പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായത്തിൽ ‘കോൺഗ്രസ് മുക്ത ഇന്ത്യ’ എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് മഹാത്മാഗാന്ധിയാണ്‌. സ്വാതന്ത്ര്യസമ്പാദനമെന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടതോടെ കോൺഗ്രസ് പിരിച്ചുവിടണം എന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടിരുന്നെങ്കിലും യുക്തിപരമായി വിലയിരുത്തിയാൽ  ലക്ഷ്യപ്രാപ്തിക്കുശേഷം സ്വാതന്ത്ര്യസമരനേതാക്കൾ ഒന്നടങ്കം വനവാസത്തിന് പോകുമായിരുന്നില്ല; ഗാന്ധിജി തന്നെയും അതിന് ആവശ്യപ്പെടുകയും ചെയ്യുമായിരുന്നില്ല.

ആ സന്ദിഗ്ധഘട്ടത്തിൽ രാഷ്ട്രപുനർനിർമാണമെന്ന ചരിത്രപരമായ ദൗത്യത്തിൽനിന്ന് കോൺഗ്രസ് നേതാക്കൾ പിറകോട്ടുപോകുന്നത് ഉത്തരവാദത്തിൽനിന്നുള്ള ഒളിച്ചോട്ടമാകുമായിരുന്നു. പ്രത്യേകിച്ചും, ഭൂരിപക്ഷ അജൻഡ നടപ്പാക്കാൻ തക്കം പാർത്തിരിക്കുന്നവർ
പാകിസ്താനെ അനുകരിച്ച് ഒരു പൗരോഹിത്യാധിപത്യത്തിലേക്ക് രാജ്യത്തെ പരിവർത്തിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ.

ഗാന്ധിജിയെ ഇല്ലാതാക്കിയതോടെ അവരുടെ അടുത്ത ലക്ഷ്യം ഒരു ആധുനിക, മതേതര രാഷ്ട്രമായി ഇന്ത്യയെ മാറ്റിയെടുക്കാൻ പ്രയത്നിച്ചുകൊണ്ടിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ തകർക്കലായിരുന്നു. ബി.ജെ.പി.യുടെ മുൻഗാമിയായ ഭാരതീയ ജനസംഘത്തിന്റെ പ്രഥമ രാഷ്ട്രീയ ചരിത്രമെഴുതിയ ക്രെയ്ഗ് ബാക്സ്റ്റർ 1969-ൽ ഇപ്രകാരം രേഖപ്പെടുത്തി: ‘‘1947 ഓഗസ്റ്റ്‌ 
15-ാം തീയതി ഇന്ത്യ സ്വതന്ത്രയായപ്പോൾ, ഭാരതമാതാവിന്റെ അവിഭക്തവിശുദ്ധി നശിപ്പിക്കപ്പെട്ടതിനാൽ അന്ന് ദുഃഖാചരണം നടത്താൻ ആഹ്വാനം ചെയ്യുകയായിരുന്നു ആർ.എസ്.എസ്.’’

തീവ്രരാജ്യസ്നേഹം പ്രകടിപ്പിക്കുന്ന ആർ.എസ്.എസിനെക്കുറിച്ച് മഹാത്മജിക്കുണ്ടായിരുന്ന വ്യക്തമായ ധാരണകൾക്ക് വർത്തമാനകാല സാഹചര്യങ്ങളിൽ ഏറെ പ്രസക്തിയുണ്ട്. മഹാത്മജിയുടെ വിശ്വസ്തനും പലപ്പോഴും വക്താവുമായിരുന്ന പ്യാരേലാലിന്റെ വാക്കുകൾ അത്‌ വ്യക്തമാക്കുന്നു: ‘‘ഡൽഹിയിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും നടന്ന കൂട്ടക്കൊലകൾക്കുപിന്നിൽ ആർ.എസ്.എസ്. ആണെന്നത് സാധാരണക്കാർക്കുപോലും അറിയാവുന്ന കാര്യമാണ്.’’

അതിനിടെ, വാഗ അഭയാർഥി ക്യാമ്പിൽ ആർ.എസ്.എസുകാർ വലിയ സേവനമനുഷ്ഠിച്ചുവെന്നും അവർ പ്രകടിപ്പിച്ച അച്ചടക്കവും ധീരതയും കഠിനാധ്വാനവും വിലപ്പെട്ടതായിരുന്നുവെന്നും ഗാന്ധിജിയുടെ ഒരനുയായി അഭിപ്രായപ്പെട്ടപ്പോൾ ഉടനുണ്ടായി രാഷ്ട്രപിതാവിന്റെ പ്രതികരണം: ‘‘നിങ്ങൾ ഒരു കാര്യം മറക്കരുത്. അതുപോലെതന്നെയായിരുന്നു ഹിറ്റ്‌ലറുടെ നാസികളും മുസ്സോളിനിയുടെ ഫാസിസ്റ്റുകളും.’’


