ശ്രീ  ലങ്കയിലെ കിഴക്കൻ പ്രവിശ്യയിലുള്ള ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും കേരളത്തിലെ പ്രാദേശിക ആസൂത്രണ രീതി ഇന്ന് മനപ്പാഠമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണരംഗത്ത്  അവർ ആദ്യം ചെയ്യുന്നത് നമ്മുടെ ‘ഗ്രാമസഭ’പോലെ  ‘ജനസഭ’ എന്നുപേരിട്ട  ജനകീയക്കൂട്ടായ്മ  വിളിച്ചുചേർക്കലാണ്. ശ്രീലങ്കയിലെ പതിമ്മൂന്നാമത്തെ ഭരണഘടനാഭേദഗതിയിൽ അധികാര വികേന്ദ്രീകരണത്തിന്റെ കേരള മാതൃകയെക്കുറിച്ച് പരാമർശിക്കുന്നു. അത് നടപ്പാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കയാണ് വടക്കൻ പ്രവിശ്യയിലെ അവരുടെ പ്രാദേശീയ സഭകൾ. നമുക്ക് ത്രിതലമാണെങ്കിൽ അവർക്ക് ഏകീകൃതമാണ് ഈ സഭകളെന്നു മാത്രം. ‘കില’യിൽ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ)  2015 മുതൽ പരിശീലനം കിട്ടിയ ശ്രീലങ്കയിലെ വിദഗ്ധർ അവർക്ക് നേതൃത്വം നൽകുന്നു.

ഭൂട്ടാനിൽ അവരുടെ ദേശീയ ലക്ഷ്യമായ ഗ്രോസ് നാഷണൽ ഹാപ്പിനസ് (മൊത്ത ആനന്ദസൂചിക-ജി.എൻ.എച്ച്.) ലക്ഷ്യം വെച്ചാണ് നടപ്പുവർഷത്തെ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി മുന്നോട്ടുപോകുന്നത്. ‘ചിയോങ്’ എന്നുവിളിക്കുന്ന അവരുടെ ഗ്രാമപ്പഞ്ചായത്തുകൾ ആനന്ദസൂചിക മുൻനിർത്തിയാണ് സാമൂഹികപദ്ധതികൾ തയ്യാറാക്കുന്നത്. ഇതാകട്ടെ, കേരള മാതൃകയെ അനുകരിച്ചാണ്. ഇന്ത്യയിലെ രണ്ടരലക്ഷത്തോളം ഗ്രാമപ്പഞ്ചായത്തുകൾ തദ്ദേശവികസന പദ്ധതി  തയ്യാറാക്കിയിട്ടുണ്ട്. ഇതും  കേരളത്തിന്റെ ജനകീയാസൂത്രണത്തിന്റെ ചുവടുപിടിച്ചാണ്. അങ്ങനെ കേരളം അധികാരവികേന്ദ്രീകരണരംഗത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങൾക്കും മഹത്തായ മാതൃകതന്നെ സൃഷ്ടിച്ചിട്ടുണ്ട്.

 സേവനപശ്ചാത്തല മേഖലയിലെ കുതിപ്പ്
വികേന്ദ്രീകരണ കാലഘട്ടത്തിൽ സംസ്ഥാനം നടത്തിയ സേവനപശ്ചാത്തല മേഖലകളിലെ ഇടപെടൽ അസൂയാവഹമായ പുരോഗതിയാണ് നേടിയത്. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കേന്ദ്രീകൃത ഭരണത്തിന് ചെയ്യാനാവുന്നതിലും പതിന്മടങ്ങാണ് ആ നേട്ടം. സ്കൂളുകളുടെ ഭൗതികസംവിധാനം മെച്ചപ്പെടുത്തുന്നതിലും അക്കാദമിക മികവ് വളർത്തുന്നതിലും ഗണ്യമായ പങ്ക് തദ്ദേശ സ്ഥാപനങ്ങൾ വഹിച്ചു.  കോവിഡ് മഹാമാരിയെ ശക്തമായി നേരിടാൻ കേരളത്തിന് കഴിഞ്ഞതും വികേന്ദ്രീകരണ സൃഷ്ടിയായ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ നിർവഹിച്ച നിസ്തുലസേവനങ്ങൾ കാരണമാണ്. വികേന്ദ്രീകരണ രീതിയിൽ നടപ്പാക്കിയ കുടിവെള്ളസംവിധാനങ്ങൾ നമ്മുടെ ഗ്രാമീണ ശുദ്ധജലപ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമായി. പ്രാദേശിക വികസനപ്രശ്നങ്ങൾക്ക് തദ്ദേശീയമായിത്തന്നെ പരിഹാരം കണ്ടെത്തുക എന്ന ഗാന്ധിയൻ സമീപനം ഇവിടെ സാക്ഷാത്കരിക്കപ്പെടുകയായിരുന്നു. താഴെത്തട്ടിൽനിന്ന് ജനകീയാവശ്യങ്ങൾക്കനുസൃതമായി പദ്ധതി രൂപപ്പെടുത്തുന്നതാണ് അധികാര വികേന്ദ്രീകരണത്തിൽ ഏറ്റവും പ്രധാനം.  

