നേരത്തേ 11 നിയമസഭാസീറ്റിൽ മത്സരിച്ച എൻ.സി.പി., ഇടതുമുന്നണിയിൽ വന്നുപോകുന്ന കക്ഷികൾക്കായി  വിട്ടുവീഴ്ച ചെയ്തതിന്റെ ഫലമായി ഇപ്പോൾ നാലുസീറ്റിലായി. ഇനിയും വീട്ടുവീഴ്ച ചെയ്താൽ കേരളത്തിൽ പാർട്ടി ഇല്ലാതാവുമെന്ന്‌ എൻ.സി.പി സംസ്ഥാന പ്രസിഡൻറ്‌  ടി.പി. പീതാംബരൻമാസ്റ്റർ  പറയുന്നു.  മന്ത്രി എ.കെ. ശശീന്ദ്രനുമായുള്ള  അഭിപ്രായഭിന്നത പരസ്യചർച്ചയായ  സാഹചര്യത്തിൽ മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസുമായി നിലപാട്  പങ്കുവെക്കുകയാണ് അദ്ദേഹം 

ഇടതുമുന്നണിയിൽ സീറ്റു ചർച്ച തുടങ്ങുംമുമ്പേ പാലാ സീറ്റിനെച്ചൊല്ലി എൻ.സി.പി. അനാവശ്യവിവാദം ഉണ്ടാക്കുന്നുവെന്ന വിലയിരുത്തൽ ശരിയാണോ?

ഇടതുമുന്നണി നിയമസഭാസീറ്റുകളുടെ കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നത് ശരിയാണ്. പക്ഷേ, സീറ്റു ചർച്ച തുടങ്ങുംമുമ്പേ ചിലർ ഞങ്ങളുടെ സീറ്റിന് അവകാശവാദം ഉന്നയിച്ചതാണ് തർക്കത്തിലേക്ക് നയിച്ചത്.

പുതിയ കക്ഷികൾ മുന്നണിയിലേക്ക് വരുമ്പോൾ നിലവിലുള്ളവർ ചില വിട്ടുവീഴ്ചകൾ ചെയ്യണമെന്ന് പറയുന്നത് സ്വാഭാവികമല്ലേ?

ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ്. വിട്ട് വന്നത് എൽ.ഡി.എഫിനെ  ശക്തിപ്പെടുത്താനല്ല എന്നകാര്യം എല്ലാവർക്കും അറിയാം. സ്വന്തം നിലനിൽപ്പിനുവേണ്ടി, രാഷ്ട്രീയസമ്മർദംകാരണം യു.ഡി.എഫ്. വിട്ടവരാണവർ. എങ്കിലും അവർ എൽ.ഡി.എഫിൽ വന്നതിനെ എൻ.സി.പി. സ്വാഗതം ചെയ്തിട്ടുണ്ട്. അവർ മുന്നണിമാറി വന്നു എന്നതുകൊണ്ട് ഞങ്ങളുടെ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ. മാണി വിഭാഗം തോറ്റതാണ്. ഞങ്ങൾ ജയിച്ചു. ജയിച്ചതിനുള്ള ശിക്ഷയാണോ ഇപ്പോൾ സീറ്റ് കൈമാറണം എന്നു പറയുന്നത്. ജയിച്ചതാണോ ഇത്ര വലിയ അപരാധം? പാലാ, എലത്തൂർ, കോട്ടയ്ക്കൽ, കുട്ടനാട് തുടങ്ങീ നാലുസീറ്റു മാത്രമാണ് എൻ.സി.പി.ക്കുള്ളത്. പുതിയ കക്ഷിക്കുവേണ്ടി ഞങ്ങൾ മാത്രം അഡ്ജസ്റ്റ് ചെയ്യണമെന്ന് പറയുന്നത് ശരിയല്ല. വലിയകക്ഷികൾക്കാണ് കൂടുതൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയുക.

തർക്കത്തിൽ മുഖ്യമന്ത്രി ഇടപെടുമെന്ന് വാർത്തയുണ്ടല്ലോ. പ്രശ്നത്തിന് പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിക്കാമോ?

മുഖ്യമന്ത്രി ഇടപെടുമെന്ന് വാർത്തയിൽ കണ്ടതല്ലാതെ വേറെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. എങ്കിലും രണ്ടുദിവസത്തിനകം മുഖ്യമന്ത്രിയെ നേരിൽക്കണ്ട് കാര്യങ്ങൾ സംസാരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനായി സമയം ചോദിച്ചിട്ടുണ്ട്.

പാലാ സീറ്റ് നിഷേധിച്ചാൽ എൻ.സി.പി. മുന്നണി വിടുമോ?

