ജനാധിപത്യത്തിലെ അധികാര പങ്കാളിത്ത വിഭജനതത്ത്വം അനുസരിച്ച് എക്സിക്യുട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേച്ചർ എന്നിവയെ പരസ്പരബഹുമാനത്തിലും സഹവർത്തിത്വത്തിലും സന്തുലിതമായി സംവിധാനംചെയ്ത ഭരണകൂടവ്യവസ്ഥയാണ് ഭാരതത്തിനുള്ളത്. നാലാമതായി ജനങ്ങളുടെ ജിഹ്വയായ മാധ്യമങ്ങളെയും വിഭാവനംചെയ്തിരിക്കുന്നു. ഭരണകൂടത്തിന്റെ അടിസ്ഥാനതൂണുകൾ തമ്മിൽ ബലപരീക്ഷണമോ ഏറ്റുമുട്ടലോ മത്സരമോ ഉണ്ടാവാതിരിക്കാനുള്ള സവിശേഷശ്രദ്ധയും ഭരണഘടനാദത്തമായ ഇന്ത്യൻ രാഷ്ട്രീയസംസ്കൃതിയുടെ പ്രത്യേകതയാണ്. ഭരണഘടനാ(99-ാമത് ഭേദഗതി) നിയമം 2014 മുഖേന ജുഡീഷ്യൽ നിയമനങ്ങൾക്കായി കേന്ദ്രസർക്കാർ സൃഷ്ടിച്ച ‘ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ’ അസാധുവാക്കിക്കൊണ്ട് 2015-ൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാെബഞ്ച് വിധി പുറപ്പെടുവിച്ചതോടെ എക്സിക്യുട്ടീവും ജുഡീഷ്യറിയും തമ്മിൽ അനഭിലഷണീയമായ ബലപരീക്ഷണത്തിന് കളമൊരുങ്ങി. അഭിപ്രായവ്യത്യാസം അർഥപൂർണമായ സംവാദങ്ങളിലൂടെ പരിഹരിക്കുകയാണ് വേണ്ടത്.

ജനാഭിലാഷം പ്രതിഫലിക്കുകയും ജനങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന പാർലമെന്റിനും നിയമനിർമാണസഭകൾക്കും പ്രാഥമികത്വം ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഇത് സാധ്യമാകേണ്ടത് ഭരണകൂടഘടകങ്ങളുടെ പരസ്പരബന്ധിതവും പരസ്പര ബഹുമാനത്തോടുകൂടിയുള്ള ആന്തരിക അച്ചടക്കത്തിലൂടെയാണ്. ചീഫ് ജസ്റ്റിസും സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ന്യായാധിപരുമടങ്ങുന്ന കൊളീജിയമാണ് നിലവിൽ സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ന്യായാധിപരെ നിയമിക്കുകയും സ്ഥലംമാറ്റുകയും ചെയ്യുന്നത്. നിലവിലുള്ള ഈ രീതി തുടരണമോ അതോ സർക്കാർ പങ്കാളിത്തമുള്ള ജുഡീഷ്യൽ നിയമന കമ്മിഷൻ സംവിധാനത്തിലേക്ക് മാറണമോ എന്നതാണ് സംവാദവിഷയം. ഇക്കാര്യത്തിൽ ഒരുമാറ്റത്തിനും വഴങ്ങില്ല എന്ന പിടിവാശി ജനാധിപത്യക്രമത്തിന് ഭൂഷണമല്ല. അതോടൊപ്പം സർക്കാർ നാമനിർദേശംചെയ്യുന്ന രണ്ടംഗങ്ങളും നിയമമന്ത്രിയും അംഗങ്ങളായ ജുഡീഷ്യൽ കമ്മിഷൻ ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവത്തിലേക്കുള്ള കടന്നുകയറ്റമല്ലേ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടുതാനും. ജനാധിപത്യപ്രയോഗത്തിൽ സമീപകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യശോഷണമാണ് ഈ ആശങ്കയ്ക്ക്‌ കാരണം.

ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഇംഗിതങ്ങൾ ന്യൂനപക്ഷത്തിൽ അടിച്ചേൽപ്പിക്കാനുള്ള വ്യവസ്ഥയല്ല. പലപ്പോഴും സാങ്കേതികമായി ലഭ്യമാകുന്ന മേൽക്കൈ മൃഗീയഭാവങ്ങളോടെ എതിർപക്ഷത്തേക്ക് ഇരച്ചുകയറാനുള്ള ഉപാധിയായി ഉപയോഗിക്കുമ്പോൾ ജനാധിപത്യം അസ്തമിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ ഭരണഘടനയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന ഭരണകൂടഘടകമായാണ് ജുഡീഷ്യറിയെ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ, ഈ രക്ഷാകർതൃത്വം സ്ഥായിയായ പരമാധികാരവുമല്ല. ചുരുക്കിപ്പറഞ്ഞാൽ ജനാധിപത്യമൂല്യങ്ങൾക്ക് വിപുലവും വിശാലവുമായ അംഗീകാരമുള്ളിടത്ത് ജുഡീഷ്യറിയുടെ റോൾ കുറയുകയാണ് ചെയ്യുക.