 പ്രളയവും മഹാമാരിയും
അധികാരവികേന്ദ്രീകരണത്തിന്റെ  വലിയ സംഭാവനയാണ് സന്നദ്ധപ്രവർത്തനം. അതു തെളിഞ്ഞുകണ്ടത് 2018-ലും ’19-ലും ഉണ്ടായ പ്രളയകാലത്താണ്. ഇത്രയേറെ വലിയ ജനപങ്കാളിത്തവും പൗരമുന്നേറ്റവും കാരണമാണ്  പുനരധിവാസവും പുനർനിർമാണവും ദുരന്തനിവാരണവും കേരളം വേഗത്തിൽ സാധിച്ചെടുത്തത്. കോവിഡ് മഹാമാരിയെ ചെറുത്തതിൽ പ്രാദേശിക സർക്കാരുകൾ നടത്തിയ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. ഒഡിഷ പോലുള്ള സംസ്ഥാനങ്ങൾ കളക്ടറുടെ  ദുരന്തനിവാരണത്തിനായുള്ള  അധികാരം താഴെത്തട്ടിൽ പഞ്ചായത്തുകൾക്ക് കൈമാറിയത് ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിച്ചപ്പോഴാണ് എന്നോർക്കണം.

 കാർഷിക വ്യവസായ മേഖലയുടെ അപചയം
1997 കാലത്ത് കേരളത്തിൽ  ഒമ്പതാം പഞ്ചവത്സരപദ്ധതി നടപ്പാക്കിയപ്പോൾ മുഖ്യമുദ്രാവാക്യം ‘അധികാരം ജനങ്ങൾക്ക്’ എന്നായിരുന്നു. കാർഷിക മേഖലയിലെ മുരടിപ്പും വ്യവസായ മേഖലയിലെ തകർച്ചയും മാറ്റിയെടുക്കാൻ ജനകീയപദ്ധതി ആവിഷ്കരിക്കണം എന്നുള്ളതായിരുന്നു ഈ മുദ്രാവാക്യത്തിന്റെ അന്തസ്സത്ത.  എന്നാൽ, അനുദിനം ഉത്പാദനമേഖലയിൽ ഇടിവുണ്ടാവുന്ന സാഹചര്യമാണുണ്ടായത്. നെൽവയലുകൾ ചുരുങ്ങിയതല്ലാതെ വികസിച്ചില്ല. ഗുണഭോക്താക്കളെ കണ്ടെത്തി ആനുകൂല്യം നൽകുന്ന രീതി വിതരണ മാമാങ്കമായി ചുരുങ്ങി. ഉത്പാദനമോ ഉത്പാദനക്ഷമതയോ വർധിച്ചില്ല. പാലിലോ മുട്ടയിലോ മാംസത്തിലോ സ്വയംപര്യാപ്തത കണ്ടെത്താൻ പ്രദേശങ്ങൾക്കായില്ല. പ്രാദേശിക സാമ്പത്തിക വികസന ലക്ഷ്യം കൈവരിക്കുന്ന പ്രവർത്തനങ്ങൾ ക്രിയാത്മകമായി നടന്നില്ലെന്നു ചുരുക്കം.  കൊട്ടിഘോഷിക്കപ്പെട്ട കുടുംബശ്രീപ്രവർത്തനങ്ങളാകട്ടെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളില്ലാതെ സമാന്തരമായി നീങ്ങി.

