മൂന്നായി കിടന്നിരുന്ന കേരളത്തിലെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്‌ ഐകരൂപ്യം നൽകിയത്‌ ഒറ്റപ്പാലം കോൺഗ്രസ്‌ സമ്മേളനമാണ്‌. നിസ്സഹകരണ, ഖിലാഫത്ത്‌ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തിൽ ഹിന്ദു-മുസ്‌ലിം മൈത്രിയുടെ അന്തരീക്ഷത്തിൽ നടന്ന സമ്മേളനത്തിന്റെ പ്രധാന സംഘാടകൻ പി. രാമുണ്ണിമേനോൻ ആയിരുന്നു ബ്രിട്ടീഷ് കളക്ടർ ഭരിച്ച മലബാറിലെയും രാജാക്കന്മാർ ഭരിച്ചിരുന്ന തിരുവിതാംകൂറിലെയും കൊച്ചിയിലെയും നേതാക്കൾ ഒത്തുകൂടിയ 1921 ഏപ്രിൽ ഇരുപത്തിമൂന്നിലെ ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനമാണ് പിൽക്കാലത്ത് ഐക്യകേരളം എന്ന സ്വപ്നത്തിന് വഴിതെളിച്ചത്. സമ്മേളനത്തിന് ഒരുവർഷം മുമ്പാണ് നിസ്സഹകരണ സമരം, ഖിലാഫത്ത് സമരം എന്നിവയുടെ പ്രചാരണാർഥം ഗാന്ധിജി  കോഴിക്കോട് സന്ദർശിച്ചത്.

ബ്രിട്ടീഷ് ഭരണത്തിനെതിരേ നേരത്തേതന്നെ മലബാറിലെങ്ങും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഐക്യം ശക്തമായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് തുർക്കി സുൽത്താനെ സംബന്ധിച്ച് മുസ്‌ലിങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാത്തതിനെതിരേ ഉണ്ടായ ഖിലാഫത്ത് സമരത്തിന് കോൺഗ്രസ് പിന്തുണ നൽകിയതോടെ മലബാർ ഭരണാധികാരികൾ അസ്വസ്ഥരായി. ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പരം അകറ്റാനും വിരോധികളാക്കാനുമുള്ള അവരുടെ ശ്രമങ്ങൾ തകൃതിയായി നടക്കുമ്പോഴാണ് കേരളത്തിന്റെ എല്ലാ ഭാഗത്തെയും നേതാക്കൾ ഒത്തുകൂടി ഒറ്റപ്പാലം സമ്മേളനം നടന്നത്.

രണ്ട് സമുദായങ്ങളെയും ഭിന്നിപ്പിക്കാനുള്ള അവരുടെ തന്ത്രങ്ങൾ പ്രയോഗിക്കാൻ തുടങ്ങിയതിന്റെ ആരംഭം   ഒറ്റപ്പാലം സമ്മേളനത്തിലായിരുന്നു. അതേപ്പറ്റി പറയുന്നതിനുമുമ്പ് ഒറ്റപ്പാലം സമ്മേളനംവരെയുള്ള കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനം പരിശോധിക്കേണ്ടതാണ്.

കോൺഗ്രസ് പ്രവർത്തനം

1920-നു മുമ്പ് നാട്ടുരാജ്യങ്ങളിൽ കോൺഗ്രസിന്റെ  പ്രവർത്തനം ഉണ്ടായില്ലെന്നുതന്നെ പറയാം. ചിലേടത്ത്  കേൺഗ്രസ് എന്നപേരിൽ ചിലർ പ്രവർത്തിച്ചിരുന്നെങ്കിലും  അവർക്ക് ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല. കോൺഗ്രസിന്റെ രൂപവത്‌കരണ സമ്മേളനത്തിൽ പങ്കെടുത്ത എഴുപത്തിരണ്ട് പ്രതിനിധികളിൽ തിരുവനന്തപുരം സ്വദേശിയായ ഒരു കേശവപ്പിള്ളയെപ്പറ്റി പറയുന്നുണ്ടെങ്കിലും അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിവില്ല.

ബോംബെ സമ്മേളനം മുതൽ പങ്കെടുക്കുകയും പിന്നീട് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിസ്ഥാനംവരെ വഹിക്കുകയും ചെയ്ത തിരുവനന്തപുരം  സ്വദേശിയായ ജി.പി. പിള്ള(ബാരിസ്റ്റർ ജി.പി.)യെപ്പറ്റി വിവരങ്ങൾ ലഭ്യമാണ്. അമരാവതി സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷനായ സർ സി. ശങ്കരൻ നായരുടെ സുഹൃത്തായിരുന്നു ജി.പി. ഒരുപക്ഷേ, ഗാന്ധിജിയുടെ ആത്മകഥയിൽ കാണുന്ന ഏക മലയാളിയും ഇദ്ദേഹം ആയിരിക്കാം.

