രിത്രമെന്നാൽ സംഭവങ്ങളുടെ കാലാനുസൃത വിവരണമോ ഭൂതകാലത്തേക്ക് തുറന്നുവെച്ചിട്ടുള്ള കണ്ണാടിയോ മാത്രമല്ല. മറിച്ച് കഴിഞ്ഞുപോയ കാലങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട്‌ ഭാവിയിലേക്ക് വെളിച്ചം വിതറുന്നതും പുതിയ തുടക്കത്തിലേക്ക് വഴിതെളിക്കുന്നതുമായ ദീപസ്തംഭമായും അത് വർത്തിക്കുന്നു. ചില സമയങ്ങളിൽ സുരക്ഷിതവും പ്രകാശപൂർണവുമായ ഭാവിക്കായി ചരിത്രത്തിലെ ചില ഏടുകൾ കടമെടുക്കേണ്ടത്‌ അനിവാര്യമാണ്. ഒരു രാജ്യത്തിന്റെ ഭാവിയെത്തന്നെ മാറ്റിമറിക്കുന്ന ചില മുഹൂർത്തങ്ങൾ എല്ലാ രാജ്യങ്ങളുടെയും ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടാകും.

ഇന്ത്യൻ സ്വാതന്ത്യ്രസമര പോരാട്ടത്തെ മാറ്റിമറിച്ച സംഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ക്വിറ്റിന്ത്യ സമരമായിരുന്നുവെന്ന് നിസ്സംശയം പറയാം. ഇന്ത്യൻ സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളെ ത്വരപ്പെടുത്തിയതും രാജ്യത്തെയൊന്നാകെ ഒരു കുടക്കീഴിൽ കൊണ്ടുവന്നതും ക്വിറ്റിന്ത്യ സമരമാണ്.

മഹാത്മാഗാന്ധിയുടെ സമരാഹ്വാനത്തിന് പിന്നാലെത്തന്നെ അദ്ദേഹത്തെയും അദ്ദേഹത്തിന് പിന്നിൽ അണിനിരന്ന ആയിരക്കണക്കിന് പേരെയും സമരനേതാക്കളെയും ബ്രിട്ടീഷുകാർ അറസ്റ്റുചെയ്ത് ജയിലിലടച്ചു. രാജ്യത്തൊട്ടാകെ നടത്തിയ അക്രമങ്ങളിലൂടെ വളരെ ക്രൂരമായാണ് ബ്രിട്ടീഷുകാർ ക്വിറ്റിന്ത്യ സമരത്തെ നേരിട്ടത്.

1942 ഓഗസ്റ്റ് എട്ടിന് നടത്തിയ പ്രസംഗത്തിൽ മഹാത്മാഗാന്ധി പറഞ്ഞത് ഇങ്ങനെയാണ്: “ഇന്ത്യയെക്കാൾ കൂടുതൽ ജനാധിപത്യപരമായി സ്വാതന്ത്ര്യസമരവുമായി മുന്നോട്ടുപോയിട്ടുള്ള മറ്റൊരു സംഭവം ലോകചരിത്രത്തിലുണ്ടായിട്ടില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജയിൽവാസകാലത്ത് കാർലൈൽ എഴുതിയ ഫ്രഞ്ച് വിപ്ലവചരിത്രം വായിക്കുകയുണ്ടായി. റഷ്യൻ വിപ്ലവത്തെക്കുറിച്ച് ജവഹർലാൽ നെഹ്രുവും കുറേക്കാര്യങ്ങൾ പറഞ്ഞു. എന്നാൽ, അവയൊക്കെയും ജനാധിപത്യപരമായ മൂല്യങ്ങളെ മാറ്റിനിർത്തി പകരം ആയുധങ്ങളുപയോഗിച്ചും അക്രമങ്ങളെ അടിസ്ഥാനമാക്കിയും ഉള്ളവയായിരുന്നു. എന്നാൽ, ഞാൻ മനസ്സിലാക്കിയിടത്തോളം ജനാധിപത്യമെന്നത് അഹിംസയിലൂന്നിയതും എല്ലാവർക്കും തുല്യസ്വാതന്ത്ര്യം ഉറപ്പുനൽകുന്നതുമാണ്. അത്തരത്തിലൊരു സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തിൽ അണിചേരാനാണ് ഞാനിന്ന് നിങ്ങളെ ക്ഷണിക്കുന്നത്. ഹിന്ദു, മുസ്‍ലിം എന്നിങ്ങനെയുള്ള വ്യത്യാസങ്ങൾ മറന്ന് ഇന്ത്യക്കാരനെന്നുള്ള ഒറ്റവികാരത്തോടെ നിങ്ങൾക്ക് മുന്നോട്ടുപോകാനാകുമെങ്കിൽ നിങ്ങൾക്ക് സ്വാതന്ത്ര്യത്തിനായുള്ള ഈ സമരത്തിൽ പങ്കെടുക്കാം”.

