• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Features
More
Hero Hero
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

നെഹ്രുവിനെ ഓർക്കുമ്പോൾ

May 27, 2019, 07:50 AM IST
A A A

നെഹ്രുവിന്റെ സംഭാവനകൾ ബോധപൂർവം മറക്കാനും മറയ്ക്കാനും ബി.ജെ.പി. നേതൃത്വം കഴിഞ്ഞ അഞ്ചുവർഷമായി ശ്രമിച്ചുവരുന്നുണ്ട്‌. എന്നാൽ, ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങൾ ഇന്നും മതേതര-ജനാധിപത്യ വിശ്വാസികളാണ്‌. അവർ ഇപ്പോഴും സംഘപരിവാർ വിഭാവനംചെയ്യുന്ന ഹൈന്ദവരുടെ പൂർണാവകാശ ദേശീയതയ്ക്കെതിരാണ്‌. ഭൂരിപക്ഷം ജനങ്ങളും നെഹ്രുയുഗത്തിന്റെ സംഭാവനകൾ വിലമതിക്കുന്നുണ്ട്‌. മോദിയുഗത്തിൽ നെഹ്രുവിനെ അനുസ്മരിക്കുമ്പോൾ നെഹ്രുവിന്റെ സംഭാവനകൾ സമഗ്രമായിത്തന്നെ വിലയിരുത്തപ്പെടേണ്ടതാണ്‌

# ഡോ. അജയകുമാർ കോടോത്ത്‌
nehru
X

ആധുനിക-ശാസ്ത്രീയ ചിന്തകളിൽ അധിഷ്ഠിതമാണ്‌ നെഹ്രുവിയൻ പൈതൃകം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക്‌, ലോകത്തിന്‌ ഈ പൈതൃകം ആവശ്യമുണ്ട്‌.  ഇന്ത്യൻ ദേശീയവിപ്ലവം നയിക്കുന്നതിലൂടെ ഗാന്ധിജിയും നെഹ്രുവും പഠിപ്പിച്ചുതന്നെ സാമ്രാജ്യത്വവിരുദ്ധ ലോകവീക്ഷണം, മതനിരപേക്ഷത, പാർലമെന്ററി ജനാധിപത്യം എന്നീ അടിസ്ഥാനമൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്ന വർത്തമാനകാല സാഹചര്യത്തിൽ പ്രത്യേകിച്ചും. ജീവിച്ചിരുന്ന കാലത്ത്‌ നെഹ്രു എന്തുചന്തിച്ചു, പറഞ്ഞു എന്നതിനെക്കാൾ ഇന്നത്തെ ഇന്ത്യയിലെ മതേതര-ജനാധിപത്യ-പുരോഗമന വിശ്വാസികളുടെ താത്‌പര്യം നെഹ്രു അവശേഷിപ്പിച്ച മൂല്യങ്ങളുടെ കാലികപ്രസക്തിയിലായിരിക്കണം. ആധുനിക ഇന്ത്യയെ നിർമിച്ച പ്രസ്തുത മൂല്യങ്ങളോട്‌ നമ്മൾ ഇന്നും എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്ന ചിന്തകൂടിയായിരിക്കണമത്.