എന്നാൽ, തിരുവിതാംകൂറിലാകട്ടെ, കൊച്ചിയിലാകട്ടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. സന്ന്യാസിവര്യന്മാർ സൃഷ്ടിച്ച നവോത്ഥാന പ്രസ്ഥാനങ്ങൾ, സാമൂഹികനേതാക്കളുടെ നേതൃത്വത്തിലാരംഭിച്ച സംഘടനകൾ, മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ തുടങ്ങിയവയുടെ സമർപ്പണം, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പോലുള്ളവരുടെ പത്രപ്രവർത്തനം, 1914-ൽ തൃശ്ശൂരിൽ നടന്ന ഹോംറൂൾ ലീഗിന്റെ സമ്മേളനം, അവിടെ രൂപംകൊണ്ട ഗോഖലെ മെമ്മോറിയൽ അസോസിയേഷൻ തുടങ്ങിയവയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനത്തിന് പിൽക്കാലത്ത് കൊച്ചിയെയും തിരുവിതാംകൂറിനെയും സജ്ജമാക്കിയതെന്ന് പറയാം.

മലബാർ സമ്മേളനങ്ങൾ

അതേസമയം, മലബാറിലെപ്പോലെ ശക്തമായ പരിപാടികളോ ഏകീകൃത സ്വഭാവമോ ഈ രണ്ടു സ്ഥലത്തെയും കോൺഗ്രസുകൾക്ക് ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. മലബാറിൽ കോൺഗ്രസ് ശക്തിപ്പെട്ടതിന് പ്രധാനകാരണം അഞ്ച് മലബാർ ജില്ലാസമ്മേളനങ്ങളായിരുന്നു. 1916-ൽ ഒന്നാം മലബാർ ജില്ലാസമ്മേളനം ആനിബസന്റിന്റെ അധ്യക്ഷതയിൽ പാലക്കാട്ടും രണ്ടാം സമ്മേളനം 1917-ൽ കോഴിക്കോട്ടും മൂന്നാം സമ്മേളനം 1918-ൽ തലശ്ശേരിയിലും നാലാമത്തേത്‌ 1919-ൽ  വടകരയിലും അഞ്ചാം സമ്മേളനം 1920-ൽ മഞ്ചേരിയിലും നടന്നു.

ഇതോടെ മലബാർ സമ്മേളനങ്ങൾക്ക് അവസാനമായി. 1920 ഡിസംബറിൽ നാഗ്‌പുരിൽ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം, സ്വരാജ്യം നേടുകയാണ്  കോൺഗ്രസിന്റെ ലക്ഷ്യമെന്നും അതിനുള്ള മാർഗം അക്രമരഹിതമായ നിസ്സഹകരണം ആണെന്നും പ്രഖ്യാപിച്ചു. ഈ യോഗമാണ് ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ് സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചത്. അതിന്റെ ഫലമായി തിരുവിതാംകൂറിലെയും  കൊച്ചിയിലെയും മലബാറിലെയും കോൺഗ്രസ് ഒറ്റഘടകമാക്കി ‘കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റി’ (കെ.പി.സി.സി.) നിലവിൽവന്നു. അങ്ങനെ വേർതിരിഞ്ഞുകിടന്ന കേരളം രാഷ്ട്രീയമായി ഒന്നായി. പുതിയ കമ്മിറ്റിയുടെ സെക്രട്ടറിയായി കെ. മാധവൻനായരെയും ജോയന്റ്‌ സെക്രട്ടറിയായി യു. ഗോപാലമേനോനെയും തിരഞ്ഞെടുത്തു. കെ.പി.സി.സി.ക്ക് മൊത്തം 100 മെമ്പർമാരും അഞ്ച് ജില്ലാകമ്മിറ്റികളുമാണ് ഉണ്ടായിരുന്നത്. വടക്കേ മലബാറിന്റെ മേൽനോട്ടം യു. ഗോപാലമേനോനും തെക്കേ മലബാറിന്റെ ചുമതല കെ. മാധവൻനായരും ഏറ്റെടുത്തു. തിരുവിതാംകൂർ, കൊച്ചി, പാലക്കാട്, കോഴിക്കോട്, വടക്കേമലബാർ എന്നിവയായിരുന്നു ജില്ലാകമ്മിറ്റികൾ.

ഒറ്റപ്പാലത്തെ വിപ്ലവം

ഒറ്റപ്പാലം സമ്മേളനം ആരംഭിക്കുന്നതിനുമുമ്പ് മലബാറിൽ പല രാഷ്ട്രീയസംഭവങ്ങളും നടന്നു. 1921 ഫെബ്രുവരി 15-ന്‌ കോഴിക്കോട്ട് ഖിലാഫത്ത് പ്രചാരണയോഗം കൂടാൻ കെ.പി.സി.സി. തീരുമാനിച്ചിരുന്നു. അതിൽ പ്രസംഗിക്കാൻ എത്തിയ ദേശീയ നേതാവായ യാക്കൂബ് ഹസ്സനെ പോലീസ് വിലക്കി. യാക്കൂബ് നിരോധനം ലംഘിക്കാൻ തീരുമാനിച്ചു.  