ഉടച്ചുവാർക്കപ്പെടേണ്ട സാമൂഹികനയങ്ങൾ

ഇന്ന്, സ്വാതന്ത്ര്യലബ്ധിയുടെ 71-ാം വാർഷികമാഘോഷിക്കാനൊരുങ്ങുമ്പോൾ നമ്മുടെ രാഷ്ട്രപിതാവിന്റെയും സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച നമ്മുടെ മറ്റ് ദേശീയനേതാക്കളുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി പ്രവർത്തിക്കുകയെന്നതാണ് നമ്മുടെ പ്രധാന കർത്തവ്യം. അതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത് നമ്മുടെ വ്യക്തിപരവും സാമൂഹികപരവുമായ സ്വപ്നങ്ങൾ കൂടിയാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏഴ് പതിറ്റാണ്ടുകളിൽ നമ്മുടെ രാജ്യം വളരെ മുന്നോട്ടുപോയെങ്കിലും എല്ലാ മേഖലകളിലും ആ വളർച്ചയെത്തിയെന്ന് പറയാനാവില്ല. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോഴും വികസന കാര്യങ്ങളിൽ ഏറ്റക്കുറച്ചിലുണ്ടെന്നത് വ്യക്തമാണ്.

അടുത്ത 15-20 വർഷങ്ങൾക്കുള്ളിൽ ലോകത്തെ മികച്ച സമ്പദ്‍വ്യവസ്ഥകളിലൊന്നാകാൻ നമ്മൾ തയ്യാറെടുക്കുന്ന ഈ സമയത്ത് ദാരിദ്ര്യം, നിരക്ഷരത, നഗര-ഗ്രാമീണ അന്തരം, ലിംഗവിവേചനം, കർഷക പ്രശ്നങ്ങൾ തുടങ്ങിയ തടസ്സങ്ങളിലുടക്കി ഇന്ത്യയുടെ വളർച്ച അട്ടിമറിക്കപ്പെടുന്ന സ്ഥിതി നമുക്ക് അനുവദിക്കാനാവില്ല. ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്ന തരത്തിലുള്ള ലക്ഷ്യങ്ങളുൾപ്പെടുത്തി നമ്മുടെ പൊതു, സാമൂഹിക നയങ്ങളെ ഉടച്ചുവാർക്കുന്നതിനുള്ള സമയമെത്തിക്കഴിഞ്ഞുവെന്നാണ് കരുതുന്നത്. ജാതി-മത-വർഗീയ-പ്രാദേശിക ചിന്തകൾക്കതീതമായി, മറ്റെല്ലാത്തിനും മുകളിൽ രാജ്യതാത്പര്യങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുന്ന പുതിയൊരിന്ത്യയെ പടുത്തുയർത്താൻ തക്കവണ്ണമുള്ളതാവണം ആ പുതിയ നയങ്ങൾ.