ജനാധിപത്യത്തിന്റെ കാറ്റു കടക്കണം

ഇന്ത്യൻ ജനാധിപത്യത്തിന്റെ വികാസത്തോട് ചേർന്നുനിൽക്കാൻ കഴിഞ്ഞ ഏഴുദശാബ്ദങ്ങൾക്കുശേഷവും ജുഡീഷ്യറിക്ക്‌ സാധിച്ചിട്ടുണ്ടോ എന്ന കാര്യം സവിശേഷശ്രദ്ധയർഹിക്കുന്നു. ഭാഷയിലും വേഷത്തിലും ആചാരങ്ങളിലും ഉപചാരങ്ങളിലുമെല്ലാമുള്ള കൊളോണിയൽ വരേണ്യത ഇനിയും ഒഴിഞ്ഞുപോകാത്ത ഇടമാണ് ജുഡീഷ്യറി. ഏറ്റവും കുറവ് അപകോളനീകരിക്കപ്പെട്ട ഭരണകൂടഘടകം, ജനാധിപത്യം അടിസ്ഥാനമേഖലകളിലേക്ക് അതിവേഗം അതിവ്യാപനം ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ അതിനനുസരിച്ച്‌ സുതാര്യവും ലളിതവും ജനകീയവുമായ കോടതി നടപടിക്രമങ്ങൾ സാധ്യമാക്കേണ്ടേ? ഒരു പരിശോധനയ്ക്കും ക്രിയാത്മക വിമർശനത്തിനും ഇടംനൽകാതെ ചില്ലുകൊട്ടാരത്തിൽ തുടരുന്നത് ഉചിതമല്ല. ജുഡീഷ്യറിയും ‘അക്കൗണ്ടബിൾ’ ആകണം. വിധിന്യായങ്ങളും തീർപ്പുകളും പുറപ്പെടുവിക്കുമ്പോൾ ഭരണഘടന ബാഹ്യമായ വികാരങ്ങളാൽ സ്വാധീനിക്കപ്പെട്ടു പോകുന്ന സന്ദർഭങ്ങൾ വിരളമല്ല. ഇത്തരം സാഹചര്യങ്ങളിൽ പരിശോധനയും വിശകലനവും ആവശ്യമായ തിരുത്തലുകളും നടത്താനുള്ള സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു. പാർലമെന്റ് ഭരണഘടനാ വിരുദ്ധമായ തീരുമാനങ്ങളിലെത്തിയാൽ അത് റദ്ദാക്കാനുള്ള അധികാരം ജുഡീഷ്യറിക്കുള്ളതുപോലെ കോടതികൾ തെറ്റായ നിലപാടുകൾ സ്വീകരിച്ചാൽ അവ തിരുത്താനുള്ള സംവിധാനം ഉണ്ടായിക്കൂടേ?

ബലപരീക്ഷണത്തിന്റെ സാഹചര്യമൊഴിവാക്കി മഹത്തായ ഭരണഘടനാ മൂല്യങ്ങൾക്കും ചട്ടങ്ങൾക്കും അകത്തുനിന്നുകൊണ്ട് സ്വതന്ത്രസംവാദങ്ങളിലൂടെ മാറ്റങ്ങൾ കൊണ്ടുവരാൻ എക്സിക്യുട്ടീവും ജുഡീഷ്യറിയും പരിശ്രമിക്കുകയാണ് കരണീയം. സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരുടെ സംഘം (കൊളീജിയം) ജഡ്ജിമാരെ തിരഞ്ഞെടുക്കുകയും സ്ഥലംമാറ്റം നടത്തുകയും ചെയ്യുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന വാദം പൂർണമായി തള്ളിക്കളയാൻ കഴിയില്ല. പാർലമെന്റ് ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ജനകീയ പരമാധികാരമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകം. ജനാധിപത്യ വികസനത്തിന്റെ പുതിയ വിതാനങ്ങളിലേക്ക് വളരാൻ ജുഡീഷ്യൽസമൂഹം സ്വയം പുതുക്കിപ്പണിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

(കേരള നിയമസഭാ സ്പീക്കറാണ് ലേഖകൻ )