനാധിപത്യത്തിൽ ഞാൻ വിശ്വസിച്ചിരുന്നില്ല. സായുധവിപ്ലവത്തിലൂടെ മാത്രമേ  ഇന്ത്യയുടെ മോചനം സാധ്യമാവൂ എന്ന ചിന്തയായിരുന്നു അതിനുപിന്നിൽ. ഇപ്പോൾ ഞാൻ ആ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നില്ല. തീവ്രവാദത്തിന്റെ വഴികളല്ല ജനാധിപത്യത്തിന്റെ മധ്യമാർഗമാണ് ശരിയെന്ന തിരിച്ചറിവാണ് ഇപ്പോൾ എന്നെ നയിക്കുന്നത്. വോട്ടാണ് ഇപ്പോൾ എന്റെ ആയുധം. ഈ തിരഞ്ഞെടുപ്പിൽ ഞാൻ വോട്ടുചെയ്യും.

? ഇന്ത്യൻ സാഹചര്യങ്ങളും യാഥാർഥ്യവും മനസ്സിലാക്കുന്നതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പരാജയപ്പെട്ടുവെന്ന വിമർശനം അസ്ഥാനത്തല്ലെന്ന് താങ്കൾ കരുതുന്നുണ്ടോ.
= മാർക്സിസത്തിന്റെ യാന്ത്രികമായ പ്രയോഗമാണ് പ്രശ്നമായത്. റഷ്യൻ ലൈനിനും ചൈനീസ് ലൈനിനുമിടയിലുള്ള സംഘർഷങ്ങളായിരുന്നു ഒരു കാലത്ത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവർത്തനരീതി നിർണയിച്ചത്. ഇന്ത്യൻ അവസ്ഥകൾക്കനുസരിച്ചാണ് മാർക്സിസം നടപ്പാക്കേണ്ടിയിരുന്നത്. ജാതി ഇന്ത്യയിലെ വലിയൊരു യാഥാർഥ്യമാണ്. ജാതിക്കെതിരായ പോരാട്ടം മാറ്റിനിർത്തി വർഗസമരം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നതാണ്‌ വാസ്തവം.

? മാർക്സിനെയും ലെനിനെയും മാവോയെയും ഏറ്റെടുത്തപ്പോൾ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അംബദ്കറെ തിരിച്ചറിയാതെ പോയി എന്ന വിമർശനമാണോ താങ്കൾ ഉയർത്തുന്നത്.
= ശരിയാണ്. കമ്യൂണിസം വരട്ടുവാദമല്ലെന്ന നിലപാട് ഒരു വശത്തുയർത്തുമ്പോൾതന്നെ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ രൂപപ്പെടുത്തുന്നതിനു കഴിയാതെ പോയി. ജാതിയും തൊഴിലും തമ്മിൽ ഇന്ത്യയിലുള്ള ബന്ധം എത്രയോ ആഴത്തിൽ ഉൾച്ചേർന്നതാണ്. ഇതിനെ അഭിസംബോധനചെയ്യുന്നതിലുണ്ടായ അനവധാനതയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ചുമടായത്.
നൂറ്റാണ്ടുകൾക്കുമുമ്പ് ഭക്തിപ്രസ്ഥാനം ജാതിയുടെ തിന്മൾക്കെതിരേ പോരാടിയിരുന്നു. അംബേദ്കറും ഫുലെയും നാരായണഗുരുവുമൊക്കെ ഈ പോരാട്ടത്തിലെ പങ്കാളികളാണ്. ഇവർ നേതൃത്വം നൽകിയ സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളുടെ സാംഗത്യം ഉൾക്കൊള്ളുന്നതിന് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കായില്ല. ശരിക്കുള്ള ജനകീയ മുന്നേറ്റങ്ങളായിരുന്നു അവയെല്ലാം. ജാതിയെ മാത്രമല്ല ദൈവത്തെയും ചോദ്യംചെയ്തുകൊണ്ടുള്ള മുന്നേറ്റങ്ങൾ. ഈ പരിസരത്തിലാണ് മാർക്സിസത്തിനൊപ്പം അംബദ്കറെയും ഫുലെയെയും ഉൾക്കൊള്ളണമെന്ന് ഞാൻ പാർട്ടിയിൽ ആവശ്യപ്പെട്ടത്. എന്റെ വാദം നേതൃത്വം നിരാകരിച്ചു. അതോടെ ഞാൻ പാർട്ടിയുമായി വേർപിരിഞ്ഞു. എ.കെ. ഗോപാലനും പി. സുന്ദരയ്യയുമൊക്കെയുണ്ടായിരുന്ന ഒരു

പാർട്ടിയുടെ ഇന്നത്തെ അവസ്ഥയെന്താണ്. ഇവിടെ തെലങ്കാനയിൽ ഇന്നിപ്പോൾ ഒരു സീറ്റിൽ ജയിക്കാൻ കമ്യൂണിസ്റ്റ് പാർട്ടികൾ പെടാപ്പാടുപെടുകയാണ്.

