ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ അസാധാരണമായ അനുഭവമാണ് കഴിഞ്ഞദിവസം അവസാനിച്ച ബജറ്റ് സമ്മേളനത്തിലുണ്ടായത്.  പാർലമെന്റ് സമ്മേളനങ്ങളിൽ നിയമനിർമാണ പ്രക്രിയ പോലെ പ്രധാനമാണ് ധനസംബന്ധമായ സൂക്ഷ്മപരിശോധനയും വിമർശനാത്മകമായ വിലയിരുത്ത ലുകളും. സർക്കാരിന്റെ പ്രവർത്തനങ്ങളെയും നയപരിപാടികളെയും തലനാരിഴകീറി പരിശോധിച്ച് വിലയിരുത്തുന്ന ബജറ്റ്‌  സമ്മേളനം ഒരു ചർച്ചയും കൂടാതെ 22 ദിവസംകൂടി പിരിഞ്ഞുവെന്നത് ജനാധിപത്യസംവിധാനത്തോടുള്ള അനാദരവും ഭരണഘടനാ  വിരുദ്ധവുമാണ്.

ഇതിനുമുൻപും സഭാസ്തംഭനത്തെത്തുടർന്ന് പാർലമെന്റിന്റെ  സമ്മേളനങ്ങൾ പൂർണമായും അലങ്കോലപ്പെട്ടിട്ടുണ്ട്. 2010-ലെ ശൈത്യകാലസമ്മേളനം 2 ജി സ്പെക്‌ട്രം അഴിമതി ആരോപണത്തിൻമേൽ പ്രതിപക്ഷം ഉയർത്തിയ ബഹളത്തെത്തുടർന്നാണ് പൂർണമായും സ്തംഭിച്ചത്. എന്നാൽ, ആ സമ്മേളനത്തിലും 2ജി സ്‌പെക്‌ട്രം അഴിമതിയെ സംബന്ധിച്ച് ഭരണപ്രതിപക്ഷ വാദപ്രതിവാദങ്ങൾ സഭയെ ശബ്ദായമാനമാക്കിയാണ് സഭാനടപടികൾ സ്തംഭിച്ചത്.  എന്നാൽ, മാർച്ച് അഞ്ചിന്‌ ആരംഭിച്ച ഈ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ ബാങ്കിങ്‌ കുംഭകോണമായ നീരവ് മോദി  പഞ്ചാബ് നാഷണൽ ബാങ്ക് അഴിമതിയെ സംബന്ധിച്ച് ഒരക്ഷരംപോലും സഭയിൽ പറയാൻ അവസരം നൽകാതെ, ഗവൺമെന്റ് ഒത്താശയോടെ സഭാനടപടികൾ സ്തംഭിപ്പിക്കുകയായിരുന്നു.  ഇന്ത്യൻ പാർലമെന്ററി ജനാധിപത്യ ചരിത്രത്തിലെ പുതിയ ഒരു അധ്യായമാണ് ഗവൺമെന്റ് ഒത്താശയോടെ സഭാസമ്മേളനം സ്തംഭിപ്പിക്കുക (Government Sponsored dsiruption) എന്നത്.

26,000 കോടിയുടെ പഞ്ചാബ്‌ നാഷണൽ ബാങ്ക്‌  അഴിമതി വോട്ടെടുപ്പോടു കൂടിയ ചർച്ച വേണമെന്നാവശ്യപ്പെട്ടാണ് മുഖ്യധാരാ പ്രതിപക്ഷപാർട്ടികൾ തുടക്കത്തിൽ ബഹളമുണ്ടാക്കിയതെങ്കിലും ഒടുവിൽ ഏതുവിധത്തിലുള്ള ചർച്ചയ്ക്കും പ്രതിപക്ഷം തയ്യാറായി. അപ്പോഴാണ് ആന്ധ്രാപ്രദേശിന് പ്രത്യേകപദവി ആവശ്യപ്പെട്ട് ഭരണമുന്നണിയിലെ കക്ഷിയായ ടി.ഡി.പി.യും വൈ.എസ്.ആർ. കോൺഗ്രസും കൂടുതൽ സംവരണാവകാശം സംസ്ഥാനങ്ങൾക്ക് ലഭിക്കണമെന്നാവശ്യപ്പെട്ട് തെലങ്കാന രാഷ്ട്രീയസമിതിയും കാവേരി വാട്ടർ റഗുലേറ്ററി ബോർഡ് രൂപവത്‌കരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ.യും നടുത്തളത്തിൽ ഇറങ്ങി സഭാനടപടികൾ സ്തംഭിപ്പിച്ചത്. തുടർന്ന് ടി.ഡി.പി., മുന്നണിവിടുകയും വൈ.എസ്.ആർ.കോൺഗ്രസിനോടൊപ്പം അവിശ്വാസപ്രമേയത്തിന് നോട്ടീസ്‌ നൽകുകയും ചെയ്തു. സഭാസ്തംഭനത്തിൽനിന്നും ടി.ആർ. എസ്. ഉൾപ്പെടെ എല്ലാകക്ഷികളും പിൻവാങ്ങി അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കണമെന്നാവശ്യപ്പെട്ടപ്പോൾ ഈ ഗവൺമെന്റിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുരോധമായി മാത്രം എക്കാലവും നിലപാട് സ്വീകരിച്ചിട്ടുള്ള എ.ഐ.എ.ഡി.എം.കെ. നടുത്തളത്തിലിറങ്ങി കഴിഞ്ഞ രണ്ടാഴ്ചയായി സഭ സ്തംഭിപ്പിക്കുന്നത് ഗവൺമെന്റിന്റെ അനുഗ്രഹാശിസ്സുകളോടെയാണെന്നത് പകൽപോലെ വ്യക്തമാണ്.

