കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 19.55 ശതമാനം വോട്ടുനേടിയ പാർട്ടിയാണ് കോൺഗ്രസ്. അതായത്, നമ്മുടെ രാജ്യത്ത്  വോട്ടുരേഖപ്പെടുത്തിയ ഓരോ അഞ്ചുപേരിലും ഒരാൾ കോൺഗ്രസിനെയാണ് പിന്തുണച്ചത്.   പഞ്ചാബിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഒറ്റയ്ക്ക് ഭരിക്കുകയും ഝാർഖണ്ഡിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും മുന്നണി ഭരണത്തിലിരിക്കുകയും മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാണ, കർണാടക, ഗോവ തുടങ്ങി 10 സംസ്ഥാനങ്ങളിൽ പ്രധാന പ്രതിപക്ഷമായി നിലകൊള്ളുകയുംചെയ്യുന്ന പ്രസ്ഥാനം. 16 സംസ്ഥാനങ്ങളിൽ ബി.ജെ.പി.യെ നേരിട്ട് എതിർക്കുന്ന ഇന്ത്യയിലെ ഏകപാർട്ടിയായ കോൺഗ്രസിനെ മാറ്റിനിർത്തി ബി.ജെ.പി.ക്കെതിരേ ദേശീയ ബദലിനെക്കുറിച്ച് ചർച്ചചെയ്യാൻപോലുമാവില്ല.

മാസങ്ങൾക്കകം തിരഞ്ഞെടുപ്പ് നടക്കാൻപോകുന്ന അഞ്ചുസംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ് ഒഴികെ നാലിടത്തും കോൺഗ്രസാണ് ബി.ജെ.പി.യെ നേരിടുന്ന പ്രധാന പ്രതിപക്ഷപാർട്ടി. ഉത്തരാഖണ്ഡും ഗോവയും കോൺഗ്രസ് കൈപ്പിടിയിലൊതുക്കുമെന്നും പഞ്ചാബ് നിലനിർത്തുമെന്നും മണിപ്പുരിൽ നിലമെച്ചപ്പെടുത്തുമെന്നും ഇതിനകംനടന്ന പല സർവേകളും വിലയിരുത്തിക്കഴിഞ്ഞു. വർത്തമാനകാല രാഷ്ട്രീയസാഹചര്യങ്ങളെ ആഴത്തിൽ അപഗ്രഥിച്ചാൽ വരുംകാല രാഷ്ട്രീയസാധ്യതകളെ മനസ്സിലാക്കാൻ ഏറെ പണിപ്പെടേണ്ടതില്ല.

ദേശീയബദലിനെ നയിക്കുന്നതാര്

വർഗീയതയും കോർപ്പറേറ്റ് മൂലധനസ്വാധീനമുള്ള സാമ്പത്തികനയങ്ങളും ജനാധിപത്യവിരുദ്ധമായ ഭരണക്രമങ്ങളും നയപരിപാടികളാക്കിമാറ്റിയ നരേന്ദ്രമോദി ഭരണത്തിന് ബദലാകാൻ, മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകാൻ കോൺഗ്രസിനല്ലാതെ മറ്റേത് മതനിരപേക്ഷ പ്രസ്ഥാനത്തിനാണ് സാധ്യതയുള്ളത്.കോൺഗ്രസിനും ബി.ജെ.പി.ക്കും ബദലായി കമ്യൂണിസ്റ്റ് പാർട്ടികളുടെ പിന്തുണയോടെ കഴിഞ്ഞകാലത്ത് രൂപവത്‌കരിച്ചിരുന്ന ‘മൂന്നാം മുന്നണി’ നയിച്ചവരെയും മുന്നണിയിലെ പ്രബലകക്ഷികളെയും പരിശോധിച്ചാൽ  ഇവരൊക്കെ പല തവണയായി ബി.ജെ.പി.യുമായി അധികാരം പങ്കിട്ടവരാണെന്ന്  ബോധ്യമാകും.

ചന്ദ്രബാബു നായിഡുവും എച്ച്.ഡി. ദേവഗൗഡയും നിതീഷ് കുമാറും മായാവതിയും മമതാ ബാനർജിയും നവീൻ പട്‌നായിക്കുമൊക്കെ ഈ പട്ടികയിലെ പ്രധാനികളാണ്. ഈ രാഷ്ട്രീയയാഥാർഥ്യങ്ങൾ തെളിനീരുപോലെ നമ്മുടെ മുന്നിലിരിക്കെ കോൺഗ്രസില്ലാതെ ഏതുരാഷ്ട്രീയബദലിനെക്കുറിച്ചാണ് സി.പി.എം. സംസാരിക്കുന്നത്. തമിഴ്‌നാട്ടിൽനിന്ന്‌ കോൺഗ്രസ് പിന്തുണയോടെ വിജയിച്ചുവന്ന രണ്ടുപേരടക്കം  മൂന്ന്‌ എം.പി.മാർമാത്രമുള്ള സി.പി.എമ്മിന് ദേശീയബദൽ രൂപവത്‌കരണത്തിൽ വഹിക്കാവുന്ന പങ്കിനെക്കുറിച്ച് നമുക്ക് ബോധ്യമുണ്ട്.

