‘‘ആന്ധ്രാപ്രദേശിൽ ബി.ജെ.പി.യുടെ ശക്തി എല്ലാവർക്കുമറിയാം. അത് ലോലിപ്പോപ്പിന്റെ ഞെട്ടുപോലെയാണ്. ആ ഞെട്ടില്ലെങ്കിലും ചോക്ലേറ്റിന്റെ മധുരം കുറയില്ല...’’ -തെലുഗുദേശം പാർട്ടി നേത്രി മുല്ലപ്പൂഡി രേണുകയുടെ വാക്കുകളാണിത്. രേണുക ഒരു മുനിസിപ്പാലിറ്റിയുടെ മുൻ ചെയർപേഴ്‌സണാണ്. 

ഇനി ടി.ഡി.പി.യോട് സീറ്റ് ഇരക്കില്ലെന്നും ആന്ധ്ര ആർ ഭരിക്കുമെന്ന് ബി.ജെ.പി. തീരുമാനിക്കുമെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പുഫലം വന്ന സമയത്ത് ബി.ജെ.പി.യുടെ എം.എൽ.സി. സോമു വീർരാജു പറഞ്ഞിരുന്നു. ആ വീരവാദത്തെ പരിഹസിക്കുകയായിരുന്നു രേണുക. 
ദേശീയ ജനാധിപത്യസഖ്യത്തിൽ (എൻ.ഡി.എ.) ബി.ജെ.പി. കഴിഞ്ഞാൽ ഏറ്റവും വലുത് ടി.ഡി.പി.യാണ്. കേന്ദ്രത്തിൽ ടി.ഡി.പി.ക്ക് രണ്ടു മന്ത്രിമാരുണ്ട്; ആന്ധ്രാമന്ത്രിസഭയിൽ ബി.ജെ.പി.ക്കുമുണ്ട് രണ്ടുപേർ. എങ്കിലും ആ പാർട്ടികൾ എത്ര അകന്നുവെന്ന് സൂചിപ്പിക്കുന്നതാണ് മേൽപ്പറഞ്ഞ അവരുടെ വാക്കുകൾ.


പ്രത്യേകകാരണം ‘പദവി’

2014-ൽ സംസ്ഥാനത്തെ ഭാഗംവെച്ചപ്പോൾ, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ് പാർലമെന്റിൽ വാക്കുപറഞ്ഞതാണ് ശേഷിച്ച ആന്ധ്രയ്ക്ക് പ്രത്യേകവിഭാഗപദവി. അത് അനുവദിക്കാൻ കഴിയില്ലെന്ന് നരേന്ദ്രമോദിസർക്കാർ വന്നപ്പോഴേ പറഞ്ഞു. അതിനുകാരണം ചന്ദ്രബാബുവിന്റെ പിടിപ്പുകേടാണെന്ന് ആന്ധ്രയിലെ പ്രതിപക്ഷം പ്രചരിപ്പിച്ചു.

ടി.ഡി.പി.-ബി.ജെ.പി. അകൽച്ച അപ്പോഴേ തുടങ്ങി. പ്രത്യേകം  സഹായിച്ചെന്നു പറഞ്ഞാലും പ്രത്യേകപദവി ഇവിടെ ഒരു വികാരമായിരിക്കുന്നു. അത് അനുവദിക്കില്ലെങ്കിൽ, ബി.ജെ.പി.യോടുള്ള കൂട്ട് നഷ്ടമുണ്ടാക്കുമോ എന്ന് ടി.ഡി.പി.ക്ക് ആശങ്കയുണ്ട്.

ഉയർന്ന വളർച്ചനിരക്കുള്ള ആന്ധ്രയ്ക്ക് പ്രത്യേക താങ്ങ് ആവശ്യമില്ലെന്ന് അടുത്ത കാലത്ത് നീതി ആയോഗ് ചെയർമാൻ അഭിപ്രായപ്പെട്ടത് ചന്ദ്രബാബുവിനെ കൂടുതൽ വിഷമത്തിലാക്കി. 