സാമൂഹികബോധം മുൻനിർത്തിയുള്ള വിദ്യാഭ്യാസം

പാവപ്പെട്ടവർ, പാർശ്വവത്കരിക്കപ്പെട്ടവർ, കർഷകർ, സ്ത്രീകൾ, ഗ്രാമീണ തൊഴിലാളികൾ, യുവാക്കൾ തുടങ്ങിയവരെ ശാക്തീകരിക്കാതെ പുരോഗതിയുടെ ചക്രങ്ങൾ വേഗത്തിൽ മുന്നോട്ടു ചലിക്കണമെന്ന് നമുക്ക്  ശഠിക്കാനാവില്ല. എല്ലാവിഭാഗക്കാരെയും സാമ്പത്തികപരവും രാഷ്ട്രീയപരവും സാമൂഹികപരവുമായി ശാക്തീകരിക്കുന്നതിനുള്ള ഏകമാർഗം അവർക്ക് വിദ്യാഭ്യാസം നൽകുകയെന്നതാണ്.  ലക്ഷക്കണക്കിന് വരുന്ന നമ്മുടെ കുട്ടികൾക്ക് സ്കൂൾവിദ്യാഭ്യാസം അന്യമാകുന്നതും വലിയൊരു വിഭാഗം സ്ത്രീകൾ നിരക്ഷരരായി തുടരുന്നതും മെറിറ്റുകൾ അട്ടിമറിക്കപ്പെടുന്നതും എല്ലാമേഖലകളും ഇടത്തരക്കാർ കൈയടക്കുന്നതും ഇനിയും അനുവദിച്ചുനൽകാനാവില്ല. എല്ലാ മേഖലകളിലെയും മൂല്യച്യുതിയെയും സാംസ്കാരിക ശോഷണത്തെയും തിരിച്ചറിയേണ്ടതുണ്ട്. സാമൂഹികബോധം ഊട്ടിയുറപ്പിക്കുന്നതാകണം വിദ്യാഭ്യാസം.

ഓർക്കുക, അംബേദ്‌കറുടെ വാക്കുകൾ

ഭരണഘടന നിലവിൽ വന്നിട്ട് 68 വർഷം പിന്നിട്ടുകഴിഞ്ഞു. എന്നാൽ, ദൈനംദിന ജീവിതത്തിൽ ഈ ആശയങ്ങൾ നടപ്പിൽ വരുത്തുന്നതിന് നമ്മളിനിയും ഏറെ ദൂരം മുന്നോട്ടുപോകേണ്ടതുണ്ട്. ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങൾക്ക് വിരുദ്ധമായ പ്രവണതകൾ രാജ്യത്തെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ അവസരത്തിൽ ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറുടെ വാക്കുകൾ ഒരിക്കൽക്കൂടി ഓർമിക്കാം. “സ്വാതന്ത്ര്യം നമുക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏല്പിച്ചുതരിക കൂടിയാണ്. എല്ലാ തെറ്റുകൾക്കും ബ്രിട്ടീഷുകാരെ പഴിക്കുന്നത് സ്വാതന്ത്ര്യലബ്ധിയോടെ ഇല്ലാതായിരിക്കുന്നു. ഇനിമുതൽ എന്തുതെറ്റ് സംഭവിച്ചാലും ഉത്തരവാദി നമ്മൾ മാത്രമായിരിക്കും.”

