സാർവദേശീയമായിത്തന്നെ  സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യത്തിലൂടെ മർത്ത്യപുരോഗതിമാർഗങ്ങൾ വെട്ടിയ ഫ്രഞ്ച് വിപ്ലവം രാജപൗരോഹിത്യാധിപത്യത്തെ വെല്ലുവിളിക്കുന്ന പുതിയൊരു പക്ഷത്തെത്തന്നെ സൃഷ്ടിച്ചു-ഇടതുപക്ഷം. അതിന്റെ ബഹുശാഖികളായ വികാസപരിണാമത്തിന്റെ സവിശേഷഘട്ടത്തിലാണ് ശാസ്ത്രീയ സോഷ്യലിസ്റ്റ് സിദ്ധാന്തവും ഏറക്കുറെ അതിന്റെ ഭാഗമായി തൊഴിലാളിവർഗത്തിന്റെ ഒന്നാം ഇന്റർനാഷണലും ഉണ്ടാകുന്നത്. 1860-കളുടെ അവസാനത്തോടെ ഫ്രാൻസും പ്രഷ്യയും തമ്മിൽ അതിർത്തിത്തർക്കം രൂക്ഷമാവുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഫ്രാൻസിൽ ചക്രവർത്തി നെപ്പോളിയൻ മൂന്നാമനെതിരേയും പ്രഷ്യയിൽ ഫ്രഡറിക് വില്യം രാജാവിനെതിരേയും അണപൊട്ടിക്കൊണ്ടിരുന്ന ജനരോഷത്തിൽനിന്ന് ശ്രദ്ധതിരിക്കാൻകൂടിയായിരുന്നു യുദ്ധം. 45 ദിവസംകൊണ്ടുതന്നെ യുദ്ധത്തിൽ പൂർണമായും പരാജയപ്പെടുക മാത്രമല്ല നെപ്പോളിയൻ മൂന്നാമനും ഒരു ലക്ഷം ഫ്രഞ്ച് പട്ടാളക്കാരും പ്രഷ്യയുടെ തടവിലായി.

പരാജയവും അസ്വസ്ഥതകളും

നാണംകെട്ട പരാജയത്തിൽ ദുഃഖവും ദേഷ്യവും പതഞ്ഞുപൊങ്ങുകയായിരുന്നു പാരീസിൽ. നീണ്ട യുദ്ധങ്ങളും ദുർഭരണവും കാരണം ജീവൻ പിടിച്ചുനിർത്താൻ ഓരോരുത്തർക്ക് 30 ഗ്രാംവീതം കുതിരയിറച്ചിപോലും കിട്ടാനില്ലെന്ന് വിക്ടർ യൂഗോവും, മച്ചുകളിലെ എലികളും ഓവുചാലുകളിലെ പെരുച്ചാഴികളും മനുഷ്യഭക്ഷണമായി എന്ന്‌  മോപ്പസാങ്ങും വിലപിച്ച ദുരന്തകാലം. രാജാധിപത്യത്തോട് രോഷാകുലരായ പാരീസ് ജനത 1870 സെപ്റ്റംബർ നാലിന് നിയമസഭാമന്ദിരം വളയുകയും രാജാധിപത്യം അവസാനിച്ചതായി വിളംബരംചെയ്ത് ദേശീയ പ്രതിരോധസർക്കാർ രൂപവത്‌കരിക്കാൻ നിർബന്ധിക്കുകയുംചെയ്തു. അതേത്തുടർന്ന് രൂപവത്‌കൃതമായ ദേശീയ പ്രതിരോധസർക്കാർ പക്ഷേ, ജനങ്ങൾ അർപ്പിച്ച വിശ്വാസം സംരക്ഷിക്കുന്നതിനുപകരം ആടിക്കളിച്ചു. 

