തിനഞ്ചുമാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന  ലോക്‌സഭയിലേക്കടക്കമുള്ള തിരഞ്ഞെടുപ്പുകളിലേക്കുള്ള കാഹളമായി.സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും തയ്യാറെടുപ്പിന്റെ ശബ്ദമാണ് ഈയിടെ സമാപിച്ച ഒന്നാംഘട്ട ബജറ്റുസമ്മേളനസമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയിൽനിന്നും മറ്റ്‌ പ്രതിപക്ഷനേതാക്കളിൽനിന്നും മുഴങ്ങിക്കേട്ടത്.  

ഈ വർഷം എട്ട്‌ സംസ്ഥാന അസംബ്ലികളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്തവർഷം ഏപ്രിൽ-മേയ്‌ മാസങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പും. ത്രിപുരയിൽ സി.പി.എമ്മിന് മുമ്പെങ്ങുമില്ലാത്ത വെല്ലുവിളിയുമായി ബി.ജെ.പി.യുണ്ട്‌. അവിടെയും മേഘാലയയിലും നാഗാലാൻഡിലും തിരഞ്ഞെടുപ്പുകഴിഞ്ഞു. കർണാടകയിൽ മേയ് ആദ്യവാരത്തിലോ അതിനുമുമ്പോ ആയിരിക്കും. മധ്യപ്രദേശ്, ഛത്തീസ്ഗഢ്‌, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഡിസംബറിൽ തിരഞ്ഞെടുപ്പ് പൂർത്തിയാകും.


മുമ്പില്ലാത്ത ഭാഷ

പാർലമെന്റിനകത്ത് മുമ്പൊരിക്കലും നരേന്ദ്രമോദി കോൺഗ്രസിനെതിരേ ഇത്രയും കടുത്തഭാഷയിൽ സംസാരിച്ചിട്ടില്ല. തിരഞ്ഞെടുപ്പുനേട്ടത്തിനുവേണ്ടി കോൺഗ്രസ് ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.

ഹിന്ദുത്വരാഷ്ട്രീയമുയർത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് ബി.ജെ.പി.ക്കെതിരേ പ്രതിപക്ഷമുന്നയിക്കുന്ന മുഖ്യ ആരോപണത്തെ അതേനാണയത്തിൽ തിരിച്ചടിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യം 70 വർഷമായി കോൺഗ്രസ് ചെയ്ത പാപങ്ങളുടെ ഫലം അനുഭവിക്കുകയാണ്. കോൺഗ്രസിലെ നെഹ്രു കുടുംബാധിപത്യത്തെയും കഴിഞ്ഞ യു.പി.എ. സർക്കാരിന്റെ നയവൈകല്യത്തെയും അഴിമതി ആരോപണങ്ങളെയും നിരത്തി ആക്രമിക്കുകയായിരുന്നു അദ്ദേഹം. 

ബി.ജെ.പി.യെ ഞെട്ടിച്ച രാജസ്ഥാൻ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുഫലം വന്നതിനുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അതുകൊണ്ടാകാം അദ്ദേഹത്തിന്റെ ഭാഷയും വാചകങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ സമാനമാക്കിയത്. ഏതായാലും രാജസ്ഥാൻഫലത്തിൽ നിരാശരായ ബി.ജെ.പി. എം.പി.മാർക്ക് ഊർജംപകരാൻ പ്രധാനമന്ത്രിയുടെ പ്രസംഗം പ്രയോജനപ്പെട്ടു എന്നുപറയാം. 