കാറ്റിൽപറത്തിയ ചട്ടങ്ങൾ
 ഇന്ത്യൻഭരണഘടനയുടെ രണ്ടാംഅധ്യായത്തിൽ 79 മുതൽ 122 വരെയുള്ള അനുച്ഛേദങ്ങളിൽ പാർലമെന്റിന്റെ അധികാരാവകാശങ്ങളെ കുറിച്ചും സഭാനടപടിച്ചട്ടങ്ങളെ സംബന്ധിച്ചും വ്യക്തമായി വ്യവസ്ഥചെയ്തിട്ടുണ്ട്. ധനാഭ്യർഥനകൾ, ധനവിനിയോഗബിൽ, ധനകാര്യബിൽ എന്നിവ എങ്ങനെ പാസാക്കണമെന്ന് വ്യക്തമായ ഭരണഘടനാവ്യവസ്ഥകൾ നിലവിലുള്ളപ്പോഴാണ് എല്ലാ ചട്ടങ്ങളെയും കാറ്റിൽപറത്തി 96 ലക്ഷം കോടി രൂപയുടെ ധനാഭ്യർഥനകൾ ഒരു ചർച്ചയും കൂടാതെ ബഹളത്തിനിടയിൽ സർക്കാർ പാസാക്കിയെടുത്തത്.  രാഷ്ട്രീയപ്പാർട്ടികൾക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിന് ഇളവുനൽകുന്ന 2010-ലെ വിദേശ സംഭാവനാ നിയന്ത്രണനിയമത്തിലെ ആനുകൂല്യം റദ്ദ് ചെയ്ത നിയമത്തിന്റെ പ്രാബല്യത്തിലേക്ക്‌ എത്തിക്കുന്ന വിചിത്രമായ നിയമവിരുദ്ധ ഭേദഗതിയും ധനബില്ലിലൂടെ പാസാക്കിയെടുത്തു. ഇതിൻമേൽ ചട്ടപ്രകാരം നോട്ടീസ് നൽകിയ തടസ്സവാദങ്ങൾ ഉന്നയിക്കാനോ, ഭേദഗതികൾ അവതരിപ്പിക്കാനോ പോലും അനുവാദം നൽകാതെയാണ് മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ബഹളത്തിനിടയിൽ ഏകപക്ഷീയമായി ധനബിൽ പാസാക്കിയെടുത്തത്. സഭാചരിത്രത്തിലെ ഏറ്റവും കറുത്ത ഏടുകളിലൊന്നായി ഇത്‌ അവശേഷിക്കും. ധനബില്ലിന്റെ മറവിൽ ഗവൺമെന്റ് നടത്തുന്ന പിൻവാതിൽ നിയമ  നിർമാണം (Backdoor Legislation) നിയമ നിർമാണ സഭയ്ക്ക് അപമാനമാണ്. പാർലമെന്റിന്റെ അനുമതി കൂടാതെ ഗ്രാറ്റ്വിറ്റി തുക കൂട്ടാനും കുറയ്ക്കാനും സർക്കാരിന് അവകാശം നൽകുന്ന പുതിയ ഗ്രാറ്റ്വിറ്റി ഭേദഗതിനിയമം പാസാക്കുന്നതിനും സർക്കാരിന് സഭയിലെ ബഹളം തടസ്സമായില്ല.

 സർക്കാരിനാവശ്യമായ 96 ലക്ഷം കോടിയുടെ ധനാഭ്യർഥനകളും ധനകാര്യബില്ലും ഗ്രാറ്റ്വിറ്റി ബില്ലും പാസാക്കിയെടുത്ത ഗവൺമെന്റിന്, സർക്കാരിനെതിരായ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാൻ സഭയിലെ ബഹളം തടസ്സമാകുന്നുവെന്ന വാദം വിചിത്രമാണ്. എ.ഐ.എ.ഡി.എം.കെ. അംഗങ്ങൾ നടുത്തളത്തിൽ ബഹളംവയ്ക്കുന്നതുകൊണ്ട് സഭ ക്രമത്തിലല്ല (ഓർഡറിൽ അല്ല) എന്നതിന്റെ പേരിലാണ് അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാത്തത്. ഈ ലോക്‌സഭയിൽ തന്നെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ 15-ഓളം പേരെ പ്ലക്കാർഡ് പിടിച്ചതിന്റെ പേരിൽ അഞ്ചുദിവസത്തേക്ക് സസ്പെൻഡ് ചെയ്ത് സഭാനടപടികൾ സുഗമമായി നടത്തിയിട്ടുണ്ട്. എന്തുകൊണ്ട് ആ നടപടിക്രമം ഇപ്പോൾ സ്വീകരിക്കുന്നില്ല?