? തെലങ്കാന രാഷ്ട്രസമിതി കമ്യൂണിസ്റ്റ് പാർട്ടി എം. എൽ.എ.മാരെയും നേതാക്കളെയും വിലയ്ക്കെടുക്കുന്ന കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു.
= തീർച്ചയായും. വോട്ട് ചെയ്യുന്നതിനെക്കുറിച്ച് ഞാൻ നേരത്തേ പറഞ്ഞു. ഇന്നിപ്പോൾ വോട്ട് വിലയ്ക്കെടുക്കുന്ന പ്രക്രിയയുമുണ്ട്. കോർപ്പറേറ്റുകളും ഭരണകൂടവും മാഫിയയും രാഷ്ട്രീയനേതാക്കളുംചേർന്ന് വോട്ട് വാങ്ങിക്കൂട്ടുകയാണ്. ഈ ജീർണതയ്ക്കെതിരേകൂടിയാണ് ഞങ്ങളിപ്പോൾ പോരാടുന്നത്. സാധാരണക്കാരുടെ ഏറ്റവും ശക്തമായ ആയുധമാണ് വോട്ട്.

? ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായതോടെ അവകാശങ്ങൾ നേടിയെടുക്കാൻ ജനാധിപത്യ മാർഗങ്ങളാണ് അവലംബിക്കേണ്ടതെന്ന് അംബേദ്കർ പറഞ്ഞിരുന്നു. അരാജകത്വത്തിന്റെ വ്യാകരണം ഇനി വേണ്ടെന്നായിരുന്നു അംബദ്കറിന്റെ പരാമർശം. ഇതു തന്നെയല്ലേ താങ്കളും സൂചിപ്പിക്കുന്നത്.
= ശത്രുക്കളുടെ വലിയൊരുനിരയാണ് സാധാരണക്കാർക്കെതിരേയുള്ളത്. ബ്രാഹ്മണ-ഹിന്ദുത്വ- സാമ്രാജ്യത്വശക്തികളുടെ മുന്നണിയാണിത്. ഇവർക്കെതിരേ ബുദ്ധിപരമായ യുദ്ധമാണ് നടത്തേണ്ടത്. എല്ലാവിഭാഗങ്ങളിലുമുള്ള അടിച്ചമർത്തപ്പെട്ടവരെയും ഒന്നിച്ചുനിർത്തിയാണ് ഈ പോരാട്ടം നയിക്കേണ്ടത്. ജനാധിപത്യത്തിൽ അതിനവസരമുണ്ട്.

? ഈ പോരാട്ടത്തിന്റെ ഭാഗമായാണ് താങ്കൾ ഇപ്പോൾ തെലങ്കാന തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നത്. പക്ഷേ, എന്തുകൊണ്ടാണ് താങ്കൾ കോൺഗ്രസ് സഖ്യത്തെ പിന്തുണയ്ക്കുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടങ്ങൾക്കെതിരേയായിരുന്നു കഴിഞ്ഞ കുറേക്കാലം താങ്കളുടെ പോരാട്ടം.
= ഞാൻ കോൺഗ്രസിൽ ചേർന്നിട്ടില്ല. ഭരണഘടനയെ സംരക്ഷിക്കുക, രാഷ്ട്രത്തെ സംരക്ഷിക്കുക, മതേതരത്വം നീണാൾ വാഴട്ടെ എന്നീ മുദ്രാവാക്യങ്ങളാണ് ഞാൻ ഇപ്പോൾ ഉയർത്തുന്നത്. ഇതേ മുദ്രാവാക്യങ്ങൾ തന്നെയാണ് കോൺഗ്രസും ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഞാനും എന്റെ ഭാര്യയും മക്കളും അടുത്തിടെ സോണിയാഗാന്ധിയെയും രാഹുലിനെയും കണ്ടിരുന്നു. മതേതരത്വത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിൽ ഞങ്ങൾ ഒപ്പമുണ്ടാവുമെന്ന് ഞാൻ അവരോട് പറഞ്ഞു. ഇതിന്റെയർഥം എല്ലാകാര്യത്തിലും എനിക്ക് കോൺഗ്രസിനോട് യോജിപ്പുണ്ടെന്നല്ല. ചന്ദ്രബാബു നായിഡുവിന്റെ ഭരണത്തിലാണ് എനിക്കു വെടിയേറ്റത്. ആ നായിഡുവിനൊപ്പം ഞാൻ വേദിയിൽ ഒന്നിച്ചിരുന്നതിനെ പലരും വിമർശിക്കുന്നുണ്ട്. പക്ഷേ, ഇത് ഒന്നിച്ചുനിൽക്കേണ്ട സമയമാണെന്നുതന്നെയാണ് ഞാൻ കരുതുന്നത്.

