ഫോറങ്ങൾ ഡിജിറ്റൽ ആക്കണം - ഡോ. അബേഷ് രഘുവരൻ

തിരഞ്ഞെടുപ്പ് കമ്മിഷന് സുദൃഢമായ സംവിധാനങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് പോളിങ്‌ മെഷീനുകളും മറ്റു സാമഗ്രികളും അതതു സെന്ററുകളിൽ കൊണ്ടുനൽകാൻ കഴിയുന്നില്ല. പോളിങ്‌ ഓഫീസർമാരെ മുൻകൂട്ടി അറിയിച്ച സമയങ്ങളിൽ അതത് സ്റ്റേഷനുകളിൽത്തന്നെ ഉദ്യോഗസ്ഥർക്ക് അത് നൽകാൻ കഴിയണം.
ഉദ്യോഗസ്ഥർക്ക് പൂരിപ്പിച്ചുനൽകാനായി ഏതാണ്ട് ഇരുപത്തഞ്ചിലധികം പ്രധാനപ്പെട്ട ഫോറങ്ങളാണ് ഉള്ളത്. തിരഞ്ഞെടുപ്പിന്റെ ദിനം പ്രിസൈഡിങ് ഓഫീസർക്ക് അതിൽത്തന്നെ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവരുന്നു. അത്യാവശ്യം ഫോറങ്ങൾ അല്ലാതെ മറ്റുള്ളവ ഒഴിവാക്കുകയും ഉള്ളതുതന്നെ ഒരു മൊബൈൽ ആപ്പിൽ ക്രമീകരിക്കാവുന്നതേയുള്ളൂ.
പോളിങ്‌ സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള സ്കൂളുകളോ, അങ്കണവാടികളോ ഒക്കെ അതിന്റെ ഉത്തരവാദിത്വപ്പെട്ടവർതന്നെ വൃത്തിയാക്കി, അടച്ചുറപ്പോടെയും മറ്റു സൗകര്യങ്ങളോടെയും തലേദിവസംതന്നെ പോളിങ്‌ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്ന് നിർദേശം നൽകണം. ആ സ്കൂളിന്റെയോ, കോളേജിന്റെയോ മാനേജ്‌മെന്റിന് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം, ബാത്‌റൂം സൗകര്യങ്ങൾകൂടി ഉത്തരവാദിത്വമായി നൽകാവുന്നതാണ്‌.

ഫോറങ്ങൾ ഡിജിറ്റൽ ആയാൽ, പോളിങ്‌ തീരുന്ന സമയംതന്നെ മെഷീനുകൾ സീൽ ചെയ്യാനാവും. കൊണ്ടുവന്നവർതന്നെ ഓരോ ബൂത്തിലുമെത്തി തിരികെ എല്ലാം കൈപ്പറ്റിയതിനുശേഷം പ്രിസൈഡിങ് ഓഫീസർക്ക് രസീത് നൽകണം. അതോടെ അവരുടെ ജോലിയും പൂർണമാകണം.
അസി. പ്രൊഫസർ, സെന്റർ ഫോർ സയൻസ്
ഇൻ സൊസൈറ്റി, കൊച്ചി സർവകലാശാല

പോളിങ്‌ ഉദ്യോഗസ്ഥർ മറുനാട്ടുകാർ വേണ്ട - സി.ജെ. ജോൺസൺ

പോളിങ് വിതരണകേന്ദ്രത്തിൽ തിരക്ക് കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. പോളിങ് വസ്തുക്കളുമായി 30-ലധികം  ഉദ്യോഗസ്ഥരെ ഒരൊറ്റ ബസിൽ കയറ്റുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്. രാത്രി ഒൻപതോടെ എല്ലാ ഉദ്യോഗസ്ഥരും വിതരണകേന്ദ്രത്തിൽ ഒരേസമയം ഒത്തുചേർന്നു തിരക്കുന്ന രീതിയും മാറണം.
ഇപ്പോൾ ഗർഭം ധരിച്ച്‌ ആറോ അതിൽകൂടുതലോ മാസമായ സ്ത്രീകെളയും പ്രസവിച്ച് ആറുമാസമായവരെയുമാണ് ഡ്യൂട്ടിയിൽനിന്ന്‌ ഒഴിവാക്കുന്നത്. എന്നാൽ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നുണ്ട്. ഇവരെയും ഒഴിവാക്കണം.
പോളിങ് ഉദ്യോഗസ്ഥരായി ഇത്തവണ ചില സ്ഥാപനമേധാവികളെ നിയമിച്ചു. ഉദാഹരണത്തിന്, ഹയർ സെക്കൻഡറി സ്കൂളുകളുടെ പ്രിൻസിപ്പൽമാരെ. ഇത് സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. ഇത്‌ ഒഴിവാക്കണം.
മലയാളം അറിയാത്ത മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഒേട്ടറെപ്പേരെ പോളിങ്‌ ഓഫീസറായി നിയമിക്കുന്നുണ്ട്‌. മലയാളത്തിൽ എഴുതിയ പേരുകൾ വായിക്കുന്നതിന്റെ ചുമതല ഇവർക്കാണ്.   ഭാവിയിൽ അത്തരം പോസ്റ്റിങ്ങുകൾ ഒഴിവാക്കണം
ഉദ്യോഗസ്ഥർക്ക് സ്വന്തംമണ്ഡലത്തിൽ ഡ്യൂട്ടി നൽകാൻ കഴിയില്ല എന്നത് ശരിയാണ്. എന്നിരുന്നാലും, ഉദ്യോഗസ്ഥരെ അവരുടെ വീടിന് /ജോലിസ്ഥലത്തിന് സമീപമുള്ള നിയോജകമണ്ഡലത്തിൽ നിയമിച്ചാൽ നന്നായിരിക്കും.
അസി. ജനറൽ മാനേജർ, ഫാക്ട്‌