രാജ്യത്ത് ബ്രിട്ടീഷ് കോളനിവത്കരണം അവസാനിപ്പിക്കാൻ നമുക്കായി. രാജ്യത്തെ വിവിധയിടങ്ങളിൽ കൃത്യമായ ഇടവേളയിൽ തലപൊക്കുന്ന സാമൂഹിക തിന്മകൾക്ക് നേരെയുള്ള യുദ്ധം തുടരുന്നുവെന്നാണ് ഇനി ഉറപ്പുവരുത്തേണ്ടത്. ജാതീയത, വർഗീയത, അഴിമതി, മതഭ്രാന്ത്, അസഹിഷ്ണുത തുടങ്ങിയവയ്ക്കെതിരേ ശബ്ദമുയർത്തുകയും നമ്മുടെ മണ്ണിൽനിന്ന് അവയെ തുടച്ചുനീക്കുകയും വേണം.

സമ്പന്നമായ നമ്മുടെ മാനവ-വിഭവശേഷിയെ വേഗത്തിലുള്ളതും സുസ്ഥിരവുമായ വികസനത്തിനായി ഉപയോഗിക്കുന്നതിലൂന്നിയ പൊതുനയങ്ങളിലേക്ക് ശ്രദ്ധ നൽകണം. സാമ്പത്തികവും ജനസംഖ്യാപരവുമായ ഘടകങ്ങൾ നമുക്കനുകൂലമായി വരുന്ന ചരിത്രത്തിലെ അപൂർവം നിമിഷങ്ങളിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോകുന്നത്. നമ്മുടെ ജനതയുടെ ജീവിതത്തിൽ വലിയ മാറ്റം വരുത്തുന്നതിനുള്ള എല്ലാ  ശേഷിയും ആഭ്യന്തരതലത്തിൽത്തന്നെ ലഭ്യമാണെന്നിരിക്കെ ഈയവസരം നഷ്ടപ്പെടുത്തില്ലെന്ന് നമ്മൾ ഉറപ്പുവരുത്തണം.


ആരുടെ സ്വാതന്ത്ര്യം, ആരുടെ ജനാധിപത്യം?
കെ. അരവിന്ദാക്ഷന്‍

 

freedom democracy

ഗാന്ധിയുടെ 'ക്വിറ്റിന്ത്യ' ആഹ്വാനത്തെ  ഒറ്റിക്കൊടുത്തവരുടെ പിന്‍തലമുറയാണ്, നിര്‍ഭാഗ്യവശാല്‍ ഇന്ന് ഇന്ത്യ ഭരിക്കുന്നത്. 'ക്വിറ്റിന്ത്യ' പ്രസ്ഥാനത്തെ ബഹിഷ്‌കരിച്ചവരാണ് കേരളം ഭരിക്കുന്നത്. 'ക്വിറ്റിന്ത്യ' സമരങ്ങളില്‍ പങ്കെടുക്കുകയും പിന്നീട് ഗാന്ധിജിയും നെഹ്രുവും അംബേദ്കറും വിഭാവനം ചെയ്ത ജനാധിപത്യത്തെ വിഭാഗീയ-വര്‍ഗീയശക്തികള്‍ക്ക് അടിയറവ് വെയ്ക്കുകയും ചെയ്ത കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ദയനീയ പരാജയമാണ് നാമിന്നനുഭവിക്കുന്നത്. വര്‍ഗീയതയെ വര്‍ഗീയതകൊണ്ടോ അക്രമരാഷ്ട്രീയത്തെ അതേ അക്രമരാഷ്ട്രീയംകൊണ്ടോ അധഃകരിക്കാനാവില്ലെന്ന ജനാധിപത്യസത്യം ഒരു ജനതയെന്ന നിലയില്‍ നാം വിസ്മരിക്കുന്നു. ഇന്ത്യയിലെ ആദിവാസിയും ദളിതനും ന്യൂനപക്ഷസമുദായത്തിലെ ബഹുഭൂരിപക്ഷവും ദരിദ്രരായ കര്‍ഷകരും ചെറുകിട വ്യവസായികളും കൈവേലക്കാരും കൂലിത്തൊഴിലാളികളും കോര്‍പ്പറേറ്റുകളും അവരെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു ചൂഷണസംഘത്തിന്റെ മുഷ്ടികള്‍ക്കുള്ളില്‍ ഞെരിഞ്ഞമരുകയാണ്. എഴുപത് വര്‍ഷങ്ങള്‍ക്കുശേഷം ''ആരുടെ സ്വാതന്ത്ര്യം, ആരുടെ ജനാധിപത്യം'' എന്ന് ചോദിക്കേണ്ട ഗതികേടിലാണവര്‍.