സഖ്യം തുടരുമെന്നും ഇരുപാർട്ടികൾക്കുമിടയിൽ പ്രശ്നങ്ങളില്ലെന്നും ടി.ഡി.പി. സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ കല വെങ്കടറാവു ആ സമയത്ത് പറയുകയുണ്ടായി. രണ്ടുവിധം പറയുന്നത് അടവുതന്നെ. കേന്ദ്രത്തെ പിണക്കാൻ പറ്റില്ല; സമ്മർദത്തിലാക്കി സഹായങ്ങൾ നേടിയേപറ്റൂ.
 
അങ്ങനെയിരിക്കെയാണ് ‘കേന്ദ്രബജറ്റിലെ അവഗണന’ വന്നത്. ഇനി രണ്ടുവഴിക്ക് എന്നു തോന്നിപ്പിച്ചുകൊണ്ട് ചന്ദ്രബാബു ഇക്കഴിഞ്ഞ ഞായറാഴ്ച ടി.ഡി.പി. നേതൃയോഗം വിളിച്ചുകൂട്ടി. അന്നേരം ഡൽഹിയിൽനിന്നു വിളിവന്നു. കടുപ്പിച്ചൊന്നും ചെയ്യരുതെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വം പറഞ്ഞു. ഇത്തിരിക്കൂടി കാത്തിരിക്കാം എന്നായി ചന്ദ്രബാബുവിന്റെ തീർപ്പ്.


അവഗണിച്ചത് ബാബുവെന്ന്‌ ബി.ജെ.പി.

കേന്ദ്രം തഴഞ്ഞെന്ന് സഖ്യകക്ഷിതന്നെ പറയുമ്പോൾ, കണക്കുകൾവെച്ച് അതു പൊളിക്കാൻ ബി.ജെ.പി. ശ്രമിക്കുന്നു. അത്തരം പ്രചാരണം നടത്തണമെന്ന് കേന്ദ്രനേതൃത്വം നിർദേശിച്ചിട്ടുണ്ട്. സഖ്യധർമം പാലിക്കാത്തത് ടി.ഡി.പി.യാണ്, ഇതുവരെ തങ്ങളെ അവഹേളിച്ചു എന്നൊക്കെയാണ് ബി.ജെ.പി. യുടെ സംസ്ഥാനനേതാക്കൾ പറയുന്നത്. 

സ്വാതന്ത്ര്യത്തിനുശേഷം ഇതുവരെ മറ്റൊരു സംസ്ഥാനത്തിനും കിട്ടാത്തത്ര സഹായമാണ് മൂന്നരക്കൊല്ലംകൊണ്ട് മോദിസർക്കാർ ആന്ധ്രയ്ക്കു നല്കിയത്. പ്രത്യേകപദവികൊണ്ട്  കിട്ടാവുന്നതിലധികം മോദിസർക്കാർ അനുവദിച്ചെന്നാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. ഹരിബാബു പറഞ്ഞത്.

എന്നിട്ടും പ്രധാനമന്ത്രിയെ ടി.ഡി.പി. അവഗണിച്ചുവെന്നാണ് സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കൾ പറയുന്നത്. വികസനപരിപാടികളിൽ സംസ്ഥാനസർക്കാർ മോദിയുടെ ചിത്രമില്ലാതെ, ചന്ദ്രബാബു നായിഡുവിന്റെ ചിത്രമാണ് കാണിക്കുന്നത്.

കാലുമാറിവന്ന 20 എം.എൽ.എ.മാരോട് രാജിവെച്ചു ജനവിധി തേടാൻ ചന്ദ്രബാബു ആവശ്യപ്പെടണമായിരുന്നു എന്ന് ഈയിടെ മുൻ കേന്ദ്രമന്ത്രി ഡി. പുരന്ദേശ്വരി അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിന്റെ വാദമാണ് ബി.ജെ.പി.ഏറ്റുപിടിക്കുന്നത്.

കഴിഞ്ഞകൊല്ലം ഇരുപതിലധികം എം.എൽ.എ.മാരും രണ്ട് എം.പി.മാരും ജഗന്റെ പാർട്ടിയിൽനിന്നു കൂറുമാറി ടി.ഡി.പി.യിലെത്തി. അതിന്റെ ക്ഷീണം ജഗനുണ്ട്. അടുത്തിടെ നന്ദ്യാൽ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കാകിനാഡ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും ടി.ഡി.പി. വൻ ഭൂരിപക്ഷമാണ് നേടിയത്.

