കേരള നിയമസഭയുടെ ചരിത്രത്തിലെ ലജ്ജാകരമായ സംഭവങ്ങളിലൊന്നായിരുന്നു 2015 മാർച്ച് 13-ാം തീയതി നടന്നത്. പലപ്പോഴും അരങ്ങേറാറുള്ള കൈയാങ്കളിക്കും അട്ടഹാസങ്ങൾക്കുമപ്പുറം, സ്പീക്കറുടെ കസേരയും മറ്റ് വിലപിടിച്ച സാധനസാമഗ്രികളുംകൂടി തകർത്തുകൊണ്ട് നിയമസഭാ സാമാജികരിൽ ചിലർ സ്വന്തം നിലവാരത്തകർച്ചയ്ക്ക് ജനങ്ങളുടെ മുന്നിൽ തെളിവുനൽകി.

ദൃശ്യമാധ്യമങ്ങൾ ഇടയ്ക്കിടെ കാണിക്കുന്ന ഈ രംഗങ്ങളാകട്ടെ, എങ്ങനെയായിരിക്കരുത് നമ്മുടെ നിയമസഭ എന്നതിന്റെ ഉത്തരമായി എന്നും നിലകൊള്ളും. ഇതുമായി ബന്ധപ്പെട്ട് ആറ് സാമാജികർക്കെതിരേ കേസ് എടുത്തത് പിൻവലിച്ചുകിട്ടാൻവേണ്ടി ചില നീക്കങ്ങൾ നടക്കുന്നതായി മാധ്യമറിപ്പോർട്ടുകൾ പറയുന്നു.

നിയമനിർമാതാക്കൾതന്നെ നിയമലംഘകരാകുന്ന വൈപരീത്യം കാണേണ്ടിവന്ന ജനങ്ങൾക്ക് നിയമംതന്നെ അട്ടിമറിക്കപ്പെടുന്ന അവസ്ഥയും കാണേണ്ടിവരുമോ എന്ന ചോദ്യം ഇതോടെ സാർവത്രികമായി ഉന്നയിക്കപ്പെട്ടിരിക്കുന്നു. ‘ഒരാൾ എത്രയും  ഉയരത്തിലാകട്ടെ, നിയമം അയാൾക്കും മുകളിലാണെ’ന്ന് പറഞ്ഞത് ഇംഗ്ലീഷ് ചരിത്രകാരനായ തോമസ് മുള്ളർ ആയിരുന്നു.

എന്നാൽ, 17-ാം നൂറ്റാണ്ടിൽ മുള്ളർ നടത്തിയ ഈ നിരീക്ഷണത്തെ ചോദ്യംചെയ്തുകൊണ്ട് അധികാരരാഷ്ട്രീയം നിയമത്തിനും മീതേയാണെന്ന് വരുത്തിത്തീർക്കാൻ പ്രബുദ്ധ കേരളത്തിൽ ഇക്കാലത്തും ശ്രമങ്ങൾനടക്കുന്നുവെന്നത് വിചിത്രമാണ്. 

നിയമദൃഷ്ട്യാ, പക്ഷേ, അധികാരരാഷ്ട്രീയത്തിന്റെ മാത്രം ഇഷ്ടപ്രകാരം ചെയ്യാവുന്ന ഒന്നല്ല, കേസ് പിൻവലിക്കൽ. ക്രിമിനൽ നടപടിക്രമത്തിലെ 321-ാം വകുപ്പനുസരിച്ച് ചില കേസുകളിൽ പ്രോസിക്യൂഷൻ നടപടികൾ പിൻവലിക്കാനായി കോടതിയുടെ അനുമതി തേടാൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് അധികാരമുണ്ട്.

എന്നാൽ, ഈ അധികാരം കേവലം രാഷ്ട്രീയമേലാളന്മാരുടെ നിർദേശാനുസരണം പ്രയോഗിക്കേണ്ട ഒന്നല്ല. ഷിയോനന്ദൻ പസ്വാൻ കേസിൽ [(1987) 1 സുപ്രീംകോർട്ട് കേസസ് 288)] സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് ഇതു സംബന്ധിച്ച നിയമതത്ത്വങ്ങൾ വിശദമാക്കുകയുണ്ടായി.

