ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെള്ളിമെഡൽ നേടിയ മീരാബായ് ചാനുവിനെ സഭയ്ക്കുവേണ്ടി സ്പീക്കർ എം.ബി. രാജേഷ് അകമഴിഞ്ഞ് അഭിനന്ദിച്ചു, ശൂന്യവേളയുടെ തുടക്കത്തിൽ. ശേഷം സഭയിൽ നടന്നത് അന്തർധാരാ ആരോപണ ഭാരോദ്വഹനമത്സരം.

കൊടകര കുഴൽപ്പണക്കേസ് കേന്ദ്ര ഏജൻസികൾക്ക് വിടാത്തതുകൊണ്ടുളവായ ആശങ്കയെപ്പറ്റിയായിരുന്നു അടിയന്തര പ്രമേയം. അവതാരകൻ റോജി എം. ജോൺ. രണ്ട് ഡെമോക്ളീസ് വാളുകളുടെ ഏറ്റുമുട്ടലാണത്രേ ഇപ്പോൾ നടക്കുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സി.പി.എമ്മിന്റെയും സംസ്ഥാന സർക്കാരിന്റെ അന്വഷണം ബി.ജെ.പി.യുടെയും തലയ്ക്കുമുകളിൽ തൂങ്ങുന്നു. പ്രതികളാകേണ്ട ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രനും കൂട്ടരും സാക്ഷികളായതിൽ സി.പി.എം.-ബി.ജെ.പി . അന്തർധാരകണ്ട റോജിക്ക് ആദ്യറൗണ്ടിൽ പോലീസ് റിപ്പോർട്ട് വായിച്ച് മുഖ്യമന്ത്രി മറുപടി നൽകി.

രണ്ടാം റൗണ്ടിൽ അദ്ദേഹം ഭാരം വല്ലാതങ്ങ് കൂട്ടി. പ്രമേയാവതാരകന് സർക്കാർ വിചാരിച്ചാൽ പരിഹരിക്കാനാവാത്ത മാനസികാവസ്ഥയുടെ പ്രശ്നമാണ്.  ബി.ജെ.പി.യുടെ കുഴൽപ്പണക്കേസ് കേന്ദ്ര ഏജൻസികളെ ഏൽപ്പിച്ചാൽ എന്താവുമെന്ന് അറിയാവുന്നവർ അതിനാവശ്യപ്പെടുന്നത് ഒത്തുകളി മാത്രമല്ല, നാണക്കേടും നെറികേടുമാണ്. ഇതിനൊക്കെ ചേരുന്ന ചില പ്രത്യേക നാടൻ ചൊല്ലുകൾ കൈവശമുണ്ടെങ്കിലും പറയുന്നില്ലെന്നായി മുഖ്യമന്ത്രി. ‘‘മിസ്റ്റർ പിണറായി വിജയൻ, നിങ്ങളല്ല, ആയിരം പിണറായി വിജയന്മാർ ഒരുമിച്ചുവന്നാലും ഞങ്ങളുടെ തലയിൽ സംഘിപ്പട്ടം ചാർത്താനാവില്ല’’ -പഞ്ച് ഡയലോഗുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു.

ബെംഗളൂരുവിലെ മയക്കുമരുന്ന് കേസും കുഴൽപ്പണ ഒത്തുതീർപ്പിൽ രാജിയാക്കിയെന്ന റോജിയുടെ പരാമർശം ബിനീഷ് കോടിയേരിയെ പിന്തുണയ്ക്കാനും  മുഖ്യമന്ത്രിക്ക് അവസരം നൽകി. ജയിലിൽക്കഴിയുന്നയാൾക്ക് മയക്കുമരുന്ന് കള്ളക്കടത്തിൽ പങ്കുള്ളതായി തെളിവ് എവിടെ? -പിണറായി ചോദിച്ചു.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടിസുനിയാണ് ഡിഫാക്ടോ ജയിൽ ഡി.ജി.പി.യെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിഹസിച്ചതോടെ ധനാഭ്യർഥന ചർച്ചയുടെ പോക്ക് പിടികിട്ടി.

