കേരളത്തിലെ കുടിയേറ്റ തൊഴിലാളി മേഖലയിൽ മുമ്പൊരിക്കലും ഉണ്ടാവാത്ത ഒരാശങ്കയുടെ നിഴൽവീണിരിക്കുകയാണ്‌. കേരളം കുടിയേറ്റത്തൊഴിലാളികൾക്ക്‌ തൊഴിൽചെയ്യാൻ പറ്റിയ ഇടമല്ലയെന്നും മലയാളികൾ മറുനാടൻ തൊഴിലാളികളോട്‌ കരുണയില്ലാതെ പെരുമാറുന്നു എന്നൊക്കെയുമാണ്‌ പ്രചരണങ്ങൾ. ഒറ്റപ്പെട്ട സംഭവങ്ങൾ അടിസ്ഥാനമാക്കി ഊതിവീർപ്പിച്ച അപ്രസ്താവങ്ങളാണിവ.

നൂറ്റാണ്ടുകളുടെ  കുടിയേറ്റ ചരിത്രമുള്ള കേരളത്തിൽ പെട്ടെന്നൊരുദിവസം അന്യസംസ്ഥാന തൊഴിലാളികൾ ആശങ്കയിലും അരക്ഷിതാവസ്ഥയിലും കഴിയുന്നുവെന്ന പ്രചാരണത്തിനുപിന്നിൽ നിക്ഷിപ്ത താത്‌പര്യക്കാരാണ്‌ എന്നതിൽ സംശയമില്ല.ഇന്ത്യയിൽ ഏറ്റവുമധികം സുരക്ഷിതമായും സാമ്പത്തിക ഭദ്രതയോടെയും സർക്കാർ പരിരക്ഷയോടെയും മറുനാടൻ തൊഴിലാളികൾക്ക്‌ ജോലിചെയ്യാൻ പറ്റിയ ഇടമാണ്‌ കേരളം.

തൊഴിൽതേടി വന്നവർ
ഏകദേശം 35 ലക്ഷത്തോളം കേരളീയർ (മൊത്തം ജനസംഖ്യയുടെ (10%) കേരളത്തിന്‌ പുറത്തേക്ക്‌ പോയതോടെ ഇവിടെ സൃഷ്ടിക്കപ്പെട്ട തൊഴിൽ കമ്പോളത്തിലെ തൊഴിലാളി ദൗർലഭ്യം സമാന്തരമായ മറ്റൊരു കുടിയേറ്റത്തിലൂടെ പരിഹരിക്കപ്പെട്ടു. 40 ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലെ  തൊഴിൽ കമ്പോളത്തെ  കൈയടക്കി.

ബംഗാൾ, യു.പി., ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന്‌ കൂട്ടത്തോടെ തൊഴിലാളികൾ കേരളത്തിൽ എത്തിച്ചേർന്നു. ഒരു പതിറ്റാണ്ടിനു മുമ്പുവരെ  തമിഴ്‌നാടിനും കർണാടകത്തിനും ഉണ്ടായിരുന്ന ആധിപത്യം പതിയെ ബംഗാളികൾ കൈക്കലാക്കി. കേരളത്തിലെ ഉയർന്ന കൂലി, ജീവിതസൗകര്യങ്ങൾ, വിദ്യാഭ്യാസ നിലവാരം എന്നിവയെല്ലാം വടക്കേയിന്ത്യൻ തൊഴിലാളികളെ കേരളമെന്ന ‘ഗൾഫിലേക്ക്‌’ ആകർഷിച്ചു.

സുദീർഘമായ കുടിയേറ്റ ചരിത്രമുള്ള നമ്മുടെ നാട്ടിൽ എവിടെയും കേരളീയർ അന്യദേശത്തൊഴിലാളികളോട്‌ അസഹിഷ്ണുതയോടെ പെരുമാറിയതായി രേഖപ്പെടുത്തിയിട്ടില്ല.  മറിച്ച്‌ ഓരോ തൊഴിലാളിയുടെയും ജീവിതസൗകര്യം മെച്ചപ്പെടുത്തി  പുതിയ തൊഴിലാളികളെ ഇവിടേക്ക്‌ കൊണ്ടുവന്നിട്ടുള്ള ഉദാഹരണങ്ങൾ മാത്രമേ കേരളത്തിനുള്ളൂ

കോടികൾ നൽകുന്ന കേരളം
ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച്‌ 2016-ൽ 40 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ്‌ കേരളത്തിലുള്ളത്‌. സംസ്ഥാനത്തേക്കുള്ള ശരാശരി കുടിയേറ്റനിരക്ക്‌ വർഷത്തിൽ 2.35 ലക്ഷമാണെന്നതും കേരളത്തിലെ തൊഴിൽമേഖല എത്രമാത്രം സ്വീകാര്യമാണെന്നതിന്റെ തെളിവാണ്‌.  ഇവർ കേരളത്തിൽനിന്ന്‌ കൊണ്ടുപോകുന്നതാകട്ടെ വർഷത്തിൽ 25,000 കോടി രൂപയും. (വിദേശ മലയാളികൾ 75,000 കോടിയിലധികം രൂപ കേരളത്തിലേക്കും എത്തിക്കുന്നു).

