Nemomവോട്ടുവിഹിതത്തിന്റെ പേരിൽ മണ്ഡലങ്ങളെ തരംതിരിക്കുകയാണെങ്കിൽ എ പ്ലസിൽ എ പ്ലസാണ് ബി.ജെ.പി.ക്ക്‌ നേമം. എന്നാലാദ്യമായി കേരളനിയമസഭയിലേക്ക്‌ വിരിഞ്ഞ ‘താമര’യെത്തിച്ച നേമം അങ്ങനെയങ്ങു വിട്ടുകൊടുക്കണോയെന്ന ചോദ്യമുയർത്തുകയാണ് മറ്റു രണ്ടുമുന്നണികളും. അതുകൊണ്ടുതന്നെ ഗോദയിൽ ആരെന്നതിൽ കോൺഗ്രസിനും സി.പി.എമ്മിനും തത്കാലം ഒരുതരം സസ്പെൻസ്. ഒന്നുറപ്പ്‌ നേമത്ത് പോരിന് വീറുകൂടും. കാരണം മുന്നണികൾക്ക് നേമം ജീവൻമരണ പ്രശ്നമാണ്.

 താമര വിരിയുമോ വീണ്ടും
ഒന്നെങ്കിൽ ഒന്ന് അതായിരുന്നു ബി.ജെ.പി.ക്ക്‌ 2016-ലെ നിയമസഭാ പോരാട്ടം. കാത്തുകാത്തിരുന്ന് ഒ. രാജഗോപാലിലൂടെ ആ ഒന്നെങ്കിലും നേടിയപ്പോൾ ഞെട്ടിയത്  യു.ഡി.എഫും എൽ.ഡി.എഫും. കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോയത് കണ്ടറിയാൻ അവർ വൈകിയെന്നു സാരം. തിരിച്ചറിവുണ്ടായപ്പോഴാകട്ടെ രാജഗോപാൽ നിയമസഭയിലും. ഇതായിരുന്നു 2016-ൽ നേമം വക സംഭാവന. എന്നാൽ, അന്നത്തെ അന്തരീക്ഷം മാറിയെന്നും നേമത്ത് താമരയ്ക്കുമേൽ കാറുംകോളും ഇരുട്ടുപരത്തുന്നുവെന്നും കോൺഗ്രസും സി.പി.എമ്മും വിശ്വസിക്കുന്നു. അന്നത്തെ സ്ഥാനാർഥിയോടുണ്ടായ മനോഭാവമായിരിക്കില്ല, അനുകമ്പയല്ല ഇനിയങ്ങോട്ടുണ്ടാവുക എന്നാണവർ പറയുന്നത്.
  ഇവിടെയും വികസനംതന്നെ തിരഞ്ഞെടുപ്പിലെ അജൻഡ. ഒന്നും നടക്കുന്നില്ലെന്ന ഇടതുമുന്നണിയുടെ ആരോപണങ്ങളെ നേട്ടങ്ങളുടെ കണക്കു നിരത്തി പ്രതിരോധിക്കുന്ന ബി.ജെ.പി. ഒരുമുഴംകൂടി മുമ്പേയെറിഞ്ഞു. വികസനം തടയുന്നത് ഇടതുപക്ഷ സർക്കാരാണെന്നു പ്രഖ്യാപിച്ച് രാജഗോപാലിനെക്കൊണ്ട് ഉപവസിപ്പിച്ചു. ഇതൊക്കെക്കണ്ട് എതിരാളികൾ വെറുതേയിരുന്നില്ല.

 ആരോപണങ്ങൾ സർവത്ര
കോൺഗ്രസും ബി.ജെ.പി.യും രഹസ്യധാരണയാണെന്നുള്ള സി.പി.എം. ആരോപണത്തെ പൊളിക്കാനെടുത്ത ആവനാഴിയിലെ വലിയൊരമ്പായിരുന്നു നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കുമെന്ന അപ്രതീക്ഷിത ‘പ്രഖ്യാപനം’. ഉമ്മൻചാണ്ടിയില്ലെങ്കിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാകട്ടെയെന്ന ചർച്ചവരെ ഉയർന്നു. ഒന്നാംനിര നേതാവായിരിക്കും കോൺഗ്രസിന്റേതെന്ന പ്രഖ്യാപനമാണ് ഇതിലൂടെ കോൺഗ്രസ് നടത്തിയതെന്നു വ്യക്തം.
സി.പി.എമ്മാകട്ടെ കഴിഞ്ഞ തവണത്തെ സ്ഥാനാർഥി വി. ശിവൻകുട്ടിയെ അനൗദ്യോഗികമായി കളത്തിലിറക്കി കച്ചമുറുക്കി യുദ്ധത്തിനിറങ്ങിക്കഴിഞ്ഞു.

കുമ്മനം രാജശേഖരനാണ് ഇത്തവണ രാജഗോപാലിന്റെ പകരക്കാരനാവുകയെന്നത് ഏറക്കുറെ ഉറപ്പായ മട്ടിലാണ് ബി.ജെ.പി.യുടെ നീക്കം.

ഒ. രാജഗോപാൽ മത്സരിക്കണമോയെന്നു പാർട്ടി പറയും. ഇതിനിടെ  കോൺഗ്രസാണ് സസ്പെൻസ് കൂട്ടിക്കൊണ്ടിരിക്കുന്നത്. വരട്ടെ, വരട്ടെയെന്നു പറഞ്ഞ് രഹസ്യങ്ങളൊപ്പിക്കുന്നുണ്ടെങ്കിലും ഘടകക്ഷികളായിരിക്കില്ല, കോൺഗ്രസ്‌തന്നെയാകും ഇവിടെ യു.ഡി.എഫിന് മത്സരിക്കുക. സി.പി.എമ്മിനും മാറ്റംമുണ്ടാകാനിടയില്ല.  

 കാറ്റെങ്ങനെയാകും?
2016-ൽ സി.പി.എമ്മിലെ വി. ശിവൻകുട്ടിയിൽനിന്നാണ്  ഒ. രാജഗോപാൽ മണ്ഡലം പിടിച്ചതും നിയമസഭയുടെ ഹാജർബുക്കിൽ ബി.ജെ.പി.ക്ക്‌ പേരുണ്ടാക്കിയതും. ഭൂരിപക്ഷം 8671.
2019-ലെ ലോക്‌സഭയിൽ തിരുവനന്തപുരത്ത് കോൺഗ്രസിലെ ശശിതരൂരിന് അനുകൂല കാറ്റുണ്ടായിട്ടും നേമം ബി.ജെ.പി.യെ കൈവിട്ടില്ല. ഇത്തവണത്തെ തദ്ദേശതിരഞ്ഞെടുപ്പിലും അതാവർത്തിച്ചു. ഇതൊക്കെയാണ് മൂന്നുമുന്നികളുടെയും ഉറക്കംകെടുത്തുന്നത്. രണ്ടുകൂട്ടർക്ക് പിടിച്ചെടുക്കണം, ഒരൂകൂട്ടർക്ക് നഷ്ടപ്പെടാതെ കാക്കണം.