മാലദ്വീപ്‌ പ്രസിഡന്റ്‌ അബ്ദുള്ള യമീനും സുപ്രീംകോടതിയും തമ്മിലുള്ള ഏറ്റുമുട്ടൽ  രൂക്ഷമായതോടെ പ്രസിഡന്റ്‌ യമീൻ രാജ്യത്ത്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്‌. കൂടാതെ അദ്ദേഹത്തിന്റെ സഹോദരനും മുൻ പ്രസിഡന്റുമായ അബ്ദുൽ ഗയൂമിനെയും രണ്ട്‌ സുപ്രീംകോടതി ജഡ്ജിമാരെയും അറസ്റ്റുചെയ്യുകയും ചെയ്തു.

പ്രശ്നങ്ങൾ ഗുരുതരമായത്‌ സുപ്രീംകോടതി ഒമ്പത്‌ രാഷ്ട്രീയത്തടവുകാരെ ഉടൻ ജയിൽമോചിതരാക്കണമെന്ന്‌ ഉത്തരവിട്ടപ്പോഴാണ്‌. ഈ തടവുകാർ പുറത്തുവന്നാൽ പ്രസിഡന്റിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട്‌ അദ്ദേഹം തടവുകാരെ മോചിപ്പിക്കുകയിെല്ലന്ന്‌ പ്രഖ്യാപിക്കുകയും പാർലമെന്റിനെ പ്രവർത്തനരഹിതമാക്കുകയും ചെയ്തു. 

പട്ടാളത്തിന്റെയും പോലീസിന്റെയും സഹായത്തോടെ ഭരണം തുടരാനും പിന്നീട്‌ തിരഞ്ഞെടുപ്പ്‌ നടത്താനുമാണ്‌ യമീന്റെ ഉദ്ദേശ്യം. അറ്റോർണിജനറലും പ്രസിഡന്റിനോടൊപ്പമാണ്‌.

പ്രതിപക്ഷം പ്രസിഡന്റിനെതിരായി ശക്തമായി നീങ്ങിയിരിക്കുകയാണിപ്പോൾ. സുപ്രീംകോടതിയും പ്രസിഡന്റിനെ ഇംപീച്ചുചെയ്യാൻ ശ്രമിക്കുന്നുമുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ മുൻ പ്രസിഡന്റ്‌ മൊഹമ്മദ്‌ നഷീദ്‌, ഇന്ത്യ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

നഷീദ്‌ രാജ്യത്തിന്‌ പുറത്തുനിന്നുകൊണ്ടാണ്‌ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്‌. ഇന്ത്യ ഒരു പ്രത്യേക പ്രതിനിധിയെ സൈനികസഹായത്തോടെ മാലദ്വീപിലേക്ക്‌ അയയ്ക്കണമെന്നും സ്ഥിതിഗതികൾ ശാന്തമാക്കുകയും ജനാധിപത്യം സ്ഥാപിക്കുകയും ചെയ്യണമെന്നുമാണ്‌ അദ്ദേഹത്തിന്റെ ആവശ്യം. 

അമേരിക്കയും മറ്റു പാ‚ശ്ചാത്യരാഷ്ട്രങ്ങളും ചില ഉപരോധങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ, ഇതുവരെ തങ്ങളുടെ പൗരന്മാർ മാലദ്വീപുകളിലേക്ക്‌ യാത്രചെയ്തരുതെന്ന ഒരു നിർദേശംമാത്രമേ  ഇന്ത്യയും ചൈനയും അമേരിക്കയും നൽകിയിട്ടുള്ളൂ.


രാഷ്ട്രീയ പ്രതിസന്ധി

അടിയന്തരാവസ്ഥ പതിനഞ്ചുദിവസത്തേക്ക്‌ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും  ആ പ്രഖ്യാപനത്തെ  ചോദ്യംചെയ്യാൻ ഭരണഘടനയനുസരിച്ച്‌ സുപ്രീംകോടതിക്ക്‌ അധികാരമുണ്ട്‌. അതിനുള്ള നീക്കങ്ങൾ ഗയൂമിന്റെ മകൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

പാർലമെന്റിനും അടിയന്തരാവസ്ഥയെ ചോദ്യംചെയ്യാവുന്നതാണ്‌. എന്നാൽ, പാർലമെന്റ്‌ സമ്മേളിക്കാൻ സാധ്യതയില്ലാത്തതുകൊണ്ടും പ്രസിഡന്റിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടതുകൊണ്ടും പാർലമെന്റിന്‌ ഇക്കാര്യത്തിൽ ഒന്നുംചെയ്യാൻ കഴിയില്ല.

അടിയന്തരാവസ്ഥക്കാലത്ത്‌ പ്രതിപക്ഷത്തെ പ്രീണിപ്പിക്കാനോ ലോകശക്തികളുടെ  സഹായംതേടാനോ പ്രസിഡന്റിന്‌ സാധിക്കുകയില്ല. സുപ്രീംകോടതിയിൽ പുതിയ ജഡ്ജിമാരെ നിയമിക്കുന്നതിന്‌  പാർലമെന്റിൽ ഭൂരിപക്ഷം ആവശ്യമാണുതാനും.

