അഫ്‌സ്പ റദ്ദാക്കണമെന്നത് കാലങ്ങൾ പഴക്കമുള്ള ആവശ്യമാണ്. അഫ്‌സ്പ എടുത്തുമാറ്റണമെന്ന് 2005-ൽ ജസ്റ്റിസ് ജീവൻ റെഡ്ഡി കമ്മിറ്റി ശുപാർശചെയ്തിരുന്നു. തുടർന്നുവന്ന കമ്മിറ്റികളും കമ്മിഷനുകളും ഇതേവാദം ശരിവെച്ചു.

2008 നവംബർ അവസാനം മുംബൈ നഗരത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രാലയത്തിൽനിന്നു മാറി ആഭ്യന്തരവകുപ്പിന്റെ ചുമതലയേറ്റെടുക്കാൻ എന്നോടാവശ്യപ്പെടുകയുണ്ടായി. മേയ് 2009 വരെ ധനമന്ത്രാലയത്തിൽത്തന്നെ കാലാവധി പൂർത്തിയാക്കണമെന്ന പ്രതീക്ഷയുണ്ടായിരുന്ന ഞാൻ ആദ്യം അക്കാര്യം നിരസിച്ചെന്ന് തുറന്നുപറയട്ടെ. എന്നിരുന്നാലും ആ ഉത്തരവനുസരിക്കാൻ ബാധ്യസ്ഥനാണെന്ന് ഞാൻ വളരെപ്പെട്ടെന്ന് തിരിച്ചറിഞ്ഞു. 2008 ഡിസംബർ ഒന്നിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയേറ്റു.

മന്ത്രാലയത്തിന്റെ ചുമതലയേറ്റ ആദ്യനാളുകളിൽത്തന്നെ, 1958-ലെ അഫ്‌സ്പ നിയമം (Armed Forces (Special Powers) Act -AFSPA) എടുത്തുകളയണമെന്ന ഒട്ടേറെ അപേക്ഷകൾ എന്നെത്തേടിയെത്തി. ഈ നിയമത്തിനുകീഴിൽ, ഒരു പ്രദേശത്തെ ‘പ്രശ്നബാധിത മേഖല’യായി പ്രഖ്യാപിക്കാനും അവിടെ ഈ നിയമം ഏർപ്പെടുത്താനും കേന്ദ്രസർക്കാരിനു കഴിയും. സമാനമായി, എട്ട് സംസ്ഥാനങ്ങളിൽ ഗവർണർക്ക് ഇതേ അധികാരമുപയോഗിക്കാം. എത്രകാലം അഫ്‌സ്പ തുടരുമെന്നതിന് പ്രത്യേക കാലയളവില്ല. എന്നിരുന്നാലും സുപ്രീംകോടതിയുടെ ഇടപെടലോടെ ഓരോ ആറുമാസവും അഫ്‌സ്പ തീരുമാനം പുനഃപരിശോധിക്കാൻ സർക്കാരുകൾ ബാധ്യസ്ഥരായിട്ടുണ്ട്.

എന്നാൽ, ഇതൊന്നും മനുഷ്യാവകാശ പ്രവർത്തകർക്ക് നേരിയ ആശ്വാസംപോലും നൽകുന്നതല്ല. കാരണം, ഒരിക്കൽ അഫ്‌സ്പ പ്രയോഗിച്ചുകഴിഞ്ഞാൽ അതവസാനിപ്പിക്കുന്നതിനോട് ഒരു സംസ്ഥാന സർക്കാരിനും താത്പര്യമില്ല. ഉദാഹരണത്തിന്, 1980-കൾമുതൽ അഫ്‌സ്പ നിലനിൽക്കുന്ന മണിപ്പുരിൽ സമയബന്ധിതമായി അത് പുതുക്കിക്കൊണ്ടിരിക്കുകയാണ്. 2017 മുതൽ ഓരോ ആറുമാസം കൂടുംതോറും അസമിൽ അഫ്‌സ്പ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. നാഗാലാൻഡ് മുഴുവനും അരുണാചൽപ്രദേശിൽ മൂന്ന് ജില്ലകളും രണ്ട് പോലീസ് സ്റ്റേഷൻപരിധിയും പ്രശ്നബാധിത പ്രദേശങ്ങളെന്നാണ് കേന്ദ്രസർക്കാർ പതിവായി പറയുന്നത്.

