പെഗാസസ് വിഷയത്തിൽ സുപ്രീംകോടതി അന്വേഷണത്തിനായി ഉത്തരവിട്ടിരിക്കുന്നു.  അതിനായി ഒരു വിദഗ്ധസമിതി രൂപവത്‌കരിക്കാനും സുപ്രീംകോടതി തയ്യാറായി. സമീപകാലത്ത് മറ്റുചില കേസുകളിലെ ഉത്തരവുകളിൽനിന്ന് വ്യത്യസ്തമായി, കേന്ദ്രത്തിന്റെ നിലപാട് തള്ളിക്കൊണ്ട്, അന്വേഷണക്കമ്മിഷൻ കോടതിതന്നെ രൂപവത്കരിച്ചിരിക്കുന്നു. നോട്ടുനിരോധനംമുതൽ പി.എം. കെയർ ഫണ്ടുവരെ, ഇലക്ടറൽ ബോണ്ടുമുതൽ യു.എ.പി.എ.വരെയുള്ള വിഷയങ്ങളിൽ കേന്ദ്രത്തിനെതിരേ ശക്തവും സമയോചിതവുമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയാതിരുന്ന സുപ്രീംകോടതി പക്ഷേ, സമീപകാലത്ത് അതിന്റെ ഭരണഘടനാപരമായ ധർമം നിർവഹിക്കുന്നതിന്റെ സൂചനകൾ നൽകാൻ തുടങ്ങിയിരിക്കുന്നു. കോവിഡ് വാക്സിൻ വിതരണംതൊട്ട് ലഖിംപുർ കൊലപാതകംവരെയുള്ള വിഷയങ്ങളിൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടായ സമീപനമാറ്റം കാണാം. ഈ മാറ്റം തികച്ചും ശുഭോദർക്കമാണ്.

ഉത്തരവിന്റെ ഗുണദോഷങ്ങൾ

പെഗാസസ് വിഷയത്തിലെ ഉത്തരവിന്റെ ഗുണദോഷങ്ങൾ വ്യക്തമാണ്. ഒരു സ്വതന്ത്രകമ്മിറ്റി സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വിഷയത്തിൽ അന്വേഷണംനടത്തും എന്നതുതന്നെ അതിന്റെ ഗുണകരമായ വശം. അതിൽ കാലതാമസംവരാതെ നോക്കണം. സർക്കാരിന്റെ ഭാഗത്തുനിന്ന്‌ വേണ്ടത്ര സഹകരണമുണ്ടാകുന്നുവെന്ന് ഉറപ്പുവരുത്തണം. ആ നിലയ്ക്കുള്ള മേൽനോട്ടം ഇക്കാര്യത്തിൽ ഉണ്ടാവുകയും വേണം.

എന്നാൽ, കോടതിയുത്തരവിൽ അഥവാ അതിന്റെ നടപടിക്രമങ്ങളിലുണ്ടായ ഒരു പോരായ്മകൂടി പരാമർശിക്കപ്പെടണം. കേസിന്റെ തുടക്കംമുതൽ ഹർജിക്കാർ ഉന്നയിച്ച ഒരു വാദം ഇതാണ്: കേന്ദ്രം പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന ചോദ്യത്തിന് ഉണ്ട് അല്ലെങ്കിൽ ഇല്ല എന്ന നിലയിലുള്ള ഒറ്റവാക്കിലുള്ള ഉത്തരം അധികാരികൾ നൽകിയില്ല. കേന്ദ്രത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ലഘുസത്യവാങ്മൂലത്തിൽ ആ ഉത്തരം ഉണ്ടായിരുന്നില്ല. അതേപ്പറ്റി എന്തെങ്കിലും വ്യക്തമായ ഉത്തരം സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞതുമില്ല. ‘ദേശീയ സുരക്ഷിതത്വം’ എന്ന പതിവുപല്ലവിയുടെ പേരിൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കേന്ദ്രം വിസമ്മതിക്കുകയാണ് ചെയ്തത്.