നഷീദിനെതിരേയുണ്ടായ പട്ടാള വിപ്ലവത്തിനുശേഷം മാലദ്വീപിൽ തങ്ങളോട് സൗഹൃദമുള്ള ഒരു സർക്കാർ സ്ഥാപിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു. അതിനാൽ യമീന്‌ സ്ഥാനഭ്രംശം ഉണ്ടായാൽ ഇന്ത്യ ആഹ്ലാദിക്കുകയേയുള്ളൂ. എങ്കിലും സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ ഇന്ത്യയ്ക്ക്‌ കഴിയില്ല


യമീനെ ഇംപീച്ച്‌ ചെയ്യാനുള്ള സാധ്യതകളും കുറവാണ്‌. അതിനാവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷം പ്രതിപക്ഷത്തിനില്ല എന്നതാണ്‌ വസ്തുത. സുപ്രീംകോടതിക്ക്‌ പ്രസിഡന്റിനെ ഇമ്പീച്ച്‌ ചെയ്യാനുള്ള അധികാരമില്ല എന്നതാണ്‌ നിയമവശം.  സ്പീക്കർക്ക്‌ പാർലമെന്റ്‌ വിളിച്ചുകൂട്ടാൻ അധികാരമുണ്ടെങ്കിലും അതിനും സാ‚ധ്യത കുറവാണ്‌.


ഇന്ത്യ എന്തു ചെയ്യും

ഈ അനിശ്ചിതാവസ്ഥയിൽ മാലദ്വീപും ലോകം തന്നെയും  ഉറ്റുനോക്കുന്നത്‌ ഇന്ത്യയിലേക്കാണ്‌. യമീനും ഇന്ത്യയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തെ മാറ്റാനായി ഇടപെടാൻ ഇന്ത്യ ശ്രമിക്കുകയില്ല.

ഇന്ത്യ ഒരു പ്രതിനിധിയെ അയയ്ക്കണമെന്ന നഷീദിന്റെ ആവശ്യം ന്യായീകരിക്കാമെങ്കിലും മാലദ്വീപിലേക്ക് സൈന്യത്തെ അയയ്ക്കാൻ ഇന്ത്യ തീരുമാനിച്ചാൽ അതിനെതിരായി ചൈനയും പാകിസ്താനും നീക്കങ്ങൾ നടത്തുമെന്നതിൽ സംശയമില്ല.

യമീന്റെ നടപടികൾ ഭരണഘടനയുടെ അതിരുകൾക്കുള്ളിൽനിന്നുകൊണ്ടായിരിക്കുമ്പോൾ  ഇന്ത്യക്കോ മറ്റേതെങ്കിലും രാജ്യത്തിനോ ഇടപെടാൻ കഴിയുകയില്ല.  ചൈനയ്ക്ക്‌ യമീനോട്‌ പ്രത്യേക പ്രതിപത്തിയുണ്ടെങ്കിലും ചൈനയ്ക്ക്‌ അയാളെ രക്ഷപ്പെടുത്താൻ കഴിയുകയില്ല.

നഷീദിനെതിരേയുണ്ടായ പട്ടാളവിപ്ലവത്തിനുശേഷം തങ്ങളോട് സൗഹൃദമുള്ള ഒരു സർക്കാർ സ്ഥാപിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു. അതിനാൽ യമീന്‌ സ്ഥാനഭ്രംശം ഉണ്ടായാൽ ഇന്ത്യ ആഹ്ലാദിക്കുകയേയുള്ളൂ. എങ്കിലും സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ ഇന്ത്യയ്ക്ക്‌ കഴിയില്ല.

ഇന്ത്യൻ പ്രധാനമന്ത്രിക്ക്‌ ഇതുവരെ മാലദ്വീപ്‌ സന്ദർശിക്കാനുള്ള സാഹചര്യമുണ്ടായിട്ടില്ല. നഷീദിനോട്‌ ഇന്ത്യയ്ക്കുള്ള ആഭിമുഖ്യമാണ്‌ ഇതിനു കാരണം. ചൈന, യമീനുമായി സൗഹൃദം സ്ഥാപിക്കുകയും വേണ്ടത്ര സഹായധനം നൽകുകയും ചെയ്യുന്നതിനാൽ ഇന്ത്യയോട്‌ അടുക്കാൻ യമീൻ ശ്രമിക്കുന്നുമില്ല.

അതിനാൽ ഇപ്പോഴത്തെ സ്ഥിതി ഒരു നേതൃമാറ്റത്തിലേക്ക്‌ നയിക്കുന്നതിലായിരിക്കും ഇന്ത്യയ്ക്ക്‌ താത്‌പര്യം.  എന്നാൽ, അതിന്‌ സഹായകമായ നടപടികൾ എടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയ്ക്കില്ല. മാലദ്വീപിന്റെ ഭാവി അനിശ്ചിതമായി തുടരാനാണ്‌ സാധ്യത.

# വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു ലേഖകൻ