പ്രോസിക്യൂഷനിൽനിന്ന് പിന്തിരിയണമെന്ന ആവശ്യം വഴിവിട്ടരീതിയിൽ അല്ലെന്നും നിയമവാഴ്ചയ്ക്ക് തുരങ്കംവെക്കുന്ന വിധത്തിലല്ലെന്നും ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം കോടതിക്കുണ്ട്. ഉത്തമവിശ്വാസത്തോടെ, മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രോസിക്യൂഷൻ നടപടികൾ വേണ്ടെന്നു പറയാൻ പ്രോസിക്യൂട്ടർക്ക് കഴിയൂ. പൊതുവേ കേസ് പിൻവലിക്കുന്നതിന് ആധാരമായി പറയാവുന്ന അഞ്ച് കാരണങ്ങൾ താഴെ പറയുന്നവയാണ്.

1. വിജയകരമായ പ്രോസിക്യൂഷൻ അസാധ്യമാണെന്ന അവസ്ഥ. കേസിൽ തെളിവുകളുടെ അഭാവം, നിയമപരമായ ദൗർബല്യങ്ങൾ എന്നിവ.

2. വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ വൈരാഗ്യമാണ് പ്രോസിക്യൂഷന് പിന്നിൽ എന്ന വിശ്വാസം. നിയമനടപടികളുടെ ദുരുപയോഗം നടന്നിട്ടുണ്ടെന്ന കാഴ്ചപ്പാട്.

3. ഭരണപരവും നയപരവുമായ തീരുമാനത്തിന്റെ പേരിൽ പ്രോസിക്യൂഷൻ അനാവശ്യമാണെന്ന് കണ്ടെത്തൽ.

4. പ്രോസിക്യൂഷൻ നിയമവാഴ്ചയ്ക്കെതിരാണെന്ന നിലപാട്.

5. പൊതുജനതാത്പര്യം സംരക്ഷിക്കണമെങ്കിൽ കേസ് അവസാനിപ്പിക്കണം എന്ന ബോധ്യം.

ഇപ്പറഞ്ഞ ഘടകങ്ങളൊന്നും നിയമസഭാ മന്ദിരത്തിൽ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കണമെന്ന ആവശ്യത്തെ സാധൂകരിക്കുന്നില്ല എന്നത് പകൽപോലെ വ്യക്തമാണ്. സർക്കാർ ഇത് സംബന്ധിച്ച എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്.

പക്ഷേ, ഇന്നല്ലെങ്കിൽ നാളെ ഇതുമായി ബന്ധപ്പെട്ട നിർദേശം പബ്ളിക്‌ പ്രോസിക്യൂട്ടർക്ക് അഥവാ അസിസ്റ്റന്റ് പബ്ളിക്‌ പ്രോസിക്യൂട്ടർക്ക് ലഭിക്കുകയാണെങ്കിൽ 321-ാം വകുപ്പിന് സുപ്രീംകോടതി നൽകിയ വ്യാഖ്യാനങ്ങളിൽനിന്ന് വ്യതിചലിച്ചുകൊണ്ട് യാന്ത്രികമായി രാഷ്ട്രീയമേലാളന്മാരെ തൃപ്തിപ്പെടുത്തുന്നവിധത്തിൽ തീരുമാനമെടുക്കാൻ പ്രോസിക്യൂട്ടർക്ക് കഴിയില്ല. കോടതിയുടെ ഭാഗമായ ഉദ്യോഗസ്ഥനെന്ന നിലയിൽ നീതിയുക്തമായ കാരണങ്ങൾ നിരത്തിക്കൊണ്ടുമാത്രമേ കേസ് പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ പോലും പ്രോസിക്യൂട്ടർക്ക് കഴിയൂ.