ഓൺലൈനാകട്ടെ തിരഞ്ഞെടുപ്പുകൾ - ഡോ. ബി. ഇഫ്തിഖാർ അഹമ്മദ്

പാശ്ചാത്യ രാജ്യങ്ങളിൽ നടക്കുന്ന രീതിയിൽ, ഓൺലൈനായി വോട്ട് ചെയ്യുന്ന രീതി നടപ്പാക്കുക. ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും പരസ്പരം ബന്ധിപ്പിച്ച്, ഒരാഴ്ചനീളുന്ന സമയം നൽകി പോളിങ്‌ സജ്ജീകരിക്കുക.
ഇത്തരം പോളിങ്ങുകൾക്ക് പോളിങ്‌ ബൂത്തുകൾ സജ്ജീകരിക്കുന്നതിനു പകരം, സ്മാർട്ട്‌ ഫോണുകളോ പേഴ്‌സണൽ കംപ്യൂട്ടറുകളോ ഉപയോഗിച്ച്, വോട്ടർമാർക്ക് സ്വന്തമായി ലോഗിൻ ചെയ്യാനും വോട്ട് രേഖപ്പെടുത്താനും അവയുടെ പ്രിന്റൗട്ട് ലഭിക്കാനും സൗകര്യമൊരുക്കുക.
യഥാർഥ വോട്ടറാണ് ലോഗിൻചെയ്ത് വോട്ടുചെയ്യാൻ പോകുന്നത് എന്നത് ഉറപ്പുവരുത്താൻ ഒ.ടി.പി. പോലുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തുക.
ആവശ്യമെങ്കിൽ, സാങ്കേതികവിദ്യയുടെ ഉപയോഗം പരിചയമില്ലാത്തവർക്കായി, ഇപ്പോൾ ഓപ്പൺ വോട്ട് ചെയ്യുന്ന മാതൃകയിൽ ഒരു ദിവസത്തേക്ക് മാത്രമായുള്ള പോളിങ്‌ സൗകര്യം അക്ഷയ സെന്ററുകൾ പോലുള്ള ഡിജിറ്റൽ സൗകര്യത്തിലൂടെ ഒരുക്കുക.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജനറേറ്റ് ചെയ്യപ്പെടുന്ന ഫോറങ്ങളൊക്കെ സെർവറിന്റെ ഏതെങ്കിലും ഡെപ്പോസിറ്റ് ഫോൾഡറുകളിൽ സ്റ്റോർ ചെയ്യാനുള്ള സൗകര്യമുണ്ടാക്കുക. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, ഭാവിയിൽ ഉണ്ടായേക്കാവുന്ന തർക്കങ്ങൾക്കും പരാതികൾക്കും കോടതി വ്യവഹാരങ്ങൾക്കും ഇവ ഇലക്‌ട്രോണിക് എവിഡൻസ് ആയി കണക്കാക്കുമെന്ന് നിയമമുണ്ടാക്കുക.
അസി. പ്രൊഫസർ, കേരള കേന്ദ്ര സർവകലാശാല, കാസർകോട്‌