 കുറയുന്ന വിഹിതം
ഒമ്പതാം പദ്ധതിയുടെ ആകർഷകത്വം മറ്റൊന്നുമായിരുന്നില്ല. സംസ്ഥാന വിഹിതത്തിന്റെ 30-35 ശതമാനത്തിനിടയിലുള്ള തുക തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൈമാറും എന്നുള്ളതായിരുന്നു മുഖ്യ വാഗ്ദാനം. എന്നാൽ, പദ്ധതി വിഹിതത്തിന്റെ 24 ശതമാനത്തിനപ്പുറം ഒരു ഘട്ടത്തിലും നൽകിയില്ല. 2020 മാർച്ചിൽ അവസാനിച്ച 14-ാം ധനകാര്യ കമ്മിഷൻ വർധിച്ച തോതിലാണ് തദ്ദേശസ്ഥാപനങ്ങൾക്ക്  തുക നൽകിയത്. 2019-’20 വർഷത്തിൽ കേരളത്തിലെ ഗ്രാമപ്പഞ്ചായത്തുകൾക്ക് അടിസ്ഥാന ഗ്രാന്റായി 1084.73 കോടി രൂപയും നഗരസഭകൾക്ക് 879.42 കോടി രൂപയും വിഹിതമായി നൽകി. എന്നാൽ, സംസ്ഥാനത്തിന്റെ  പദ്ധതിവിഹിതം കേവലം 17 ശതമാനം മാത്രമായിരുന്നു.  ക്യൂ ബില്ലിങ് സമ്പ്രദായം വന്നതോടെ ഇത് വീണ്ടും താഴ്ന്ന് 15 ശതമാനമായി. സംസ്ഥാന ധനകാര്യ കമ്മിഷന്റെ റിപ്പോർട്ട് കൃത്യമായി നടപ്പാക്കുന്ന  സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് മുമ്പുണ്ടായിരുന്നു. എന്നാൽ, അഞ്ചാം ധനകാര്യ കമ്മിഷൻ റിപ്പോർട്ടിന്മേൽ ചർച്ച ആരംഭിച്ചത് രണ്ടുവർഷത്തിനുശേഷം മാത്രമാണ്. അതിലെ പ്രധാന നിർദേശമായ സംസ്ഥാന വരുമാനത്തിന്റെ 20-24 ശതമാനം തുക തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറണമെന്ന നിർദേശങ്ങൾക്കുനേരെ സംസ്ഥാനം കണ്ണടയ്ക്കുകയാണുണ്ടായത്.

 വികേന്ദ്രീകരണത്തിന് അതിർവരമ്പോ
അധികാരത്തിന്റെ ഉന്നതശ്രേണികളിൽ ഇന്ന് അധികാര വികേന്ദ്രീകരണ ചർച്ചകൾ നടക്കാറില്ല. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഇതാണവസ്ഥ. താഴേക്കു നൽകിയ അധികാരങ്ങൾതന്നെ അധികമാണെന്ന ചിന്താഗതി ഉന്നതങ്ങളിൽ രൂഢമൂലമാണ്. നിരന്തര ചർച്ചകളുടെയും സമ്മർദങ്ങളുടെയും ഫലമായാണ്  അധികാര വികേന്ദ്രീകരണം ലോകരാജ്യങ്ങളിൽ ശക്തിപ്പെട്ടത്. കൂടുതൽ അധികാരം താഴെത്തട്ടിൽ നൽകാൻ വൈമനസ്യമുള്ളവരോട്  അത് ചോദിച്ചുവാങ്ങുന്ന ജനകീയ ബോധങ്ങളും  കുറഞ്ഞുവരുന്നു. ഇത് അപകടകരമായ അവസ്ഥയും പൗരന്  ലഭിച്ച അധികാരങ്ങൾ നഷ്ടപ്പെടുത്തുന്ന സ്ഥിതിയിലും കാര്യങ്ങൾ എത്തിച്ചിരിക്കുന്നു.