എൽ.ഡി.എഫ്. വിടുന്ന കാര്യം എൻ.സി.പി.യുടെ ഒരു കമ്മിറ്റിയും ഇതുവരെ ചർച്ച ചെയ്തിട്ടില്ല. മുന്നണി മാറേണ്ട ഒരു സാഹചര്യവും നിലവിലില്ല. പാലാ ഉൾപ്പെടെ നാല് സീറ്റിൽ എൻ.സി.പി. മത്സരിക്കുകയും ചെയ്യും. കേരളത്തിൽ എൽ.ഡി.എഫ്. രൂപവത്‌കരിച്ചതുമുതൽ 40 വർഷമായി മുന്നണിയിൽ തുടരുന്നവരാണ് ഞങ്ങൾ. എൻ.സി.പി. ആദ്യം 11 നിയമസഭാസീറ്റിലും ഒരു ലോക്‌സഭാ സീറ്റിലുമാണ് മത്സരിച്ചത്. ഐ.എൻ.എൽ. മുന്നണിയിൽ വന്നപ്പോൾ രണ്ടുസീറ്റ് അവർക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞു. ഒമ്പത് സീറ്റായി കുറഞ്ഞു. കെ.പി. ഉണ്ണികൃഷ്ണൻ പാർട്ടിവിട്ടപ്പോൾ വടകര സീറ്റ് സി.പി.എം. എടുത്തു. പകരം കണ്ണൂർ തന്നു. പറഞ്ഞ കാരണം ജയിക്കുന്ന സീറ്റ് അവർക്കുവേണമെന്നാണ്. കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രൻ മത്സരിച്ചു. 40,000 വോട്ടിന്‌ തോറ്റു. അടുത്ത തിരഞ്ഞെടുപ്പിൽ അവിടെ എ.സി. ഷണ്മുഖദാസ് മത്സരിച്ചു. 2400 വോട്ടിനാണ്‌ തോറ്റത്. അടുത്തതവണ കണ്ണൂരിൽ ജയിക്കുമെന്നുറപ്പായപ്പോൾ ആ സീറ്റ് സി.പി.എം. എടുത്തു.
 സി.പി.എമ്മിനുവേണ്ടി കടന്നപ്പള്ളി രാമചന്ദ്രൻ എൻ.സി.പി.യെ പിളർത്തിയപ്പോൾ അതുവരെയുണ്ടായ ഒമ്പത് സീറ്റ് രണ്ടായി കുറഞ്ഞു. ഉപകാരസ്മരണയായി ഒരു സീറ്റ് കടന്നപ്പള്ളിക്കും കൊടുത്തു. ചുരുക്കത്തിൽ ആറു സീറ്റ് അവർ കൈവശപ്പെടുത്തി. ഇനിയും പ്രതികരിക്കാതെ നോക്കിനിന്നാൽ പാർട്ടി ഇല്ലാതാവും. 

നേരത്തേ പാർട്ടിയുടെ ചുമതല വഹിച്ചവർ വേണ്ടത്ര പ്രതികരിക്കാതിരുന്നതുകൊണ്ടാണ് പലപ്പോഴായി പാർട്ടിയുടെ സീറ്റുകൾ കൈയൊഴിയേണ്ടിവന്നതെന്ന അഭിപ്രായമുണ്ടോ?
മുമ്പ്‌ പാർട്ടിയുടെ ചുമതലവഹിച്ചവരെല്ലാം മത്സരരംഗത്തുള്ളവരായിരുന്നു. അവർക്ക് മത്സരിക്കാൻ സീറ്റ് കിട്ടണം. അത് കിട്ടിയാൽ മറ്റുസീറ്റുകളുടെ കാര്യത്തിൽ ഗൗരവമായി ഇടപെടാൻ അവർ തയ്യാറായിരുന്നില്ല. അങ്ങനെയാണ് പലസീറ്റും നഷ്ടപ്പെട്ടത്. തോമസ് ചാണ്ടിയുടെ നേതൃത്വത്തിൽ പുതുതായി പലരും പാർട്ടിയിലേക്ക് കടന്നുവന്നതോടെ എൻ.സി.പി.യുടെ ബഹുജനാടിത്തറ വർധിച്ചു. അങ്ങനെയാണ് രണ്ടുസീറ്റ് നാലായി കൂടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റിൽ നേരിട്ട തിരിച്ചടിക്കുശേഷം പാലാ ഉപതിരഞ്ഞെടുപ്പിലുണ്ടായ വിജയം എൽ.ഡി.എഫിന് വലിയ ആത്മവീര്യം പകർന്നു. പിന്നീട് നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിന് ഇത് കരുത്തുപകർന്നു. ഈ നേട്ടത്തിന് കാരണമായത് മാണി സി. കാപ്പന്റെ നേതൃത്വത്തിൽ പാലായിൽ നടന്ന ചിട്ടയാണ് പ്രവർത്തനമാണ്. അതുകൊണ്ടുതന്നെ പാലാ സീറ്റ് വിട്ടുകൊടുത്തുകൊണ്ടുള്ള സമവായം ആവശ്യമില്ല.

