ചെങ്ങന്നൂരിലെ ഫലം വന്നതോടെ കൗതുകകരമാണ് സംസ്ഥാനത്ത് കാര്യങ്ങള്‍. മുഴങ്ങുന്നുണ്ട് ജയിച്ചവരുടെ അവകാശവാദങ്ങളും തോറ്റവരുടെ കലാപങ്ങളും. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് പ്രചാരണത്തില്‍ പറഞ്ഞില്ല മുഖ്യമന്ത്രി. വമ്പന്‍ ജയത്തിന് പിന്നാലെ അദ്ദേഹം വിലയിരുത്തി. മാധ്യമങ്ങള്‍ക്ക് മേല്‍ പുലര്‍ന്ന ജനാധിപത്യം ശരിയായിരിക്കാം. പക്ഷേ ചില ചരിത്രപരമായ കുഴപ്പങ്ങളുണ്ട്. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്ക് ഒരാളെ പോലും ഇവിടെ ജയിപ്പിക്കാനായില്ല സിപിഎമ്മിന്. അത് പക്ഷേ ജനം അടിയന്തരാവസ്ഥയെ അംഗീകരിച്ചതുകൊണ്ടാണെന്ന് അന്നോ ഇന്നോ പറയില്ല പാര്‍ട്ടി. 

തീരുന്നില്ല. ഗോദ്ര കലാപത്തിന് ശേഷം നരേന്ദമോദി മൂന്നു തവണ ഗുജറാത്ത് ജയിച്ചു. അത് ഗോദ്രാ കലാപത്തിനുള്ള അംഗീകാരമാണെന്നും പാര്‍ട്ടി വിലയിരുത്തില്ല. മോദി പ്രധാനമന്ത്രിയായതു പോലും ജനപിന്തുണ ഇല്ലാതെയാണെന്ന് കണക്കുകള്‍ ഉദ്ധരിച്ച് വിശദീകരിക്കാന്‍ സിപിഎം മുന്നില്‍ നിന്നു.

അന്നും എല്ലാവരും മാധ്യമങ്ങളെ പുലഭ്യം വിളിച്ചു. കലാപത്തെപ്പറ്റി ചോദിച്ചപ്പോള്‍ കരണ്‍ താപ്പറോട് മോദിയും പറഞ്ഞു.'' കടക്ക് പുറത്ത്'' പിന്നെ സ്വയം പുറത്തു പോയി. ഇപ്പോള്‍ ചോദ്യം ചെയ്താല്‍ മോദി പറയും . 'നിങ്ങള്‍ രാജ്യത്തെയാണ് വെല്ലുവിളിക്കുന്നത്' പിണറായി പറയുന്നു.' നിങ്ങള്‍ സംസ്ഥാനത്തെ അപമാനിക്കുകയാണ്'

തിലകനെ പിന്നിലിരുത്തി സൈക്കിള്‍ ചവിട്ടുമ്പോള്‍ പട്ടണപ്രവേശത്തില്‍ ശ്രീനിവാസന്‍ പറയുന്ന ഡയലോഗ് ആരെങ്കിലും ഓര്‍ത്താല്‍ കുറ്റം പറയരുത്. 'എന്റേം ചേട്ടന്റേം ശബ്ദം ഒരേപോലെ' 
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നയിച്ച നേതാക്കളെ മൂന്നു മുന്നണികളും മൂലയ്ക്കിരുത്തിയ ശേഷമായിരുന്നു ചെങ്ങന്നൂരിലെ വിധിയെഴുത്ത്. ആദ്യം അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷനായി. കുമ്മനം ഗവര്‍ണറായി. ഉമ്മന്‍ ചാണ്ടി  ആന്ധ്രനിരീക്ഷകനായി. 

എന്നാല്‍ പറഞ്ഞു വന്നത് ഇതൊന്നുമല്ല. അത് പള്ളത്ത് ജോസഫ് കുര്യനെപ്പറ്റിയാണ്. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ പഴയ സാറിനെപ്പറ്റി. ഡെപ്യൂട്ടി സ്പീക്കറായി രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ സാക്ഷാല്‍ കുര്യന്‍ സാറിനെപ്പറ്റി. 

1980 മുതല്‍ പാര്‍ലമെന്റിലും പരിസരത്തും കുര്യനുണ്ട്. ലോക്‌സഭയിലും രാജ്യസഭയിലുമായി. അതിനിടെ മന്ത്രിയായി. ഒറ്റുകാരനും വേട്ടക്കാരനും വേണ്ടപ്പോള്‍ ഇരയുമായി. ആ മനുഷ്യനെയാണ് മാറ്റണമെന്ന് ഇപ്പോള്‍ കോണ്‍ഗ്രസ്  യുവനിര ആവശ്യപ്പെടുന്നത്.