1928-ൽ ഒരു ഉയർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ നെഹ്രുവിനോട് രാഷ്ട്രീയമോഹമെന്താണ് എന്ന്‌ ചോദിച്ചു. നെഹ്രുവിന്റെ മറുപടി, തനിക്ക് സ്വതന്ത്ര ഇന്ത്യയിൽ മരിക്കണമെന്നായിരുന്നു. അതായത്, സ്വതന്ത്ര ഇന്ത്യയുടെ നേതാവാകണമെന്നല്ല, മറിച്ച് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ജീവൻ ബലികഴിക്കപ്പെട്ടാലും വേണ്ടില്ല എന്ന്. ഇതായിരുന്നു നെഹ്രുവിന്റെ തലമുറയിൽപ്പെട്ട സ്വാതന്ത്ര്യസമര ഭടന്മാരുടെ രാഷ്ട്രീയമോഹം (political ambition). ഈ രാഷ്ട്രീയപ്രതിബദ്ധതയാണ് നെഹ്രുവിയൻ പൈതൃകത്തിന്റെ സുപ്രധാന ഘടകം. ഹോബ്‌സനും ലെനിനും മുമ്പ് സാമാജ്യത്വത്തിന്റെ പ്രതിലോമസ്വഭാവത്തെക്കുറിച്ച് ശരിയായ വിലയിരുത്തലുകളുള്ളവരായിരുന്നു ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കൾ. ഈ രാഷ്ട്രീയപാരമ്പര്യത്തിന്റെ ഉത്‌പന്നമാണ് ഗാന്ധിജിയും നെഹ്രുവും അടക്കമുള്ള ദേശീയപ്രസ്ഥാനത്തിന്റെ പിൽക്കാല നേതാക്കൾ. സമ്പന്നമായ ഈ ദേശീയപാരമ്പര്യവുമായി പുലബന്ധംപോലുമില്ലാത്ത വർത്തമാനകാല ഇന്ത്യയിലെ ഭരണാധികാരികളാണ് നെഹ്രുവിയൻ പൈതൃകത്തെ സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കുന്നുത്‌ എന്നതാണ് വൈരുധ്യം.

ജനാധിപത്യ ശില്പി
നരേന്ദ്രമോദി പ്രതീകാത്മകമായി ഭരണഘടനയുടെ രൂപം തൊട്ടുവണങ്ങിക്കൊണ്ടാണ് ഇത്തവണ തുടക്കംകുറിച്ചത്. വാക്കും പ്രവൃത്തിയും കാലം തെളിയിക്കട്ടെ. പക്ഷേ, സ്വതന്ത്രഭാരതത്തിന്റെ ഭരണഘടനയും പാർലമെന്റുൾപ്പെടുന്ന ജനാധിപത്യ സ്ഥാപനങ്ങളും നെഹ്രുവിന്റെ പരിപൂർണ പിന്തുണയിലും നേതൃത്വത്തിലും നടപ്പാക്കപ്പെട്ട രാഷ്ട്രീയവിപ്ലവങ്ങളായിരുന്നു. മുതലാളിത്ത-വ്യാവസായിക വത്‌കരണമാണ് യൂറോപ്പിൽ രാഷ്ട്രീയജനാധിപത്യത്തിന് വഴിമാറിയത്. സമ്പന്നസമൂഹത്തിനുമാത്രം യോജിച്ചതെന്ന് അതുവരെ കരുതപ്പെട്ട ആധുനിക ജനാധിപത്യസംവിധാനം സ്വതന്ത്ര ഇന്ത്യയിൽ നടപ്പാക്കുകയെന്നത് സാഹസികമായിരുന്നു. പക്ഷേ, അത് പൂർണമായും യൂറോപ്യൻമാതൃകയിലല്ല നെഹ്രുവിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ നടപ്പാക്കപ്പെട്ടത്. ജനാധിപത്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. പ്രായപൂർത്തി വോട്ടവകാശം (adult suffrage) സ്വതന്ത്ര ഇന്ത്യയിൽ നെഹ്രുവിന്റെ രാഷ്ട്രീയനിശ്ചയദാർഢ്യ (political determination)ത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. അതുവഴി പാർലമെന്ററി ഗവൺമെന്റ്, കാബിനറ്റ് സമ്പ്രദായം, സ്വതന്ത്ര ജുഡീഷ്യറി-ഒരു ജനാധിപത്യ സംവിധാനത്തിന്റെ മുഴുവൻ സാധ്യതകളും വിജയകരമായി പരീക്ഷിക്കപ്പെട്ടു.