വെളിപ്പെടുന്ന അജൻഡകൾ

അടുത്തകാലത്തായി ഹിന്ദുമഹാസഭ ഗാന്ധിഘാതകരെ പരസ്യമായി വാഴ്ത്തുന്നതിൽ സധൈര്യം മുന്നോട്ടുവന്നുകൊണ്ടിരിക്കുന്ന കാഴ്ചകളാണ്‌ കാണുന്നത്‌. 2016 ജനുവരി 30-ാം തീയതി, ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിൽ, ഹിന്ദുമഹാസഭാപ്രവർത്തകർ മധുരപലഹാരവിതരണം നടത്താനും മടിച്ചില്ല.

1947-ലെ ഇന്ത്യാവിഭജനത്തിന്റെ കാരണക്കാരൻ ഗാന്ധിയാണെന്ന തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും അതുകൊണ്ട് ഗാന്ധിവധം ന്യായമാണെന്നും പ്രഖ്യാപിക്കാനായിരുന്നു ഈ മിഠായിവിതരണവും ആഘോഷവും. ഇപ്പോൾ, ഗോഡ്‌സെയ്ക്കുവേണ്ടിയുള്ള ക്ഷേത്രങ്ങൾ പണിയാൻ അണിയറയിൽ നീക്കങ്ങൾ നടന്നുവരുകയാണെന്ന്‌ വാർത്തകൾ.

ഇതോട്‌ ചേർത്തുവായിക്കേണ്ടതാണ് ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിവസം ‘ബലിദാൻ ദിന’മായി ആചരിക്കണമെന്ന അഖിലഭാരതീയ ഹിന്ദുമഹാസഭയുടെ പ്രഖ്യാപനം. അതുകൊണ്ടും തീർന്നില്ല, ഗോഡ്‌സെയുടെ ജീവചരിത്രം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അവർ രാഷ്ട്രപതിയോട് ആവശ്യപ്പെടാൻ വട്ടംകൂട്ടുകയും ചെയ്യുന്നു!
 
ഇപ്പോൾ ബി.ജെ.പി. തങ്ങളുടെ ആദർശപുരുഷനെന്ന് വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്ന, നെഹ്രുമന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ ഗാന്ധിവധത്തിന്റെ പേരിൽ ഹിന്ദുമഹാസഭയ്ക്കും ആർ.എസ്.എസിനുമെതിരേ ആഞ്ഞടിച്ചത് ചരിത്രം. 1948 ജൂലായ് 
18-ാം തീയതി ഹിന്ദുമഹാസഭാ നേതാവ് ശ്യാമപ്രസാദ് മുഖർജിക്ക് പട്ടേൽ എഴുതി: ‘‘ഇത്രയും ഭീകരമായൊരു ദുരന്തം (ഗാന്ധിവധം) നടന്നുകഴിഞ്ഞു. ഹിന്ദുമഹാസഭയിലെ തീവ്രവിഭാഗം ഈ ഗൂഢാലോചനയിൽ പങ്കാളികളാണെന്നതിൽ എനിക്ക് അല്പംപോലും സംശയമില്ല.’’ 

രണ്ടുമാസത്തിനുശേഷം, ഈ നികൃഷ്ടകൃത്യത്തിൽ ആർ.എസ്.എസിന്റെ പങ്കിനെ കഠിനമായി അപലപിച്ചുകൊണ്ട് പട്ടേൽ പറഞ്ഞു: ‘‘ഇക്കാര്യത്തിൽ ഗവൺമെന്റിന്റെയോ ജനങ്ങളുടെയോ ഒരു അണുപോലും സഹതാപം ആർ.എസ്.എസിനില്ല. അതേസമയം ഇതിനെതിരേയുള്ള എതിർപ്പ് ശക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഗാന്ധിജി വധിക്കപ്പെട്ടശേഷം ആഹ്ലാദിക്കുകയും മധുരപലഹാരങ്ങൾ വിതരണം നടത്തുകയും ചെയ്തത് എതിർപ്പിന്റെ രൂക്ഷത വർധിപ്പിക്കുന്നു.’’ ഈ സാഹചര്യത്തിൽ നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചകാലത്ത്‌ ആർ.എസ്.എസിൽ അംഗമായി തുടർന്നിരുന്നുവോ എന്നതിന്‌ യാതൊരു പ്രസക്തിയുമില്ല. 


വളച്ചൊടിക്കുന്ന ചരിത്രം

ഈ വിരോധാഭാസം ഗാന്ധിജിയെയും കോൺഗ്രസിനെയും ഉൾപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ച വിവാദപ്രസ്താവനയുടെ യാഥാർഥ്യത്തെ ചോദ്യം ചെയ്യുന്നു. കൂടാതെ ബി.ജെ.പി. അടക്കമുള്ള ആർ.എസ്.എസിന്റെ ഉപസംഘടനകൾക്കിടയ്ക്കുതന്നെ ഇന്ത്യാവിഭജനത്തിൽ കോൺഗ്രസിന്റെ പങ്കിനെക്കുറിച്ച് വിഭിന്നമായ നിലപാടാണുള്ളത്.

പലപ്പോഴും ചില ഘടകങ്ങൾ അത് നിഷേധിക്കുകപോലും ചെയ്യുന്നുണ്ട്. അതേസമയം തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ കോൺഗ്രസിനെതിരേയുള്ള ആരോപണങ്ങളിൽ ഇക്കാര്യം അവർ ‘ഏകകണ്ഠ’മായി ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. പാർലമെന്റിൽ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിൽ ചരിത്രവസ്തുതകളെ ബോധപൂർവം വളച്ചൊടിക്കാനുള്ള ശ്രമം നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇൗ സാഹചര്യത്തിൽ സംഘപരിവാരശക്തികളുടെ വളർച്ചയെക്കുറിച്ച്‌ ഹ്രസ്വമായി പരാമർശിക്കട്ടെ. 1970-കളുടെ മധ്യത്തിൽ ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയപ്രസ്ഥാനത്തിൽ അണിചേരുകവഴി തങ്ങളുടെ രാഷ്ട്രീയ തൊട്ടുകൂടായ്മയിൽനിന്ന് ജനസംഘം മോചിതമാവുകയായിരുന്നു.

എന്നാൽ, 1990-കളോടെ എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി., സവർക്കറുടെ പ്രഖ്യാപിത ഹിന്ദുത്വനിലപാട് അംഗീകരിച്ചു. ഏറെക്കാലം കഴിയുന്നതിനുമുൻപ് 2003-ൽ, ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാർ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ, ഗാന്ധിജിയുടെ ഘാതകന് സർവാത്മനാ പ്രേരണനൽകിയ സവർക്കറുടെ ചിത്രം അനാച്ഛാദനം ചെയ്യുകയുമുണ്ടായി.
 
തുടർന്ന് ഗാന്ധിജിയെ അവമതിപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്, ബി.ജെ.പി.ക്ക് ഹിന്ദുമഹാസഭയുമായുള്ള ഘടനാപരമായ ബന്ധങ്ങൾ വെളിപ്പെടുത്താനുള്ള തന്ത്രവും സംഘടന മുന്നോട്ടുവെച്ചിട്ടുണ്ട്. ഗാന്ധിജിയോട് മൃദുസമീപനമെന്ന നയം തിരഞ്ഞെടുക്കപ്പെട്ട ചില മേഖലകളിൽ ബി.ജെ.പി. പയറ്റിവരുന്നു. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് അടുത്തിടെ ഇന്ത്യ സന്ദർശിച്ച ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും നരേന്ദ്രമോദിയും ചേർന്ന് സാബർമതി ആശ്രമത്തിലെ ഗാന്ധിജിയുടെ പവിത്രമായ ചർക്കയിൽ നൂൽ നൂറ്റത്!

ഇതോടു ചേർത്തുവായിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. 2015 ഡിസംബർ 25-ാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജന്മദിനാശംസകളർപ്പിക്കാൻ യാതൊരു മുന്നറിയിപ്പുമില്ലാതെ ലഹോറിൽ വിമാനമിറങ്ങി. ഊഷ്മളമായിരുന്നൂ, അഭിവാദ്യ പ്രത്യഭിവാദ്യങ്ങൾ. പിറ്റേന്നുതന്നെ ബി.ജെ.പി. ദേശീയ സെക്രട്ടറിയും ആർ.എസ്.എസ്. പ്രചാരകനുമായ രാം മാധവ് ‘അഖണ്ഡഭാരത’ മുദ്രാവാക്യം ഉച്ചത്തിൽമുഴക്കി. അത് മോദിക്കുള്ളൊരു മുന്നറിയിപ്പായാണ് അക്കാലത്ത് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്!

ഗാന്ധിജിയോടും നെഹ്രുവിനോടും ഹിന്ദുത്വവാദികൾക്കുള്ള യഥാർഥവിരോധത്തിന്റെ കാരണം ഇന്ത്യാവിഭജനമൊന്നുമല്ല. അവർ എല്ലാ പൗരന്മാരെയും ഒരുപോലെ ഉൾക്കൊള്ളുന്ന മതേതരത്വത്തിൽ വിശ്വസിച്ചു. അതിനെല്ലാമുപരിയാണ് യഥാർഥ ദേശീയതയും സംസ്കാരവുമെന്ന് വിശ്വസിച്ചു.

അവർ പരിപോഷിപ്പിച്ച കോൺഗ്രസ് സ്വാഭാവികമായും അതേ ആദർശങ്ങളുടെ തണലിലാണ് വളർന്നത്. സംഘപരിവാരശക്തികൾ വിഭാവനം ചെയ്യുന്ന ഏകശിലാത്മക ഭരണകൂടം എന്ന ആശയവുമായി  ഫെഡറൽ ഭരണസംവിധാനത്തിൽ വിശ്വസിക്കുന്നവർക്ക്‌ പൊരുത്തപ്പെട്ടുപോകാനാവില്ല.