പ്രഷ്യയുടെ കടന്നുകയറ്റം

യുദ്ധത്തിൽ നെപ്പോളിയൻ തടവിലാവുകയും ഫ്രാൻസ് പരാജയപ്പെടുകയുംചെയ്തശേഷവും പ്രഷ്യൻ ചാൻസലർ ബിസ്മാർക്കിന്റെ നേതൃത്വത്തിൽ ഫ്രാൻസിലേക്ക് കടന്നാക്രമണയുദ്ധം തുടർന്നപ്പോൾ യൂഗോവിനെപ്പോലുള്ള മഹാരഥന്മാർ അരുതേ എന്ന്‌ ആഹ്വാനംചെയ്തു. റൈൻ നദീതീരത്തെ രണ്ടുനഗരങ്ങൾ പിടിച്ചെടുക്കുമെന്ന പ്രഖ്യാപനത്തോടെ സെപ്റ്റംബർ 17-ന് പ്രഷ്യൻപട്ടാളം പാരീസ് വളഞ്ഞു. എന്നാൽ, അവരോട് പൊരുതിനിൽക്കുന്നതിനുപകരം കീഴടങ്ങാൻ വഴിതേടുകയായിരുന്നു തീയേറിന്റെ നേതൃത്വത്തിലുള്ള പ്രതിരോധസർക്കാർ. എതിരാളികളായ പ്രഷ്യൻ സർക്കാരിന്റെ പ്രേരണയാൽ ലക്ഷക്കണക്കിന് ജനങ്ങൾ അണിനിരന്ന സന്നദ്ധസേനയ്ക്കെതിരേ അവർ നിലപാടെടുത്തു. 1871 ജനുവരി 28-ന് ബിസ്മാർക്കും തീയേർ സർക്കാരും വെടിനിർത്തൽ കരാറൊപ്പിട്ടു. 

കരാറിലെ വ്യവസ്ഥപ്രകാരം ദേശീയപ്രതിരോധസേനയെ നിരായുധീകരിക്കാൻ മാർച്ച് 18-ന് തീയേർ ഭരണകൂടത്തിന്റെ പട്ടാളം അവരുടെ ക്യാമ്പുകളിൽ ഇരച്ചുകയറി. പാരീസിലെ തൊഴിലാളികൾ വാങ്ങിയ പീരങ്കികൾ യൂഗോവിന്റെ കവിതകൾചൊല്ലി പിരിവെടുത്തതിനാൽ പീരങ്കിളൊന്നിന്റെ പേര് യൂഗോ എന്നായിരുന്നു. സർക്കാർപട്ടാളത്തിന് പ്രതിരോധസേനയെ തോൽപ്പിക്കാനായില്ല, അവരുടെ നേതാക്കളെ അനുയായികൾ വകവരുത്തുകയുംചെയ്തു.

പാരീസ് കമ്യൂണിന്‌ തുടക്കം

പാരീസ് കമ്യൂണിലേക്ക് നയിച്ച ജനകീയവിപ്ലവത്തിന്റെ തുടക്കം അതായിരുന്നു. പിറ്റേന്ന് ഉച്ചയാവുമ്പോഴേക്കും പാരീസും പരിസരപ്രദേശങ്ങളുമാകെ സന്നദ്ധ ജനകീയസേനയുടെ പിടിയിലായി. സർക്കാർ ഓഫീസുകളിൽ തൊഴിലാളികളുടെ ചുവന്നകൊടി പാറി. ദേശീയ സന്നദ്ധസേനയുടെ കേന്ദ്രസമിതി സ്വയംഭരണാധികാരം ഏറ്റെടുക്കുന്നതിനുപകരം ഒരാഴ്ചയ്ക്കകം പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അതിൽ 85 സീറ്റിൽ 64 സീറ്റിലും വിജയം തൊഴിലാളിപക്ഷത്തായിരുന്നു. സ്ത്രീപക്ഷവാദികൾ, പത്രപ്രവർത്തകർ, കവികൾ, ചിത്രകാരന്മാർ എന്നിവരെല്ലാമടങ്ങിയ കൂട്ടായ്മ. പാരീസ് കമ്യൂൺ എന്ന പേരിലുള്ള ഭരണകൂടം മാർച്ച് 28-ന് ചുമതലയേറ്റു.
കൂലി ഏകീകരണം, ഭരണം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ പൂർണമായും മതനിരപേക്ഷത, തൊഴിൽശാലകൾ തൊഴിലാളികളുടെ സഹകരണസംഘത്തിന് എന്നുതുടങ്ങി അടിസ്ഥാനപരമായ ഒട്ടേറെ പരിഷ്കാരങ്ങൾ കുറഞ്ഞകാലത്തിനകംതന്നെ കമ്യൂൺ നടപ്പാക്കി.

