ഛത്തീസ്ഗഢ്‌ കുറിപ്പുകൾ

രണ്ടാംഘട്ടം ഇങ്ങനെ
90 അംഗ നിയമസഭയിലെ 72 മണ്ഡലങ്ങളാണ്‌ ചൊവ്വാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ 19,262 പോളിങ് ബൂത്തുകളിലേക്കെത്തുക. മാവോവാദിഭീഷണി നിലനിൽക്കുന്ന മണ്ഡലങ്ങളെല്ലാം ആദ്യഘട്ടത്തിൽ ബൂത്തിലെത്തിയെന്ന്‌ കരുതിയെങ്കിൽ തെറ്റി. ഛത്തീസ്ഗഢിന്റെ മാവോവാദിപ്രശ്‌നം ബസ്തറിലും രാജ്‌നന്ദഗാവിലുമുള്ള 18 മണ്ഡലങ്ങളിലൊതുങ്ങില്ല. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നവ 19 ജില്ലകളിൽ ഗരിയബന്ദ്, ധംതരി, മഹാസമുന്ദ്, കബീർധാം, ജാഷ്‌പുർ, ബൽറാംപുർ എന്നീ ആറുജില്ലകളിൽ മാവോവാദിസാന്നിധ്യമുണ്ട്. ഇവിടെ ശക്തമായ സുരക്ഷയിലാണ്‌ തിരഞ്ഞെടുപ്പ് നടക്കുന്നത്.
അധികാരം കൈവിടാൻ മടിക്കുന്ന ബി.ജെ.പി.യും ഒരു തോൽവികൂടിയായാൽ ഛത്തീസ്ഗഢ് രാഷ്ട്രീയത്തിൽ സ്ഥാനമുണ്ടാവില്ലെന്ന യാഥാർഥ്യം ഉൾക്കൊണ്ട കോൺഗ്രസും കൈമെയ് മറന്നാണ് ഇവിടെ പോരാടുന്നത്. അജിത് ജോഗിയുടെ ഛത്തീസ്ഗഢ് ജനതാ കോൺഗ്രസും സംസ്ഥാനത്ത്‌ ഭേദപ്പെട്ട സ്വാധീനമുള്ള ബി.എസ്.പി.യും ഒരുമിച്ചെത്തുമ്പോൾ  അപ്രവചനീയമായ കാഴ്ചകൾക്കാവും വോട്ടെണ്ണൽദിനം സാക്ഷ്യംവഹിക്കുക.

ഇതാണ്‌ ഛത്തീസ്ഗഢ്
ജില്ലാടിസ്ഥാനത്തിൽ ഛത്തീസ്ഗഢിനെ അഞ്ചു മേഖലകളായാണ്‌ തിരിച്ചിരിക്കുന്നത്. അതിൽ ബസ്തർമേഖല പൂർണമായും ദുർഗ് മേഖലയിലെ രാജ്‌നന്ദ്ഗാവ് ജില്ലയും ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലെത്തിയിരുന്നു. ബാക്കിയുള്ള സർഗുജ, ബിലാസ്‌പുർ, റായ്‌പുർ മേഖലകളും ദുർഗിലെ രാജ്‌നന്ദ്ഗാവ് ഒഴിച്ചുള്ള ജില്ലകളുമാണ്‌ രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കൂട്ടത്തിൽ സർഗുജയിലും ബിലാസ്‌പുരിലും അരങ്ങേറുന്ന ത്രികോണമത്സരങ്ങൾക്ക്‌ സംസ്ഥാനരാഷ്ട്രീയം എങ്ങോട്ട്‌ തിരിയുമെന്ന്‌ തീരുമാനിക്കാനാവും.