മോദിയുടെ പ്രസംഗം കോൺഗ്രസിനെ എന്തുമാത്രം നുള്ളിനോവിച്ചെന്ന് രാഹുൽഗാന്ധിയുടെ പ്രതികരണത്തിൽ പ്രകടമായി. ‘കോൺഗ്രസിനെതിരേ നുണപറയുന്നതിനപ്പുറം ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളെപ്പറ്റി പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. പുതുതായി രണ്ടുകോടി തൊഴിൽ നൽകുമെന്ന്‌ പറഞ്ഞിരുന്നു. അതേപ്പറ്റി ഒന്നും മിണ്ടിയില്ല. കാർഷികവിളകൾക്ക് ന്യായമായ വില ലഭിക്കുമെന്ന വാഗ്ദാനമുണ്ടായിരുന്നു. അതേപ്പറ്റിയും പറഞ്ഞില്ല. റഫാൽ  (ഫൈറ്റർ എയർക്രാഫ്റ്റ്) ഇടപാടിലെ അഴിമതിയാരോപണങ്ങളെപ്പറ്റി വല്ലതും പറഞ്ഞോ? -രാഹുൽ തിരിച്ചടിച്ചു.

 
മോദിക്ക്‌ മറുപടിപറയാനും തിരഞ്ഞെടുപ്പുതയ്യാറെടുപ്പിനായി കോൺഗ്രസുകാരെ പ്രോത്സാഹിപ്പിക്കാനുമായി യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി സ്വീകരിച്ചത് കോൺഗ്രസ് പാർലമെന്ററിപാർട്ടി യോഗമായിരുന്നു. 2014 മേയ്‌മാസത്തിനു (മോദിസർക്കാർ അധികാരത്തിൽവന്ന സമയം) ശേഷമാണ് രാജ്യത്ത് എല്ലാമുണ്ടായതെന്നുള്ള പ്രധാനമന്ത്രിയുടെ ശൈലി അഹങ്കാരവും സത്യസന്ധതയില്ലാത്തതുമാണെന്ന് അവർ പറഞ്ഞു.


ഊന്നൽ കുടുംബവാഴ്ചയ്ക്കെതിരേ 

കോൺഗ്രസിനെതിരായ പ്രധാനമന്ത്രിയുടെ ആക്രമണത്തിന്റെ ഊന്നൽപൊടുന്നനെയാണ് നെഹ്രുകുടുംബവാഴ്ചയ്ക്കെതിരേ തിരിച്ചുവന്നത്. ജവാഹർലാൽ നെഹ്രുവിനേക്കാൾ കഴിവുണ്ടായിരുന്ന നേതാവ് സർദാർ വല്ലഭ്‌ഭായി പട്ടേലായിരുന്നെന്ന്‌ സമർഥിക്കാൻ അദ്ദേഹം ശ്രമിക്കുന്നു.

രാജ്യത്തെ ഏറ്റവും ഉയരമുള്ള പ്രതിമയായി പട്ടേലിന് സ്മാരകം പണിയുന്ന മോദിയുടെ ലക്ഷ്യം പട്ടേലിനെയും അദ്ദേഹത്തിന്റെ ജന്മദേശമായ ഗുജറാത്തിനെയും പൈതൃകാഭിമാനമായി ഉയർത്താനല്ല. മറിച്ച് ഒരു നെഹ്രുവിരുദ്ധ സ്മരണയുയർത്താനാണ്. കോൺഗ്രസ് സർക്കാറുകൾ പട്ടേലിനെ വിസ്മരിച്ചു എന്ന ആരോപണം അദ്ദേഹം ശക്തമാക്കിയിട്ടുണ്ട്.
 
ഒരു കുടുംബത്തെമാത്രം വാഴ്ത്തുകയാണ് കോൺഗ്രസ് ചെയ്തിട്ടുള്ളത് എന്നദ്ദേഹം ആവർത്തിക്കുന്നത് ഒരു നെഹ്രുകുടുംബവിരുദ്ധവികാരം ഉയർത്തുന്നതിനെ ലക്ഷ്യമാക്കിയാണ്. 


എന്തുകൊണ്ട് ഇപ്പോൾ ?

എന്തുകൊണ്ടാണ് ഇടയ്ക്ക്‌ കൈവിട്ട നെഹ്രുകുടുംബവിരുദ്ധപ്രചാരണം വീണ്ടും എടുത്തുകൊണ്ടുവരാൻ കാരണം. രണ്ടു കാരണങ്ങൾ കാണുന്നു. ഒന്ന്, അടുത്തിടെയായുള്ള രാഹുലിന്റെ ഉയർച്ച.
 