ഉന്നയിക്കപ്പെട്ട ഒരു വിഷയത്തിൽ വ്യക്തമായ ഉത്തരം ഒരു കേസിലെ കക്ഷി നൽകുന്നില്ലെങ്കിൽ, ആ കക്ഷിക്കെതിരായ അനുമാനത്തിൽ എത്തിച്ചേരാൻ കോടതിക്ക് അധികാരമുണ്ട്. സിവിൽ നടപടിക്രമത്തിലെ ഓഡർ 8 ചട്ടം 5 പ്രകാരം ഒരു ആരോപണം ഉന്നയിക്കപ്പെട്ടാൽ അത് നിഷേധിക്കാനുള്ള അവകാശം കേസിലെ എതിർകക്ഷിക്കുണ്ട്. ഇവിടെ കേന്ദ്രം പെഗാസസ് ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യതയിൽ നുഴഞ്ഞുകയറി എന്നും ചാരവൃത്തി നടത്തിയെന്നുമാണ് അടിസ്ഥാനപരമായ ആരോപണം. അതിന് പെഗാസസ് ഉപയോഗിച്ചില്ല എന്ന വ്യക്തമായ മറുപടി കേന്ദ്രം നൽകാതിരുന്നതിന്റെ പേരിൽമാത്രം സുപ്രീംകോടതിക്ക് ഈ വിഷയത്തിൽ കേന്ദ്രത്തിനെതിരേ കൂടുതൽ ശക്തമായ കണ്ടെത്തലുകളിലും അനുമാനങ്ങളിലും എത്തിച്ചേരാൻ കഴിയേണ്ടതായിരുന്നു. മാത്രമല്ല, സിവിൽ നടപടിക്രമത്തിലെ ഓർഡർ 8 ചട്ടം 4 പ്രകാരം ഒഴിഞ്ഞുമാറിക്കൊണ്ടുള്ള മറുപടികൾക്ക് നിഷേധത്തിന്റെ സ്വഭാവമില്ല. ഈ വ്യവസ്ഥകൾ പെഗാസസ് കേസിലും ബാധകമാണെന്ന വാദം കോടതിമുമ്പാകെ ഉന്നയിക്കപ്പെട്ടതുമാണ്.

ഇതുപക്ഷേ, പെഗാസസ് വിഷയത്തിലെ കോടതിയുത്തരവിന്റെ ശോഭ കെടുത്തുന്നില്ല. ഒട്ടേറെ മർമപ്രധാനമായ വിഷയങ്ങൾ കേസിൽ അന്തർഭവിച്ചിട്ടുണ്ട്. സ്വകാര്യതയടക്കമുള്ള മൗലികാവകാശം സംബന്ധിച്ച സമസ്യകൾ ഒരു വശത്ത്; എങ്ങനെയെങ്കിലും അധികാരം നിലനിർത്താനായി, അതിനെതിരേ വിദേശ ചാരക്കമ്പനികളുടെപോലും സഹായം തേടുന്ന ഹീനതന്ത്രത്തിന്റെ നിയമപരതയും ജനാധിപത്യപരതയും മറുവശത്ത്. അതിനെപ്പോലും ന്യായീകരിക്കാൻ കേന്ദ്രം ദേശീയതയെയും ദേശീയ സുരക്ഷിതത്വത്തെയും മറയാക്കിയതിന്റെ പ്രശ്നവും അതി ഗുരുതരമാണ്. ഇത്തരം കാര്യങ്ങൾ കോടതിക്കകത്തും പുറത്തും ഉന്നയിക്കപ്പെടും. ആ രീതിയിലുള്ള ദേശീയസംവാദം നമ്മുടെ പൊതുമണ്ഡലത്തിൽ രൂപപ്പെടാൻ ഈ ഉത്തരവ് ഇടയാക്കും എന്നതുതന്നെ സന്തോഷകരമായ കാര്യമാണ്.