വിപണിയുടെ കെണിയില്‍പ്പെട്ടവര്‍

ഇന്ത്യയില്‍ കാര്‍ഷികമേഖലയെ ആശ്രയിച്ച് ഉപജീവനം ചെയ്യുന്നവരായി മൊത്തം ജനസംഖ്യയില്‍ അറുപത് ശതമാനത്തോളം മനുഷ്യരുണ്ട്. വമ്പന്‍ കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയക്കാരുമായി ചേര്‍ന്നൊരുക്കുന്ന വിപണിയുടെ കെണിയിലാണവര്‍. ഇന്ത്യയുടെ ഗ്രാമങ്ങള്‍ അറുതിയുടെയും വറുതിയുടെയും ദുരന്തഭൂമികളായി മാറുകയാണ്.  

നൊബേല്‍ സമ്മാന ജേതാവായ സാമ്പത്തിക  ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്‍ വളരെ മുമ്പേ അഭിപ്രായപ്പെട്ടതുപോലെ ക്ഷാമമുണ്ടാകുന്നത് (ളമാശില) ധാന്യശേഖരങ്ങളുടെ കുറവുകൊണ്ടല്ല. ദരിദ്രര്‍ക്ക് ക്രയവിക്രയശേഷി  ഇല്ലാതാകുന്നതുകൊണ്ടാണ്. ദക്ഷിണ ഗുജറാത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി പഠനം നടത്തുന്ന ജാന്‍ ബ്രെമാന്‍ ഇത് സുവ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലിന്നും 76 ശതമാനം ജനങ്ങള്‍ ദരിദ്രരാണ്. അവരില്‍ 25  ശതമാനവും പാപ്പരാണ്. യാതൊന്നുമില്ലാത്തവര്‍. നരേന്ദ്രമോദിയുടെ പുതിയ ഇന്ത്യയില്‍ മേയ്ക്ക് ഇന്‍ ഇന്ത്യ എന്ന വമ്പന്‍ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് പാപ്പരായവരെയാണ്. ഇന്ത്യയില്‍ ജനിക്കുന്ന കുട്ടികളില്‍ നല്ലൊരു പങ്ക് പോഷകാഹാരമില്ലാതെ വളര്‍ച്ച സ്തംഭിച്ച് ആര്‍ക്കും വേണ്ടാത്തവരായിത്തീരുന്നവരാണ്. നോട്ട് റദ്ദാക്കലും ചരക്ക്-സേവനനികുതി പരിഷ്‌കാരങ്ങളും ദരിദ്രരായ കര്‍ഷകരെ കൂടുതല്‍ കടക്കെണിയിലാഴ്ത്തുകയാണുണ്ടായത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ ഭരണകൂടങ്ങള്‍ക്കുനേരെ തങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്കുവേണ്ടി വന്‍ റാലികള്‍ സംഘടിപ്പിച്ച് മുന്നേറുന്നത് ആശാവഹമായ കാര്യമാണ്.

