സ്.ബി.കോളേജിലെ ബിരുദപഠനം വാക്കുപാലിക്കലിന്റെ കാലമായിരുന്നു. രാഷ്ട്രീയമില്ലാത്ത കോളേജില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തില്ലെന്ന് അന്നത്തെ പ്രിന്‍സിപ്പല്‍ കാളാശ്ശേരി അച്ചനു കൊടുത്ത വാക്കുപാലിച്ചു. 1963-66 കാലം. കോളേജിനകത്ത് പഠനവും പുറത്ത് കെ.എസ്.യു. പ്രവര്‍ത്തനവും. ബി.എ. ഇക്കണോമിക്സിനാണ് പഠിക്കുന്നത്. ഉപവിഷയം പൊളിറ്റിക്സ്. പൗവ്വത്തില്‍ തിരുമേനിയായിരുന്നു പൊളിറ്റിക്സ് പ്രൊഫസര്‍. അന്ന് അച്ചനാണ്.

രാഷ്ട്രീയക്കാരനായ ഞാന്‍

രാഷ്ട്രീയമില്ലാതെ കോളേജ് പ്ലാനിങ് ഫോറത്തിലേക്ക് തിരഞ്ഞെടുപ്പുണ്ട്. കോളേജ് യൂണിയന്‍പോലുമില്ല. കെ.എസ്.യു.വില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കാലമാണ്. അതു പറഞ്ഞാല്‍ എനിക്ക് അഡ്മിഷന്‍ കിട്ടില്ല. പാലാ കെ.എം.മാത്യുസാറിന്റെ ഏറ്റവും അടുത്ത ഒരു ബന്ധുവാണ് ഇക്കണോമിക്‌സിലെ പ്രൊഫസറായ സി.ഇസഡ്.സഖറിയാ സാര്‍. മാത്യുസാറും ഞാനും കൂടിയാണ് അഡ്മിഷന് പോകുന്നത്. അന്ന് പ്രിന്‍സിപ്പലച്ചന്‍ അവധിയിലാണ്. വൈസ് പ്രിന്‍സിപ്പലിനാണ് ചാര്‍ജ്. മാത്യുസാറും സഖറിയാ സാറും ഉണ്ടായിരുന്നതുകൊണ്ട് ഒരു ബുദ്ധിമുട്ടുംകൂടാതെ അഡ്മിഷന്‍ ലഭിച്ചു.

കോളേജിലെ ആദ്യദിനവും ബസ് സമരവും

കോളേജ് തുറക്കുന്ന ദിവസം പ്രൈവറ്റ് ബസുകാരുടെ സമരം. ചര്‍ച്ച ചെയ്യാന്‍ കളക്ടര്‍ യോഗം വിളിച്ചു. കെ.എസ്.യു. ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ചങ്ങനാശ്ശേരിയില്‍നിന്ന് ഞാന്‍ കോട്ടയത്തേക്കുപോയി. യോഗത്തില്‍ പ്രശ്നം ഒത്തുതീര്‍ന്നു. പിറ്റേന്ന് പത്രത്തില്‍ വാര്‍ത്ത വരുമ്പോള്‍ സ്വാഭാവികമായി എന്റെ പേരിന് ബ്രാക്കറ്റില്‍ കെ.എസ്.യു. എന്നാണെഴുതുക. എന്നാല്‍ എന്റെ പേരെഴുതുമ്പോള്‍ ബ്രാക്കറ്റില്‍ എസ്.ബി.കോളേജ് എന്നാക്കണമെന്ന് പത്രപ്രതിനിധികളോടു പറഞ്ഞിരുന്നു. പ്രിന്‍സിപ്പലച്ചനെ ചെന്നുകാണാനുള്ള അവസരമായിരുന്നു അത്.

പ്രിന്‍സിപ്പല്‍ അറിയുന്നത് പത്രത്തിലൂടെ

പിറ്റേദിവസം ചെല്ലുമ്പോള്‍ അന്നത്തെ പത്രവും പിടിച്ച് പ്രിന്‍സിപ്പലച്ചന്‍. ഞാനവിടെ കേറിയെന്നത് പ്രിന്‍സിപ്പലച്ചന്‍ അറിയുന്നത് ഈ പത്രം കാണുേമ്പാഴാണ്. ഞാന്‍ വളരെ വിനയത്തോടുകൂടി അദ്ദേഹത്തിനടുത്തുചെന്നു. അച്ചന്‍ രൂക്ഷഭാവത്തിലായിരുന്നു. കുഴപ്പമില്ല, ഒരുകാരണവശാലും ഇതിനകത്തൊരു പ്രശ്നമുണ്ടാക്കരുതെന്നു പറഞ്ഞു. പ്രശ്‌നമുണ്ടാക്കില്ലെന്ന വാക്കും കൊടുത്തു. മൂന്നു കൊല്ലം പഠിച്ചു. അന്നുകൊടുത്ത വാക്ക് പൂര്‍ണമായി പാലിച്ചു. അത് കോളേജിന്റെ നിലപാടായിരുന്നു.

രാഷ്ട്രീയച്ചുവയുള്ള ജയം

രാഷ്ട്രീയക്കാരനായ എന്നോടൊപ്പം രാഷ്ട്രീയം കാമ്പസിലേക്കും എത്തുമോ എന്നായിരുന്നു അധികൃതരുടെ സംശയം. പഠനം പൂര്‍ത്തിയാകുന്ന മൂന്നാംവര്‍ഷം പ്ലാനിങ് ഫോറത്തിലേക്ക് ഞങ്ങളൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി. പി.ടി.സഖറിയ ആണ് അന്ന് മത്സരിച്ച് പ്ലാനിങ് ഫോറം സെക്രട്ടറിയായത്. അദ്ദേഹമിപ്പോള്‍ ആലപ്പുഴയില്‍ ഡോക്ടറാണ്. രാഷ്ട്രീയമില്ലെങ്കിലും ആ രീതിയിലായിരുന്നു ആ തിരഞ്ഞെടുപ്പ്. നൂറാം വയസ്സിലേക്കെത്തുന്ന എന്റെ പൂര്‍വകലാലയമായ ചങ്ങനാശ്ശേരി എസ്.ബി.കോളേജിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.