എൻ.സി.പി.ക്കുള്ള പ്രയാസം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നോ?

ജോസ് കെ. മാണിയെ എൽ.ഡി.എഫിൽ എടുക്കാൻ തീരുമാനിച്ച യോഗത്തിൽ ഞങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു. പാലാ സീറ്റ് ജോസ് വിഭാഗത്തിന് നൽകാൻ തീരുമാനമായി എന്ന മാധ്യമവാർത്തകളാണ് അന്ന് ആശങ്കയ്ക്ക് കാരണമായത്. ഇക്കാര്യത്തിൽ സി.പി.എം. നിലപാട് വ്യക്തമാക്കണമെന്ന് അന്നത്തെ എൽ.ഡി.എഫ്. യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, പത്രങ്ങളിൽവന്ന വാർത്തയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ യോഗത്തിൽ മുഖ്യമന്ത്രി തയ്യാറായില്ല. അന്നേ നിലപാട് വ്യക്തമാക്കിയിരുന്നെങ്കിൽ ഈ തർക്കംതന്നെ ഉണ്ടാവില്ലായിരുന്നു.

ഇപ്പോഴും പാലാ കാര്യത്തിൽ എൻ.സി.പി.ക്ക് പ്രതികൂലമായി സി.പി.എം. ഒന്നും പറഞ്ഞിട്ടില്ലല്ലോ?

സി.പി.എം. പറഞ്ഞില്ലെങ്കിലും ജോസ് വിഭാഗം ആശയക്കുഴപ്പമുണ്ടാക്കുന്ന അഭിപ്രായങ്ങൾ തുറന്നുപറയുന്നുണ്ട്. അതുകൊണ്ടാണ് കാത്തിരിക്കാതെ സെൽഫ് ഡിഫൻസിന്റെ ഭാഗമായി നിലപാട് തുറന്നുപറഞ്ഞത്. പാർട്ടിയുടെ നിലനിൽപ്പ് അപകടത്തിലാവുമെന്ന് വന്നപ്പോൾ നിലപാട് തുറന്നുപറയുകയല്ലാതെ മറ്റുമാർഗമില്ല.

ജോസ് കെ. മാണി വന്നതുകൊണ്ട് എൽ.ഡി.എഫിന് നേട്ടമുണ്ടായി എന്ന് കരുതുന്നുണ്ടോ?

ജോസ് വിഭാഗം വന്നതുകൊണ്ട് കോട്ടയം ജില്ലയിൽപ്പോലും കാര്യമായ നേട്ടം എൽ.ഡി.എഫിന് ഉണ്ടായിട്ടില്ല. പാലായിൽ കുറെ സീറ്റ് അവർക്ക് കൊടുത്തു. യു.ഡി.എഫിൽ അവർക്ക് നൽകിയ സീറ്റുകളെല്ലാം തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. അവർക്ക് വിട്ടുകൊടുത്തു. സിറ്റിങ് സീറ്റുകൾ അവർക്ക് നൽകണമെന്നായിരുന്നു വാദം. തദ്ദേശ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് അവർക്ക് കൊടുക്കുമ്പോൾ നിയമസഭയിലെ ഞങ്ങളുടെ സിറ്റിങ് സീറ്റ് ഞങ്ങൾക്ക് വിട്ടുതരേണ്ടേ. ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല. 

കെ.എം. മാണിക്കെതിരായ ആരോപണത്തിൽ എൽ.ഡി.എഫ്. പിറകോട്ടുപോയത് ശരിയായി കരുതുന്നുണ്ടോ?

അക്കാര്യത്തിൽ ചില തെറ്റിദ്ധാരണകളും പിഴവുകളും പറ്റിയെന്നാണ് എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ പറഞ്ഞത്. നിയമസഭ ഇന്നുവരെ കണ്ടിട്ടില്ലാത്ത സമരങ്ങളാണ് അന്ന് നടന്നത്. അതെല്ലാം തെറ്റിദ്ധാരണ കൊണ്ടാണെന്ന് പറഞ്ഞാൽ നാളെ എൽ.ഡി.എഫ്. നടത്തുന്ന സമരങ്ങളെ ജനം വിശ്വാസത്തിലെടുക്കുമോ? 

മന്ത്രി എ.കെ. ശശീന്ദ്രൻ പാലാ സീറ്റിന്റെ കാര്യത്തിൽ നടത്തുന്നത് ഒളിച്ചുകളിയാണെന്ന് കരുതുന്നുണ്ടോ?