? കൂടുതൽ വലിയ ശത്രുവിനെതിരേയുള്ള അനിവാര്യമായ ഐക്യം എന്നാണോ താങ്കൾ പറഞ്ഞുവരുന്നത്.
= അതെ. അതാണ് പ്രകൃതിയുടെ നിയമം. വലിയ ശത്രുക്കൾക്കെതിരേ ദുർബലർ ഒന്നിച്ചുനിൽക്കണം. എല്ലായിടത്തും ഭൂരിപക്ഷ മതത്തിന്റെ ശാസനകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ്. പ്രണയത്തിനുമേൽ, കഴിക്കുന്ന ഭക്ഷണത്തിനുമേൽ എല്ലായിടത്തും വിലക്കുകളാണ്. ഇതിനെതിരേ എല്ലാ ജനാധിപത്യവിശ്വാസികളും ഒന്നിച്ചേ മതിയാവൂ.

? തെലങ്കാനയിലെ ജനങ്ങൾ ആരെ തിരഞ്ഞെടുക്കുമെന്നാണ് താങ്കൾ കരുതുന്നത്.
= ചന്ദ്രശേഖർ റാവു സർക്കാരിനെതിരേ നിശ്ശബ്ദമായൊരു തരംഗം തെലങ്കാനയിൽ വീശുന്നുണ്ട്.  യുവാക്കളും ഭൂരഹിതകർഷകരുമൊക്കെ റാവുവിന്റെ ഭരണത്തിൽ അസംതൃപ്തരാണ്. ഇത് തീർച്ചയായും വോട്ടെടുപ്പിൽ പ്രതിഫലിക്കും.

? ആത്മീയജനാധിപത്യത്തെക്കുറിച്ച് താങ്കൾ പറയുകയുണ്ടായി. അടുത്തിടെ ചില ക്ഷേത്രങ്ങൾ താങ്കൾ സന്ദർശിച്ചിരുന്നു. ശബരിമല സന്ദർശിക്കാൻ ഉദ്ദേശ്യമുണ്ടോ
= അടിസ്ഥാനപരമായി ഞാൻ ഒരു കവിയാണ്. ഒരു കവിക്ക് ഒന്നും അന്യമല്ല. ശബരിമലയെക്കുറിച്ചും കേരളത്തെക്കുറിച്ചും ഞാൻ കവിതകളെഴുതിയിട്ടുണ്ട്. എനിക്കറിയാവുന്ന ഒരു ഗുണ്ട മലയ്ക്ക് പോവാൻ മാലയിട്ടതോടെ 41 ദിവസം തീർത്തും മര്യാദക്കാരനായി. നിങ്ങൾ എന്നും വ്രതമെടുക്കൂ എന്നാണ് ഞാൻ അയാളോട് പറഞ്ഞത്. ഇന്ത്യയിൽ ഏതു മതത്തിലും ദൈവത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതു കൂടിയാണ് ഇന്ത്യയെ മനോഹരമാക്കുന്നത്.

? വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താങ്കൾ കോൺഗ്രസ് മുന്നണിക്കുവേണ്ടി പ്രചാരണരംഗത്തുണ്ടാവുമോ.
=അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഞാൻ പുതിയ രാഷ്ട്രീയപ്പാർട്ടിക്ക് രൂപം നൽകും.

? താങ്കളുടെ രാഷ്ട്രീയപ്പാർട്ടി കോൺഗ്രസ് മുന്നണിക്കൊപ്പമാണോ നിൽക്കുക.
= പുതിയൊരു രാഷ്ട്രീയപ്പാർട്ടിയെന്നാൽ പുതിയ പരീക്ഷണമാണ്. ഒരു കമ്യൂണിസ്റ്റുകാരൻ, ഒരു കവി പരീക്ഷണങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കരുത്. കോൺഗ്രസിനും ഇതര സമാന ചിന്താഗതിയുള്ള പാർട്ടികൾക്കുമിടയിൽ ഒരു രാഷ്ട്രീയ പാലമാവാൻ എനിക്കു കഴിയും.