അദ്ദേഹത്തെ കോൺഗ്രസ് പ്രസിഡന്റാക്കാനും നെഹ്രുകുടുംബപാരമ്പര്യം അംഗീകരിക്കാനും കോൺഗ്രസുകാർ തയ്യാറായി. രാഹുൽ പ്രസിഡന്റായാൽ കോൺഗ്രസിൽ ഭിന്നിപ്പുണ്ടാകുമെന്ന ബി.ജെ.പി. കണക്കുകൂട്ടൽ തെറ്റി. 


ബി.ജെ.പി.ക്കകത്തെ വേവലാതി 

ആക്രമണം കോൺഗ്രസിനും അതിൻറെ നെഹ്രു കുടുംബനേതൃത്വത്തിനുമെതിരേ ഊന്നുന്നതിന്‌ മോദിയെ പ്രേരിപ്പിക്കുന്ന രണ്ടാമത്തെ ഘടകം പ്രതിപക്ഷമുന്നണിയാണ്. മറ്റ്‌ പ്രതിപക്ഷത്തെ കോൺഗ്രസിൽനിന്ന്‌ അകറ്റുകയാണ് ലക്ഷ്യം. പ്രതിപക്ഷം ഒന്നിച്ചുനിന്നാൽ 2014-ൽ 31 ശതമാനത്തോടെ വിജയം കൈവരിച്ച ബി.ജെ.പി.യെ തോല്പിക്കാ​നായേക്കും. പ്രത്യേകിച്ചും 44 മാസത്തെ ഭരണത്തിനുശേഷമുള്ള ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തിൽ.

ഗുജറാത്തിലും രാജസ്ഥാനിലും പാർട്ടി നേരിട്ട നഷ്ടങ്ങൾ ബി.ജെ.പി.ക്കെതിരേ വലിയ ഭീഷണിയുയർത്തുന്നുണ്ട്. 2014-ൽ തങ്ങൾ തൂത്തുവാരിയ ഹിന്ദിസംസ്ഥാനങ്ങളിൽ മിക്കതിലും ഉണ്ടായേക്കാവുന്ന നഷ്ടങ്ങളെപ്പറ്റി ബി.ജെ.പി.യിൽ വേവലാതിയുണ്ട്. രാജസ്ഥാനിലെ നിറംമാറ്റം ഏറെ പ്രകടമാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഇത് ആവർത്തിച്ചാൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഒരു ചൂണ്ടുപലകയാവും അത്. 

പരാജയങ്ങളിൽ ചൂളിപ്പോകുന്ന നേതാവല്ല നരേന്ദ്രമോദി എന്നുകരുതണം. ഗുജറാത്തിൽ ആദ്യഘട്ടം വോട്ടെടുപ്പിൽ പരാജയം മണത്തതിനാലാണ്‌ മോദി രണ്ടാംഘട്ടത്തിൽ മണി ശങ്കരയ്യരുടെ ഗുരുത്വമില്ലാത്ത നാവ് പ്രയോജനപ്പെടുത്തി പൂഴിക്കടകനടിച്ചത്. ആ പ്രചാരണത്തിലൂടെ അദ്ദേഹം ഗുജറാത്തി ആത്മഗൗരവം മുതലാക്കി ഗുജറാത്തിനെ അഞ്ചാംതവണയും കൈയിലെടുത്തു.

2014-ലെ വൻവിജയത്തിനുശേഷം നടന്ന ഡൽഹി, ബിഹാർ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയം മോദിയെ ഒട്ടും കുലുക്കിയില്ലെന്നോർക്കണം. അടുത്ത ഓരോ തിരഞ്ഞെടുപ്പിലും ബി.ജെ.പി. ജയിച്ചുകയറുന്നതാണ് കണ്ടത്. പക്ഷേ, അത്രയും ആത്മവിശ്വാസം മോദിക്ക് ഇപ്പോഴുമുണ്ടോ? ഉണ്ടെങ്കിൽ എന്തിന് നെഹ്രുകുടുംബവാഴ്ചയെ വിമർശിക്കാൻ സമയംകളയുന്നു?