2019-ൽ എല്ലാ നിയമസഭാസീറ്റും നേടുമെന്നാണ് ചന്ദ്രബാബു പറയുന്നത്. അടുത്തിടെ രണ്ട്‌ സ്വകാര്യ ഏജൻസികളെക്കൊണ്ട് അദ്ദേഹം അഭിപ്രായസർവ്വേ നടത്തിച്ചപ്പോൾ കിട്ടിയ ഫലം 175-ൽ 150-ഓളം സീറ്റുകൾ ടി.ഡി.പി. നേടുമെന്നാണ്. ബി.ജെ.പി. പോകുന്നെങ്കിൽ പോകട്ടെ എന്നു കരുതാൻ ഇതൊക്കെ ടി.ഡി.പി.ക്ക് ധൈര്യം കൊടുക്കുന്നു. വേറെ ചിലതു ചിന്തിച്ചാൽ, കാര്യം എളുപ്പമല്ലെന്നും തോന്നും. 

2014-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ടി.ഡി.പി.-ബി.ജെ.പി. സഖ്യത്തിന് ജഗന്റെ വൈ.എസ്.ആർ.സി.യെക്കാൾ രണ്ടുശതമാനം വോട്ടാണ് കൂടുതൽ കിട്ടിയത്. 

ആന്ധ്രയിൽ തീരേ ചെറിയ പാർട്ടിയായ ബി.ജെ.പി.യെ പിണക്കിയാലുള്ള പ്രശ്നം ചന്ദ്രബാബുവിനറിയാം. വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പഴിയാണ്  അടുത്ത തിരഞ്ഞെടുപ്പിൽ ചന്ദ്രബാബുവിനു കൂടുതൽ കേൾക്കേണ്ടിവരുക. 

ഹൈദരാബാദിനെക്കാൾ മികച്ച തലസ്ഥാനവും പോലവരം അണക്കെട്ടും ചന്ദ്രബാബുവിന്റെ വൻ വാഗ്ദാനങ്ങളാണ്. അമരാവതിയിൽ താത്കാലിക സെക്രട്ടേറിയറ്റ് എന്ന വാർക്കക്കെട്ടിടം കെട്ടി പ്രവർത്തിക്കുന്നുണ്ടെങ്കിലും അമരാവതിയിൽ മറ്റൊരു സർക്കാർ മന്ദിരത്തിനും പണി തുടങ്ങാനായിട്ടില്ല. ഒരു കൊല്ലംകൊണ്ട് എന്തെങ്കിലും ആകണമെങ്കിൽ കേന്ദ്രം കൈയയഞ്ഞു സഹായിക്കണം. 


പവൻ കല്യാണിന്റെ  പിന്തുണ

ജനസംഖ്യയുടെ നാലിലൊന്നു വരുന്ന കാപു സമുദായത്തിന് സംവരണം കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ചന്ദ്രബാബുവിന്റെ വാഗ്ദാനമായിരുന്നു. അടുത്തിടെ കാപുമാരെയും വേറെ ചിലരെയും പിന്നാക്കസമുദായപ്പട്ടികയിലാക്കാൻ നിയമം കൊണ്ടുവന്നു. നടപ്പാക്കാൻ കഴിയുമോ എന്നതു വേറെ കാര്യം. കാരണം, സംവരണം അമ്പതു ശതമാനത്തിൽ കവിയരുതെന്ന് സുപ്രീം കോടതിനിർദേശമുള്ളതാണ്. ഈ വിഷയം ഇനി കേന്ദ്രം പരിഗണിക്കേണ്ടിയിരിക്കുന്നു. 

