നവോത്ഥാന നായകനെന്നു വിശേഷിപ്പിക്കുന്ന ഇ.വി. രാമസ്വാമിയെ വിമർശിച്ച ബി.ജെ.പി. നേതാവ് എച്ച്. രാജയുടെ
ചെയ്തി തേനീച്ചക്കൂടിൽ കല്ലെറിയുന്നതു പോലെയായി. തമിഴ് ദ്രാവിഡ വികാരം ആളിക്കത്തി. ബി.ജെ.പി. പ്രതിരോധത്തിലുമായി

ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർക്കപ്പെട്ടതിനു പിന്നിലുണ്ടായിരുന്ന ചേതോവികാരം അവിടത്തെ തിരഞ്ഞെടുപ്പും ചെങ്കോട്ട തകർത്തുള്ള ബി.ജെ.പി.യുടെ വിജയവുമാണെങ്കിൽ തമിഴകത്ത് രൂക്ഷമാവുന്ന പെരിയാർ വിവാദം അനാവശ്യമായി ഉണ്ടാക്കിത്തീർത്തതാണ്. നവോത്ഥാന നായകനെന്നു വിശേഷിപ്പിക്കുന്ന ഇ.വി. രാമസ്വാമി പെരിയാറിനെ വിമർശിച്ച ബി.ജെ.പി. നേതാവ് എച്ച്. രാജയുടെ ചെയ്തി തേനീച്ചക്കൂടിൽ കല്ലെറിയുന്നതു പോലെയായി. ദ്രാവിഡ തമിഴ് വികാരം അതോടെ ആളിക്കത്തി. ബി.ജെ.പി. പ്രതി
രോധത്തിലുമായി.

പുലിവാലിൽ പിടിച്ച പാർട്ടി

ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതു പോലെ പെരിയാർ പ്രതിമയും ഇന്നല്ലെങ്കിൽ നാളെ തകർക്കുമെന്ന എച്ച്. രാജയുടെ പരാമർശം തമിഴകത്ത് വേരുറപ്പിക്കാൻ മോഹിക്കുന്ന ബി.ജെ.പി.ക്കു  തിരിച്ചടിയാകും. പെരിയാർ വിമർശനം തമിഴ്‌നാട്ടിൽ നിഷിദ്ധമാണ്. ദ്രാവിഡ കഴകത്തിന്റെ തലതൊട്ടപ്പനായ പെരിയാറിനെതിരേയുള്ള വിമർശനങ്ങൾ ദ്രാവിഡരാഷ്ട്രീയം വികാരമായി കൊണ്ടുനടക്കുന്ന തമിഴകത്തിന് ഒരു കാലത്തും ഉൾക്കൊള്ളാനാവുമായിരുന്നില്ല. ജയലളിതയുടെ മരണവും ഡി.എം.കെ. പ്രസിഡന്റ് എം. കരുണാനിധിയുടെ സജീവരാഷ്ട്രീയത്തിൽ നിന്നുള്ള പിൻമടക്കവും ഉണ്ടാക്കിയ വിടവിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ബി.ജെ.പി.ക്ക് ഒരു നേതാവിന്റെ വകതിരിവില്ലായ്മ ഉണ്ടാക്കുന്ന ഭവിഷ്യത്ത് ചെറുതായിരിക്കില്ല.

പെരിയാറിനെക്കുറിച്ചുള്ള പരാമർശം രാജയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നു തമിഴ്‌നാട് ബി.ജെ.പി.നേതാക്കൾ ന്യായീകരിക്കുന്നുണ്ടെങ്കിലും ദ്രാവിഡ പാർട്ടികൾ ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല. രാജയുടെ പരാമർശത്തിൽ പ്രതിഷേധവും അക്രമവും തുടരുകയാണ്.  കോയമ്പത്തൂരിൽ ബി.ജെ.പി.ഓഫിസിനു നേരെ പെട്രോൾ ബോംബേറുണ്ടായി. പെരിയാർ പരാമർശം രാജ ഫെയ്‌സ് ബുക്ക് താളിൽനിന്ന് നീക്കം ചെയ്യുകയും മാപ്പുപറയുകയും ചെയ്തുവെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല.
പെരിയാറിനെതിരേ മുമ്പും രാജ ആരോപണം നടത്തിയിരുന്നു. പെരിയാറിനെ നേരിൽക്കണ്ടിരുന്നുവെങ്കിൽ ചെരിപ്പു കൊണ്ടടിക്കുമായിരുന്നു എന്നായിരുന്നു  വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ മിടുക്കനായ രാജ ഒരിക്കൽ പറഞ്ഞത്.