പോലീസ് അദ്ദേഹത്തെയും കൂടെ ഉണ്ടായിരുന്ന  മാധവൻനായർ, ഗോപാലമേനോൻ, മൊയ്തീൻകോയ എന്നിവരെയും അറസ്റ്റുചെയ്ത് കോടതിയിലെത്തിച്ചു. കോടതി ഇവരെ ആറുമാസം വെറുംതടവിന് ശിക്ഷിച്ചു. അങ്ങനെ നിസ്സഹകരണ പ്രസ്ഥാനത്തോടനുബന്ധിച്ച ആദ്യ അറസ്റ്റിന് കോഴിക്കോട് വേദിയായി. എന്നാൽ, നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ ഇന്ത്യയുടെ പലഭാഗത്തും വിദേശത്തുമുള്ള മലയാളിവിദ്യാർഥികളും വക്കീലന്മാരും ജോലി ഉപേക്ഷിച്ച സർക്കാർജീവനക്കാരുമെല്ലാം കോഴിക്കോട്ട് എത്തിയതും ഖിലാഫത്ത് കമ്മിറ്റികൾ വ്യാപകമാകുന്നതും ഭരണകൂടത്തെ വിറളിപിടിപ്പിച്ചു.

ഈ പശ്ചാത്തലത്തിലാണ് 1921 ഏപ്രിൽ 23 മുതൽ 26 വരെ ഒറ്റപ്പാലം സമ്മേളനം നടന്നത്. ഒറ്റപ്പാലം ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന പെരുമ്പിലാവിൽ രാമുണ്ണിമേനോൻ ഇതിനകം വക്കീൽപ്പണി ഉപേക്ഷിച്ച് കോൺഗ്രസ് പ്രവർത്തകനായി മാറിയിരുന്നു. അദ്ദേഹമായിരുന്നു സമ്മേളനത്തിന്റെ സെക്രട്ടറി. ‘ആന്ധ്രാകേസരി’ എന്ന പേരിൽ പ്രസിദ്ധിയാർജിച്ച ടി. പ്രകാശമായിരുന്നു സമ്മേളന അധ്യക്ഷൻ.  നാനാഭാഗത്തുനിന്ന്‌ എത്തിയ ആയ്യായിരത്തോളം ആളുകൾ തടിച്ചുകൂടിയ ഈ സമ്മേളനം രാഷ്ട്രീയ ഐക്യകേരളത്തിന്റെ പ്രതീകമായിരുന്നു.

കേരളത്തെ സംബന്ധിച്ച് വിവിധ വിഷയങ്ങൾ ചർച്ചയ്ക്ക് വന്നിരുന്നു. കുടിയാൻ കോൺഫറൻസ്, ഖിലാഫത്ത് കോൺഫറൻസ്, വിദ്യാർഥി കോൺഫറൻസ് എന്നിവ പ്രത്യേകം പ്രത്യേകം നടന്നു. 26-ന് വിദ്യാർഥിസമ്മേളനം  ‘ഇൻഡിപെൻഡന്റ്’ പത്രാധിപർ ജോർജ് ജോസഫിന്റെ അധ്യക്ഷതയിൽ നടക്കുമ്പോഴായിരുന്നു ബസാറിലെ പോലീസ് മർദനത്തെപ്പറ്റി ഒരു കുട്ടി ഓടിവന്ന് സമ്മേളന സ്ഥലത്ത് അറിയിച്ചത്. പിന്നെയും മർദനമേറ്റവർ പന്തലിൽ പരാതിയുമായി എത്തി. കാര്യം അന്വേഷിക്കാൻ പി. രാമുണ്ണിമേനോനും ചില നേതാക്കളും ബസാറിലേക്ക്  ചെന്നു. അവരെയും പോലീസ് മർദിച്ചു. ചിലരെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്‌. സമ്മേളനം കലക്കാനുള്ള പോലീസ് നടപടി സംഘാടകർ തിരിച്ചറിഞ്ഞു. ക്ഷുഭിതരായ സമ്മേളനപ്രതിനിധികളെ നേതാക്കൾ ശാന്തരാക്കി. ഇതുകാരണം അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. എന്നാൽ, ഖിലാഫത്തിന്റെയും നിസ്സഹകരണ സമരത്തിന്റെയും ശക്തി മനസ്സിലാക്കിയ ഭരണകൂടം അതിനെ തകർക്കാനുള്ള ഗൂഢതന്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ടിരുന്നു. അത് പിന്നീട് മലബാറിനെ മുഴുവൻ പിടിച്ചുകുലുക്കിയ മലബാർ കലാപത്തിന്റെ നാന്ദിയായി മാറി.