അത്യധികാരത്തിന്റെ പ്രശ്‌നങ്ങൾ

സൈന്യത്തെ എവിടെ നിയോഗിക്കുന്നുവോ അവിടെ അവർക്കാണ് സമ്പൂർണ അധികാരം. സായുധസേനയുടെ, അതായത് കരസേന, വ്യോമസേന, സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സസ് എന്നിവയ്ക്ക് വിധേയമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. തീരുമാനമെടുക്കുന്നത് അവരാണ്. ഈ നിയമപ്രകാരം സായുധസേനകൾക്ക് ലഭിക്കുന്ന അധികാരം ചുരുക്കത്തിൽ പറഞ്ഞാൽ അത്യധികമാണ്.

ഏതു കേന്ദ്രവും തകർക്കാനും വാറന്റില്ലാതെ ആരെയും അറസ്റ്റുചെയ്യാനും പരിശോധിക്കാനും കസ്റ്റഡിയിലെടുക്കാനും സൈന്യത്തിന് അധികാരമുണ്ട്. ചില പ്രത്യേകസാഹചര്യങ്ങളിലൊഴികെ സാധാരണനിയമമായ ക്രിമിനൽ നടപടിക്രമത്തിന് വിരുദ്ധമാണ് അഫ്‌സ്പ നൽകുന്ന ഓരോ അധികാരവും. പോലീസുദ്യോഗസ്ഥന് കൈവരുന്ന അധികാരമാണ് ഇതിലേറ്റവും മനുഷ്യവിരുദ്ധം. അഞ്ചോ അതിൽക്കൂടുതൽപ്പേരോ ഉള്ള സംഘത്തിനുനേരെ ആവശ്യമാണെങ്കിൽ അയാൾക്ക് നിറയൊഴിക്കാം. അതാരുടെയെങ്കിലും മരണത്തിൽ കലാശിച്ചാൽപ്പോലും.

ബലപ്രയോഗം ഒഴിവാക്കാനുള്ള സാഹചര്യമുണ്ടോയെന്ന് ചിന്തിക്കാറേയില്ലെന്നതാണ് അഫ്‌സ്പ സംബന്ധിച്ച പ്രധാനപ്രശ്നം. എവിടെയെങ്കിലും സംഘർഷസാഹചര്യമുണ്ടായാൽ പരിഹരിക്കാനുള്ള വിവിധമാർഗങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനുപകരം പരമാവധി ബലം പ്രയോഗിക്കുകയാണ് ചെയ്യുന്നത്. സൈനികരെ പ്രോസിക്യൂട്ട് ചെയ്യാൻ പാടില്ലെന്ന് അഫ്‌സ്പ നിയമത്തിലെ ആറാം വകുപ്പ് വ്യവസ്ഥചെയ്യുന്നുണ്ട്. 

സാധാരണ പോലീസ് നിയമങ്ങൾപോലും ദുരുപയോഗം ചെയ്യപ്പെടുന്നെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ചിലപ്പോഴെങ്കിലും അത്തരം പ്രവൃത്തികൾക്ക് സംസ്ഥാനനയങ്ങൾ പിന്തുണയാകാറുമുണ്ട്. ഉദാഹരണത്തിന് ഉത്തർപ്രദേശിൽ ‘ഏറ്റുമുട്ടലുകൾ’ നിയമപാലന നയത്തിന്റെ ഭാഗമാണ്. അവരത് അഭിമാനത്തോടെ പരസ്യപ്പെടുത്തുകയും ചെയ്യുന്നു!. പ്രശ്നബാധിത മേഖലയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സംസ്ഥാനങ്ങളിൽ സൈന്യം അതിസമ്മർദത്തോടെ പ്രവർത്തിക്കുകയും അഫ്‌സ്പ ഒരായുധമായി മാറുകയും ചെയ്യും.