പെരിയാറിന്റെ ദർശനങ്ങളെ  അടിത്തറയാക്കിയ  പാർട്ടികളാണ് എ.ഐ. എ.ഡി.എം.കെ.യും ഡി.എം.കെ.യും.   പ്രതാപിയും ബ്രാഹ്‌മണ കുലജാതയും ക്ഷേത്രവിശ്വാസിയുമായ  ജയലളിതപോലും  ക്ഷേത്രവിരോധിയും ബ്രാഹ്‌മണവിരോധിയുമായ പെരിയാറിനെതിരേ ഒരുവാക്കുപോലും സംസാരിച്ചിരുന്നില്ല. ഡി.എം.കെ.പാർട്ടിയും ആധാരമാക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം തന്നെ.  ബി.ജെ.പി.യുടെ ജാതിമുന്നാക്ക രാഷ്ട്രീയം തമിഴ്‌നാട്ടിൽ വിലപ്പോവാതിരിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് പെരിയാർ സൃഷ്ടിച്ച അടിത്തറ തന്നെയാണെന്ന്‌ കരുതുന്നതിൽ തെറ്റില്ല.

 
തുടരുന്ന പ്രതിഷേധം

പെരിയാറിനെക്കുറിച്ചുള്ള രാജയുടെ പരാമർശത്തെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യും ഡി.എം.കെ.യും വ്യത്യസ്തരീതികളിലാണ് സമീപിച്ചത്. ഫെയ്‌സ് ബുക്ക് കുറിപ്പ് പിൻവലിച്ച് രാജ മാപ്പു പറഞ്ഞതിനാൽ പ്രതിഷേധം അവസാനിപ്പിക്കണം എന്നാണ് ഫിഷറീസ് മന്ത്രി ഡി. ജയകുമാറിന്റെ അഭിപ്രായം. സന്ദിഗ്‌ധഘട്ടങ്ങളിൽ പാർട്ടിക്കുവേണ്ടി ശക്തമായി പ്രതികരിക്കുന്ന ഒരു നേതാവുണ്ടെങ്കിൽ അതിപ്പോൾ ജയകുമാർ മാത്രമാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും  ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും ഇപ്പോൾ കാര്യമായി പ്രതികരിക്കുന്നില്ല.  

പ്രശ്നത്തിൽ ഡി.എം.കെ വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ  മൂർച്ചയോടെയാണ് പ്രതികരിച്ചത്.  രാജയെ ഗുണ്ടാചട്ടപ്രകാരം അറസ്റ്റുചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെരിയാർ പ്രതിമയിൽ തൊട്ടവരുടെ കൈവെട്ടുമെന്നാണ് എം.ഡി.എം.കെ. നേതാവ് വൈകോ നൽകിയ മുന്നറിയിപ്പ്.  പെരിയാർ പ്രതിമ തകർക്കുന്നവർ കാട്ടാളൻമാർ എന്നാണ് രാഷ്ട്രീയത്തിലേക്കു ചുവടുവെക്കുന്ന സൂപ്പർസ്റ്റാർ രജനീകാന്ത് പ്രതികരിച്ചത്. രാജയുടെ പരാമർശത്തിനുശേഷം രണ്ടു ദിവസത്തിനു ശേഷമാണ് രജനി പ്രതികരിക്കാൻ തയ്യാറായതെന്നു മാത്രം. സംഭവത്തിൽ ബി.ജെ.പി.യായതിനാൽ രജനി അല്പമൊന്ന് ചിന്തിച്ചേ വല്ലതും പറയൂ എന്നുറപ്പായിരുന്നു.
 കമൽഹാസനും പ്രശ്നത്തിൽ അമ്പു തൊടുത്തുവിട്ടെങ്കിലും അതെവിടെയും ചെന്നെത്തിയില്ല.

കാവേരി മാനേജ്‌മെന്റ് രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദേശം പാലിക്കാത്തതിന് ജനശ്രദ്ധ വഴിതിരിച്ചു വിടാനാണ് ഇതിലൂടെ ബി.ജെ.പി.ശ്രമിച്ചതെന്നാണ് കമലിന്റെ കണ്ടെത്തൽ. പെരിയാറിന്റെ പ്രതിമകൾ തകർക്കണമെന്ന് ആഹ്വാനം ചെയ്ത രാജയ്ക്കെതിരേ വൈകാരിക പ്രതികരണവുമായി നടൻ സത്യരാജും നടി ഖുശ്ബുവും രംഗത്തെത്തി. ജ്ഞാനരാജശേഖരൻ സംവിധാനം ചെയ്ത പെരിയാർ എന്ന സിനിമയിൽ പെരിയാറിനെ അവതരിപ്പിച്ചത് സത്യരാജായിരുന്നു.