അതേസമയം, സ്വതന്ത്രഭാരതത്തിന്റെ പ്രഥമ ഭരണാധികാരിയെന്ന നിലയ്ക്ക് നെഹ്രു മേൽവിവരിച്ച രാഷ്ട്രീയപരിഷ്കാരങ്ങൾ പ്രായോഗികമാക്കുന്ന കാര്യത്തിൽ നേടിയ തിളക്കമാർന്ന വിജയം ഇതരമേഖലയിൽ, സാമ്പത്തിക-സാമൂഹിക രംഗങ്ങളിൽ കൈവരിച്ചിട്ടില്ലെന്ന യാഥാർഥ്യം കാണാതിരിക്കാൻ കഴിയില്ല. നീണ്ട പതിനേഴുവർഷം (1947-’64) ഒരു വ്യക്തിയുടെ ജീവിതകാലയളവിൽ, പ്രത്യേകിച്ച് ഭരണാധികാരിയെന്നനിലയ്ക്ക് ദൈർഘ്യമേറിയതാണ്, തർക്കമില്ല. പക്ഷേ, ഒരു നവസ്വതന്ത്രരാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം തീരേ ഹ്രസ്വവും. വൻകിട വ്യവസായവത്‌കരണത്തിന് തുടക്കമിടാൻ നെഹ്രുവിന് കഴിഞ്ഞു. സ്വതന്ത്രഭാരതത്തിൽ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക വിപ്ലവം (multitrack revolution) തന്നെയായിരുന്നു നെഹ്രു ലക്ഷ്യമിട്ടിരുന്നത്. സ്വതന്ത്രഭാരതത്തിന് വ്യാവസായിക അടിത്തറ പാകാൻ നെഹ്രുവിന് കഴിഞ്ഞുവെന്നതുപോലെ നെഹ്രുയുഗം ഇന്ത്യൻ സമൂഹത്തിൽ വളർത്താൻശ്രമിച്ച ശാസ്ത്രീയമനോഭാവം (scientific temper) എത്രത്തോളം മഹത്തരമായിരുന്നെന്ന് വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയപരിതസ്ഥിതിയിൽ തിരിച്ചറിയേണ്ടതുണ്ട്. 

സോവിയറ്റ് യൂണിയനിലെ പഞ്ചവത്സരപദ്ധതികളുടെ വിജയം ആവേശംകൊള്ളിച്ചപ്പോൾത്തന്നെ സോവിയറ്റ് കമ്യൂണിസ്റ്റ് സംവിധാനത്തിനകത്തെ ജനാധിപത്യ നിഷേധം സംബന്ധിച്ചുള്ള ബോധ്യവും നെഹ്രുവിനുണ്ടായിരുന്നു. ഒരുപക്ഷേ, റോസാ ലക്സംബർഗിനും ട്രോട്‌സ്കിക്കും ശേഷം ഈ തിരിച്ചറിവുണ്ടായ ലോകനേതാവ് നെഹ്രുവായിരിക്കും. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം രാഷ്ട്രസ്നേഹമെന്നാൽ, അത് അന്ധമായ ദേശീയതയിലല്ല, മറിച്ച് സാർവദേശീയതയിൽക്കൂടി അധിഷ്ഠിതമാണ്. വർത്തമാനകാല ഇന്ത്യയിൽ സംഘപരിവാർ നടപ്പാക്കാൻ ശ്രമിക്കുന്ന തീവ്രഹിന്ദു ദേശീയതയും ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ സംഭാവനയായ യഥാർഥ ഇന്ത്യൻ ദേശീയതയും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം നെഹ്രുവിയൻ പൈതൃകത്തിലടങ്ങിയിട്ടുണ്ട്.

വ്യത്യസ്തനായ മാർക്സിസ്റ്റ്‌

നെഹ്രുവിനെ സ്വാധീനിച്ച യൂറോപ്യൻ തത്ത്വസംഹിതകളിൽ പ്രമുഖസ്ഥാനം മാർക്സിസം ലെനിനിസത്തിനായിരുന്നുവെന്നതിൽ തർക്കമില്ല. മാർക്സ് വിഭാവനംചെയ്ത കമ്യൂണിസ്റ്റ് വ്യവസ്ഥിതിയുടെ അന്തിമഘട്ടത്തിൽ ഭരണകൂടം ഇല്ലാതാകുമെന്നതടക്കമുള്ള ചില മാർക്സിയൻ നിഗമനങ്ങൾ സ്വീകാര്യമല്ലാതായിരിക്കുമ്പോഴും ഉത്‌പാദനോപകരണങ്ങളുടെ സ്വകാര്യ ഉടമസ്ഥതയും നിയന്ത്രണവുമുള്ള വിഭാഗങ്ങളാണ് ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചതെന്ന മാർക്സിയൻ സമീപനം നെഹ്രു അംഗീകരിച്ചു. ഇതേകാരണംകൊണ്ടുതന്നെ മാനവരാശിയുടെ ഇതുവരെയുള്ള ചരിത്രം വർഗസമരത്തിന്റെ ചരിത്രമാണെന്ന മാർക്സിയൻ കാഴ്ചപ്പാടും നെഹ്രു സ്വീകരിച്ചു. ഒരു മാർക്സിസ്റ്റ് എന്നനിലയിൽ പിന്നെ എവിടെയാണ് നെഹ്രു വ്യത്യസ്തനാകുന്നത്?