34 വർഷം തുടർച്ചയായി ഭരിച്ച സി.പി.എമ്മിനെ ബംഗാളിൽ  ഒരു എം.എൽ.എ.പോലുമില്ലാത്ത പാർട്ടിയാക്കിയ മമതാ ബാനർജിയാണോ സി.പി.എമ്മിന്റെ ‘സ്വപ്നദേശീയബദലി’നെ നയിക്കാനെത്തുന്നത്.കേരളത്തിനുപുറത്ത്  ബംഗാളിലും തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പുവന്നാൽ കോൺഗ്രസിനെ കെട്ടിപ്പുണരുകയും കേരളത്തിൽ കോൺഗ്രസ്‌വിരുദ്ധ ദേശീയബദലിനെക്കുറിച്ച് വാചാലരാവുകയും ചെയ്യുന്ന ഈ രാഷ്ട്രീയ അവസരവാദത്തെയാണ് സി.പി.ഐ. നേതാവ് ബിനോയ് വിശ്വം തുറന്നുകാണിച്ചത്.കോൺഗ്രസിന്റെ നിരായുധ ദേശീയ വിമോചനപോരാട്ടത്തെ എതിർക്കുകയും ഇന്ത്യക്ക്  സ്വാതന്ത്ര്യം ലഭിച്ചില്ലെന്നും വിദേശ ബൂർഷ്വാസിയുടെ കൈയിൽനിന്ന്‌ ദേശീയ ബൂർഷ്വാസിയിലേക്ക് അധികാരക്കൈമാറ്റംമാത്രമേ നടന്നിട്ടുള്ളൂവെന്നുമായിരുന്നു അന്ന് ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടി വിലയിരുത്തിയത്.   ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ബൂർഷ്വാ പാർലമെന്ററി ജനാധിപത്യമെന്ന്‌ അധിക്ഷേപിക്കുന്ന തീസിസുകളിൽ ആഴ്ന്നിറങ്ങുകയും പിന്നീട് ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച് എണ്ണം തികഞ്ഞില്ലെങ്കിലും പ്രതിപക്ഷനേതാവായതും നാം കണ്ടു.

‘കോൺഗ്രസ്‌മുക്ത ഭാരതം’ ആദ്യം പറഞ്ഞത് സി.പി.എം.

ഇന്ന് ബി.ജെ.പി. വിളിക്കുന്ന ‘കോൺഗ്രസ്‌മുക്ത ഭാരതം’ എന്ന മുദ്രാവാക്യം നാലുപതിറ്റാണ്ടുമുമ്പേ നാം കേട്ടിട്ടുണ്ട്.  1977-ലെ പൊതുതിരഞ്ഞെടുപ്പിൽ ‘കോൺഗ്രസിനെ താഴെയിറക്കാൻ ഏതുചെകുത്താനുമായും കൂട്ടുകൂടും’ എന്ന്  സി.പി.എം. പ്രഖ്യാപിക്കുകയും ജനസംഘം നേതാക്കൻമാരായിരുന്ന എ.ബി. വാജ്‌പേയിയെയും എൽ.കെ. അദ്വാനിയെയും കേന്ദ്രമന്ത്രിമാരാക്കിയതിലും  സി.പി.എമ്മിന്റെ പങ്ക് വലുതാണ്. ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ ഒരു ഘട്ടം പിന്നിട്ടുവെന്നുപോലും സി.പി.എം. വാദിച്ചു.

എഴുപതുകളിൽ ജനസംഘമടങ്ങുന്ന ജനതാപാർട്ടിയെ പിന്തുണച്ചും എൺപതുകളിൽ  കോൺഗ്രസിനും ബി.ജെ.പി.ക്കും ബദലായി മൂന്നാംമുന്നണിക്കായി വാദിച്ചും രണ്ടായിരത്തിൽ കോൺഗ്രസ് നയിക്കുന്ന യു.പി.എ. സർക്കാരിനെ പിന്തുണച്ചും കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയമുന്നണികൾക്കുവേണ്ടി വാദിക്കുകയും പിന്തുണയ്ക്കുകയുംചെയ്ത സി.പി.എമ്മിന്റെ രാഷ്ട്രീയ എതിരാളികൾ ആരാണെന്നും അവർ തീർച്ചപ്പെടുത്തുന്നതിന്റെ മാനദണ്ഡം എന്താണെന്നും ആർക്കും തീർത്തുപറയാനാവില്ല.

എന്നാൽ, ബിനോയ് വിശ്വം പ്രതിനിധാനം ചെയ്യുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ജനസംഘവുമായോ ബി.ജെ.പി.യുമായോ അവസരവാദനയങ്ങൾ സ്വീകരിച്ചതായി അറിവില്ല. അതുകൊണ്ടുതന്നെ വർഗീയവിരുദ്ധ നിലപാടുകളുള്ള മതനിരപേക്ഷകക്ഷികളുടെ ബദലിനെക്കുറിച്ച് പറയാൻ സി.പി.എമ്മിനെക്കാളും അവകാശം സി.പി.ഐ.ക്കുണ്ടെന്ന് വിശ്വസിക്കുന്നു. ലോകത്ത് സാമ്രാജ്യത്വവിരുദ്ധചേരിക്ക് കരുത്തുപകർന്ന  സോവിയറ്റ് യൂണിയനുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാരുകൾക്കുണ്ടായ  നയപരമായ ബന്ധവും വിശ്വാസവും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് നേരത്തേ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. 

(കെ.പി.സി.സി. ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)