ആള്‍ക്കൂട്ടനീതിയില്‍ സമൂഹം

ഇത്തരം ജനകീയ മുന്നേറ്റങ്ങളെ മതം, ജാതി എന്നീ വിഭജനങ്ങളിലൂടെ ധ്രുവീകരിച്ച് പരാജയപ്പെടുത്താന്‍ എല്ലാ തന്ത്രങ്ങളും സര്‍ക്കാര്‍ പയറ്റുന്നു.  ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ യഥാര്‍ഥപ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാനുള്ള ഒരു ശ്രമമായിട്ടാണ് കാണാന്‍ കഴിയുക. 2010 മുതല്‍ 2017 വരെയുള്ള കാലയളവില്‍ പശുവിന്റെ പേരില്‍ അറുപത് ആക്രമണങ്ങള്‍ മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും നേരെയുണ്ടായി. 28  പേര്‍ കൊല്ലപ്പെട്ടു. 124 പേര്‍ക്ക് പരിക്കേറ്റു. ഇവയില്‍ 90 ശതമാനം അക്രമങ്ങളും 2014-നു ശേഷമാണ്. ആള്‍ക്കൂട്ടക്കൊലകള്‍ കേരളത്തില്‍ പോലും അരങ്ങേറുകയുണ്ടായി. മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടത് ഓര്‍ക്കുമല്ലോ. ഇവരുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് 'അപരത്വ' നിര്‍മിതിയാണ്. ന്യൂനപക്ഷങ്ങള്‍, ദളിതുകള്‍, ആദിവാസികള്‍, ദരിദ്രര്‍ എന്നിവരെല്ലാം തന്നെ അപരന്മാരായി മുദ്രയടിക്കപ്പെടുന്നു. ഇവര്‍ രാജ്യദ്രോഹികളാണ്. മാവോവാദികളാണ്. ഭരണത്തിനുനേരെ പ്രതിഷേധം ഉയര്‍ത്തുന്ന എഴുത്തുകാര്‍, വിവരാവകാശപ്രവര്‍ത്തകര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം പുതിയ ഭരണാധികാരികളുടെ നിഘണ്ടുവില്‍ 'അപരന്മാ'രാണ് . ഇവര്‍ക്കുള്ള സ്ഥലം പാകിസ്താനാണെന്നാണ് ഭരണപക്ഷ രാഷ്ട്രീയക്കാരും അവരുടെ നേതാക്കളും ആവര്‍ത്തിക്കുന്നത്.

ഇന്ത്യയില്‍ ഇന്ന് നടമാടുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളെ വിശേഷിപ്പിക്കേണ്ടത് താലിബാനിസം എന്നാണ്. നവലിബറല്‍ കാലത്തെ മധ്യവര്‍ഗികള്‍ ഇതിനെ സര്‍വാത്മനാ പ്രോത്സാഹിപ്പിക്കുന്നതും കാണാം. ഇന്ത്യന്‍ ദേശീയതയെപ്പറ്റിയുള്ള ഭരണകര്‍ത്താക്കളുടെ പുതിയ നിര്‍മിതിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍. അസമിലെ മുന്നൂറ്റിമുപ്പത് ലക്ഷം ജനങ്ങളില്‍നിന്ന് നാല്പത് ലക്ഷം മനുഷ്യരാണ് കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയ ദേശീയ പൗരത്വ രജിസ്റ്ററില്‍നിന്ന് പുറത്താക്കപ്പെട്ടത്. അവര്‍ ഇന്ത്യയുടെ പൗരന്മാരല്ല.

ചൂഷണവും കല്പനയും

ഇന്ത്യയുടെ ഭാവികാലം പ്രകൃതിദുരന്തങ്ങള്‍ കൊണ്ട് പൗരന്മാരല്ലാതായി അഭയാര്‍ഥികളായിത്തീരുന്നവരുടെയും പട്ടിക ഉള്‍ക്കൊള്ളുന്നതായിരിക്കും. പശ്ചിമഘട്ടമലനിരകളും പാറകളും നദികളും കായലുകളും പാടശേഖരങ്ങളും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് രാഷ്ട്രീയ കക്ഷിഭേദമെന്യേ ചൂഷണത്തിനായി വിട്ടുകൊടുക്കുന്ന ഇന്ത്യയില്‍ വരും വര്‍ഷങ്ങളില്‍ ഇത്തരം അഭയാര്‍ഥികളുടെ പ്രവാഹമായിരിക്കും. നമ്മുടെ വന്‍ നഗരങ്ങള്‍, നമ്മുടെ കുട്ടനാട്, കടലോരങ്ങള്‍, മലയോരങ്ങള്‍ ഭാവിയില്‍ ഈ ദുരന്തത്തിന്റെ സാക്ഷികളായിരിക്കും.

