പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം പിറന്നാൾ സേവാ സപ്താഹമായി ആഘോഷിക്കുകയാണ്. അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിനപ്പുറം സേവനത്തിലേക്ക് ഇന്ത്യൻ രാഷ്ട്രീയത്തെ പറിച്ചുനട്ട ഒരു നേതാവിന് ഇതിലും അനുയോജ്യമായ മറ്റെന്തു പിറന്നാൾസമ്മാനമാണ് നൽകാനാകുക. 

ഉലയാത്ത നിശ്ചയദാർഢ്യം

ഇന്ത്യയിൽ ഇന്ന് ഏറ്റവും വിജയിച്ച നേതാവാണ് മോദി. പുതിയ ഇന്ത്യക്കായി 2014-ൽ ജനങ്ങൾക്ക് എന്തൊക്കെ വാഗ്ദാനങ്ങൾ നൽകിയോ അവയെല്ലാം സാധ്യമാക്കുന്നതിനായി അദ്ദേഹം പ്രവർത്തിച്ചുവെന്നതു തന്നെയാണ് അതിനുപിന്നിലെ കാരണം. ഏറ്റവും ആരാധിക്കാനും ബഹുമാനിക്കാനുമുള്ള വ്യക്തിയാകാൻ മാത്രം പ്രധാനമന്ത്രിക്കുള്ള മൂല്യങ്ങളെന്തെന്ന് പലരും ചോദിക്കാറുണ്ട്. ‘ഇന്ത്യയുടെ മുഖച്ഛായ മാറ്റുക’ എന്ന അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം എന്നതാകും എന്റെ ആദ്യത്തെ ഉത്തരം. തന്റെ നേതൃത്വത്തെക്കുറിച്ച് ഒരിക്കലും ഉടഞ്ഞുപോകാത്ത വിശ്വാസ്യത ഇന്ത്യൻ ജനതയുടെ മനസ്സിൽ നേടിയെടുക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. 

2012-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേയാണ് മോദിയെ ഞാനാദ്യം കാണുന്നത്. എത്ര കഠിനമായ പ്രശ്നങ്ങളും ശാന്തമായി പരിഹരിക്കുന്നതിനുള്ള കഴിവ് അന്നേ അദ്ദേഹത്തിൽ പ്രകടമായിരുന്നു. ഇന്നും അത് എന്നത്തെക്കാളും ശക്തമായി തുടരുന്നു. അമിതോത്സാഹിയായ ഒരു സ്വതന്ത്ര എം.പി.യായിരുന്നു ഞാൻ അക്കാലത്ത്. എം.പി.യെന്ന നിലയിൽ സ്പെക്‌ട്രം അഴിമതി, ബാങ്ക് വായ്പകൾ ചില പ്രമുഖ കുടുംബങ്ങളിലേക്കുമാത്രം കേന്ദ്രീകരിക്കുന്നത്, ബാങ്കിലെ കൊള്ളയും നിഷ്‌ക്രിയാസ്തിയുടെ വർധനവും തുടങ്ങിയ പ്രശ്നങ്ങൾ ആദ്യമായി ഉയർത്തിക്കൊണ്ടുവന്നത് ഞാനായിരുന്നു. ഇന്റർനെറ്റ് നിയന്ത്രണത്തിനുള്ള അന്നത്തെ സർക്കാരുകളുടെ തീരുമാനത്തിനെതിരേയും ദേശീയ യുദ്ധസ്മാരകത്തിനും മുതിർന്ന സൈനികർക്ക് വൺ റാങ്ക് വൺ പെൻഷൻ എന്നീ ആവശ്യങ്ങൾക്കുമായി ശബ്ദമുയർത്തുകയും ചെയ്തു.

എന്നാൽ, ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാനോ പരിഹരിക്കാനോ അന്നാരും തയ്യാറാകാത്തതുകൊണ്ടുതന്നെ പരാജയപ്പെട്ട പോരാളിയാണെന്ന് എനിക്ക് സ്വയം തോന്നാൻ തുടങ്ങിയിരുന്നു. എന്നാൽ, മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയത് എന്റെയും രാജ്യത്തിന്റെയും വിധി ഒരിക്കൽ വ്യത്യസ്തമാകുമെന്ന പ്രതീക്ഷയുമായാണ്.

അഴിമതി തുടച്ചുനീക്കി

കഴിഞ്ഞ ആറുവർഷത്തെ വളരെപ്പെട്ടെന്ന് വിലയിരുത്തിയാൽ, ഒട്ടേറെക്കാര്യങ്ങളിൽ മോദി വലിയമാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നു കാണാം. രാജ്യം നേരിടുന്ന പ്രശ്നങ്ങളെ ഉറച്ച വിശ്വാസത്തോടെ നേരിടാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ രാഷ്ട്രീയ എതിരാളികൾപോലും സമ്മതിക്കുന്നതാണ്. 

തലയുയർത്തി ഇന്ത്യ

ഇന്ത്യയുടെ വളർച്ച ആഗോളതലത്തിലും പ്രതിഫലിക്കുന്നുണ്ട്. ഏഷ്യ-പസഫിക് മേഖലയെ ഇന്തോ-പസഫിക് എന്ന് പുനർനാമകരണം ചെയ്തു. ഇന്ത്യ, യു.എസ്., ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സ്ക്വാഡ് രൂപവത്‌കരിച്ചത് ചൈനയുടെ കടന്നുകയറലിനെ ലോകം എങ്ങനെ നിശ്ശബ്ദമായി നേരിടുന്നുവെന്നതിന് ഉദാഹരണമാണ്. ഇവയെല്ലാംതന്നെ ചൂണ്ടിക്കാട്ടുന്നത് ലോകത്തിനുമുന്നിൽ ഇന്ത്യക്ക്‌ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നതിനും ഭൗമരാഷ്ട്രീയ വിഷയങ്ങളിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ആത്മവിശ്വാസക്കുറവും അവ്യക്തതയും ‘നയതന്ത്ര സംയമന’ സിദ്ധാന്തവും മാറ്റിവെച്ച് തദ്ദേശമായ അഖണ്ഡത സംരക്ഷിക്കുന്നതിൽ വ്യക്തമായ നിലപാടെടുത്തുമുള്ള മോദിയുടെ നിശ്ചയദാർഢ്യത്തിലേക്കാണ്. ചൈനയ്ക്കോ പാകിസ്താനോ മറ്റേതെങ്കിലും രാജ്യത്തിനോ ഇനി ഇന്ത്യയുടെ കുതിപ്പിനെ തടയാനാവില്ല.

ഗൂഢാലോചനസംഘങ്ങൾ സർക്കാരിനെ കൈയടക്കിയിരുന്ന കാലത്താണ് ആറുവർഷംമുമ്പ് മോദി ഡൽഹിയിലേക്ക് നടന്നുകയറുന്നത്. അവിശുദ്ധ കൂട്ടുകെട്ടുകൾ തകർന്ന ചിലർ ആ വരവിനെ പരിഹസിച്ചു. എന്നാൽ, ഇന്ത്യൻ ജനതയുടെ ഭൂരിഭാഗവും ഇന്നാ വരവിനെ ആഘോഷിക്കുകയാണ്. 

Content Highlights: