പൗരത്വ നിയമത്തിനെതിരെ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞും നിലപാടുകളില്‍ ഉറച്ചുനിന്നും ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമര്‍ത്ഥമായി കരുക്കള്‍ നീക്കി പിണറായി സ്വന്തം പ്രസക്തി ദേശീയതലത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. ബിജെപിയ്ക്കും മോദിക്കുമെതിരെ ഉറക്കെ ശബ്ദിക്കാനുള്ള പ്രാപ്തി കോണ്‍ഗ്രസിനു പോലുമില്ലാതിരിക്കെയാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ ചെറുത്തുനില്‍പ്പുമായി ഉറച്ചുനില്‍ക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദേശീയതലത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കേണ്ട കക്ഷി കോണ്‍ഗ്രസ് തന്നെയാണ്. ഛത്തീസ്ഗഡില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞതും മഹാരാഷ്ട്രയില്‍ ബിജെപിയെ അധികാരത്തിനു പുറത്തുനിര്‍ത്താന്‍ കഴിഞ്ഞതുമൊക്കെ കോണ്‍ഗ്രസിന്റെ ആത്മവീര്യം കൂട്ടിയിട്ടുണ്ടെങ്കിലും ബിജെപിക്കെതിരെ ശക്തമായൊരു നിലപാടു സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇനിയുമായിട്ടില്ല. അവിടെയാണ് പൗരത്വ വിഷയത്തില്‍ തന്നെ പുതിയ തന്ത്രങ്ങളൊരുക്കി ബിജെപി സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താന്‍ പിണറായി സര്‍ക്കാരിനു കഴിയുന്നത്.

ദേശീയ രാഷ്ട്രീയത്തില്‍ നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ശക്തമായ രാഷ്ട്രീയ നീക്കങ്ങളെ പ്രതിരോധിക്കാനാവുന്നില്ല എന്നതാണ് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം. കോണ്‍ഗ്രസിന് കരുത്തുള്ളൊരു കേന്ദ്ര നേതൃത്വമില്ല. നേതാവുമില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എപ്പോഴും കരുത്തരായ ദേശീയ നേതാക്കളുണ്ടായിരുന്നു. ആദ്യത്തെ ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാരിന്റെ കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എ.കെ. ഗോപാലനായിരുന്നു പ്രതിപക്ഷത്തെ ഏറ്റവും മുതിര്‍ന്ന നേതാവ്. ഏ.കെ.ജി.യുടെ വാക്കുകള്‍ക്ക് അന്ന് ഏറെ കരുത്തുണ്ടായിരുന്നു. അദ്ദേഹം പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അതു കേള്‍ക്കാന്‍ പാര്‍ലമെന്റിലേയ്ക്കോടി എത്തുമായിരുന്നു.

ഇന്നിപ്പോള്‍ മോദിയ്ക്കും ഷായ്ക്കുമെതിരെ ഉയരുന്ന പ്രധാന ശബ്ദം കേരള മുഖ്യമന്ത്രി പിണറായി വിജയന്റേതാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചും നിയമസഭയില്‍ പ്രമേയം പാസാക്കിയും പുതിയ നിയമ പ്രകാരമുള്ള നടപടികള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് ഉറക്കെ പറഞ്ഞും ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണദ്ദേഹം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളും കേരളത്തെ മാതൃകയാക്കി പ്രമേയം പാസാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഡോ. അമരീന്ദര്‍ സിംഗാണ് കേരള മുഖ്യമന്ത്രിയെ പിന്തുടര്‍ന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയത്. ഏറ്റവുമൊടുവില്‍ രാജസ്ഥാനും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയമായിട്ടും അതിന്റെ പേരില്‍ മോദിയേയും ഷായേയും വെട്ടിലാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാരും തലഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു വരുന്നില്ല. അമരീന്ദര്‍സിംഗ് ഒഴികെയുള്ള മുഖ്യമന്ത്രിമാരെയും കാണാനില്ല.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ മാത്രമാണ് പിണറായിക്കൊപ്പം ഉറച്ച നിലപാടുമായി മുന്‍നിരയിലുള്ളത്. ഗുലാം നബി ആസാദ്, എ.കെ. ആന്റണി എന്നിങ്ങനെ ഒരു നീണ്ട നേതൃനിര കോണ്‍ഗ്രസിനുള്ളപ്പോഴാണ് ഈ ശൂന്യത. കേരളത്തിലെ ജനങ്ങള്‍ ഇതു കാണുന്നുണ്ട്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍. ഇത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ബുദ്ധിമുട്ടിലാക്കിയിട്ടുമുണ്ട്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ സംയുക്ത സമരം വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശം കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തള്ളിക്കളഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാക്കിയ ആശയക്കുഴപ്പം ചില്ലറയല്ല. റിപ്പബ്ലിക് ദിനത്തില്‍ ഇടതുമുന്നണി നടത്തിയ മനുഷ്യമഹാശൃംഖല വലിയ വിജയമായതും കോണ്‍ഗ്രസ് നേതൃത്വത്തിനു ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. മലബാര്‍ പ്രദേശത്തൊക്കെയും ശൃംഖലയില്‍ അണിചേരാന്‍ വലിയ തിരക്കായിരുന്നു. മതന്യൂനപക്ഷങ്ങള്‍ നല്‍കിയ പിന്തുണ തന്നെയാണു കാരണം. ഐക്യജനാധിപത്യ മുന്നണിയുടെ നിലപാടിനോടു യോജിച്ച് മുസ്ലിം ലീഗ് ശൃംഖലയില്‍ നിന്നു വിട്ടുനിന്നെങ്കിലും മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ ധാരാളമായി അണിചേര്‍ന്നു. സുന്നി വിഭാഗങ്ങളും മുജാഹിദുമെല്ലാം പൂര്‍ണ പിന്തുണയുമായി രംഗത്തെത്തി. ഇത് യു.ഡി.എഫ്. നേതൃത്വത്തിന് അസ്വാസ്ഥ്യമുണ്ടാക്കാന്‍ പോന്നതാണ്.

ഇടതു മുന്നണിയുടെ കണക്കുകൂട്ടിയുള്ള നീക്കങ്ങള്‍ക്ക് വലിയൊരു രാഷ്ട്രീയ പ്രചാരണമായി മാറുകയാണ്. പൗരത്വ ഭേദഗതി നിയമം തന്നെ പ്രധാന വിഷയം. ഈ വിഷയത്തില്‍ പ്രതിപക്ഷത്തേക്കാള്‍ വളരെയേറെ മുമ്പിലെത്താന്‍ ഇടതു മുന്നണിക്ക് കഴിഞ്ഞിരിക്കുന്നു. സംയുക്ത സമരം തുടര്‍ന്നിരുന്നുവെങ്കില്‍ ഇത്ര കണ്ടു ദോഷമുണ്ടാവുമായിരുന്നില്ലെന്ന് ചിന്തിക്കുന്ന നേതാക്കള്‍ ഏറെയുണ്ട് കോണ്‍ഗ്രസില്‍. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗും ആശയക്കുഴപ്പത്തിലാണ്.

സി.പി.എമ്മിലോ ഇടതുമുന്നണിയിലോ ഇങ്ങനെയൊരു ആശയക്കുഴപ്പമില്ലെന്നതാണ് വസ്തുത. മനുഷ്യമഹാശൃംഖല വിജയമായത് മുന്നണി നേതൃത്വത്തെ ആവേശം കൊള്ളിക്കുന്നുണ്ട്. ഒപ്പം സി.പി.എം. നേതൃത്വത്തെയും. മുഖ്യമന്ത്രി പിണറായി വിജയന്റെ കരുത്തു തന്നെയാണ് സി.പി.എമ്മിന്റെ വലിയ നേട്ടം. പാര്‍ട്ടിക്കുള്ളില്‍ പിണറായിക്ക് വലിയ സ്വാധീനമുണ്ട്. സര്‍ക്കാരിലും. ഈ അടിത്തറയില്‍ നിന്നാണ് പിണറായി വിജയന്‍ പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും നീക്കങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത്. ശബരിമല വിഷയത്തില്‍ പാളിപ്പോയ പിണറായി തന്ത്രം പൗരത്വ ഭേദഗതി നിയമം വന്നപ്പോള്‍ മൂര്‍ച്ചയേറിയതായി. ദേശീയ തലത്തില്‍ പിണറായിയുടെ വാക്കുകളും നീക്കങ്ങളും തന്ത്രങ്ങളും ശ്രദ്ധേയമാവുന്നു. അതിന്റെ മാറ്റൊലി കേരളത്തിലും പ്രകടം. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്ലിങ്ങള്‍, പിണറായി തന്നെയാണ് തങ്ങളുടെ രക്ഷകന്‍ എന്നു കണ്ടുതുടങ്ങിയാല്‍ അതു കോണ്‍ഗ്രസിനു വലിയ ക്ഷീണമാവും. മനുഷ്യ മഹാശൃംഖലയില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ പിണറായി വിജയന്റെ ഭരണത്തുടര്‍ച്ച ഉറപ്പാവുമെന്നു സൂചന നല്‍കിയിരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനാെണന്ന കാര്യം ശ്രദ്ധേയമാണ്.

Content Highlight: Pinarayi vijayan became the  icon of CAA protest among minorities in Kerala