ഒന്നാമതായി മഹാത്മാഗാന്ധിയുടെ ചിന്തകളാലും സമീപനങ്ങളാലും ഏറെ സ്വാധീനിക്കപ്പെട്ട മാർക്സിസ്റ്റായിരുന്നു നെഹ്രു. ഒരുപക്ഷേ, ലോകത്തെ പ്രഥമ ഗാന്ധിയൻ കമ്യൂണിസ്റ്റ്. പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിലൂടെ നിയന്ത്രണവിധേയമാക്കപ്പെടുന്ന സാമൂഹികവ്യവസ്ഥിതിയെ വെറുത്ത കാല്പനികവാദിയായ മാർക്സിസ്റ്റ്‌. അതേസമയം മനുഷ്യരാശിയുടെ വളർച്ച സംബന്ധിച്ച് മാർക്സിയൻ നിഗമനങ്ങൾ സ്വീകാര്യമായപ്പോൾത്തന്നെ നെഹ്രുവിന് മാർക്സിന്റെ മനുഷ്യകുലത്തിന്റെ ഭാവിയെക്കുറിച്ചുള്ള നിർദേശങ്ങൾ 

പൂർണമായി സ്വീകാര്യമായതുമില്ല. പ്രത്യേകിച്ച്, തൊഴിലാളിവർഗ സർവാധിപത്യമെന്ന മാർക്സിസ്റ്റ് മുദ്രാവാക്യവും ലക്ഷ്യവും. ഇന്ത്യൻ പരിതസ്ഥിതിക്കനുസരിച്ച് പ്രയോഗിക്കപ്പെടുന്ന മാർക്സിസംമാത്രമേ നെഹ്രുവിന് സ്വീകാര്യമായിരുന്നുള്ളൂ. ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തം തുടക്കത്തിൽ സാമ്രാജ്യത്വത്തിനെതിരേ ഒരടവായിമാത്രം കണ്ടിരുന്ന നെഹ്രു കാലക്രമത്തിൽ അഹിംസ അടിസ്ഥാനതത്ത്വമായിത്തന്നെ സ്വീകരിച്ചു. ഇന്ത്യൻ സാഹചര്യത്തിൽവേണം മാർക്സിസം ലെനിനിസം പ്രയോഗിക്കാൻ എന്ന് വാദിക്കുമ്പോൾ ‘പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമിച്ച താക്കോൽകൊണ്ട് ഇരുപതാംനൂറ്റാണ്ടിലെ പൂട്ട് തുറക്കാൻ കഴിയില്ലെന്ന വിമർശനം നെഹ്രു ഉന്നയിച്ചു. ചൈനീസ് സാഹചര്യത്തിലായിരിക്കും താൻ മാർക്സിസം ലെനിനിസം പ്രയോഗിക്കുകയെന്ന മാവോ സേതുങ്ങിന്റെ നിലപാടിനോട് നെഹ്രു യോജിച്ചു. മാർക്സിസം ലെനിനിസത്തെ ഒരു കേവല വാർപ്പുമാതൃകയായി കൊണ്ടുനടന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് നേതൃത്വത്തോട് നെഹ്രുവിന് ഒരുകാലത്തും യോജിപ്പിലെത്താൻ കഴിഞ്ഞിരുന്നില്ല. 