പാരീസിൽ അരങ്ങേറിയ കൂട്ടക്കൊല

എന്നാൽ, പാരീസ് കമ്യൂൺ വന്നതോടെ ഫ്രാൻസിലെ തീയേർ ഭരണവും പ്രഷ്യയിലെ ബിസ്മാർക്ക് ഭരണവും യോജിച്ചു. നെപ്പോളിയൻ മൂന്നാമനെയും ഒരു ലക്ഷം പട്ടാളക്കാരെയും പ്രഷ്യൻ സൈന്യം തടവിൽനിന്ന് മോചിപ്പിച്ചു. പ്രഷ്യൻ ( ജർമൻ) സൈന്യത്തിന്റെകൂടി പിൻബലം തീയേറിന്റെ ദേശീയ സർക്കാരിന് ലഭിച്ചു. മേയ് 21-ന് പുലർച്ചെ നാലിന്  വേഴ്‌സായി കൊട്ടാരത്തിന്റെ  അറുപതിനായിരം പേരടങ്ങിയ ഔദ്യോഗിക സൈന്യം പാരീസ് നഗരത്തിൽ പ്രവേശിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെത്തി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കൂട്ടക്കൊല നടത്തി സൈന്യം ബാരിക്കേഡുകൾ നീക്കി മുന്നേറി. മേയ് 28-ന് അവസാനത്തെ ബാരിക്കേഡും വീണു. ആയിരക്കണക്കിനാളുകളുടെ ചോരയിൽ മുങ്ങി പാരീസ് കമ്യൂൺ തകർന്നു. മരണത്തിൽനിന്ന് രക്ഷപ്പെട്ടവരിലൊരാളാണ് കമ്യൂണിന്റെ പ്രസ് ബ്യൂറോയെ നയിച്ച പിൽക്കാലത്തെ  പ്രശസ്ത സിബലിസ്റ്റ് കവി പോൾ വെർലെയിൻ.നിലവിലുള്ള ഭരണത്തെ തകർത്തശേഷം ഭരണം ഏറ്റെടുക്കാതെ ഒരാഴ്ചയ്ക്കകം തിരഞ്ഞെടുപ്പുനടത്തിയത്, എതിർസൈന്യത്തെ തടഞ്ഞുനിർത്താതെ വേഴ്‌സായി കൊട്ടാരത്തിലേക്ക് പോകാൻ അനുവദിച്ചത്, അവരുടെ ബാങ്കുകൾ തുറക്കാനും അക്കൗണ്ടിലെ പണംപിൻവലിക്കാനും അനുവദിച്ചത്, എതിരാളികൾക്ക് സൈന്യത്തെ പുനഃസംഘടിപ്പിക്കാൻ സൗകര്യവും സാവകാശവും നൽകിയത്,  ശരിയായ നേതൃത്വം നൽകുന്നതിന് വ്യക്തതയുള്ള രാഷ്ട്രീയപ്പാർട്ടി ഇല്ലാതെ പോയത് -ഇതാണ് ആദ്യത്തെ തൊഴിലാളിവർഗ സർവാധിപത്യ ഭരണത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് ഇന്റർനാഷണലിന്റെ പ്രമേയരൂപത്തിൽ എഴുതിയ പുസ്തകത്തിൽ ‘ഫ്രാൻസിലെ ആഭ്യന്തരയുദ്ധം’ എന്ന കൃതിയിൽ പിന്നീട്‌ വിശദീകരിച്ചു.