പുതിയ കക്ഷികൾ വരുമ്പോൾ വിട്ടുവീഴ്ച വേണ്ടിവരുമെന്ന് എ.കെ. ശശീന്ദ്രൻ പറഞ്ഞതായാണ് മാധ്യമങ്ങളിലൂടെ ഞാൻ അറിഞ്ഞത്. അങ്ങനെയാണെങ്കിൽ അത് പാലാ സീറ്റ് വിട്ടുകൊടുക്കാമെന്ന സൂചനയാണ്. ശശീന്ദ്രന്റെ ഈ നിലപാടിനോട് മാത്രമേ വിയോജിപ്പുള്ളൂ. എലത്തൂർ സീറ്റ് വിട്ടുകൊടുക്കണമെന്ന് പറഞ്ഞാലും എന്റെ നിലപാടിൽ മാറ്റമില്ല. എലത്തൂർ വിട്ടുകൊടുത്താൽ പാലാ തരാം എന്ന നിർദേശം വന്നാലും സ്വീകാര്യമല്ല. പ്രശ്നത്തിൽ പാർട്ടി അധ്യക്ഷൻ ശരദ്‌പവാർ ഇടപെടുന്നുണ്ട്. പവാറിന്റെ തീരുമാനം ശശീന്ദ്രൻ ഉൾപ്പെടെ എല്ലാവരും അംഗീകരിക്കും.

ഭരണത്തിൽ എൻ.സി.പി.ക്ക് വേണ്ടത്ര പങ്കാളിത്തം ലഭിച്ചു എന്ന് കരുതുന്നുണ്ടോ?

ഭരണത്തിൽ എൻ.സി.പി.യുടെ വകുപ്പിൽ നടക്കുന്ന പല കാര്യങ്ങളും മന്ത്രി അറിയുന്നില്ലെന്ന പരാതി പാർട്ടിവേദികളിൽ ഉയർന്നിട്ടുണ്ട്. നിർണായകമായ പല തീരുമാനങ്ങളും വകുപ്പിൽ എടുക്കുന്നത് മന്ത്രി അറിഞ്ഞുകൊണ്ടല്ല എന്നാണ് ആക്ഷേപം. അത്തരം കാര്യങ്ങളൊന്നും വലിയ വിഷയമായി പാർട്ടി ഉന്നയിച്ചിട്ടില്ല. ഇപ്പോൾ സീറ്റ് വെട്ടിക്കുറയ്ക്കുന്ന കാര്യം വന്നതുകൊണ്ടാണ് തുറന്നു പ്രതികരിക്കേണ്ടിവന്നത്.

പാലാ സീറ്റ് കിട്ടാതെ വന്നാൽ എൻ.സി.പി. മുന്നണിവിട്ട് യു.ഡി.എഫിലേക്ക് പോകുമോ. യു.ഡി.എഫുമായി എന്തെങ്കിലും ചർച്ചകൾ നടത്തിയിട്ടുണ്ടോ?

എൻ.സി.പി. മുന്നണി മാറുന്നതിനെക്കുറിച്ച് ഇതുവരെ ഒരു ആലോചനയും നടത്തിയിട്ടില്ല. എൽ.ഡി.എഫിന്റെ ഭാഗമായിത്തന്നെ തുടരും. ദേശീയതലത്തിൽ കോൺഗ്രസും എൻ.സി.പി.യും സി.പി.എമ്മും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്.  കേരളത്തിൽമാത്രമേ സി.പി.എമ്മിന് കോൺഗ്രസ് വിരോധമുള്ളൂ.  

തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹമായ പരിഗണന ലഭിച്ചു എന്ന് കരുതുന്നുണ്ടോ?

തദ്ദേശ തിരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ മത്സരിച്ചതിന്റെ പകുതിസീറ്റു മാത്രമാണ് ഇത്തവണ ലഭിച്ചത്. സി.പി.എമ്മിന് മത്സരിക്കാൻ ആളില്ലാത്തിടത്താണ് ചില സീറ്റുകൾ തന്നത്. അവിടെയും റിബലുകൾ വന്നു. റിബലുകളെ സി.പി.എം.തന്നെ സഹായിച്ചതായി പരാതിയുണ്ട്. അതുകൊണ്ട് പാലാ സീറ്റ് പിടിച്ചെടുക്കുകയെന്നു പറഞ്ഞാൽ കാലു വെട്ടുന്നതിന് തുല്യമാണ്. ഇതിനെ ചെറുക്കേണ്ടത് പാർട്ടിയുടെ നിലനിൽപ്പിന് അനിവാര്യമാണ്.