നാം എന്ത് തിന്നണം, സസ്യാഹാരിയാകണോ, മാംസഭുക്കുകളാകണോ, എന്ത് വസ്ത്രമുടുക്കണം, എന്ത് ചിന്തിക്കണം, എന്ത് സ്വപ്നം കാണണം, എന്ത് കാണണം, കേള്‍ക്കണം എന്ന് കല്പിക്കാനും ഇന്ന് ഭരണകൂടങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. വലിയൊരു പങ്ക് മധ്യവര്‍ഗികളെയും അതിന് താഴെയുള്ളവരെയും സാമൂഹികമാധ്യമങ്ങളിലൂടെ ഇതിലേക്കെത്തിക്കാന്‍ സര്‍ക്കാരിന്റെ ഒത്താശയോടെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കാവുന്നു. സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും ചരിത്ര ഗവേഷണ കേന്ദ്രങ്ങളും ജനങ്ങളില്‍ ഇക്കാര്യത്തില്‍ പുതിയ അവബോധം-അടിമത്തത്തിന്റെയും പരസ്പരചൂഷണത്തിന്റെയും -സൃഷ്ടിക്കാനുള്ള പശ്ചാത്തലമൊരുക്കുന്നു. സത്യം തുറന്നെഴുതുന്ന മാധ്യമങ്ങള്‍ തുലോം ദുര്‍ലഭമായിരിക്കുന്നു. ഭരിക്കുന്ന സര്‍ക്കാരുകള്‍ തങ്ങളുടെ സ്വാധീനത്തിലുള്ള മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ പ്രീണിപ്പിച്ചോ സ്വതന്ത്രമായി വാക്കിനെ ശ്വാസം മുട്ടിച്ചുകൊല്ലുന്നു.

ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷവും ആത്മീയശോഷണം സംഭവിച്ച മനുഷ്യരാണ്. ഏഴുപതിറ്റാണ്ടിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക ചൂഷണങ്ങള്‍ നമ്മെ എത്തിച്ചത് ഇത്തരമൊരവസ്ഥയിലാണ്. അതിനെ പ്രതിരോധിക്കാനും അധഃകരിക്കാനും ധാര്‍മികമൂല്യമുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും സമകാലീന ഇന്ത്യയില്‍ കാണുന്നില്ല. അവിടവിടെ പ്രാദേശികമായി നിസ്സഹായരെങ്കിലും നീതിബോധമുള്ള മനുഷ്യരുടെ ചെറുത്തുനില്പുകള്‍ ഉണ്ടെന്നുള്ളതാണ് നമ്മുടെ ജനാധിപത്യം പാടേ മൃതമായിട്ടില്ലെന്ന് ഓര്‍മപ്പെടുത്തുന്നത്.  ഹിന്ദു വര്‍ഗീയതയെ മുസ്ലിം വര്‍ഗീയതകൊണ്ടോ, ബി.ജെ.പി. സംഘപരിവാര്‍ ഹിംസയെ കോണ്‍ഗ്രസ്-ഇടതുപക്ഷ-സോഷ്യലിസ്റ്റ്  അക്രമരാഷ്ട്രീയംകൊണ്ടോ പ്രതിരോധിക്കാനാവില്ല.  പുതിയൊരു രാഷ്ട്രീയം വേണം. സംവാദം വേണം. ജനാധിപത്യം വേണം.

(ഗാന്ധിയന്‍ ചിന്തകനും എഴുത്തുകാരനുമാണ് ലേഖകന്‍)