ധാരാളം ആരാധകരുള്ള നടൻ പവർ സ്റ്റാർ പവൻ കല്യാൺ പക്ഷേ, രാഷ്ട്രീയനിലപാടിൽ ദുർബലനാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ജനസേന മത്സരിച്ചില്ല. അന്ന് ടി.ഡി.പി.-ബി.ജെ.പി. സഖ്യത്തിനുവേണ്ടി പവൻ പ്രചാരണത്തിനിറങ്ങി. പ്രത്യേക പദവി അനുവദിക്കില്ലെന്നുകണ്ട്, അദ്ദേഹം ബി.ജെ.പി.യെയും ടി.ഡി.പി.യെയും വിമർശിച്ചിരുന്നു.

അടുത്ത പൊതുതിരഞ്ഞെടുപ്പിൽ, ആന്ധ്രയിൽ എല്ലായിടത്തും ജനസേന സ്ഥാനാർഥികളെ നിർത്തുമെന്നും പറഞ്ഞു. പിന്നാലെ, പവനെ ചന്ദ്രബാബു അവയവദാനം പ്രോത്സാഹിപ്പിക്കാനുള്ള  സർക്കാർ പരിപാടിയുടെ ബ്രാൻഡ് അംബാസഡറാക്കി. 


ബി.ജെ.പി.യും ജഗനും 

തെക്കേയിന്ത്യയിലും ശക്തി തെളിയിക്കാനുള്ള ബി.ജെ.പി.യുടെ ലക്ഷ്യത്തിൽ ആന്ധ്രയുമുണ്ട്. ഇവിടെ ഒറ്റയ്ക്കു നിന്നാൽ, ഉള്ളതും പോകുമോ എന്ന ശങ്കയുണ്ട് അവർക്ക്. ടി.ഡി.പി. തരുന്നതുമാത്രം കൈനീട്ടിവാങ്ങിയാൽ ശക്തി തെളിയില്ലെന്നു വേറൊരു പക്ഷം. ടി.ഡി.പി.യല്ലാതെ, മറ്റൊരു പാർട്ടിയോടു കൂടണമെങ്കിൽ ആ സാധ്യത നോക്കും.

പ്രത്യേകപദവി അനുവദിക്കുമെങ്കിൽ ബി.ജെ.പി.യുമായി സഖ്യമാകാമെന്നാണ് ജഗൻ പറയുന്നത്. നടക്കാത്ത കാര്യം. ധനകാര്യക്കമ്മിഷന്റെ മാനദണ്ഡങ്ങൾവെച്ച് പദവിക്കു സാധ്യതയില്ല. മാനദണ്ഡം തിരുത്താൻ ഇനി പറ്റുമോ? ഇത്രയും കാലം അതു ചെയ്യാത്തതെന്തെന്ന് ബി.ജെ.പി. സമാധാനം പറയേണ്ടിവരും.

അടുത്ത മുഖ്യമന്ത്രിയാകാൻ മോഹിക്കുകയാണ് ജഗൻ. തന്റെ അച്ഛന്റെ (മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഡി) ഭരണത്തിലെ സുവർണകാലം വീണ്ടെടുക്കണമെന്നാണ് അദ്ദേഹം ജനങ്ങളോടു പറയുന്നത്. മാസങ്ങൾ നീളുന്ന സംസ്ഥാനപര്യടനത്തിലാണ് അദ്ദേഹം. 

അഴിമതിക്കേസിൽ രക്ഷപ്പെടാനാണ് ജഗൻ കേന്ദ്രനേതൃത്വത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നതെന്ന് ടി.ഡി.പി. പറയുന്നു. കോൺഗ്രസുമായി സഖ്യമുണ്ടാക്കാനും ജഗന് കഴിയില്ല. ആന്ധ്രയെ വിഭജിച്ചതിന് ഇവിടത്തെ ജനം പാടേ െെകയൊഴിഞ്ഞതാണ് കോൺഗ്രസിനെ.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ഒരിടത്തും കോൺഗ്രസ് ജയിച്ചില്ല. ഇപ്പോഴും ജനം അതു മറന്നുവെന്ന് കരുതാനാവില്ല. പ്രത്യേകപദവിപോലുള്ള പ്രശ്നങ്ങൾ അവതരിപ്പിച്ച് ഇത്തിരിയെങ്കിലും ജനപിന്തുണ വീണ്ടെടുക്കാൻ പാടുപെടുകയാണ് കോൺഗ്രസ്.