കേരള മൈഗ്രേഷൻ സർവേ (2014) പ്രകാരം ആകെയുള്ള അന്യസംസ്ഥാന തൊഴിലാളികളിൽ 20 ശതമാനം പേർ ബംഗാളിൽനിന്നും 18 ശതമാനം  ബിഹാറിൽനിന്നും 17 ശതമാനം അസമിൽനിന്നും 15 ശതമാനം യു.പി.യിൽനിന്നും ഉള്ളവരാണ്‌.  ഇതിൽ എട്ടുലക്ഷത്തോളം പേർ എറണാകുളം ജില്ലയിലും (പെരുമ്പാവൂർ കേന്ദ്രീകരിച്ച്‌), 7.5 ലക്ഷം പേർ തിരുവനന്തപുരത്തും നാലുലക്ഷം പേർ വീതം കോഴിക്കോട്ടും പാലക്കാട്ടുമായി തൊഴിൽമേഖല കണ്ടെത്തിക്കഴിഞ്ഞു.  ശ്രദ്ധേയമായ ഒരു കാര്യം 70 ശതമാനം തൊഴിലാളികളും അവിദഗ്‌ധ തൊഴിലാളികളാണ്‌ എന്നതാണ്‌. കാരണം സാങ്കേതിക പരിജ്ഞാനവും വിദ്യാഭ്യാസവും കുറഞ്ഞവരാണ്‌ ഭൂരിഭാഗവും  എന്നതുതന്നെ.

തൊഴിൽലഭ്യതയുടെ കാര്യത്തിൽ, കേരളം അവർക്ക്‌ ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമാണ്‌ നൽകുന്നത്‌.  28.7 ശതമാനം പേർ ആഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്യുമ്പോൾ 57.8 ശതമാനം പേർ ആറുദിവസം ജോലി ചെയ്യുന്നവരാണ്‌.  തൊഴിലില്ലായ്മ കേരളത്തിലെത്തിച്ച തൊഴിലാളികളുടെ ദിവസവേതനമാകട്ടെ, കേരളത്തിൽ നിലവിലുള്ള മിനിമം വേതനത്തെക്കാൾ ഇരട്ടിയിലേറെയുമാണ്‌.

ക്ഷേമവും വികസനവും
കേരളത്തിന്റെ നിർമാണമേഖലയുടെ നട്ടെല്ലാണ്‌ ഇന്ന്‌ അന്യസംസ്ഥാന തൊഴിലാളികൾ. അതുകൊണ്ടുതന്നെ കരുതലോടെയുള്ള പദ്ധതികൾ സർക്കാർ തലത്തിൽ നടപ്പാക്കിവരുന്നുണ്ട്‌. അതിലേറ്റവും ശ്രദ്ധേയം കുടിയേറ്റ തൊഴിലാളികൾക്കായി ജില്ലകൾതോറും സ്ഥാപിക്കാൻ ഉദ്ദേശിച്ചിട്ടുള്ള നൈപുണ്യവികസന ഇൻസ്റ്റിറ്റ്യൂട്ടുകളാണ്‌. കൊല്ലത്ത്‌ ഇതിനോടകംതന്നെ സ്ഥാപിതമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ്‌ കൺസ്‌ട്രക്‌ഷൻ ഇതിനുദാഹരണമാണ്‌. നൈപുണ്യവികസനത്തിനൊപ്പം സാമൂഹ്യസുരക്ഷാ ഇൻഷുറൻസ്‌ പദ്ധതിയായ ‘ആവാസ്‌’ 2016-ൽ ആരംഭിക്കുകയുണ്ടായി.

ഈ വർഷം സർക്കാർ പ്രഖ്യാപിച്ച 15,000 രൂപയുടെ സൗജന്യ ചികിത്സാ പദ്ധതിയും അപകട ഇൻഷുറൻസ് കവറേജും അന്യസംസ്ഥാന തൊഴിലാളികളുടെ സാമൂഹ്യ-ആരോഗ്യ ക്ഷേമം ഉറപ്പാക്കുന്ന പദ്ധതികളാണ്.

കുടിയേറ്റ തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസവും കേരളത്തിൽ സുരക്ഷിതമാണ്. സർവശിക്ഷാ അഭിയാന്റെ കീഴിൽ  വിദ്യാഭ്യാസവകുപ്പ് അവർക്കായി സ്കൂളുകൾ തുടങ്ങിക്കഴിഞ്ഞു. ഇതോടൊപ്പമാണ് തൊഴിലാളികൾക്കായി ‘ചങ്ങാതി’യെന്ന പരിപാടിവഴി മലയാള പഠനം കൂടി സാക്ഷരതാമിഷൻ ആരംഭിച്ചത്.