പോലീസ്, ജയിൽ വകുപ്പുകളുടെ ചർച്ചയിൽ സ്ത്രീപീഡനം, ജയിൽ ക്വട്ടേഷൻ, സ്വർണക്കടത്ത്,  ‘പൊട്ടിക്കൽ’ തുടങ്ങിയവയും അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി മുതലായവരും അരങ്ങുവാണു.
സി.പി.എമ്മിന്റെ പാർട്ടിഗ്രാമമായ മുടക്കോഴിമലയിൽ വിരിഞ്ഞ രണ്ട് അധോലോക കുസുമങ്ങളാണ് അർജുനനും ആകാശുമെന്നും എൻ. ഷംസുദ്ദീന്റെ കാവ്യഭാവന പറഞ്ഞു. ഗുണ്ടകൾക്കുവേണ്ടി ഗുണ്ടകളുടെ സർക്കാരെന്ന് ഷംസുദ്ദീൻ ആക്ഷേപിച്ചതിനെ കെ. ബാബു (നെന്മാറ) ചോദ്യംചെയ്തു.

കെ.കെ. രമയിലെത്തിയപ്പോൾ ആരോപണങ്ങൾ രൂക്ഷമായി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ജയിലുകളെ ക്വട്ടേഷൻ കോൾസെന്ററായി ഉപയോഗിക്കുന്നു. വകുപ്പുമന്ത്രി (പിണറായി വിജയൻ) ഇനിയും തുടരേണ്ടതുണ്ടോ? -രമ ചോദിച്ചു. രാഷ്ട്രീയ പ്രതിയോഗികൾക്കെതിരേ വിജിലൻസ് കേസെടുത്ത്, മോദിയുടെ തന്ത്രമാണ് പിണറായി പയറ്റുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

തങ്ങളുടെ കൈകൾ ശുദ്ധമാണെന്ന് പ്രഖ്യാപിച്ച എ.എൻ. ഷംസീർ അല്ലാതെ ഭരണപക്ഷത്തുനിന്നാരും  ജയിൽ ക്വട്ടേഷൻ ആരോപണത്തിൽ കൊത്തിയില്ല. മറ്റുള്ളവർ പോലീസ് സ്റ്റേഷനുകൾ സ്മാർട്ടായതിൽ അഭിരമിച്ചു. കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ  ലോക്കപ്പിൽ കിടക്കേണ്ടിവന്നാൽ മഴ ഉൾപ്പെടെയുള്ള പ്രകൃതിസൗന്ദര്യം ആസ്വദിക്കാമെന്ന് പി.ടി.എ. റഹീം പറഞ്ഞു. പോലീസിനെപ്പറ്റി ഭരണപക്ഷ വിശകലനത്തിന്റെ സാംപിൾ ഇതായിരുന്നു.
ചർച്ചയിൽ മുഖ്യമന്ത്രിക്ക് ഒട്ടും തൃപ്തിയുണ്ടായില്ല. ആരോപണങ്ങൾക്ക് ഇത്രയും ക്ഷാമമുണ്ടായ മറ്റൊരു നല്ലകാലം അദ്ദേഹത്തിന്റെ അറിവിലില്ല. മന്ത്രി കെ. രാധാകൃഷ്ണൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.കെ. രമ, അവരുടെ മകൻ എന്നിവർക്കെതിരേയുള്ള വധഭീഷണിയെക്കുറിച്ച് കേസെടുത്തെന്ന് അറിയിച്ച മുഖ്യമന്ത്രി കൂട്ടത്തിൽ രമയുടെ പേരുമാത്രം പറഞ്ഞില്ല. വടകര എം.എൽ.എ. എന്നുമാത്രം വിശേഷിപ്പിച്ചു.