ഒരു രാജ്യം‚ ഒരു തി​രഞ്ഞെടുപ്പ്‌ ഡോ. ഡെയ്‌സൻ പാണേങ്ങാടൻ

തിരഞ്ഞെടുപ്പുദ്യോഗസ്ഥർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ വർഷങ്ങളുടെ പരാതിയുള്ള മേഖലയാണ് വോട്ടിങ്‌ സാമഗ്രികളുടെ വിതരണവും തിരിച്ചുവാങ്ങലും.  ഓരോ പഞ്ചായത്തിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമിതരാകുന്ന സെക്ടറൽ ഓഫീസർമാരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പുനടക്കുന്ന  ബൂത്തുകളിൽ പോളിങ്‌ സാമഗ്രികൾ എത്തിച്ചുനൽകുകയും അവ അവിടെനിന്ന്‌ തിരിച്ചുവാങ്ങുകയും ചെയ്യുന്ന സാധ്യത ഈ വിതരണ-ശേഖരണ പ്രക്രിയയെ എളുപ്പമാക്കും.
തിരഞ്ഞെടുപ്പിന്റെ ആദ്യ ഒരുക്കമെന്നത് കുറ്റമറ്റരീതിയിൽ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുകയെന്നതാണ്. ഇതിൽ ഏറ്റവും പ്രാമുഖ്യത്തോടെ ഇടപെടുന്നവരാണ് ബൂത്ത് ലെവൽ ഓഫീസർമാർ. തിരഞ്ഞെടുപ്പിനുമുന്നോടിയായുള്ള ഒരു മാസം ചക്രശ്വാസം വലിക്കാതെ, എല്ലാവർഷവും ഒരു നിശ്ചിതമാസം ഈയാവശ്യത്തിന്‌ സജ്ജമാകുകയാണ് ഇതിനുള്ള പോംവഴി. ബൂത്ത് ലെവൽ ഓഫീസർമാരുടെ നേതൃത്വത്തിൽ അതത്‌ ബൂത്തടിസ്ഥാനത്തിൽ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി ഇക്കാര്യത്തിനുള്ള കമ്മിറ്റിയെ നിയോഗിച്ചാൽ, പരാതികൾ പരമാവധി ഒഴിവാക്കാനുള്ള സാധ്യതയൊരുക്കും.
നിലവിൽ നമ്മുടെ നാട്ടിൽ രണ്ട്‌ വോട്ടർപ്പട്ടികകൾ ഉപയോഗിച്ചുവരുന്നുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ വാർഡ് അടിസ്ഥാനമാക്കിയുള്ള ഒരു വോട്ടർപ്പട്ടികയും നിയമസഭാ-ലോക്‌സഭ തിരഞ്ഞെടുപ്പുകൾക്ക്‌ ഉപയോഗിക്കാൻ ബൂത്ത് അടിസ്ഥാനമാക്കിയുള്ള ഒരു വോട്ടർപ്പട്ടികയും. വലിയ ആശയക്കുഴപ്പം വോട്ടർമാരിൽ ഇക്കാര്യം സംബന്ധിച്ച് നിലവിലുണ്ട്.  ഒറ്റ​ വോട്ടർപ്പട്ടികയാണ്‌ അഭികാമ്യം.
നമ്മുടെ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നതാണ് ഓരോ തിരഞ്ഞെടുപ്പും. ശതകോടികളാണ്, ഓരോ തിരഞ്ഞെടുപ്പുകൾക്കും സംസ്ഥാനങ്ങളിൽ ചെലവിടുന്നത്. രാഷ്ട്രീയപ്പാർട്ടികളും സ്ഥാനാർഥികളും ചെലവഴിക്കുന്ന സംഖ്യകൂടി ഉൾപ്പെടുത്തുമ്പോൾ അത് സഹസ്രകോടികൾവരും.  സാങ്കേതികം ഒഴിവാക്കി, ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഒരൊറ്റ തിരഞ്ഞെടുപ്പ് നടത്തിയാൽ, ചെലവഴിക്കുന്ന ഈ സംഖ്യയുടെ മുന്നിൽ രണ്ടുഭാഗവും മറ്റുസൃഷ്ടിപരമായ ആവശ്യങ്ങൾക്കുപയോഗിക്കാം.
തിരഞ്ഞെടുപ്പ് ഒറ്റദിവസമെന്ന രീതിയ്ക്കപ്പുറം, രണ്ടോ മൂന്നോ ദിവസങ്ങൾ ഇക്കാര്യത്തിനുവേണ്ടി മാറ്റിവെച്ച്‌, വോട്ടർമാരെ കൈവിരലുകളോ കൃഷ്ണമണിയോ സ്കാൻചെയ്ത് വോട്ടുചെയ്യിപ്പിച്ചാൽ ഇപ്പോൾ നാം പിന്തുടരുന്ന അതികഠിനമായ വോട്ടെടുപ്പുപ്രക്രിയയുടെ ആവശ്യമില്ല.  മൊബൈൽ എ.ടി.എം. പോലെ, ഇ.വി.എം. മെഷീനുകളുമായി ഉത്തരവാദപ്പെട്ട പോളിങ്‌ ഉദ്യോഗസ്ഥരുടെ  നേതൃത്വത്തിലുള്ള  സംഘം ബൂത്തുകളിലൂടെ സഞ്ചരിച്ച്, വോട്ടിങ്‌ പ്രക്രിയ അനായാസകരമാക്കുകയും ചെയ്യാവുന്നതാണ്.
അസി. െപ്രാഫസർ, സെയ്‌ന്റ് തോമസ് കോളേജ്, തൃശ്ശൂർ