ജനഹിതം 2019

അഞ്ചുവർഷത്തെ ഭരണംകൊണ്ട് എല്ലാ മേഖലയിലും  നാശം വിതച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറത്തേക്കുള്ള വാതിൽ കാണിക്കണമെന്ന് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്.  ഒരുപക്ഷേ, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാകണം നോട്ട് അസാധുവാക്കൽ. മോദിയുടെ വിദേശ നയം തികഞ്ഞ പരാജയമാണ്.  ഒരു കള്ളം നൂറുതവണ പറഞ്ഞാൽ സത്യമാവില്ലെന്നും പി.ടി.ഐ.ക്ക് അനുവദിച്ച അഭിമുഖത്തിൽ മൻമോഹൻ സിങ് പറഞ്ഞു.  

ഇല്ലാത്ത മോദിതരംഗം
 യുവാക്കൾ, കർഷകർ, കച്ചവടക്കാർ തുടങ്ങിയവർക്കെല്ലാം ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് അഞ്ചുവർഷത്തെ ഭരണം. ജനാധിപത്യസ്ഥാപനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മോദി തരംഗം എന്ന ഒന്നില്ല. എല്ലാവരുടെയും വികസനത്തിലൂന്നാതെ രാഷ്ട്രീയ നിലനിൽപ്പിനായി രാജ്യത്തിന്റെ ഐക്യം തകർക്കുന്നവരെ വോട്ടുചെയ്ത് പുറത്താക്കാൻ ജനം തീരുമാനിച്ചിട്ടുണ്ട്.  

ശ്രദ്ധയില്ലാത്ത വിദേശ നയം
 പാകിസ്താനുമായുള്ള മോദിയുടെ വിദേശ നയം ശ്രദ്ധയില്ലാത്തതാണ്. ക്ഷണിക്കാതെയുള്ള പാകിസ്താൻ സന്ദർശനം മുതൽ വഞ്ചകരായ ഐ.എസ്.ഐ.യെ പഠാൻകോട്ട് ആക്രമണത്തിന്റെ അന്വേഷണത്തിന്റെ പേരിൽ ഇങ്ങോട്ടേക്ക് ക്ഷണിച്ചതുൾപ്പെടെ പാളിച്ചകളുടെ പരമ്പരകളാണ് പറയാനുള്ളത്. ദേശീയ താത്‌പര്യമായിരുന്നു ഇന്ത്യയുടെ വിദേശനയത്തിന്‍റെ കാതൽ. അല്ലാതെ ഏതെങ്കിലും വ്യക്തിയുടെ പ്രതിച്ഛായ നിർമാണത്തിനായിരുന്നില്ല. വിദേശനയം ഗൗരവതരമായിരിക്കണം, നയതന്ത്രജ്ഞതവേണം, മറ്റ് രാജ്യങ്ങളുടെ  ആശങ്കകൾ അറിഞ്ഞ് അന്തിമമായി ഇന്ത്യയുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതാവണം ഓരോ നയതന്ത്ര ദൗത്യവും. നിർഭാഗ്യവശാൽ ഇപ്പോഴത്തെ സർക്കാരിന്റെ വിദേശനയം അങ്ങനെയല്ല.  

സാമ്പത്തികരംഗം
മോദിഭരണം രാജ്യത്തെ ഭയാനകമായ സാമ്പത്തിക ഞെരുക്കത്തിലാണ് എത്തിച്ചത്. അത് മാന്ദ്യത്തിലേക്ക് നയിച്ചു.  വാക്‌സാമർഥ്യ പ്രകടനങ്ങളും  അലങ്കാരങ്ങളുമെല്ലാം ജനങ്ങൾക്ക് മതിയായി. ശക്തിപ്രകടന പൊങ്ങച്ചങ്ങൾക്കും മായികതയ്ക്കുമെതിരേ ശക്തമായ അടിയൊഴുക്കുണ്ട്. അഞ്ചുവർഷം  അഴിമതിയുടെ ദുർഗന്ധം ഉയർന്നത് അവിശ്വസനീയമായ അനുപാതത്തിലാണ്. ബാങ്കുകളെ പറ്റിച്ച് മുങ്ങിയ തട്ടിപ്പുകാരും ഭരണത്തിലുള്ളവരും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്. ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പരാജയപ്പെട്ട കദനകഥയാണ് അഞ്ചുവർഷത്തെ മോദി സർക്കാരിന്റേത്. 2014-ൽ അച്ഛാ ദിൻ പറഞ്ഞ് വന്നവരാണ്. അഞ്ചുവർഷം അവസാനിച്ചപ്പോഴേക്കും എല്ലാവർക്കും ദുരിതമായി.