 ചർച്ചകൾ തുടരണം, നിർദേശങ്ങൾ നടപ്പാക്കണം
കേരളത്തിൽ അധികാരവികേന്ദ്രീകരണം ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. കേരളംതന്നെ ഭാവിയിലും ഇന്ത്യക്ക്‌ മാതൃകയാവണം. കഴിഞ്ഞകാല അനുഭവങ്ങൾ പാഠമാക്കി, തെറ്റുതിരുത്തി മുന്നേറുക എന്ന നയം നമ്മുടെ സംസ്ഥാനം സ്വീകരിക്കണം. ഇതിനായി തയ്യാറാക്കുന്ന മാനദണ്ഡങ്ങൾ മാറിമാറിവരുന്ന സർക്കാരുകൾ പാലിക്കണം. കാലാകാലങ്ങളിൽ നിയമിക്കപ്പെടുന്ന ധനകാര്യ കമ്മിഷനുകളുടെ റിപ്പോർട്ട് നടപ്പാക്കാനും ലോക്കൽ ഗവൺമെന്റ് കമ്മിഷന്റെ നിർദേശങ്ങൾ പാലിക്കാനും ശ്രദ്ധവേണം. നിയമസഭാ സാമാജികർക്ക് നൽകിവരുന്ന പ്രാദേശിക വികസന ഫണ്ടും ആസ്തിവികസന ഫണ്ടും തദ്ദേശസ്വയംഭരണ സ്ഥാപങ്ങളുമായി കൂടിയാലോചിച്ചുവേണം വിനിയോഗിക്കാൻ. തദ്ദേശ സ്ഥാപനങ്ങൾക്ക് അനുകൂലമായി ഭരണഘടനയുടെ 11, 12 അനുച്ഛേദത്തിൽപ്പെടുന്ന വിഷയ മേഖലകളിൽ ഉന്നത ജനപ്രതിനിധികൾ ഇടപെടുന്നത്, വികേന്ദ്രീകരണ വികാരത്തിന് വിരുദ്ധമാണെന്ന കാര്യം ഇവിടെ പരാമർശിക്കട്ടെ.

(‘കില’ മുൻ ഡയറക്ടറും ഇപ്പോൾ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ സീനിയർ കൺസൾട്ടന്റുമാണ് ലേഖകൻ)


മിഷൻ പ്രവർത്തനങ്ങൾ വികേന്ദ്രീകരണ വിരുദ്ധമോ ?

ലൈഫ് മിഷൻ നേരിടുന്ന അപചയവും ഇതുതന്നെയാണ്. വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമാണത്തി നുള്ള തുക അവിടത്തെ നഗരസഭയെ ഏൽപ്പിക്കുകയും സാങ്കേതികസഹായം നൽകുകയും ചെയ്തിരുന്നുവെങ്കിൽ ഇപ്പോഴുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ല

കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ശക്തി പകരാനായിരുന്നു മിഷൻ പ്രവർത്തനങ്ങളുണ്ടാക്കിയത്.   ലൈഫ്, ആർദ്രം, ഹരിതം, സമഗ്രവിദ്യാഭ്യാസം എന്നീ മിഷനുകളാണ് കേരളം രൂപവത്കരിച്ചത്. എന്നാൽ, ഇവ യഥാർഥത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നതായിരുന്നു. പ്രാദേശിക സർക്കാരുകൾക്ക് നൽകിയ അധികാരംപോലും  കവർന്നെടുക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ ചെന്നെത്തി. സമ്പൂർണ ഭവനനിർമാണം ഉറപ്പുവരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഫണ്ടും കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രിയുടെ ഭവനനിർമാണ പദ്ധതി(പി.എം.എ.വൈ.)യുടെ ഫണ്ടും തദ്ദേശഭരണ സ്ഥാപനങ്ങളെടുക്കുന്ന വായ്പയും ചേർന്ന് കേന്ദ്രീകൃതമായ രീതിയിലായിരുന്നു പ്രവർത്തനങ്ങൾ ആവിഷ്കരിച്ചത്. ഇതിന്റെ പ്രധാന പോരായ്മ പഞ്ചായത്തുകളിലെ  ജനകീയ ഭവനപദ്ധതികൾ തകർന്നു എന്നതാണ്. ലൈഫ് മിഷൻ നേരിടുന്ന അപചയവും ഇതുതന്നെയാണ്. വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമാണത്തിനുള്ള തുക അവിടത്തെ നഗരസഭയെ ഏൽപ്പിക്കുകയും സാങ്കേതികസഹായം നൽകുകയും ചെയ്തിരുന്നുവെങ്കിൽ ഇപ്പോഴുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ല. മറ്റു മിഷനുകളുടെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റം കൂടുതൽ വ്യക്തമാവും. മിഷൻ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഇന്നത്തെ കേരളത്തിൽ തദ്ദേശസ്ഥാപനങ്ങൾ പ്രാപ്തമാണെന്ന കാര്യം വിസ്മരിച്ചുകൂടാ. മിഷന്റെ ഭരണച്ചെലവുകളും അറിയുമ്പോഴാണ് വ്യർഥവ്യായാമത്തിന്റെ വ്യാപ്തി വ്യക്തമാവുന്നത്.  മൂന്നാംതല സർക്കാരെന്ന രീതിയിൽനിന്ന്‌ മാറി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏജൻസികളായി കാണുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് അടിസ്ഥാന കാരണം.