തിരുത്തണം കമ്യൂണിസ്റ്റുകാർ

1948-ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ച ‘കൽക്കത്താ തീസിസ്’ നെഹ്രുവിനെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഏജന്റായാണ് ചിത്രീകരിച്ചത്. തുടർന്ന് നെഹ്രുസർക്കാരിനെ അട്ടിമറിക്കാൻ സായുധവിപ്ലവമെന്ന മണ്ടത്തരവും അരങ്ങേറി. സ്ഥിതിഗതികളെ എങ്ങനെ നേരിടണമെന്നറിയാതെ പകച്ചുനിന്ന പോലീസ്‌ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥവൃന്ദത്തിന്റെ അറിവിലേക്കായി നെഹ്രു പ്രധാനമന്ത്രിയെന്നനിലയ്ക്ക് ഫയലിൽ കമ്യൂണിസ്റ്റുകാരെക്കുറിച്ച് എന്തെഴുതിയെന്ന് ഇന്നത്തെ കേരളത്തിലെ കമ്യൂണിസ്റ്റ് നേതൃത്വം ഒന്നടങ്കം ഒരു നൂറാവർത്തിയെങ്കിലും വായിക്കണം. നെഹ്രു എഴുതി: ‘It must be remembered that the general principles underlying the communist doctrine, that is the economic principles of social organisation, have been accepted by some of the best minds of the age, and it does not help at all if second rate persons go about trying to combat them without even understanding them. This is not a policeman's job, which normally is not acquainted with the intricacies of politics or economics. It must also be remembered that a very large part of the world today is definitely communistic’ (Prime Minister Jawahar Lal Nehru's statement on communists, Prime Minister's Secretariat, Under Secretary's Secret Safe file, Govt. of Madras: 24/1949, T.N. Archives, Chennai). മഹാനായ നെഹ്രുവിനെയാണ് കമ്യൂണിസ്റ്റുകാർ വർഗശത്രുവായി കണ്ടത്!

ഇന്ത്യൻ ഭരണഘടനയെയും പാർലമെന്ററി ജനാധിപത്യ-മതേതര സംവിധാനത്തെയും വെല്ലുവിളിച്ച് മുന്നേറാനാണ് നരേന്ദ്രമോദി ഭരണകൂടം ഇനിയും ശ്രമിക്കുന്നതെങ്കിൽ അത് തടയുകയെന്ന ചരിത്രപരമായ ദൗത്യം നിർവഹിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ഭാവിയിൽ ദേശീയതലത്തിൽ കൈകോർക്കാൻ തയ്യാറായില്ലെങ്കിൽ ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പോടെ അടിത്തൂൺപറ്റിക്കഴിഞ്ഞ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽപ്പോലും കാണില്ല ഒരു ഇടം.
(കേരള പബ്ലിക് സർവീസ് കമ്മിഷൻ മുൻ അംഗമാണ് ലേഖകൻ) 

Content Highlights: Nehru and India 

PRINT
EMAIL
COMMENT
Next Story

രാഷ്ട്രീയമില്ല , സൗഹൃദംമാത്രം

ആർ.എസ്.എസ്.-സി.പി.എം. സമാധാനചർച്ചകൾക്ക് മുൻകൈയെടുത്ത സത്‌സംഗ് ഫൗണ്ടേഷൻ സാരഥി .. 

Read More
 

Related Articles

അധികാരത്തിലേറാൻ ബി.ജെ.പി.യെ ചുമലിലേറ്റി സി.പി.എം.- ഡി.കെ. ശിവകുമാര്‍
Features |
Features |
ഊർന്നുവീഴുന്നു, ഇന്ത്യൻ പ്രതിച്ഛായ
Features |
ശുഭ്രപതാകയുടെ ചരിത്രം
Features |
എസ്.എഫ്.ഐ.യുടെ അരനൂറ്റാണ്ട്, മുന്നോട്ട്‌...
 
  • Tags :
    • India politics
More from this section
sri M
രാഷ്ട്രീയമില്ല , സൗഹൃദംമാത്രം
p c george
ഉമ്മൻചാണ്ടി നന്ദി കാണിച്ചില്ലെന്ന് പി.സി ജോർജ്ജ്
SABARIMALA
മുറിവുണക്കാൻ രണ്ടടി പിന്നോട്ട്
g sukumaran nair
വിതച്ചാൽ കൊയ്യാം...
തൃശ്ശൂർ
ശക്തന്റെ തട്ടകത്തിൽ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.