നമ്മുടെ സാമൂഹിക-രാഷ്ട്രീയാന്തരീക്ഷ ത്തിന്റെ പാരസ്പര്യം നഷ്ടമായി. ജനങ്ങൾക്ക് കടുത്ത നിരാശയും മോഹഭംഗവുമാണ്. മോദിയെയും ബി.ജെ.പി.യെയും  ജനം പുറ ന്തള്ളുമ്പോൾ  ഇന്ത്യയുടെ ഭാവി  സുരക്ഷിതവും കെട്ടുറപ്പുള്ളതുമാവും.

ദേശീയത
 ദേശീയതയെപ്പറ്റി പറയുമ്പോൾ മോദിക്ക് അതിനോടുള്ള ആത്മാർഥത പരിശോധിക്കപ്പെടേണ്ടതാണ്. 40 സി.ആർ.പി.എഫ്.  ജവാൻമാർ വീരമൃത്യുവരിച്ച പുൽവാമ ആക്രമണത്തിനുശേഷം സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിതല സമിതിയിൽ അധ്യക്ഷതവഹിക്കുന്നതിനുപകരം, ജിംകോർബറ്റ് ദേശീയോദ്യാനത്തിൽ സിനിമാ ചിത്രീകരണത്തിലായിരുന്നു അദ്ദേഹം എന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഗുരുതര രഹസ്യാന്വേഷണ വീഴ്ച പുൽവാമയിലുണ്ടായത് കാണിക്കുന്നത് ഭീകരവാദത്തെ നേരിടുന്നതിൽ ഈ സർക്കാരിനുണ്ടായ അലംഭാവമാണ്. പാകിസ്താനോടുള്ള നയത്തിലുൾപ്പെടെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട് തന്ത്രപ്രധാന വീഴ്ചകളാണ് സർക്കാരിനുണ്ടായത്. ഒരു കള്ളം നൂറുതവണ ആവർത്തിച്ചാൽ സത്യമാവില്ല. അഞ്ച് വർഷത്തിനിടെ ജമ്മുകശ്മീരിൽമാത്രം ഭീകരാക്രമണത്തിൽ 176 ശതമാനമാണ് വർധന ഉണ്ടായത്. അതിർത്തിയിലെ വെടിനിർത്തൽ ലംഘനം 1000 ശതമാനം കൂടി. സമൂഹത്തിൽ ഭിന്നിപ്പും വെറുപ്പുമുണ്ടാക്കി നേട്ടമുണ്ടാക്കലാണ് ലക്ഷ്യം. ഭരണപരാജയം മറയ്ക്കാനാണ് ബി.ജെ.പി. ഓരോ ദിവസവും ഓരോ ന്യായീകരണങ്ങളുമായി വരുന്നത്. ദേശസുരക്ഷ പോലുള്ള കാര്യങ്ങൾ മറയാക്കുന്നതും അതിനാലാണ്.

ഒറ്റയാൾ
ഇന്ത്യയെപ്പോലൊരു രാജ്യത്ത് എല്ലാത്തിനും ഒറ്റയാൾ പരിഹാരം എന്നത് അസാധ്യമാണ്. വൈവിധ്യപൂർണമാണ് ഇന്ത്യ. 130 കോടി ജനങ്ങളെ ഒരാൾക്കുമാത്രം പ്രതിനിധാനം ചെയ്യാനാവില്ല. ഒരാൾക്ക് മാത്രമായി അവരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനുമാവില്ല. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റാൻ ഒരാളുടെ ചിന്തകളും ഇഷ്ടങ്ങളും മാത്രം അടിച്ചേൽപ്പിക്കുക  എന്നത് നീതിയല്ല. ജനങ്ങളുടെ ശരിയായ പ്രാതിനിധ്യം പ്രധാനമാണ്. എല്ലാം അറിയുന്ന ഒരാൾ എന്ന ആശയം ഇന്ത്യയിൽ നടപ്പാക്കാനാവില്ല. അതുകൊണ്ടുതന്നെ പ്രസിഡൻഷ്യൽ രീതിയിലുള്ള തിരഞ്ഞെടുപ്പ് ഇന്ത്യയ്ക്ക്‌ ചേർന്നതല്ല.