തന്ത്രപരമായ രക്ഷപ്പെടൽ
സങ്കീർണമായ ഒട്ടേറെ രാഷ്ട്രീയപ്രശ്നങ്ങൾ സജീവമായിരുന്ന കാലഘട്ടത്തിലാണ് സഭ സമ്മേളിച്ചത്. ഗവൺമെന്റ് പൂർണമായും പ്രതിരോധത്തിലാകുന്നതായിരുന്നു മിക്കവാറും എല്ലാ വിഷയങ്ങളും.  അതുകൊണ്ടുതന്നെ നീരവ് മോദി  പി.എൻ.ബി. അഴിമതിയെക്കുറിച്ച് കേവല പരാമർശംപോലും പാർലമെന്റിൽ ഉണ്ടാകാതെ തന്ത്രപരമായി രക്ഷിച്ചെടുക്കാൻ സർക്കാരിന് കഴിഞ്ഞു. ജുഡീഷ്യറിയിൻമേലുള്ള രാഷ്ട്രീയസ്വാധീനത്തെക്കുറിച്ച്  സുപ്രീം കോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ ഉന്നയിച്ച ഗൗരവതരമായ പ്രശ്നവും  പാർലമെന്റിൽ പരാമർശിക്കപ്പെട്ടതേയില്ല. അനുദിനം വർധിക്കുന്ന പെട്രോൾ ഡീസൽവിലയും ചർച്ചാവിഷയമായില്ല. കർഷകആത്മഹത്യയെ കുറിച്ചും സി.ബി.എസ്.ഇ. പരീ ക്ഷാചോദ്യക്കടലാസ് ചോർച്ചയെക്കുറിച്ചും ഗവൺമെന്റ് സമാധാനം പറയേണ്ടിവന്നില്ല. പട്ടികജാതി-വർഗ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നിയമത്തെ സുപ്രീംകോടതി ദുർബലപ്പെടുത്തിയപ്പോഴും പാർലമെന്റ് സഭാസ്തംഭനത്തിന്റെ പേരിൽ നോക്കുകുത്തിയായിനിന്നു. ഇറാക്കിലെ മോസുളിൽ ഐ.എസ്. ഭീകരവാദികളുടെ ആക്രമണത്തിൽ കൊലചെയ്യപ്പെട്ട 39 ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങളെ പ്രത്യാശ നൽകി കബളിപ്പിച്ച സർക്കാർ നടപടിയെക്കുറിച്ച് ചോദ്യം ഉന്നയിക്കാനുള്ള അവസരംപോലും ഗവൺമെന്റ് നൽകിയില്ല.

ഇതിനെല്ലാമുപരിയാണ് മുഖ്യധാരാ പ്രതിപക്ഷ കക്ഷികളെല്ലാം ചേർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി നൽകിവന്ന അവിശ്വാസപ്രമേയനോട്ടീസ് ചർച്ചയ്ക്ക് എടുക്കാൻപോലും സർക്കാർ തയ്യാറാ കാതിരുന്നത്. അമ്പത് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ പ്രമേയം ചർച്ചയ്ക്കെടുക്കണമെന്ന് നിർബന്ധിത വ്യവസ്ഥയുണ്ട്. 120-ൽ അധികം അംഗങ്ങൾ എഴുന്നേറ്റുനിന്ന് പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടും പ്രമേയം ചർച്ചയ്ക്കെടുക്കാത്തത് ഗുരുതരമായ ഭരണഘടനാലംഘനമാണ്.

വ്യാജവാർത്തകളെന്ന പേരിൽ മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദ് ചെയ്യാനുള്ള വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ശ്രദ്ധേയമാകുന്നത്.  ജനാഭിലാഷത്തിന്റെ പ്രത്യക്ഷ പ്രതിഫലനമെന്ന് വിശേഷിപ്പിക്കുന്ന പാർലമെന്റിൽ ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ലെങ്കിൽ, ഗവൺമെന്റ് ജനങ്ങളോട്‌ അക്കൗണ്ടബിൾ ആകുന്നില്ലെങ്കിൽ ജനാധിപത്യവ്യവസ്ഥയോടുള്ള ആദരവ് അസ്തമിക്കും. തുടർന്നുണ്ടാകുന്നത് പ്രകാശപൂരിതമായ ജനാധിപത്യയുഗത്തിൽ നിന്നും ഏകാധിപത്യത്തിന്റെ ഇരുണ്ടയുഗത്തിലേക്കുള്ള യാത്രയായിരിക്കും.