അടുത്തകാലത്ത് വി.എൽ.എസ്. ഫൈനാൻസ് ലിമിറ്റഡിന്റെ കേസിൽ 321-ാം വകുപ്പുമായി ബന്ധപ്പെട്ട മുൻകാലവിധികൾ സുപ്രീംകോടതി ആവർത്തിച്ചുറപ്പിക്കുകയുണ്ടായി. കേസുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുതകളും രേഖകളും പരിശോധിച്ച് ആത്മവിശ്വാസത്തോടെ മാത്രമേ ഒരു പബ്ലിക്‌ പ്രോസിക്യൂട്ടർക്ക് ക്രിമിനൽ കേസ് പിൻവലിക്കണമെന്ന ആവശ്യം ഉന്നയിക്കാൻ പോലും അവകാശമുള്ളൂവെന്ന് രാംനരേഷ് പാണ്ഡെയുടെ കേസിൽ (എ.ഐ.ആർ. 1957 സുപ്രീംകോടതി 389) സുപ്രീംകോടതി പറയുകയുണ്ടായി.

ഇനി അഥവാ യാന്ത്രികമായി രാഷ്ട്രീയനിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേസ് പിൻവലിക്കാനായി പ്രോസിക്യൂഷൻ ഹർജി നൽകിയാൽപോലും കേസിന്റെ സകലവസ്തുതകളും സമഗ്രമായി പരിശോധിക്കാനും പൊതുജനതാത്പര്യത്തിന്റെ അടിസ്ഥാനത്തിൽ കേസ് പിൻവലിക്കുന്നത് ശരിയല്ലെന്ന് കാണുന്നപക്ഷം അപേക്ഷ നിരസിക്കാനുമുള്ള അധികാരവും ചുമതലയും കോടതിക്കുണ്ട്.

ഓരോ കുറ്റവും സമൂഹത്തിനെതിരായ കടന്നുകയറ്റമാണെന്ന കാര്യം കോടതിയും ഓർമിക്കണം. ഇതാണ്‌ രാഹുൽ അഗർവാളിന്റെ  കേസിൽ [(2005)2 സുപ്രീംകോർട്ട്‌ കേസസ്‌ 377] സുപ്രീംകോടതി വ്യക്തമാക്കിയ നിയമതത്ത്വം. ഇക്കാര്യത്തിൽ പൊതുജനതാത്‌പര്യവും നീതിയുടെ താത്‌പര്യങ്ങളും കണക്കിലെടുത്തുകൊണ്ടുവേണം ന്യായാധിപർ വിവേചനാധികാരം പ്രയോഗിക്കേണ്ടത്‌ എന്ന ബൈറാം മുരളീധരിന്റെ കേസിൽ [(2014)10 സുപ്രീംകോർട്ട്‌ കേസസ്‌ 380] സുപ്രീംകോടതി പറഞ്ഞു. ഏതാണ്ട്‌ ന്യായാധിപന്‌ തുല്യമായ അധികാരം പബ്ലിക്‌ പ്രോസിക്യൂട്ടർ പ്രയോഗിക്കണമെന്നതാണ്‌ ഇക്കാര്യത്തിൽ നിയമത്തിന്റെയും കോടതിവിധികളുടെയും താത്‌പര്യം.

എന്നാൽ, നിയമവാഴ്ചയെ സംബന്ധിച്ച അടിസ്ഥാനതത്ത്വങ്ങളെ അട്ടിമറിക്കുന്നവിധത്തിലാണ്‌ പലപ്പോഴും നമ്മുടെ അധികാരകേന്ദ്രങ്ങൾ പെരുമാറുന്നത്‌. സൗത്ത്‌ ബോറോ കമ്മിറ്റി മുമ്പാകെ നൽകിയ പത്രികയിൽ ഡോ. ബി.ആർ. അംബേദ്‌കർ പറഞ്ഞു: ‘‘ജനങ്ങൾ വോട്ടർമാർ മാത്രമായി നിലകൊണ്ടിട്ട്‌ കാര്യമില്ല. അവർ നിയമനിർമാതാക്കളാകണം. അല്ലെങ്കിൽ നിയമനിർമാതാക്കളാകാൻ കഴിയുന്നവർ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ മാത്രം അറിയുന്ന ജനങ്ങളുടെമേൽ ആധിപത്യം സ്ഥാപിക്കും’’. ഒരുപക്ഷേ,‚ ഇത്‌ ഇന്ത്യയിലെ നിയമനിർമാണസഭകളുടെ ചരിത്രമെന്തെന്ന്‌ വ്യക്തമാക്കുന്ന പ്രവചനം കൂടിയായിത്തീർന്നു.

# ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്‌