സിനിമയിൽ പെരിയാറുടെ സഹപ്രവർത്തകയും രണ്ടാംഭാര്യയുമായി വേഷമിട്ടത് ഖുശ്ബുവായിരുന്നു. പെരിയാറിന്റെ നിഴലിനെപ്പോലും  നിങ്ങൾക്ക്‌ തൊടാനാകില്ലെന്നായിരുന്നു ഖുശ്ബു പ്രതികരിച്ചത്.

രാജയ്ക്കെതിരേ നടപടിയെടുക്കുമെന്ന് ബി.ജെ.പി. മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ പൊൻരാധാകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടൊന്നും സംഭവിച്ചില്ല എന്നതാണ് സത്യം. അങ്ങനെയാണെങ്കിൽ ഇതിനു മുമ്പു പല വട്ടം രാജയ്ക്കെതിരേ നടപടിയെടുക്കേണ്ടതായിരുന്നു.
കവി വൈരമുത്തുവിന്റെ വിവാദമായ ആണ്ടാൾ പരാമർശം കൊഴുപ്പിച്ചതിനുപിന്നിൽ രാജയായിരുന്നു. വിജയ് നായകനായ ചിത്രം മെർസൽ വിവാദത്തിലകപ്പെട്ടപ്പോൾ രാജ വെറുതെയിരുന്നില്ല. വിജയ് ക്രിസ്ത്യാനിയാണെന്നു പറഞ്ഞുള്ള അദ്ദേഹത്തിന്റെ പരാമർശം വിവാദമായിരുന്നു.


പെരിയാർ എന്ന ‘തന്തൈ പെരിയാർ’

തമിഴകത്തെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ വിപ്ലവാത്മകമായ മാറ്റം  കൊണ്ടുവന്ന നേതാവായിരുന്നു പെരിയാർ.  തികഞ്ഞ നിരീശ്വരവാദിയും വിഗ്രഹഭഞ്ജകനും. ‘ബ്രാഹ്‌മണനെയും പാമ്പിനെയും കണ്ടാൽ ആദ്യം ബ്രാഹ്‌മണനെ തല്ലിക്കൊല്ലണ’മെന്നു പറഞ്ഞ പെരിയാറിന്റെ പ്രസംഗങ്ങൾ പ്രകോപനപരങ്ങളായിരുന്നു. ജാതീയതയുടെ പിടിയിൽനിന്ന്‌ തമിഴ് ജനതയെ മോചിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. 1879 സെപ്‌റ്റംബർ 17-ന് ഈറോഡിലെ സമ്പന്ന നായ്ക്കർ കുടുംബത്തിൽ ജനനം. സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച അദ്ദേഹം അനാചാരങ്ങൾക്കെതിരേ പ്രതികരിച്ചു. 

1919-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. പാർട്ടിയിലെ ബ്രാഹ്‌മണമേധാവിത്വത്തിൽ പ്രതിഷേധിച്ച്‌ 1925-ൽ കോൺഗ്രസ് വിട്ടു. 1924-ൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ കേരളം സന്ദർശിച്ചു. 1929 മുതൽ 1932 വരെ നടത്തിയ വിദേശപര്യടനമാണ് പെരിയാറിന് തന്റെ ദർശനങ്ങൾ അഴിച്ചുപണിയാൻ വഴിയൊരുക്കിയത്. രാജ്യപുരോഗതിക്ക് തടസ്സമാകുന്നത് വർണജാതി വെറിയാണെന്ന്‌ അദ്ദേഹം മനസ്സിലാക്കി. താനുണ്ടാക്കിയ ജസ്റ്റിസ് പാർട്ടിയുടെ പേരുമാറ്റി ദ്രാവിഡകഴകം എന്നാക്കി മാറ്റി. ഈ സംഘത്തിൽനിന്ന്‌ ഭിന്നിച്ചാണ് സി.എൻ. അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡി.എം.കെ. രൂപപ്പെടുന്നത്. പെരിയാറിന്റെ ആദർശങ്ങളെ പ്രായോഗികമായി സമീപിക്കാൻ അണ്ണാദുരൈ ശ്രമിച്ചിരുന്നു. ദക്ഷിണേന്ത്യയിലേക്കുള്ള ഹിന്ദിയുടെ ആധിപത്യം തടയുന്നതിൽ പെരിയാറിന്റെ ഇടപെടൽ വലുതായിരുന്നു. 1973 ഡിസംബർ 24-നാണ് അദ്ദേഹം മരിക്കുന്നത്.