ചുരുക്കത്തിൽ തൊഴിൽ സുരക്ഷയും ആരോഗ്യ-ക്ഷേമ -വിദ്യാഭ്യാസരംഗങ്ങളിൽ കരുതലും ലഭിക്കുന്ന വിഭാഗമാണ് കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികൾ. ദാരിദ്ര്യം തീവണ്ടി കയറ്റിയവരുടെ മുന്നേറ്റം, അവരുടെ കുടുംബത്തിലേക്ക് മാത്രമല്ല, അവരുടെ നാട്ടിലേക്കുകൂടിയാണ് നേട്ടങ്ങളും വികസനവും കൊണ്ടുപോകുന്നത് എന്ന് വിസ്മരിച്ചുകൂടാ.


നേട്ടങ്ങൾ വരിച്ച് തമിഴ് തൊഴിലാളികൾ

തമിഴ് തൊഴിലാളികൾ ധാരാളമായി കുടിയേറിപ്പാർത്തിട്ടുള്ള സ്ഥലമാണ് കേരളം. അവർക്കിടയിൽ ഞങ്ങൾ നടത്തിയ ഒരു സർവേയുടെ സംഗ്രഹം ഈയവസരത്തിൽ കൂട്ടിവായിക്കുന്നത് ഉചിതമായിരിക്കും. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നായി തലസ്ഥാനത്ത് താമസമാക്കിയ ഇരുനൂറോളം തൊഴിലാളികൾക്കിടയിലാണ് പഠനം നടത്തിയത്. കുടിയേറ്റക്കാരിൽ 80 ശതമാനവും അഞ്ചാം തരമോ താഴെയോ വിദ്യാഭ്യാസം നേടാത്തവരായിരുന്നു. കടബാധ്യത, തൊഴിലില്ലായ്മ എന്നിവയാണ്‌ കുടിയേറ്റത്തിനുള്ള മുഖ്യകാരണങ്ങൾ. വേതനത്തിലെ അന്തരമാണ് പഠനം പ്രത്യേകമായി ശ്രദ്ധിച്ച ഒരു ഘടകം.

കുടിയേറിയ തൊഴിലാളികളുടെ തമിഴ്‌നാട്ടിലെ ശരാശരി വേതനം 125 രൂപ ആയിരുന്നപ്പോൾ കേരളത്തിൽ അവർക്കത് ശരാശരി 500 രൂപയാണ്. പുരുഷ തൊഴിലാളികൾക്ക് താരതമേന്യ ഉയർന്ന വേതനം ലഭിച്ചതായും സർവേ വ്യക്തമാക്കി. വർഷത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും തൊഴിൽസാധ്യത കുടിയേറിയ തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. 38 ശതമാനം പേർക്കും 180 മുതൽ 240 ദിവസംവരെയും 25 ശതമാനം പേർക്ക് 240-330 ദിവസം വരെയും തൊഴിൽ ലഭ്യമായിരുന്നു.

താരതമ്യേന ശുചിത്വമുള്ള താമസസൗകര്യം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യപരിരരക്ഷ എന്നിവയുടെ കാര്യത്തിൽ തൊഴിലാളികൾക്ക് മെച്ചപ്പെട്ട അവസരങ്ങളാണ് കേരളത്തിൽ ലഭ്യമായത്. വീട്ടുപകരണങ്ങളുടെ ഉടമസ്ഥതയിലും തൊഴിലാളികൾ നേട്ടമുണ്ടാക്കി മറ്റൊരു സവിശേഷത സാംസ്കാരിക രംഗത്താണ്. പ്രത്യേകിച്ചും സിനിമാശാലകൾ പോലുള്ള സൗകര്യങ്ങളുടെ കാര്യത്തിൽ തിരുവനന്തപുരത്ത് തമിഴ് കുടിയേറ്റക്കാർ ഏറെ മുന്നേറ്റം സൃഷ്ടിച്ചു. 60 ശതമാനം പേരും മാസത്തിൽ ഒരു തവണ സ്വന്തം ഗ്രാമങ്ങളിലേക്കു പോയിരുന്നവരാണെന്നും സർവേ വിലയിരുത്തുന്നു. ചുരുക്കത്തിൽ മികച്ച സാമ്പത്തിക -വിദ്യാഭ്യാസ -സാംസ്കാരിക നേട്ടങ്ങൾ കൈവരിക്കാൻ വർഷങ്ങളായി കേരളത്തിൽ സ്ഥിരതാമസമാക്കിയ തമിഴ് തൊഴിലാളികൾക്ക് സാധിച്ചിരുന്നു എന്ന് സാരം.

(സാമ്പത്തികശാസ്ത്ര അധ്യാപകരാണ് ലേഖകർ)