സർഗുജ
കാടും ഖനികളുമുള്ള സർഗുജയിൽ ഗോത്രവർഗക്കാരാണ്‌ ഭൂരിപക്ഷമെങ്കിലും കാര്യങ്ങൾ തീരുമാനിക്കുന്നത്‌ പതിറ്റാണ്ടുകളായി രാജകുടുംബങ്ങളാണ്. അതിന്റെ പ്രതിഫലനമാണ്‌ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളുടെ സ്ഥാനാർഥിപ്പട്ടികയിൽ പ്രകടമായത്. മേഖലയിലെ അഞ്ചു ജില്ലകളിലായിക്കിടക്കുന്ന 14 സീറ്റുകളിൽ നാലെണ്ണത്തിലും ബി.ജെ.പി.ക്കും കോൺഗ്രസിനും സ്ഥാനാർഥികൾ രാജകുടുംബാംഗങ്ങൾതന്നെ. മേഖലയിലെ പത്തുസീറ്റുകൾ കൈവശമുണ്ടായിരുന്ന ബി.ജെ.പി.ക്ക് ഇപ്പോൾ ഏഴുസീറ്റുകളാണുള്ളത്. കോൺഗ്രസും ഏഴുസീറ്റുകൾ നേടി തുല്യത പാലിക്കുകയാണ്. സർഗുജയിലെ ഒമ്പതുമണ്ഡലങ്ങളും ഗോത്രവർഗ സംവരണമുള്ളവയാണ്. ഇവിടങ്ങളിൽ ആദ്യം സ്വാധീനം ബി.ജെ.പി.ക്കായിരുന്നെങ്കിലും ഇപ്പോൾ മേൽക്കൈ നഷ്ടപ്പെട്ടുകഴിഞ്ഞു.
ഒരുകാലത്ത്‌ മാവോവാദിപ്രശ്‌നം നിലനിന്നിരുന്ന സർഗുജയിലെ പല മണ്ഡലങ്ങളിലും ഇന്ന്‌ പ്രശ്‌നം കാട്ടാനശല്യവും കൽക്കരിഖനനവുമാണ്. 

ബിലാസ്‌പുർ
ഛത്തീസ്ഗഢിലെ ഏറ്റവും നിർണായകമായ മേഖലയാണ് 24 സീറ്റുകളുള്ള ബിലാസ്‌പുർ. സംസ്ഥാനത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ബിലാസ്‌പുരിന്‌ സംസ്ഥാനം എങ്ങോട്ടുതിരിയുമെന്ന്‌ തീരുമാനിക്കാൻ കഴിയും. അഞ്ചു ജില്ലകളാണ്‌ മേഖലയിലുള്ളത്. കഴിഞ്ഞതവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇവിടെ നടന്നത്. ബി.ജെ.പി. 12 സീറ്റും കോൺഗ്രസ് 11 സീറ്റും നേടിയപ്പോൾ ശേഷിച്ച സീറ്റ് ബി.എസ്.പി.ക്ക്‌ ലഭിച്ചു. രണ്ടു മണ്ഡലങ്ങളിൽ രണ്ടാമതും ഏഴ്‌ മണ്ഡലങ്ങളിൽ മൂന്നാമതെത്തുകയും ചെയ്ത ബി.എസ്.പി. ഇത്തവണ ജോഗിയോടൊപ്പം ചേർന്ന്‌ ബി.ജെ.പി.ക്കും കോൺഗ്രസിനും കടുത്ത വെല്ലുവിളി ഉയർത്തുമെന്നുറപ്പാണ്. ജോഗി മത്സരിക്കുന്ന മർവാഹിയും ബിലാസ്‌പുർ മേഖലയിലാണ്. മാത്രമല്ല, ജോഗിയുടെ ഭാര്യയും കോൺഗ്രസും സ്ഥാനാർഥിയുമായ രേണു ജോഗി മത്സരിക്കുന്ന കോട്ടയും ജോഗിയുടെ മരുമകൾ റിച്ച ജോഗി ബി.എസ്.പി. ടിക്കറ്റിൽ മത്സരിക്കുന്ന അകൾട്ടാരയും ഇവിടെത്തന്നെയാണ്.

ഇത്തവണ ഇവിടെയുള്ള 14 മണ്ഡലങ്ങളിൽ ജോഗിയുടെ ഛത്തീസ്ഗഢ് ജനതാ കോൺഗ്രസ് മത്സരിക്കുമ്പോൾ ബാക്കിയുള്ള പത്തു മണ്ഡലങ്ങളിൽ ബി.എസ്.പി.യാണ്‌ ജനവിധി തേടുന്നത്. ദളിത്, ഗോത്രവർഗ സ്വാധീനമുള്ള ബിലാസ്‌പുരിൽ ഇരുകക്ഷികളും ആത്മവിശ്വാസത്തിലാണ്. അഞ്ചുസീറ്റുകളാണ് ഇവിടെ ഗോത്രവർഗ സംവരണമുള്ളത്. നാലെണ്ണത്തിൽ പട്ടികജാതി സംവരണവും.