തലയറ്റു വീഴും മുമ്പ് ആയിരത്തൊന്നു രാവുകള്‍ കഥ പറയാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് . കപ്പല്‍ച്ചേതം വന്ന സിന്‍ബാദിന്റെ അവസ്ഥയിലാണിപ്പോള്‍ പാര്‍ട്ടി. സിന്‍ബാദിന്റെ കഴുത്തിലുണ്ട് കടല്‍ക്കിഴവന്മാര്‍. ഉപദേശിച്ച് ഉപദേശിച്ച് പാര്‍ട്ടിയെ ഒരരുക്കാക്കിയ എകെ ആന്റണി അവിടെയുണ്ട്. സര്‍വസംഗപരിത്യാഗിയായ എ.കെയെ മാറ്റണമെന്ന് ആരും പറഞ്ഞിട്ടില്ല. വയ്യെങ്കിലും വയലാര്‍ രവി നയിക്കാനുണ്ട്. ഇപ്പോഴും അവസരം കാക്കുന്നുണ്ട് ശങ്കരനാരായണന്‍. വക്കം പുരുഷോത്തമന് മോഹം തീര്‍ന്നിട്ടില്ല. നയിക്കാന്‍ പ്രാപ്തനാണ് പി.പി തങ്കച്ചന്‍. സി.എന്‍ ബാലകൃഷ്ണനും  അഡ്വ പി. ശങ്കരനും  കെ.പി വിശ്വനാഥനും എല്ലാം പാര്‍ട്ടി പറഞ്ഞാല്‍ എന്തിനും തയ്യാറാണ്. പക്ഷേ  പാര്‍ട്ടി ഒന്നു പറയണം.

P J Kurian 2
ഫയല്‍ ചിത്രം | ഫോട്ടോ - പി.ജി ഉണ്ണികൃഷ്ണന്‍

നിവൃത്തി കെട്ടാണ് ഒരു സംഘം ചെറുപ്പക്കാര്‍  ഇപ്പോള്‍ പുറത്തു വന്നത്. പി.ജെ കുര്യനെ വീണ്ടും രാജ്യസഭയില്‍ അയക്കരുതെന്ന് ആവശ്യപ്പെട്ടത്. ചെങ്ങന്നൂരില്‍ നയിച്ച ഹസ്സന്‍ജിയും സ്വന്തം ബൂത്തില്‍ പോലും തോറ്റ ചെന്നിത്തലയും ഇതിന്റെ അപകടം മണക്കുന്നുണ്ട്. മുഖ്യമന്ത്രി വന്നാല്‍ മുട്ടിടിക്കുന്ന പ്രതിപക്ഷമെന്ന് സ്വന്തം അണികള്‍ ആക്ഷേപിക്കുന്നവര്‍ക്ക്  കലാപക്കൊടി പൊക്കുന്നവരെ എളുപ്പത്തില്‍ തഴയാനാവില്ല.

നേതാക്കളെ സാറാക്കുന്നതാണ് മധ്യതിരുവിതാംകൂറിന്റെ ശൈലി. എന്നാല്‍  മാണി സാറിനെപ്പോലല്ല, പഠിപ്പിക്കുന്ന കാലത്തേ സാറാണ് പിജെ. പിന്നെ പത്തനംതിട്ട കോണ്‍ഗ്രസ്സില്‍ അക്ഷരാര്‍ത്ഥത്തില്‍ സാര്‍ ഭരണമായി.  പി.ജെ സാര്‍ വരാതെ തീരുമാനമെടുക്കില്ല ഡി.സി.സി. എതിരാളികള്‍ പോലും വിമര്‍ശിക്കില്ല. സംശയമുള്ളവര്‍ക്ക് കടപ്രയിലേയും നിരണത്തേയും സഖാക്കളോട് ചോദിക്കാം. 