പുനഃപരിശോധിക്കേണ്ട നിയമങ്ങൾ

അഫ്‌സ്പ റദ്ദാക്കണമെന്നത് കാലങ്ങൾ പഴക്കമുള്ള ആവശ്യമാണ്. അഫ്‌സ്പ എടുത്തുമാറ്റണമെന്ന് 2005-ൽ ജസ്റ്റിസ് ജീവൻ റെഡ്ഡി കമ്മിറ്റി ശുപാർശചെയ്തിരുന്നു. തുടർന്നുവന്ന കമ്മിറ്റികളും കമ്മിഷനുകളും ഇതേവാദം ശരിവെച്ചു. ഏറ്റവും ഒടുവിലായിവന്ന ജസ്റ്റിസ് ജെ.എസ്. വർമ കമ്മിറ്റിയും അടിവരയിട്ടുപറഞ്ഞത് അഫ്‌സ്പ തുടരുന്ന കാര്യത്തിൽ പുനഃപരിശോധന അനിവാര്യമാണെന്നാണ്. എന്റെ കാഴ്ചപ്പാടിൽ, അഫ്‌സ്പ റദ്ദാക്കേണ്ടത് അനിവാര്യമാണ്. നിയമവിരുദ്ധപ്രവർത്തനം തടയൽ നിയമം, ദേശീയ അന്വേഷണ നിയമം തുടങ്ങി തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടാനുള്ള ഒട്ടേറെ നിയമങ്ങൾ നമ്മൾ പിന്നീട് കൊണ്ടുവന്നിട്ടുണ്ട്. യു.എ.­പി.എ.യും പുനഃപരിശോധിക്കണം.അസം നമ്മുടെ മുന്നിലുള്ള പാഠമാണ്. 2017-ൽ അഫ്‌സ്പ പൂർണമായോ ഭാഗികമായോ എടുത്തുമാറ്റണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും അസം വിസമ്മതിച്ചു. 2018-ൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിനു വിരുദ്ധമായി സംസ്ഥാനത്തെ മുഴുവൻ പ്രശ്നബാധിതമേഖലയായി പ്രഖ്യാപിച്ചതിനു പിന്നിലെ കാരണമെന്തെന്നും സ്റ്റാൻഡിങ് കമ്മിറ്റി അസമിനോട് ആരാഞ്ഞിരുന്നു. എന്നാൽ, തൃപ്തികരമായ വിശദീകരണമൊന്നും അവർക്ക് നൽകാനായിരുന്നില്ല.

ഏകാധിപത്യ സർക്കാരും നിയമങ്ങളും

2021 ഡിസംബർ നാലിന് 13 സാധാരണക്കാർ കൊല്ലപ്പെട്ടതിനുശേഷം (ഭീകരരെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചതാണെന്നും മാപ്പുപറയുന്നെന്നും സൈന്യം പിന്നീട് അറിയിച്ചിരുന്നു) അഫ്‌സ്പ പിൻവലിക്കണമെന്ന് മണിപ്പുർ, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ മണിപ്പുർ നൽകിയ അപേക്ഷ പരിഹാസ്യമാണ്. കാരണം, അവിടെ അഫ്‌സ്പ നിയമം നടപ്പാക്കിയത് സംസ്ഥാന സർക്കാരാണ്. ആ വിജ്ഞാപനം റദ്ദാക്കാൻ മുഖ്യമന്ത്രിക്ക് ഒരു തടസ്സവുമില്ല. സത്യമെന്തെന്നാൽ 2014 മുതൽ ഈ സർക്കാരുകൾ കൂടുതൽ ഏകാധിപത്യപരമായി മാറിയിട്ടുണ്ട്. പ്രതിരോധത്തിനായി കൊണ്ടുവന്ന അഫ്‌സ്പ ആയുധവുമായി മാറി. അഫ്‌സ്പ റദ്ദാക്കുന്നതിനെ പിന്തുണയ്ക്കുന്ന ഒട്ടേറെപ്പേർ സൈന്യത്തിനുള്ളിൽത്തന്നെയുണ്ട്. എന്നാൽ, ഖേദകരമെന്നു പറയട്ടെ, അവർ നിശ്ശബ്ദരാണ്. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ, അഫ്‌സ്പ റദ്ദാക്കുന്നതിനെ ഞാൻ പിന്തുണച്ചിരുന്നു. ആ നിയമം ഭേദഗതിചെയ്യണമെന്ന് പലകുറിയാവശ്യപ്പെട്ടിരുന്നു. പക്ഷേ, ഞാൻ പരാജയപ്പെട്ടു. ഇക്കാര്യം പലയാവർത്തി ഞാൻ പറഞ്ഞിട്ടുള്ളതാണ്. ഇന്നത്തെ ഭരണക്രമത്തിൽ അഫ്‌സ്പ റദ്ദാക്കാനോ അല്ലെങ്കിൽ ഭേദഗതി ചെയ്യാനോപോലുമുള്ള സാധ്യത വിരളമാണ്. ഭരണഘടനാക്കോടതികൾ മാത്രമാണ് നമുക്കു മുന്നിലുള്ള ഏക ആശ്രയം.

എന്റെ കാഴ്ചപ്പാടിൽ, അഫ്‌സ്പ റദ്ദാക്കേണ്ടത് അനിവാര്യമാണ്. നിയമവിരുദ്ധപ്രവർത്തനം തടയൽ നിയമം, ദേശീയ അന്വേഷണ നിയമം തുടങ്ങി തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടാനുള്ള ഒട്ടേറെ നിയമങ്ങൾ നമ്മൾ പിന്നീട് കൊണ്ടുവന്നിട്ടുണ്ട്. യു.എ.പി.എ.യും പുനഃപരിശോധിക്കണം

(മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുമാണ്‌ ലേഖകൻ)