സ്വകാര്യത എന്ന മൗലികാവകാശം

ഒരു വ്യക്തിയുടെ ടെലിഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും ചോർത്തിയെടുക്കാൻ നിയതവും നിയമപരവുമായ മാർഗത്തിലൂടെയല്ലാതെ, ഭരണകൂടത്തിനവകാശമില്ല. ഇന്ത്യൻ ടെലിഗ്രാഫ് നിയമവും (1885) വിവരസാങ്കേതികതാനിയമവും ഇക്കാര്യം വ്യക്തമാക്കുന്നു. 1996-ലെ പി.യു.സി.എൽ. കേസിൽ ടെലിഗ്രാഫ് ആക്ടിലെ 5(2) വകുപ്പ് വിശകലനം ചെയ്തുകൊണ്ട് സുപ്രീംകോടതി ‘ഫോൺ ചോർത്തൽ’ നടപടിയിലെ നിയമവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും ചൂണ്ടിക്കാണിച്ചതാണ്. സ്വകാര്യത സംബന്ധിച്ച പുട്ടസ്വാമി കേസിലാകട്ടെ (2017) അത് മൗലികാവകാശമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. മാത്രമല്ല, മൗലികാവകാശങ്ങൾ എപ്പോൾ വേണമെങ്കിലും മാറ്റിവെക്കാം എന്ന പഴയ എ.ഡി.എം. ജബൽപുർ കേസിലെ വിധി (1976) തെറ്റാണെന്നും പുട്ടസ്വാമി കേസിൽ ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് വിധിയെഴുതി. അതായത് സ്വകാര്യതയെന്ന മൗലികാവകാശം ഏതൊരു സാഹചര്യത്തിലും അലംഘനീയമാണ് എന്നതാണ് പുട്ടസ്വാമി കേസിലെ നിയമതത്ത്വം. കോടതി പുട്ടസ്വാമി വിധിയെ അർഥവത്തായിത്തന്നെ പുതിയ ഉത്തരവിൽ ഉദ്ധരിച്ചിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തമാക്കിയ ഇന്ത്യൻ എക്സ്‌പ്രസ്, അനുരാധാ ബാസൻ കേസുകളിലെ വിധികളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഈ നിയമതത്ത്വങ്ങൾകൂടിയാണ് പെഗാസസ് കേസിൽ പരീക്ഷിക്കപ്പെട്ടത്. അത് കേവലം വ്യക്തിതലത്തിൽ നടത്തിയ ഫോൺചോർത്തൽ എന്ന ക്രിമിനൽ കുറ്റത്തിന്റെമാത്രം പ്രശ്നമല്ല. നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സ്ഥാപനങ്ങളുംമറ്റും സത്യസന്ധവും സുതാര്യവും ഭരണഘടനാനുസൃതവുമായാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രതാനിർദേശമാണ് പെഗാസസ് കേസ്. ആ ജാഗ്രതാനിർദേശത്തെ സുപ്രീംകോടതി ഗൗരവത്തിലെടുത്തുവെന്നത്‌ ആശ്വാസകരമാണ്. പക്ഷേ, ഇക്കാര്യത്തിൽ കോടതിമാത്രം ജാഗ്രത കാണിച്ചാൽ പോരാ. ഒരു രാഷ്ട്രം മൊത്തത്തിൽത്തന്നെ, ഈ വിഷയത്തിൽ തുടക്കംമുതൽ ഒടുക്കംവരെ ജനാധിപത്യപരമായ ശുഷ്കാന്തി കാണിക്കേണ്ടതുണ്ട്. അതിനവരെ സഹായിക്കുകയാണ് മാധ്യമങ്ങളും ബുദ്ധിജീവികളും ചെയ്യേണ്ടത്. ഇല്ലെങ്കിൽ അപകടത്തിലാകുന്നത് നമ്മുടെ മഹത്തായ ജനാധിപത്യംതന്നെയായിരിക്കും.

( ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ് )