സൂര്യനെല്ലിക്കേസിലാണ് പി.ജെ വിമര്‍ശിക്കപ്പെട്ടത്. നായനാരുടെ പരിഹാസം കേരളം മറന്നിട്ടില്ല. ഇരയായ പെണ്‍കുട്ടിയും വേട്ടക്കാരനായ ധര്‍മ്മരാജനും പി.ജെ പീഡിപ്പിച്ചെന്ന് പറഞ്ഞിട്ടും കുര്യന്റെ പേര് പൊന്തിയില്ല. അപ്പോഴൊക്കെ എതിരാളികളുടെ സഹായത്തോടെ കുര്യന്‍ സാര്‍ ഇരയായി. '' ഓ, നമ്മുടെ കുര്യന്‍ സാറല്ലേ'' എന്ന് സമരത്തെ പറ്റി പറഞ്ഞത് പഴയ സിപിഎം ഡി.സി സെക്രട്ടറിക്കെങ്കിലും ഓര്‍മ്മ കാണും. കോടതിയില്‍ സാക്ഷാല്‍ അരുണ്‍ ജെയ്റ്റിലി കേസ് വാദിച്ചു. പാര്‍ട്ടി എതിരാളികളെ എ.കെ ആന്റണിയെ ഉപയോഗിച്ച് വെട്ടിയൊതുക്കി കുര്യന്‍ രാജാവായി. ഫീലിപ്പോസ് തോമസും നിരണം തോമസും ഒരിക്കലും മറക്കില്ല പി.ജെ സാറിനെ. എ.ഐ.സി.സി തീരുമാനങ്ങളില്‍ പാര്‍ട്ടിയിലെ പി.ജെ വിരുദ്ധ രാജാക്കന്മാര്‍ ഉരഗങ്ങളെപ്പോലെ വിറച്ചു. പി.ജെ സാര്‍ മൈഥിലിയെ പോലെ മയില്‍പ്പേടയായി നിലകൊണ്ടു.

അതിനിടെ പി.ജെ സാര്‍ പത്താം നമ്പര്‍ ജന്‍പഥുമായി അടുത്തു. പ്രിയങ്കയേയും രാഹുലിനേയും പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട പ്രൊഫസറന്മാര്‍ പി.ജെയും കെ.വി തോമസുമാണെന്ന് പാണന്മാര്‍ പാടി. അയല്‍പക്കക്കാരന്‍ വെണ്ണിക്കുളം  ഗോപാലക്കുറുപ്പ് ചൊല്ലിയ പോലെ കര്‍മ്മമണ്ഡലം കൈക്കുടവട്ടമാണെങ്കിലും  ആ കീര്‍ത്തി എത്താത്ത നാടില്ല എന്നായി. 

അതിനിടെ ഉപ്പു സൂക്ഷിച്ച പാത്രം പോലെയായി കോണ്‍ഗ്രസ്. ബൂത്ത് കമ്മിറ്റികള്‍ പിരിഞ്ഞു പോയി. ക്രിസ്തീയ സഭകള്‍ തരാതരം മാറി. പുതിയ കുട്ടികളാരും നേതൃത്വത്തിലേക്ക് ഉയരില്ലെന്നും ആരും ഇനിയൊരു തിരഞ്ഞെടുപ്പ് ജയിക്കില്ലെന്നും ഉറപ്പിക്കുകയാണ് നേതാക്കള്‍. കഴുത്തില്‍ കാലു മുറുക്കുകയാണ് . സിന്‍ബാദുമാര്‍ കിഴവന്മാരെ ചുമന്നോടുകയാണ്.

എങ്കിലും പിജെ പേടിക്കേണ്ട. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കിയ ദിഗ്വിജയ് സിംഗും ഗുജറാത്തില്‍  കോണ്‍ഗ്രസിനെ ഇല്ലാതാക്കിയ  അഹമ്മദ് പട്ടേലും ഒക്കെയുണ്ട് ഇപ്പോഴും ഉപദേശക പട്ടികയില്‍. ചെങ്ങന്നൂരില്‍ പ്രചാരണം നയിക്കാനെത്തിയ എ.കെ ആന്റണിയും അവിടെയുണ്ട്. പുതിയ കുട്ടികള്‍ക്ക് മേല്‍ അച്ചടക്കനടപടി വേണം. പ്രായമല്ല, പരിചയസമ്പത്ത് തന്നെയാണ് പ്രധാനം. പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മാറിയാല്‍ മതി. പറയാന്‍ പാര്‍ട്ടി ബാക്കിയുണ്ടാവട്ടെ എന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്താം.  

വെണ്ണിക്കുളത്ത് നിന്നുള്ള പി.ജെ സാര്‍ പ്രാര്‍ത്ഥിക്കുമ്പോഴും  ഇന്ദിരാഭവനുകളില്‍ സൂര്യനെല്ലിയിലെ പെണ്‍കുട്ടി തൊട്ട് ഹൈബി ഈഡന്‍ വരെ വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ  ആരമ്മേ ഗാന്ധി എന്ന പഴയ കവിത ഓര്‍മ്മിച്ചേക്കാം.

''മുന്‍വരിപ്പല്ല് പൊയ്‌പോയ മോണകാട്ടിച്ചിരിച്ചൊരാള്‍
ചമ്രം പടിഞ്ഞിരിക്കുന്ന പടം നീ കണ്ടതില്ലയോ
അതാണ് ഗാന്ധിയപ്പൂപ്പനാരിലും കനിവുള്ളവന്‍
കൊച്ചു കുഞ്ഞുങ്ങളോടൊത്ത് കളിപ്പാന്‍ കൊതിയുള്ളവന്‍''